Sunday, August 01, 2021

മഹാഭാരതം 'യദി ഹാസ്തി തദന്യത്ര യാന്നേഹസ്തി ന തത് ക്വചിത് ' 'ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം, ഇതിൽ ഇല്ലാത്തത്‌ മറ്റൊരിടത്തും കാണുകയില്ല' വ്യാസന്റെ തന്നെ പ്രശംസ ആണിത്. തദ്ദേശീയരും വിദേശികളുമായ പല പണ്ഡിതന്മാരും ആവർത്തിച്ചു പറയുന്ന ഒന്നാണ് വ്യാസൻ എന്നത് ഒരാളല്ല, പല ആളുകളായിരിക്കാം എന്ന്. പ്രമുഖ പണ്ഡിതനായ സൂക്ത്തങ്കറും ഏതാണ്ട് ഇതേപോലെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നത് നൂറ്റാണ്ടുകളിലൂടെ ജീവിക്കുന്ന ഒരു വ്യാസമനോഭാവം ആണ് ഇതിന്റെ സൃഷ്ട്ടിക്കുപിന്നിൽ എന്നാണ്. ശ്രീ രാജഗോപാലാചാരി മറ്റൊരു വിധത്തിലാണ് കാണുന്നത്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ പലയിടങ്ങളിൽനിന്നും സമ്പാദിച്ച അറിവുകളെയും കഥകളെയും അടുക്കിവച്ചിട്ടുള്ള ഒരു ലൈബ്രറി ആയി മഹാഭാരതത്തെ കാണാം എന്നാണ്. എനിക്ക് വ്യക്ത്തിപരമായി ഇതിനോടാണ് ചായ്‌വ്. നടുവിലൂടെ, ഒരു നൂലിഴപോലെ നീണ്ടുകിടക്കുന്ന ഒരു കഥാതന്തുവിനുചുറ്റും കഥകളും, ഉപകഥകളും, സാരോപദേശ കഥകളും, തത്വോപദേശങ്ങളും കൂട്ടിച്ചേർത്താണ് മഹാഭാരതം നിർമിച്ചിരിക്കുന്നത്. വേദങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന പല കഥകളും ഇതിൽ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. ഉദ്ദാഹരണം നോക്കുക. കദ്രു-വിനീത കഥ, ഉർവശ്ശി- പുരൂരവസ്സ് കഥ, ശകുന്തള-ദുഷ്യന്ത കഥ, വസിഷ്ട-വിശ്വാമിത്ര പോരിന്റെ കഥ, ച്യവന മഹർഷിയുടെ കഥ, സാവിത്രി-സത്യവാൻ, ഋശ്യശൃംഗൻ, അഗസ്ത്യൻ എന്നിവരുടെ കഥ, കഠോപനിഷത്തിലെ നചികേതസ് ഇതിൽ നചികേതൻ ആണ്. അങ്ങനെ നീളുന്നു അതിന്റെ ലിസ്റ്റ്. ഭഗവത് ഗീഥ, വാമദേവ ഗീഥ, അനുഗീത, ഋഷഭഗീഥ, ഷഡ്ജഗീഥ, , പിങ്ഗള ഗീഥ, ശംഭാക ഗീഥ, മങ്കിഗീഥ, ബോധ്യഗീഥ, വിവിച്ചന്ഗീഥ, വൃത്രഗീഥ, , പരാശരഗീഥ, ഹംസഗീഥ, , ബാഹ്മണഗീഥ, തുടങ്ങിയ ഗീഥകളും ഇതിലുണ്ട്. ഇതിലെ തത്വോപദേശ ഗ്രന്ഥങ്ങൾ നാലാണ്, വിദുര നീതി, സനത് സുജാതീയം, ഭഗവത് ഗീഥ , അനുഗീഥ എന്നിവ. ഇതെല്ലാം വൈഭവത്തോടെ ഇണക്കിച്ചേർത്തത് കൃഷ്ണദ്വൈപായണൻ എന്ന വ്യാസൻ ആവുന്നതിൽ വല്യ പ്രശ്നം ഒന്നും ഞാൻ കാണുന്നില്ല. ഭാരതം, ഭാഗവതം, ആധ്യാത്മ രാമായണം (എഴുത്തച്ഛൻ അവലംബിച്ചത് വ്യാസന്റെ രാമായണം ആണ്), ബ്രഹ്മസൂത്രം എന്നിവയുടെയെല്ലാം കർത്തൃസ്ഥാനം വ്യാസനാണ് പലരും നൽകുന്നത്. ദേവലോകത്ത് നാരദമുനിയും, പിതൃലോകത്തു ദേവലമുനിയും, യക്ഷ-കിന്നര ലോകത്തു ശുകമുനിയും, മർത്യലോകത്തു വൈശമ്പായനും ഈ കഥ കേൾപ്പിച്ചു എന്നാണു വയ്പ്പ്. അർജ്ജുനന്റെ പ്രപൗത്രനായ ജനമേജയൻ നടത്തിയ സർപ്പ സത്രത്തിൽ വ്യാസശിഷ്യനായ വൈശമ്പായൻ ഈ കഥ പറയുന്നു. അവിടെനിന്നും ആ കഥ കേൾക്കാൻ ഇടയായ ലോമഹർഷണ മഹർഷിയുടെ പുത്രൻ ഉഗ്രശ്രവസ്സ് എന്ന സൂതമുനി, പിന്നീട് വളരെക്കാലം കഴിഞ്ഞു നൈമിഷാരണ്യത്തിൽ കുലപതിയായ ശൗനകന്റെ പന്ത്രണ്ടു വർഷക്കാലം നീണ്ടു നിൽക്കുന്ന സത്രത്തിൽ എത്തിച്ചേരുകയും അവിടെ അത് കേൾപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് നാം ഈ കഥ കേൾക്കുന്നത്. വ്യാസമുനി ഒരേ സമയം നടനും ആഖ്യാതാവുമായി നിന്നുകൊണ്ട്, ഏതാണ്ട് ആറുതലമുറയോളം നീളുന്ന തന്റെ പാരമ്പര്യത്തിന്റെ കഥ തന്നെയാണ് ഇതിലൂടെ പറയുന്നത്. 'ധർമസ്യ തത്വം നിശിതം ഗുഹായാം', അതായത് ധർമം എന്നത് ഒരു നേർ രേഖയല്ലെന്നാണ് വ്യാസൻ ഇതിലൂടെ പറയാൻ ശ്രമിക്കുന്നത്. മാത്രമല്ല നമുക്ക് ജയം എന്ന് തോന്നുന്നത് യഥാർത്ഥത്തിൽ ഒരു പരാജയമായിരുന്നെന്നു നമുക്ക് പിന്നീട് മനസ്സിലാവുമെന്നും അദ്ദേഹം പറയാൻ ശ്രമിക്കുന്നു. മഹാഭാരതത്തിലെ ജാതി എന്തെന്ന് നോക്കിയാൽ അത് അങ്ങനെ ഒന്നും കൃത്യമല്ലെന്നു കാണാം. പിതാവിന്റെ ജാതിയും, മാതാവിന്റെ ജാതിയും സൗകര്യം പോലെ എടുക്കുന്നു എന്ന് മാത്രം. വ്യാസന്റെ ജാതി എന്താണ്? വ്യാസന്റെ അച്ഛൻ പരാശരമഹര്ഷി, ഒരു ബാഹ്മണനായ വസിഷ്ട്ടന്റെ പുത്രന് പറയ സ്ത്രീയിൽ ഉണ്ടായതാണ്. ആ പരാശരന് ഒരു മുക്കുവ സ്ത്രീയിൽ ജനിച്ച വ്യാസന്റെ ജാതി എന്ത്? അമ്മയുടെ ജാതിയെങ്കിൽ മുക്കുവൻ. വ്യാസൻ രാജകുമാരികളിൽ ജനിപ്പിച്ച ധൃതരാഷ്ട്രരും പാണ്ഡുവും ക്ഷത്രീയന്മാരാണ്, അതുപോലെ, വ്യാസന് ദാസിയിൽ ജനിച്ച വിദുരർ ശൂദ്രനാണ്. അപ്പോൾ അമ്മയുടെ ജാതി എടുത്തു. പക്ഷെ മനുവിന്റെ നിയമമനുസരിച്ചു വിധവയിൽ ബാഹ്മണന്‌ ഉണ്ടാവുന്ന കുട്ടി ചണ്ടാളൻ ആവേണ്ടതാണ്. അതുപോലെ തന്നെ താഴ്ന്ന ജാതിയിലുള്ള സ്ത്രീയെ പ്രാപിച്ചാൽ അയാൾ ശൂദ്രൻ ആയിമാറും. പക്ഷെ പരാശരനും വ്യാസനും ശൂദ്രൻ ആയതായി കാണുന്നില്ല. അപ്പോൾ മഹാഭാരതത്തിൽ ജാതി എന്നത് അങ്ങനെ നിര്ബന്ധമായ ഒന്നല്ല. എന്നാൽ തങ്ങളുടെ നേട്ടത്തിന് വേണ്ടി ജാതി ഉപയോഗിക്കുന്നവരെ വ്യാസൻ തുറന്നു കാട്ടുന്നുമുണ്ട്. ഉദ്ദാഹരണത്തിന് ആയുധാഭ്യാസത്തിന്റെ അരങ്ങേറ്റത്തിന്റെ അന്ന് അർജ്ജുനനുമായി ദ്വന്ദം ചോദിക്കുന്ന കർണ്ണനെ ഒഴിവാക്കാൻ കൃപാചാര്യർ കർണ്ണന്റെ ജാതി ചോദിക്കുന്നുമുണ്ട്. അതിന്റെ മറുപടി അവിടെവച്ചുതന്നെ ദുര്യോധനനെകൊണ്ട് വ്യാസൻ പറയിക്കുന്നുമുണ്ട്. ഇവയെല്ലാം യഥാർത്ഥത്തിൽ നടന്ന ചിത്രമാണെന്ന് കരുതുന്നവരോട് നമുക്ക് ഒന്നും പറയാനില്ല. ഇവിടെ യഥാർത്ഥത്തിൽ 'വിശാല ബുദ്ധേ ഭുല്ലാര വിന്ദായനായ' വ്യാസ ഭഗവാൻ തന്നെ പറയട്ടെ; ഭാരതത്തിലെയും, രാമായണത്തിലെയും, ഭഗവതത്തിലെയും പ്രസിദ്ധരായ മിക്ക രാജാക്കളുടെയും (പൃഥു, രാവണൻ, രാമൻ അടക്കം) പേരെടുത്തു പറഞ്ഞുകൊണ്ട് വ്യാസൻ ഭാഗവതം പന്ത്രണ്ടാം കാണ്ഡം മൂന്നാം അധ്യായത്തിൽ ഇങ്ങനെ പറയുന്നു; “കഥാ ഇമാസ്ത്തെ കഥിതാ മഹീയസാo വിധായ ലോകേഷ്‌ഠ യശ്ശ: പരേഷാo വിജ്ഞാന വൈരാഗ്യ വിപക്ഷയാ വിഭോ വാചോ വിഭൂതി നതു പാരമാർത്ഥ്യം” വിക്രമന്മാരും, ശ്രേഷ്ടന്മാരുമായ രാജാക്കളുടെ ഈ കഥകളെല്ലാം നിങ്ങള്ക്ക് ജ്ഞാന-വൈരാഗ്യങ്ങൾ ഉണ്ടാവുന്നതിലേക്കായി ഞാൻ നിർമിച്ചു പറഞ്ഞിട്ടുള്ളതാവുന്നു. ഇത് പരമാർത്ഥങ്ങൾ അല്ല.

No comments: