Wednesday, August 11, 2021

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *🔅പ്രഭാതചിന്തകൾ🔅* *12 - 08 - 2021* *🔅 അപ്രവചനീയതയാണ്‌ ജീവിതവും അതിന്റെ സൗന്ദര്യവും. ജീവിതത്തെ മനോഹരമാക്കുന്നതില്‍ മരണത്തിന് പ്രാധാന്യമുണ്ട്. അഥവാ മരണമുള്ളതു കൊണ്ടാണ് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും മൂല്യവത്തായി അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ കാലനില്ലാത്ത കാലം പോലെ അനിശ്ചിതമായി നീണ്ടു പോകുന്ന വിരസമായ വെറും ജീവിതങ്ങള്‍ നമ്മെ എന്നേ മുഷിപ്പിക്കുമായിരുന്നു. അതുകൊണ്ട് മരണമുള്ളതുകൊണ്ടാണ് ജീവിതം മനോഹരമായിരിക്കുന്നതെന്ന് പറയാം.* *🔅അപ്രതീക്ഷിതമായി വന്നുകയറാനിടയുള്ള മരണത്തിന്റെ ചടുലവേഗങ്ങള്‍ മനുഷ്യനെ എല്ലായ്പ്പോഴും ജാഗരൂകനാക്കുന്നു. മരണം കൈയ്യെത്തിപ്പിടിക്കുന്നതിനു മുമ്പേ തന്റെ സൗഭാഗ്യങ്ങളുടെ മഞ്ചലില്‍, അതെത്ര ക്ഷണികമാണെന്ന് അവനറിയാമെങ്കിലും, ഒരു വട്ടം കൂടി മയങ്ങിക്കിടക്കുവാന്‍ അവന്‍ കുതികൊള്ളുന്നു.* *🔅മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക...? ജനനം മുതല്‍ മനുഷ്യന്‍ പിന്നിടുന്ന ഓരോ പടവുകളിലും മരണം പായ വിരിച്ച് കാത്തിരിക്കുന്നു. ഒരു കരിക്കാലം തുഴഞ്ഞ് വസന്തത്തിന്റെ നിറങ്ങളിലേക്ക് ചെന്നെത്തുമെന്നു കരുതുന്ന നിമിഷത്തിലായിരിക്കും അവന്റെ കരങ്ങള്‍ പിടിമുറുക്കുന്നത്. അപ്പോഴും ചുംബിച്ച ചുണ്ടുകള്‍ തമ്മില്‍ പിരിഞ്ഞിട്ടുണ്ടാവില്ല, പരസ്പരം പുണര്‍ന്ന കൈകള്‍ ഒന്നയഞ്ഞു പോലുമുണ്ടാകില്ല, അതിഗാഢമായ ഒരാലിംഗനത്തിലെന്ന പോലെ ചേര്‍ത്തു പിടിച്ചയാള്‍ നമ്മെ വേര്‍പിരിഞ്ഞിട്ടുണ്ടാകും....!* *🔅എത്രയെത്ര മരണങ്ങളെയാണ് നാം ദിനംപ്രതി അഭിമുഖീകരിക്കുന്നത്. നാളെക്കാണാം എന്ന് യാത്ര പറഞ്ഞു പിരിഞ്ഞവന്‍ പിറ്റേന്ന് ഒരു കഷണം വെളളത്തുണിയില്‍ പൊതിഞ്ഞു കിടക്കുന്നു. കൈകള്‍ കോര്‍ത്തു പിടിച്ച് കടല്‍ക്കരയില്‍ കാറ്റുകൊണ്ടു നടന്നവരില്‍ ഒരാള്‍ തിരകളിലേക്ക് കാല്‍വഴുതി വീണു മറഞ്ഞു പോകുന്നു. അമ്മയുടെ കൈകളിലിരുന്നു മുലകുടിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഒന്ന് വിക്കിയതേയുള്ളു, യാത്രയായി. ജീവിതത്തെക്കുറിച്ച് ഇത്രയധികം ആസക്തികള്‍ നമ്മിലുണ്ടാകുന്നതിന് കാരണം മരണത്തിന്റെ ഈ അപ്രവചനീയത തന്നെയാണ്.* *🔅"ഇന്നു ഞാന്‍ നാളെ നീ" എന്നാണ് മരണത്തിന്റെ ഓരോ നിമിഷവും നമ്മോടു പ്രഖ്യാപിക്കുന്നത്.* *🔅മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാദ്ധ്യമാണെങ്കിലും ചില വേര്‍പാടുകള്‍, അവശേഷിക്കുന്നവരില്‍ എക്കാലത്തും മുനകളായി നിന്നു കൊള്ളുമെങ്കിലും, മരണമാണ് ജീവിതത്തിന് മഹനീയമായ അര്‍ത്ഥങ്ങളെ സമ്മാനിക്കുന്നതെന്ന് സമ്മതിക്കാതെ തരമില്ല....!* *🔅ഈ ഗര്‍വ്വുകള്‍, കൊള്ളരുതായ്മകള്‍, പുകഴ്ത്തലുകള്‍, ഇകഴ്ത്തലുകള്‍, കൂട്ടിക്കൊടുക്കലുകള്‍, ഒറ്റപ്പെടുത്തലുകള്‍, അവകാശം സ്ഥാപിക്കലുകള്‍ എല്ലാം തന്നെ ഇങ്ങനെ തുടരണം. ഇതൊക്കെത്തന്നെയാണ്, അല്ലെങ്കില്‍ ഇത്രയൊക്കെയേയുള്ളു ഈ ജീവിതം...* *🔅അതുകൊണ്ട് മരണം ഏതു നിമിഷവും കടന്നു വരാമെന്നതിനെ നാം നേരിടേണ്ടത് ജീവിതത്തിന് ഓരോ നിമിഷവും കൈയ്യെത്തിപ്പിടിക്കാന്‍ കഴിയുന്ന മുഹൂര്‍ത്തങ്ങളെ അളവറ്റ് ആസ്വദിച്ചും, ആസ്വദിക്കാന്‍ അനുവദിച്ചുമാകണം. അങ്ങനെ വരുമ്പോള്‍ മനുഷ്യനായി ജീവിക്കാനുള്ള മറ്റൊരാളുടെ അവകാശത്തെ വകവെച്ചു കൊടുക്കാന്‍ നമുക്കൊരു സങ്കോചവുമുണ്ടാകേണ്ടതില്ല...!* *🔅അതു കൊണ്ട് നമ്മളിവിടെ ഇതുവരെ ജീവിച്ചല്ലോ എന്നതിലല്ല, നമ്മളിതുവരെ മരിച്ചില്ലല്ലോ എന്നതിലാണ് അത്ഭുതമിരിക്കുന്നത്.*

No comments: