BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Thursday, August 19, 2021
ഓണവിശേഷവും സദ്യയും...
ഓണത്തെക്കുറിച്ച് പല ഐതീഹ്യങ്ങളും പറയപ്പെടുന്നുണ്ടെങ്കിലും പൊതുവില്‍ ഓണം ഒരു വിളവെടുപ്പ് ഉത്സവം ആയിട്ടാണ് കരുതപ്പെടുന്നത്. കാലവര്‍ഷം കഴിഞ്ഞു മാനം തെളിഞ്ഞു കഴിയുമ്പോള്‍ ആയിരുന്നു പണ്ടു കാലത്ത് കേരളത്തിലേക്ക് വിദേശ കപ്പലുകള്‍ സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരത്തിനായി വന്നുകൊണ്ടിരുന്നത് അങ്ങിനെ സ്വര്‍ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങ മാസം എന്നും ഓണത്തെ പൊന്നോണം എന്നും വിളിക്കാന്‍ തുടങ്ങിയത് എന്ന് ഗ്രന്ഥങ്ങളില്‍ പറയുന്നു.
ചിങ്ങമാസത്തിലെ അത്തം മുതല്‍ പത്താം നാള്‍ ആണ് തിരുവോണം. തിരുവോണത്തിനാണ് ഓണത്തിന്റെ പ്രാധാന്യം കൂടുതല്‍.
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. കാണം വിറ്റും ഓണ ഉണ്ണണം എണ്ണ പഴ മൊഴിയെ അര്‍ത്ഥവത്താക്കിക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്. വിശാലവും വിഭവ സമൃദ്ധവും ആയ സദ്യ കേരളത്തില്‍ ഓരോ പ്രദേശത്തും (വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാംകൂര്‍, തിരുവിതാംകൂര്‍) വത്യസ്ഥ രീതികളില്‍ ആണ് ഉണ്ടാക്കുന്നത്.
എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശ്ശേരിതുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങിയ വയാണ് സദ്യയുടെ പ്രധാനപ്പെട്ട വിഭവങ്ങള്‍.
സദ്യ വിളമ്പുന്നതിനും സദ്യ ഉണ്ണുന്നതിനും അതിന്റെതായ രീതികള്‍ ഉണ്ട്. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ടു വേണം സദ്യ വിളമ്പാന്‍. നാക്കില തന്നെ വേണം സദ്യക്ക്. ഇലയുടെ നാക്ക് ഇടതു വശത്തുവേണം വരാന്‍.
പപ്പടം ഇലയുടെ ഏറ്റവും ഇടതു വശത്തും, പപ്പടത്തിന്റെ മുകളില്‍ പഴം വെയ്ക്കും. പപ്പടത്തിന്റെ വലതു വശത്തു ഉപ്പും വെക്കും. ഇലയുടെ ഇടതു വശത്ത് മുകളില്‍ ഏത്തക്ക ഉപ്പേരി, താഴെ ശര്‍ക്കര പുരട്ടി.ഇതാണ് ഉപ്പേരി കണക്ക്.
ഇലയുടെ ഇടതുവശത്ത് മുകളില്‍ ഉപ്പിലിട്ടത് (നാരങ്ങ, മാങ്ങാ,ഇഞ്ചിക്കറി), ഓലന്‍, എരിശ്ശേരി, അവിയല്‍, കിച്ചടി, പച്ചടി, തോരന്‍, ഇത്രയും കറികള്‍ വിളമ്പി കഴിഞ്ഞാല്‍ ചോറ് ഇടുകയായി.
ചോറ് ഇട്ടതിനു ശേഷമാണു ഒഴിച്ചു കറികള്‍. പരിപ്പ്,സാമ്പാര്‍, കാളന്‍, പായസം. ആദ്യം ചോറിനോടൊപ്പം പരിപ്പും നെയ്യും പപ്പടവും ചേര്‍ത്ത് കഴിച്ചു കഴിഞ്ഞാല്‍ സാമ്പാര്‍ ഒഴിക്കാം. തുടര്‍ന്ന് പായസം (അട പ്രഥമന്‍, കടല പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി ഏത് പായസവും ആകാം) പായസം കഴിഞ്ഞു രസം ഒഴിച്ചു അല്പം ചോറും കൂടെ കഴിക്കാം.(രസം എല്ലാ നാടുകളിലും സദ്യയില്‍ ഉള്‍പ്പെടുത്താറില്ല.) അവസാനം അല്പം മോരും കൂടെ ആയാല്‍ സദ്യ ഉണ്ട് കഴിയും.
ഓണ സദ്യയിലെ വിഭവങ്ങള്‍ ഓരോന്നും എങ്ങിനെ ഉണ്ടാക്കുന്നു വെന്നും അത് എങ്ങിനെ വിളമ്പണം എന്നതും ഒരു ചെറിയ വിവരണം.
1. സാമ്പാര്‍
2. അവിയല്‍
3. തോരന്‍
4. കാളന്‍
5. ഓലന്‍
6. പച്ചടി
7. കിച്ചടി
8. ഇഞ്ചിക്കറി
9. മാങ്ങാക്കറി
10. നാരങ്ങ അച്ചാര്‍
11. പരിപ്പ്
12. എരിശ്ശേരി
13. രസം
സാമ്പാര്‍
പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കും. )പുളി വെള്ളവും ചേർത്തു ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക.
അവിയല്‍
സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ് സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്.
തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളില്‍ പുളി പിഴിഞ്ഞ (തൈര്‍) ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേര്‍ക്കുക. അവിയല്‍ വാങ്ങി വെച്ചു അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കുക. മലബാര്‍ പ്രദേശങ്ങളില്‍ പുളിക്കുവേണ്ടി തൈരാണ് ഉപയോഗിക്കുന്നത്.
തോരന്‍
തോരന് പയര്‍, കാബേജ്, ബീന്‍സ്, ബീട്രൂറ്റ്, കാരറ്റ് തുടങ്ങി എന്തും ആകാം.
പയര്‍ തോരന്‍
പച്ച പയര്‍ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ അരി ഇട്ടുമൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക. തുടര്‍ന്ന് പയര്‍ ഇത് ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും,പച്ചമുളകും,ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്‍ത്ത് ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി തോര്‍ത്തി എടുക്കുക.
കാളന്‍
കാളന്‍നേന്ത്ര കായും ചേനയും ചേര്‍ത്ത് ഉണ്ടാക്കാം , നേന്ത്ര പഴം കൊണ്ടും കാളന്‍ ഉണ്ടാക്കാം.
കഷണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം.
പച്ചമുളക് കഴുകി നെടുകെ പിളര്‍ത്ത് കല്‍ച്ചട്ടിയിലിട്ട് മഞ്ഞള്‍പ്പൊടിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന് മുകളിലേക്ക് കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത് വറ്റിച്ച് കുറുക്കുക.
കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക് മുറിച്ചത്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കുക .
ഓലന്‍
കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷണം. കുമ്പളങ്ങ ചെറിയ കഷണങ്ങള്‍ ആക്കി എടുക്കുക.
ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍ ) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷണങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി.
ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്
പച്ചടി
വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക.വറ്റല്‍മുളക് , കടുക്,കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക.,തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക.. [തൈര് ചേര്‍ത്ത ശേഷം തിളക്കരുത്] .ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്.ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെന്കില്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്ത്തു വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ അരപ്പ് ചേര്‍ത്ത് തൈരും ചേര്‍ത്ത് കടുക് വറക്കുക.
കിച്ചടി
മധുരം ഉള്ള കറിയാണിത്.
മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കരിയില്‍ ചേര്‍ക്കുക.
ഇഞ്ചിക്കറി
ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍ വരുത്തുപോടിച്ചു വയ്ക്കുക.ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളക്, മുളകുപൊടി ചേര്‍ത്ത് വഴറ്റുക.വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക.ഒരു സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക.(ശർക്കരയാണ് ചേര്‍ക്കുന്നതെങ്കില്‍ ഉരുക്കി അരിച്ചു ചേര്‍ക്കേണ്ടതാണ്.)
നാരങ്ങക്കറി
നല്ലെണ്ണയില്‍ നാരങ്ങ വാട്ടി എടുക്കുക. വറ്റല്‍മുളക്,കടുക്,കറിവേപ്പില പൊട്ടിച്ചു അതില്‍ മുളകുപൊടി കായം,ഉലുവാപ്പൊടി ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേര്‍ക്കുക.നാരങ്ങ കറി ആയി.
മാങ്ങാക്കറി
ആദ്യം മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക.നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടിയും ചേര്‍ക്കുക.പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാവുന്നതാണ്.
എരിശ്ശേരി
മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിനു
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടെത്
ജീരകം -അര ടീസ്പൂണ്‍
വെളുത്തുള്ളി -4 ചുള
വെളിച്ചെണ്ണ,വറ്റല്‍മുളക്,കടുക്,2 ചുവന്നുള്ളി, കറിവേപ്പില.
ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക.കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം.മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ചേര്ക്കുക.മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍നിന്നും കാല്‍ ഭാഗം എടുത്തു അതോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായരച്ച് ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ വാങ്ങി വയ്ക്കുക.ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,ഉള്ളി,കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക. എരിശ്ശേരി തയ്യാര്‍.
പരിപ്പ്
ആദ്യം ചെറുപയര്‍ പരിപ്പ്,ഒരു ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക.പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരുസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി വേവിക്കുക.വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടക്കുക.തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി അരച്ചതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക.ചെറുതായി തിള വരുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക.
പരിപ്പ് പ്രഥമന്‍
ചെറുപയര്‍ പരിപ്പ് –250 ഗ്രാം.
ശര്‍ക്കര –500 ഗ്രാം
നെയ്യ് –100 ഗ്രാം
തേങ്ങ — 2
ഉണങ്ങിയ തേങ്ങ -ഒരു മുറി
ഏലക്കാപ്പൊടി -5 ഗ്രാം
ചുക്കുപൊടി -5 ഗ്രാം
അണ്ടിപ്പരിപ്പ് -50 ഗ്രാം
കിസ്മിസ് -25 ഗ്രാം
പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക.(കുക്കറില്‍ വേവിക്കാവുന്നതാണ്)
ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക.തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.6 കപ്പ് വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക.ചെരുതായരിഞ്ഞ കൊട്ടത്തേങ്ങ,അണ്ടിപ്പരിപ്പ്,കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment