Friday, April 21, 2023

*കഠോപനിഷദ്‌ യജ്ഞം* *സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി* ഇരുപതാം ദിവസം ജീവിതവ്യാപാരങ്ങളുടെയൊക്കെ ആത്യന്തിക ലക്ഷ്യം പരമാനന്ദമാണെങ്കിൽ അതിന്റെ ഉറവിടത്തെയല്ലേ പരമവരണീയമായി പരിഗണിക്കേണ്ടത് ? ആവിധം ആത്മസ്വവൈഭവത്തെ അനാവൃതമായി കിട്ടും വിധം ആത്മോന്മുഖമായി പാലിക്കേണ്ടുന്ന നിഷ്ഠകളുണ്ട്; ശരീര ഇന്ദ്രിയ മനോ ബുദ്ധികളുടെ തലത്തിൽ അവയെ കണ്ടു. ദുശ്ചരിതങ്ങളിൽ നിന്നുളള പിന്മാറ്റം ഇന്ദ്രിയഭോഗതൃഷ്ണയുടെ നിയന്ത്രണം വിക്ഷോഭമകന്ന് ശാന്തമായ മനസ്സ് വിവേകശക്തി കൊണ്ട് ജാഗ്രത്തായ ബുദ്ധി തുടങ്ങിയവയാണ് അവ. ഭോഗതാല്പര്യവും രാഗദ്വേഷ കാലുഷ്യവും വെച്ചുപുലർത്തുന്നവർ ഒരിക്കലും ഇതിനെ സാക്ഷാത്കരിക്കില്ല. സച്ചിദാനന്ദ സ്വരൂപിയായ ആത്മാവിലേക്ക് തീർത്ഥയാത്ര നടത്താനുളള രഥത്തിന്റെ രൂപകം അവതരിപ്പിക്കപ്പെട്ടു. വിജ്ഞാനവാനായ സാരഥിയുടെ തീരുമാനത്തിൽ സ്ഥായിയായ ശാന്തിയും സ്വാതന്ത്ര്യവും ലഭിക്കും. പരമമായ വിഷ്ണു പദത്തെ പ്രാപിക്കും. സ്ഥൂലത്തിൽ നിന്നു തുടങ്ങി സൂക്ഷ്മതാരതമ്യക്രമേണ പ്രത്യഗാത്മാവായി നിങ്ങളെയറിയാതെ മറ്റെന്തൊക്കെ നേടിയാലും സ്വാസ്ഥ്യം ഉണ്ടാവില്ല. ഇന്ദ്രിയങ്ങൾ സ്ഥൂലങ്ങളാണ്. ഭാവാത്മകമായ പരിണതിയിലൂടെ സ്ഥൂലത്തിൽ നിന്ന് പടിപടിയായി ഇന്ദ്രിയ - അർത്ഥ - സൂക്ഷ്മ - മഹത് തത്വ- പ്രത്യഗാത്മ- അവ്യക്തം: ബീജത്തിൽ, തിരിച്ചു വരവില്ലാത്ത പുരുഷനിൽ (സർവ്വപൂരണം) എത്തുന്നു. "സാന്ദ്രാനന്ദാവബോധാത്മകമനുപമിതം" (നാരായണീയം) "ശ്രീമൂലമായ പ്രകൃതി " (ഹരിനാമകീർത്തനം) തുടങ്ങിയ സൂചനകൾ സ്മരിക്കാം. സുഖപ്രതീക്ഷയോടെ അലയുന്നവർ ബന്ധനസ്ഥരാണ്, സാധകരല്ല. അന്തർമുഖമായ ഈ യാത്രയുടെ സ്വരൂപം അവനവനെത്തന്നെ അറിയുകയാണ്. ഈ ആത്മതത്വം സർവ്വഭൂതജാലങ്ങളിലും ഗൂഢമാണ്, പ്രകാശിക്കുന്നില്ല. എല്ലാവർക്കും പ്രകാശിച്ചു കിട്ടുന്നില്ല എന്നു വേണം പറയാൻ. ഏകാഗ്രബുദ്ധി കൊണ്ട് സൂക്ഷ്മദർശികൾക്ക് സാദ്ധ്യമാണ്. അവിദ്യാ - കാമ - കർമത്തിരക്കിൽ ഈ തത്വം മൂടപ്പെട്ടിരിക്കുന്നു. മായാവൈഭവം അപാരം തന്നെ. പ്രപഞ്ചത്തിന്റെ വൈവിദ്ധ്യവും ആകർഷണീയതയും കൊണ്ട് നമുക്ക് നമ്മെ നഷ്ടപ്പെട്ടതാണ് എല്ലാ സങ്കടങ്ങൾക്കും ഭയങ്ങൾക്കും ആശങ്കകൾക്കും കാരണം. സച്ചിദാനന്ദസ്വരൂപമായ ആത്മാവിനെ അവഗണിച്ചു കൊണ്ട്, ദേഹേന്ദ്രിയങ്ങളാണ് താനെന്നു കരുതി അതിന്റെ വിവിധ തലങ്ങളിലുള്ള പ്രശ്നങ്ങളെ നമ്മുടേതാണെന്നു തലയിലേറ്റി, പരമാനന്ദ സ്വരൂപികളായി ആഘോഷിക്കേണ്ടതിനു പകരം പരമദു:ഖികളായി അലയുന്നു. സംസ്കൃത ചിത്തന്മാർക്ക് ബുദ്ധിയെ സജ്ജമാക്കി, ഏകാഗ്രതയോടെ, കർമ്മയോഗത്താൽ രാഗദ്വേഷങ്ങളെ അതിക്രമിച്ച്, ശാസ്ത്ര ശ്രവണവും വസ്തു നിരൂപണവും സാധിച്ച് ഈ തത്വദർശനം നേടാം. അതിന്റെ ഉപായത്തെക്കുറിച്ച് തുടർന്നു കേൾക്കാം. പ്രണാമം സ്വാമിജി, സംഗ്രഹം: വിജയകുമാരൻ വി SF പാലക്കാട് 20.04.2023

No comments: