Wednesday, April 26, 2023

 


    
     " മനുഷ്യൻ "  
ഭൂമിയിലെ സൃഷ്ടികളിൽ  മനുഷ്യവർഗ്ഗം ഒൻപതാമത്തെ സൃഷ്ടിയായിട്ടാണ്  ഭാഗവതം പറയുന്നത്. ഒരു നാമം അല്ലെങ്കിൽ പേര് എന്നതിന് ഒരടിസ്ഥാനമുണ്ടാവണം. ഇന്ന കാരണം കൊണ്ട് ഈ പേരിട്ടു എന്നു പറയാൻ പറ്റുന്നതിനെയാണ് അടിസ്ഥാനം എന്നു പറഞ്ഞത്.  അങ്ങനെ നോക്കുമ്പോൾ  മനുഷ്യൻ എന്ന പേരിനും ഒരടിസ്ഥാനമുണ്ടാകണം.  ഇതു രണ്ടുരീതിയിൽ ഉണ്ടാകാം.  മനനം ചെയ്യാൻ കഴിവുള്ളവൻ മനുഷ്യൻ എന്നു പറയുന്നുണ്ട്.  മനനം എന്നു പറഞ്ഞാൽ,  ഒരുവസ്തുവിന്റെ  അന്തസത്തയെ കണ്ടെത്താനുള്ള  പ്രക്രിയ.  ഒരു വസ്തുവിനെ ചിന്തയിൽ കൂടി സ്ഥൂലസൂക്ഷ്മ അതിസൂക്ഷ്മ  ഘടകങ്ങളാക്കി മാറ്റി, കാര്യമായ വസ്തുവിന്റെ  കാരണഘടകത്തെ  കണ്ടെത്തുകയെന്നതാണ്  മനനം എന്ന പ്രക്രിയകൊണ്ട് അർത്ഥമാക്കുന്നത്. രണ്ടാമതായി പറഞ്ഞാൽ,  മനുഷ്യകുല സൃഷ്ടി  ദമ്പതിമാർ മുഖേന നടന്നിട്ടുള്ളതിൽ ആദ്യത്തെ ദമ്പതിമാർ മനു വെന്നും, ശതരൂപയെന്നും വിളിയ്ക്കപ്പെടുന്നവർ ആയിരുന്നു എന്ന് ഭാഗവതം പറയുന്നു.  അവർ ബ്രഹ്മദേവൻ്റെ ശരീരത്തിൻ്റെ രണ്ടു ഭാഗങ്ങളായി, അതായത് വലതു ഭാഗം പുരുഷനായും(മനു) ഇടതു ഭാഗം സ്ത്രീയായും (ശതരുപ) പരിണമിയ്ക്കപ്പെട്ടു . അങ്ങനെ ബ്രഹ്മദേവൻ്റെ ശരീരത്തിൽ മാനസിക സങ്കല്പത്താൽ ഉണ്ടായ മനുവിൻ്റെ പിൻഗാമിയായതുകൊണ്ടും  "മനുഷ്യൻ" എന്ന നാമം ലഭിയ്ക്കാം.  ഇങ്ങനെ ദമ്പതിമാർ ഒരു ശരീരത്തിൻ്റെ രണ്ടു ഭാഗമായതുകൊണ്ടാകാം മുൻകാലങ്ങളിൽ "സതി " എന്നൊരു ചടങ്ങ് ഉണ്ടായിരുന്നതായി പറയപ്പെടുന്നത്. ഇങ്ങനെ ബ്രഹ്മ ശരീരത്തിൽ മനസ്സങ്കല്പത്താൽ ഉണ്ടായതിനാൽ, ഇദ്ദേഹത്തെ  സ്വായംഭൂ മനു എന്നറിയപ്പെടുന്നു.

   സാധാരണ മനുഷ്യനറിയാൻ കഴിയാത്തയത്ര  ആഴമേറിയ ഒരു പ്രവർത്തന പ്രതിഭാസമാണ്  ഒരു മനുഷ്യ ശരീരം.  ഒരു മനുഷ്യൻ അവൻ്റെ ശരീരത്തെക്കുറിച്ച് ഒന്നും അറിയാറും, ആലോചിയ്ക്കാറും ഇല്ല.  ചില കാര്യങ്ങൾ മനസ്സിലാക്കി വച്ചിരിയ്ക്കുന്നു,  അത് ഓരോ ദിവസവും ആവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു.  സത്യത്തിൽ ഒരു ലക്ഷ്യവും ജീവിതത്തെക്കുറിച്ച് ആർക്കുമില്ല.  ഇന്നത്തെ സമുഹത്തിൽ കണ്ടുവരുന്ന രീതിയനുസരിച്ച് പറഞ്ഞാൽ,  പ്രത്യേകിച്ചും കേരളത്തിൽ,  ശരീരം കൂടുതൽ അനങ്ങാതെ (അദ്ധ്വാനിയ്ക്കാതെ) എങ്ങനെയെങ്കിലും പണമുണ്ടാക്കണം,  ഭൂരിപക്ഷത്തിനും  ആ പണം എങ്ങനെയെങ്കിലും  ചില വഴിയ്ക്കണം.  എന്നു പറഞ്ഞാൽ, പുതിയ പുതിയ രീതിയിലുള്ള ആഹാരങ്ങൾ, മദ്യം, മദിരാക്ഷി, ആഡയാഭരണ ആഡംബരാദികൾ എന്നിങ്ങനെ.  ഞാനെന്നു പറഞ്ഞു കൊണ്ടു നടക്കുന്ന ഈ ശരീരം  എന്താണ്,  എങ്ങനെ പ്രവർത്തിയ്ക്കുന്നു, ആര് പ്രവർത്തിപ്പിയ്ക്കുന്നു എന്നെല്ലാം ആരെങ്കിലും,  എപ്പോഴെങ്കിലും  ആലോചിയ്ക്കുന്നുണ്ടോ, ആലോചിച്ചിട്ടുണ്ടോ?  ഇതിനെക്കുറിച്ചെന്തെങ്കിലും എത്ര പേർക്കറിയാം.  ഇതെല്ലാം ഓരോരുത്തരും അല്പമെങ്കിലും അറിഞ്ഞിരിയ്ക്കേണ്ടതല്ലെ. പണമുണ്ടാക്കലും, ഇഷ്ടഭക്ഷണം കഴിയ്ക്കലും, മദ്യപാനവും, രതിക്രീഡയും, ഞാൻ ചെറുതല്ലയെന്നു മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമവും മറ്റും മറ്റും കൊണ്ടു മാത്രം ജീവിതമാകുമോ?  ഇതൊക്കെയല്ലെ ഇപ്പോൾ സമുഹത്തിനറിയാവുന്ന കാര്യങ്ങൾ.  ഇതല്ലെ ഓരോ ദിവസവും ആവർത്തിയ്ക്കപ്പെടുന്നതും.

   ഏതെങ്കിലും ഒരു സൃഷ്ടിയെക്കുറിച്ച്  ഒന്നാലോചിച്ചു നോക്കൂ. എന്താണ് സൃഷ്ടി?  ശരീരവും ജീവനും ചേരുമ്പോൾ സൃഷ്ടി ആകുന്നു.  . ഏതു വിധത്തിലുള്ള സൃഷ്ടിയും ഇതുതന്നെ.  ഈ ഭൂമിയിൽ ശരീരം എന്നു പറയുന്നത്  പഞ്ചഭൂതത്തെത്തന്നെയാണ്.  പഞ്ചഭൂതമല്ലാതെ മറ്റൊരു വസ്തു ഈ ഭൂമിയിലില്ല.  ഈ പഞ്ചഭൂതത്തെ ഓരോന്നിനേയും  പ്രവർത്തിപ്പിയ്ക്കുന്നതും ഈ ജീവൻ തന്നെ. അല്ലെങ്കിൽ ആത്മാവ്.  ഇങ്ങനെ നോക്കുമ്പോൾ ഒരു ജീവൻ മറ്റൊരു ജീവനിൽ മൂന്നാമതൊരു ജീവനെ നിക്ഷേപിയ്ക്കുന്നു.  ഈ മൂന്നാമത്തെ ജീവൻ പരിണാമത്തിൽക്കൂടി ശരീരമായി (വസ്തുവായി) രൂപാന്തരപ്പെടുന്നു. ഇതു ചരങ്ങളായാലും, അചരങ്ങളായാലും ഒരേപോലെ തന്നെ.  ഇതിനർത്ഥമെന്താണ്?  ഇവിടെ ഒരു ജീവനേയുള്ളു.  ഒരേയൊരു ജീവൻ.  ഈ ലോകം ഈ ജീവനാൽ നിറയപ്പെട്ടതാണ്.  ഏതു മതമായാലും, ഏതു രാഷ്ടീയമായാലും, ഏതു ജാതിയെന്നു പഞ്ഞാലും, എന്തു ജീവിയായാലും  ഈ ഒരു ജീവൻ തന്നെയാണ്  അവരിലുള്ളത്.  ഇതാണ് വേദം പറയുന്ന പുരുഷനും പ്രകൃതിയും.  പുരുഷൻ ഈശ്വരൻ അല്ലെങ്കിൽ ജീവൻ,  പ്രകൃതി ഭൂമി അല്ലെങ്കിൽ സ്ത്രീ.  ഇതാണ് ദേവ ദേവീ സങ്കല്പങ്ങൾ. ഇതു രണ്ടും കൂടി ചേർന്നതാണ് "മനുഷ്യൻ".  ഇതാണ് "തത്ത്വമസി"  ഇതാണ് മറ്റൊരാളിന്റെ വേദനയിൽ നമുക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിന്റെ കാരണം.

         

No comments: