Friday, April 21, 2023

ബ്രഹ്മം ആകാശം പോലെ സൂക്ഷ്മമാണ്‌. യാതൊരു പരിശ്രമങ്ങള്‍ കൊണ്ടും അതിനെ സാക്ഷാത്കരിക്കുവാനാവില്ല. കാണപ്പെടുന്ന വസ്തുക്കള്‍ തന്നില്‍ നിന്നും വിഭിന്നമാണെന്ന തോന്നല്‍ ഉള്ളിലുള്ളിടത്തോളം (ദൃഷ്ടിയും ദൃഷ്ടാവും വെവ്വേറെയെന്ന തോന്നല്‍) ബ്രഹ്മസാക്ഷാത്കാരം അകലെത്തന്നെയാണ്‌. ദൃഷ്ടിയും ദൃഷ്ടാവും തമ്മിലുള്ള ഈ അന്തരം ഇല്ലാതായി രണ്ടും ഒന്നായി ‘കാണുമ്പോള്‍’ മാത്രമേ സത്യസാക്ഷാത്കാരം സാദ്ധ്യമാവൂ. യാതൊരു വിഷയവും വിഷയത്തില്‍ നിന്നും പരിപൂര്‍ണ്ണമായും വ്യത്യസ്ഥ സ്വഭാവമുള്ളതല്ല. വിഷയിയെ വിഷയമായി ‘കാണുക’ എന്നതും സാദ്ധ്യമല്ല. വാസ്തവത്തില്‍ വിഷയി (ആത്മാവ്) വിഷയമായി (വസ്തുക്കള്‍) കാണപ്പെടുകയാണ്‌. ഇതല്ലാതെ മറ്റുവിഷയങ്ങള്‍ ഇവിടെയില്ല. എന്നാല്‍ വിഷയി (ആത്മാവ്) മാത്രമേ ഉള്ളു എന്നു പറയുമ്പോള്‍ അത് വിഷയം ആവുന്നതെങ്ങിനെ? (വിഷയമില്ലാതെ വിഷയി ഇല്ലല്ലോ). ഇവിടെ വിഷയി-വിഷയ വിവേചനം ഇല്ല തന്നെ. പഞ്ചസാര വിവിധ മധുരപലഹാരങ്ങളാവുന്നത് അതിന്റെ സഹജഭാവമായ മാധുര്യത്തിനു കോട്ടമൊന്നും ഉണ്ടാവാത്തവിധത്തിലാണ്‌. അതുപോലെ ബ്രഹ്മം, അനന്താവബോധം, സ്വയം സങ്കല്‍പ്പിച്ചുണ്ടാക്കുന്ന അനന്തമായ വൈവിധ്യങ്ങള്‍ അതിന്റെ സഹജഭാവത്തെ മാറ്റുന്നില്ല. ഈ എണ്ണമില്ലാത്ത വൈജാത്യങ്ങള്‍ അനന്തമായിത്തന്നെ പ്രകടമായിക്കൊണ്ടിരിക്കുന്നു.

No comments: