BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Wednesday, April 19, 2023
വിവാഹപ്പൊരുത്തം ...
വിവാഹപ്പൊരുത്ത ചിന്തയുടെ ശരി തെറ്റുകളെക്കുറിച്ച് ഭിന്ന അഭിപ്രായക്കാരാണ് നമ്മളിൽ പലരും. ഒരു ഐക്യത വന്നുചേരാനും സാധ്യത കുറവാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
ആദ്യമെ പറയട്ടെ ഇതിൽ വിശ്വസിക്കുന്നവർ മാത്രമെ ഈ മാർഗ്ഗത്തെ പിന്തുടരേണ്ടതുള്ളു.
ഉദാഹരണത്തിന് ഒരാൾ വഴിയറിയാത്ത ഒരു സ്ഥലത്തേക്ക് യാത്ര പുറപ്പെടുന്നു. വഴിയറിയാൻ അയാൾക്ക് പല ഉപാധികൾ ഉണ്ട്. സുര്യചന്ദ്രന്മാരെ നോക്കി ദിക്ക് മനസ്സിലാക്കി യാത്രയാവാം, ചോദിച്ച് ചോദിച്ച് പോകാം , ഇന്നത്തെ കാലത്ത് ഗൂഗിൾ മാപ്പ് നോക്കി പോകാം . ഇങ്ങനെ പലതും
എന്നാൽ ഇതിൽ ഒരേ മാർഗ്ഗം തന്നെ എല്ലാവരും പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ല.
അതുപോലെ ഇതിൽ ഏത് മാർഗം സ്വീകരിച്ചാലും എല്ലാവരും ഒരേ സമയത്ത് ലക്ഷ്യത്തിൽ എത്തിച്ചേരണം എന്നുമില്ല.
ചിലർ വഴി തെറ്റാം, ചിലർക്ക് വഴിയാൽ തടസ്സം വരാം , ചിലർക്ക് അപകടം വരാം , ചിലർ മരിച്ച് പോകാം ....
നമ്മുടെ പൂർവീക ജ്യോതിഷ ആചാര്യന്മാർ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും പഠിച്ചറിഞ്ഞതും, അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങൾ എഴുതി വച്ചവയാണ് നാം പ്രമാണങ്ങളായി സ്വീകരിക്കുന്നത്.
അവരാരും തന്നെ അവരുടെ അഭിപ്രായം അടിച്ചേൽപ്പിച്ചിട്ടില്ല.
വരാഹമിഹിരന്റെ ബൃഹജ്ജാതകംനോക്കിയാലും, എടക്കാട് നമ്പൂതിരിയുടെ പ്രശ്ന മാർഗ്ഗം നോക്കിയാലും ഈ വസ്തുത പ്രകടമാണ്. അവർ ഒരു ഭാഗത്ത് മാറി നിന്ന് പലരുടേയും അഭിപ്രായം പറയുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ഫലപ്രവചനം ജ്യോത്സ്യന്മാർ ദേശ, കാല, കുല , ലിംഗ, പ്രായ ഭേദത്തിനനുസരിച്ച് ഊഹിച്ച് പറയേണ്ടതാണ്.
ഇതേ രീതി തന്നെയാണ് വിവാഹ പൊരുത്തത്തെക്കുറിച്ചും ,
വേദ കാലത്ത് ഉണ്ടായിരുന്നൊ , രാമായണ കാലത്ത് ഉണ്ടായിരുന്നൊ എന്നും മറ്റുമുള്ള ചോദ്യത്തിന് പ്രസക്തിയില്ല. അറിവും, അനുഭവവും വർദ്ധിക്കുമ്പോൾ ശാസ്ത്രങ്ങളും വികസിക്കും.
വിവാഹപ്പൊരുത്തം ചിന്തിച്ചാൽ വിവാഹ ജീവിതം സന്തോഷകരമായിരിക്കുമൊ , സന്താനലാഭം, ദീർഘായുസ്സ് ഉണ്ടാകുമൊ മുതലായ സൂചന നൽകാൻ സാധിക്കും എന്ന് തന്നെയാണ് എന്റെ അഭിപ്രായം....
ഇത്രയും പറഞ്ഞതിന് ശേഷം വിവാഹപ്പൊരുത്തത്തെക്കുറിച്ചുള്ള എന്റെ അനുഭവം പങ്കു വയ്ക്കാം.
പ്രധാനമായും മൂന്ന് പൊരുത്തം ചിന്തിക്കണം.
1. നക്ഷത്രപ്പൊരുത്തം
2. ജാതകപ്പൊരുത്തം (ഗ്രഹനില സാമ്യത അഥവാ പാപസാമ്യത.)
3. ദശാകാലപ്പൊരുത്തം (ദശാസന്ധി മുതലായവ)
1. നക്ഷത്രപ്പൊരുത്തം.
27 നക്ഷത്രങ്ങളും കോടിക്കണക്കിന് ആൾക്കാരും .ഇതിൽ നിന്നും ഒരു പ്രാഥമിക തിരഞ്ഞെടുക്കലാണ് നക്ഷത്രപ്പൊരുത്ത ചിന്തയിലൂടെ ചെയ്യുന്നത്.
പ്രശ്ന മാർഗ്ഗം പോലുള്ള ഗ്രന്ഥങ്ങളിൽ പരാമർശിച്ച രാശി, രാശിപ, വശ്യ , മാഹേന്ദ്ര ,ഗണ, യോനി, ദിനസംജ്ഞ , സ്ത്രീദീർഘ , മധ്യമരജ്ജു, വേധം മുതലായ 10-ൽ അധികം പൊരുത്തം പറയുന്നുണ്ടെങ്കിലും ഇതെല്ലാം ഒത്ത് വരുന്ന പങ്കാളിയെ കണ്ടു കിട്ടാൻ പ്രയാസമാണ് എന്നുള്ളതിനാൽ ആയുസ്സിനേയും, സന്താന ക്ലേശം പോലുള്ള ദോഷഫലങ്ങളേയും സൂചിപ്പിക്കുന്നവ പരിഗണിക്കുക. (മുഴുവൻ പൊരുത്തവും കിട്ടിയാൽ ഉത്തമം)
ഉദാഹരണം 3,5,7 നക്ഷത്രങ്ങൾ, അഞ്ചാം കൂറ്, ആറാം കൂറ്, മധ്യമരജ്ജു, നക്ഷത്ര വേധം, ഈ ദോഷങ്ങൾ തീർത്തും പരിഗണിക്കരുത്.
2. ജാതകപ്പൊരുത്തം (ഗ്രഹനില സാമ്യത അഥവാ പാപസാമ്യത.)
ഇവിടെയാണ് പല ആചാര്യന്മാരും പല അഭിപ്രായവും പറയുന്നത്.
ഇവിടെ ജാതകങ്ങളെ മൂന്നായി തരം തിരിക്കാം. a . ശുദ്ധ ജാതകം b. പാപ ജാതകം c. ചൊവ്വാ ദോഷമുള്ള ജാതകം.
ഇവ ഒരേ വിഭാഗം മാത്രമെ ചേരുകയുള്ളു. അതായത് ശുദ്ധത്തിന് ശുദ്ധം, പാപന് പാപൻ , ചൊവ്വയ്ക്ക് ചൊവ്വ,
ഇവ കണക്കാക്കുന്നതിൽ പല അഭിപ്രായം ഉണ്ട് .
" ദമ്പത്യോരൈക്യകാലെ
വ്യയ ധന ഹിബുകെ
സപ്തമെ ലഗ്നര െന്ധ്ര ,
ലഗ്നാച്ചന്ദ്രാച്ച ശുക്രാൽ
അഹി രവി രവിജോ
ഭൂമിപുത്രോ ധ്വജശ്ച .
തത്സാമ്യേ പ്രചുര ധനയുതീ
ദമ്പതീ ദീർഘകാലം
തസ്മിന്നേകത്ര ഹീനോ
മൃതിരിതി മുനയ :
പ്രാഹുരത്ര്യാദയസ്തേ."
ഇങ്ങനെ ഒരു നിയമം കേട്ടു വരുന്നു.
അതായത് ലഗ്നാലും, ചന്ദ്രാലും, ശുക്രാലും 12, 2, 4, 7, 1,8 ഈ ഭാവങ്ങളിൽ രാഹു, രവി ,ശനി, ചൊവ്വ, കേതു എന്നീ പാപഗ്രഹങ്ങൾ ഒരു ജാതകത്തിൽ വരുകയാണെങ്കിൽ മറ്റെ ജാതകത്തിലും അതേ രീതിയിൽ വരണം എന്നാണ് നിയമം.
എന്നാൽ ഇത്തരത്തിലുള്ള സാമ്യത കിട്ടാൻ പ്രയാസമായതിനാൽ
ചില ഇളവുകൾ നാം ചെയ്യാറുണ്ട്.
പാപഗ്രഹങ്ങൾ ഏതായാലും മതി എന്നും,
അതിൽ തന്നെ 7, 8 ഭാവങ്ങളിലെ പാപഗ്രങ്ങൾക്കാണ് കൂടുതൽ ദോഷമെന്നും, അതിന് മാത്രം സാമ്യത മതി എന്നും,
സ്ത്രീകൾക്ക് 8 - ലെ പാപഗ്രഹത്തിനും ,പുരുഷന് 7 ലെ പാപഗ്രഹത്തിനും ദോഷം കൂടുതലെന്നും,
ലഗ്നാലാണ് ശക്തി കൂടുതലെന്നും
ചന്ദ്രാൽ അതിൽ കുറവെന്നും
ശുക്രാൽ അതിലും കുറവാണെന്നും,
പാപഗ്രഹത്തിന് ശുഭഗ്രഹയോഗദൃഷ്ട്യാ ദികൾ ഉണ്ടെങ്കിൽ പാപത്വം കുറയുമെന്നും,
അതിൽ തന്നെ വ്യാഴത്തിന്റെ യോഗദൃഷ്ട്യാദികളാണ് കൂടുതൽ പരിഗണിക്കാറെന്നും
ഇത്തരത്തിൽ ഒരു പാട് നിയമങ്ങൾ നിലവിലുണ്ട്.
ഇന്ന് മിക്കവാറും ലഗ്നാലും ചന്ദ്രാലും 7 , 8 ഭാവങ്ങളിൽ പാപഗ്രഹങ്ങൾ ഇല്ലെങ്കിൽ "ശുദ്ധ ജാതകം " എന്നും (മിക്കവാറും എന്നത് കൂട്ടി വായിക്കണം ലഗ്നം രണ്ട് എന്നിവയും ശ്രദ്ധിക്കേണ്ട ഭാവങ്ങൾ തന്നെ - കാരണം ദൃഷ്ടി)
7,8 ഭാവങ്ങളിൽ പാപഗ്രഹങ്ങൾ ഉണ്ടെങ്കിൽ "പാപജാതകം "എന്നും
7, 8 ഭാവങ്ങളിൽ ചൊവ്വയാണെങ്കിൽ "ചൊവ്വാ ദോഷമുള്ള ജാതകം "എന്നും പറയുന്നു.
ഇതിൽ എല്ലാ രാശിയിലും നിൽക്കുന്ന ചൊവ്വയ്ക്ക് ദോഷം പറയാറില്ല. മേടം, കർക്കിടകം, വൃശ്ചികം, മകരം എന്നീ രാശികളിലെ ചൊവ്വ 7, 8, ഭാവങ്ങളായി വന്നാലും ദോഷം പറയാറില്ല. (തുലാവലഗ്നം 7 ൽ ചൊവ്വ, എടവ ലഗ്നം 7-ൽ ചൊവ്വ, കർക്കിടക ലഗ്നം 7-ൽ ചൊവ്വ രുചകയോഗം എന്ന രാജയോഗമാകുന്നു എന്നതും ഓർമിപ്പിക്കുന്നു)
ഇനി ചൊവ്വാ ദോഷം ആരോപിച്ച ചൊവ്വയ്ക്കും ശുഭ യോഗദൃഷ്ടി - വിശേഷിച്ച് വ്യാഴത്തിന്റെ - ഉണ്ടെങ്കിൽ ദോഷം കുറവായി കണക്കാക്കണം.
മറ്റും ചില ദാമ്പത്യ ക്ലേശ സൂചനകൾ പറയുന്നതും ശ്രദ്ധിക്കണം.
എടവ ലഗ്നത്തിന് 7-ൽ ശുക്രൻ
വൃശ്ചിക ലഗ്നത്തിന് 7-ൽ ബുധൻ എന്നിവ ദോഷ സൂചകമാണ്.
അതുപോലെ
7-ാം ഭാവാധിപന്റെ 6, 8, 12 ഭാവങ്ങളിലെ സ്ഥിതി രണ്ട് ജാതകത്തിലും ഒരുപോലെ വരാൻ പാടില്ല.
രണ്ട് ജാതകത്തിലും ഒരുപോലെ ശുക്രന്റെ ദുർബ്ബലത്വം പാടില്ല.
എന്റെ അനുഭവത്തിൽ നിന്നും മനസിലായ മറ്റൊരു യോഗം രണ്ടു പേരുടെ ജാതകത്തിലും ഒരുപോലെ വ്യാഴം അനിഷ്ടഭാവത്തിൽ ( 3, 6, 8, 12) വരാൻ പാടില്ല.
ഒരാളിൽ ഇഷ്ടത്തിലും മറ്റേ ആളിൽ അനിഷ്ടത്തിലും ആയാൽ കുഴപ്പമില്ല.
ഇത്തരത്തിൽ പാപസാമ്യത പരിശോധന പ്രമാണത്തിന്റെയും , അനുഭത്തിന്റെയും , വെളിച്ചത്തിൽ കൈകാര്യം ചെയ്യുന്നതിനാൽ നമ്മൾക്കിടയിൽ തന്നെ ഐക്യത ഇല്ല എന്ന് പറയാം.
അതുകൊണ്ടായിരിക്കാം ഒരു ജ്യോത്സ്യർ യോജിക്കുമെന്ന് പറയുന്നത് മറ്റൊരാൾ യോജിക്കില്ല എന്നും പറയുന്നത്.
ഇതിന് സമാധാനം നമുക്ക് സ്വീകാര്യനായ വിശ്വാസമുള്ള ജ്യോത്സ്യരെ മാത്രംസമീപിക്കുക എന്നുള്ളതാണ്.
3. ദശാകാലപ്പൊരുത്തം (ദശാസന്ധി മുതലായവ)
രണ്ട് പേരുടെ ജാതകത്തിലും ഒരേ സമയത്ത് എല്ലാ ദശകളും ഒരുമിച്ച് അവസാനിക്കുന്നത് ശുഭകരമല്ല.
പ്രത്യേകിച്ച് അനിഷ്ടസ്ഥാനത്തുള്ള ഗ്രഹങ്ങളുടെ ദശ .
ഇപ്പോൾ നക്ഷത്ര ദശ മാത്രമാണ് കൂട്ടി നോക്കാറ്. അതിൽ വരുന്നില്ലെങ്കിൽ മറ്റ് ദശാസന്ധി നോക്കേണ്ടതില്ലല്ലൊ എന്നർത്ഥം.
ഇതിൽ തന്നെ 4 മാസ പരിധിക്കുള്ളിലാണെങ്കിൽ കൂടുതൽ ദോഷം, ചിലർ 8 മാസവും കണക്കാക്കുന്നു .
ഇത്തരത്തിൽ 3 വഴികളിലൂടെ ചിന്തിച്ചാണ് ചേർച്ച പറയുന്നത്.
(ചിലർ ബ്യൂറോയിൽ നിന്ന് ലഭിച്ച കുറിപ്പുകൾ മുഴുവൻ വാട്ട്സപ്പിൽ അയച്ചു തരും . ഇത്തരത്തിൽ നോക്കണമെങ്കിൽ സമയം ആവശ്യമാണ് എന്ന് മനസ്സിലായില്ലെ.)
എന്നാൽ ചിലർ മനപ്പൊരുത്തം ഉണ്ടെങ്കിൽ മറ്റ് പൊരുത്തം വേണ്ടതില്ല എന്ന് പറയുന്നു. എന്നാൽ എന്റെ അഭിപ്രായത്തിൽ വിശ്വാസികൾ മനസ്സിലാക്കേണ്ടത് മേൽ സൂചിപ്പിച്ച 3 വഴിക്കും അനുകൂലമാണെങ്കിലും മനപ്പൊരുത്തം ( പരസ്പരം ഇഷ്ടപ്പെടൽ ) ഉണ്ടോ എന്ന് കൂടി അന്വേഷിച്ചേ വിവാഹം നടത്താവൂ എന്നാണ്.
എന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ളവർ വിയോജിപ്പ് രേഖപ്പെടുത്താം. യുക്തമായ അഭിപ്രായം സ്വീകരിക്കാനും
മാറ്റപ്പെടുത്താനും തയ്യാറാണ്.
(ലേഖനം കൂടിപ്പോയതിനാൽ പ്രമാണങ്ങൾ ചേർത്തിട്ടില്ല, ചുരുക്കുന്നു)
വിവാഹപ്പൊരുത്ത ചിന്ത നല്ലദാമ്പത്യ ജീവിതത്തിന് വഴികാട്ടിയായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
കടപ്പാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment