Saturday, April 22, 2023

ശങ്കരാചാര്യ ജയന്തി* കേരളം ശങ്കരാചാര്യ ജയന്തി എല്ലാ കൊല്ലവും തത്വജ്ഞാനദിനമായി ആചരിക്കുന്നു . അജ്ഞാനത്തിന്‍റെ തമസ്സില്‍ ആണ്ടു പോയ ഭാരത ഭൂമിയെ ഒരു ജ്ഞാന സൂര്യനായ് പുനരുദ്ധരിച്ച ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യരുടെ ജന്മദിനം. വ്യാസനും വാല്മീകിക്കും ശേഷം മനുഷ്യരാശിയുടെ ആദ്ധ്യാത്മികോദ്ദീപനത്തിന് ധാരാളം സംഭാവന നല്കിയ ജഗദ്‌ഗുരു ആയിരുന്നു ശങ്കരാചാര്യർ . വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. ശങ്കരകൃതികള്‍ മധുരമനോഹരങ്ങളാണ്; ആ വാങ്മയങ്ങള്‍ സംഗീതാത്മകങ്ങളാണ്. സര്‍വ്വതന്ത്രസ്വതന്ത്രനായ വാചസ്പതിമിശ്രന്‍ ‘ഭാഷ്യം പ്രസന്നഗംഭീരം’ എന്നാണ് ശാങ്കരഭാഷ്യത്തെ വിശേഷിപ്പിക്കുന്നത്. തന്റെ സന്ദേശങ്ങൾ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ. ശൃംഗേരിമഠ‍ം തെക്ക്, മൈസൂരില്‍ തുംഗഭദ്രാനദീതീരത്ത് ശൃംഗേരിമഠ‍ം സ്ഥാപിച്ചു. സ്വശിഷ്യനായ സുരേശ്വരാചാര്യരെ ഭഗവത്പാദര്‍ അവിടത്തെ അധിപതിയായി വാഴിച്ചു. ഈ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാരുടെ പേരിനോടൊപ്പം സരസ്വതി, ഭാരതി, പുരി എന്നിവയിലൊന്ന് ബിരുദമായി ഉണ്ടായിരിക്കും; ബ്രഹ്മചാരികള്‍ക്ക് ‘ചൈതന്യ’ ബിരുദവും കാണും. യജുര്‍വേദമാണ് അവരുടെ മുഖ്യവേദം. ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യമാണ് അവരുടെ അനുസന്ധാനവാക്യം. ദക്ഷിണേന്ത്യയുടെ അദ്ധ്യാത്മരക്ഷണം നോക്കിനടത്തേണ്ടത് ശൃംഗേരിമഠത്തിന്റെ ചുമതലയാകുന്നു. ശാരദാമഠം ദ്വാരകയില്‍ സ്ഥാപിതമായ ശാരദാമഠത്തിന്റെ അധിപനായി ഹസ്താമലകന്‍ എന്ന ശിഷ്യന്‍ നിയോഗിക്കപ്പെട്ടു. ‘തീര്‍ത്ഥന്‍’എന്നോ ‘ആശ്രമം’ എന്നോ ആയിരിക്കും ഈ മഠത്തിലെ സന്യാസിമാരുടെ നമോപാധി; ‘സ്വരൂപ’മെന്ന് ബ്രഹ്മചാരികള്‍ക്കും. ‘തത് ത്വം അസി’ എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. സാമവേദമാണ് അവരുടെ മുഖ്യാധ്യയനഗ്രന്ഥം. ഇന്ത്യയുടെ പശ്ചിമഭാഗത്തിന്റെ ആദ്ധ്യാത്മിക മേല്‍നോട്ടം ഈ മഠത്തിനാകുന്നു. ജ്യോതിര്‍മഠ‍ം(ശ്രീമഠ‍ം) ബദരിയില്‍ സ്ഥാപിച്ച മഠത്തിന് ജ്യോതിര്‍മഠ‍ം എന്നാണ് പേര്‍; ശ്രീമഠ‍ം എന്നും ഇതിനൊരു പേരുണ്ട്. തോടകാചാര്യരായിരുന്നു ഇവിടുത്തെ അധിപതി. ഗിരി,പര്‍വ്വതം, സാഗരം ഇവയാണ് ഈ മഠത്തിലെ സന്യാസിമാരുടെ നാമബിരുദങ്ങള്‍; ‘ആനന്ദ’ ബിരുദം ബ്രഹ്മചാരികള്‍ക്കും. അവര്‍ അഥര്‍വ്വവേദം അഭ്യസിക്കുന്നു.’അയം ആത്മാ ബ്രഹ്മ’എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. ഉത്തരേന്ത്യ ഈ മഠത്തിന്റെ ആദ്ധ്യാത്മികമണ്ഡലമാകുന്നു. ഗോവര്‍ദ്ധനമഠ‍ം കിഴക്ക് പുരിയില്‍ സ്ഥാപിതമായ മഠമാണ് ഗോവര്‍ദ്ധനമഠ‍ം. പദ്മപാദനായിരുന്നു അവിടത്തെ ആദ്യത്തെ അധിപതി. ‘വന’മെന്നോ ‘അരണ്യ’മെന്നോ ആയിരിക്കും അവിടുത്തെ സന്ന്യാസിമാരുടെ നാമബിരുദം. ‘പ്രകാശം’ എന്ന് ബ്രഹ്മചാരികളുടെയും. അവരുടെ മുഖ്യവേദം ഋഗ്വേദമാകുന്നു. ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന മഹാവാക്യം കൊണ്ടാണ് അവര്‍ ദീക്ഷിതരാകുന്നത്. പൂര്‍വ്വേന്ത്യയിലെ ജനങ്ങള്‍ ഈ മഠത്തെയാണ് തങ്ങളുടെ അദ്ധ്യാത്മരക്ഷാകേന്ദ്രമായി കരുതിവരുന്നത്. ഈ നാലു മഠങ്ങളില്‍ക്കൂടി ശ്രീശങ്കരാചാര്യസ്വാമികള്‍ സമഗ്രഭാരതത്തിന്റെയും അദ്ധ്യാത്മശ്രേയസ്സിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഈ മഠങ്ങളുടെ സമര്‍ത്ഥമായ ഭരണനിര്‍വ്വഹണത്തിന് ആവശ്യമായ നിയമങ്ങള്‍ ഉള്‍കൊള്ളുന്ന മഠാമ്നായം, മഹാനുശാസനം എന്ന രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. ഈ മഠങ്ങളിലെ അധിപതികള്‍ അതതിടങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളില്‍ ധര്‍മ്മശ്രദ്ധയും ആത്മബോധവും വളര്‍ത്തണമെന്നും ആചാര്യന്‍ അനുശാസിച്ചിട്ടുണ്ട്. .ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്‍റെയും ആര്യാംബയുടെയും പുത്രനായി ക്രി.പി. 788 ൽ ജനിച്ച അദ്ദേഹം 32 വയസ്സു വരെ ജീവിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു

No comments: