Friday, January 23, 2026

ക്ഷേത്ര തന്ത്രി എന്നാല്‍ ആരാണ്.? ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി. വിശ്വാസികള്‍ തന്ത്രിയെ അടുത്തറിയേണ്ടതാണ്. ക്ഷേത്ര തന്ത്രി എന്നാല്‍ ആരാണ്.? തന്ത്രി എന്ന സ്ഥാനം വിശ്വാസികള്‍ക്ക് പവിത്രമാണ് . ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി. വിശ്വാസികള്‍ തന്ത്രിയെ അടുത്തറിയേണ്ടതാണ്. തന്ത്രസമുച്ചയത്തില്‍ ആദ്യ ആറു പടലങ്ങള്‍ ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്. അത്യന്തം സങ്കീര്‍ണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന ഘടകം ആണ് തന്ത്രി. അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്ന വ്യക്തി . ക്ഷേത്രമെന്ന ചിന്ത പ്രാവര്‍ത്തികമാവുമ്പോള്‍ മുതല്‍ തന്ത്രിയുടെ ഉത്തരവാദിത്വങ്ങള്‍ ആരംഭിക്കുന്നു. പല ഘട്ടങ്ങള്‍ പരിശോധിക്കാം 1. ആചാര്യവരണം ആചാര്യ വരണത്തോടെ ആണ് ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് . ക്ഷേത്രം നിര്‍മിക്കാന്‍ പോകുന്ന ദേശത്തെ യജമാനസ്ഥാനത്തുള്ള വ്യക്തി ആചാര്യന്മാരായ തന്ത്രിയെയും പരികര്‍മികളെയും ദേവതാഭാവേന പൂജിച്ചു നിവേദ്യവും താംബൂലവും സമര്‍പ്പിച്ചു നമസ്കരിക്കുന്നു . ക്രിയകള്‍ക്കായി വേണ്ട പവിത്ര മോതിരവും , തറ്റുടുക്കാനുള്ള വസ്ത്രവും , യജനോപവീതവും നല്‍കുന്നു . 2. ഭൂപരിഗ്രഹം അടുത്തത് ഭൂപരിഗ്രഹം എന്ന ക്രിയയാണ്. ക്ഷേത്രത്തിന് ലക്ഷണയുക്തമായ ഭൂമി തിരഞ്ഞെടുത്ത ശേഷം ,കര്ഷണം ചെയ്‌ത്‌ , സ്ഥല ശുദ്ധി ചെയ്ത് ക്ഷേത്ര ഭൂമി ഏറ്റു വാങ്ങി വാസ്തുശാസ്ത്ര പ്രകാരം പ്രതിഷ്ഠ സ്ഥാനം നിശ്‌ചയിച്ച ശേഷം നിശ്ചിത മുഹൂര്‍ത്തത്തില്‍ തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു .ക്ഷേത്രം ഷഡ ചക്ര ശരീര പ്രതീകവും ദേവത ബ്രഹ്മചൈതന്യവും എന്ന സങ്കല്‍പ്പമാണല്ലോ . വാസ്തുബലി , വാസ്തുപൂജ , ഹോമം എന്നിവ ചെയ്ത് ആധാര ശിലയാകുന്ന മൂലാധാര പ്രതീകവും , അതിന്റെ മുകളില്‍ സ്ഥാപിക്കുന്ന സ്വാധിഷ്ഠാന പ്രതീകമായ ധ്യാനപീഠവും , അതിനു മേല്‍ മണിപൂരകത്തെ പ്രതിനിധാനം ചെയ്യുന്ന നിധികുംഭവും , അതിനുമേല്‍ അനാഹത ചക്രപ്രതീകമായ പത്മവും , പദ്മത്തില്‍ ഹൃദയസ്ഥാനമായ പ്രാണശക്തിയും അതിനു മുകളിലായി വിശുദ്ധി ചക്ര പ്രതീകമായ യോഗനാളത്തേയും പൂജിച്ചു പ്രതിഷ്ഠിച്ചു തന്ത്രി ഷഡാകാര പ്രതിഷ്ഠ നടത്തുന്നു . 3.ഇഷ്ടകാന്യാസം , ഗര്‍ഭപാത്ര സ്ഥാപനം ശ്രീകോവില്‍ ദേവന്റെ സ്ഥൂല ശരീര സങ്കല്പം ആണ് . ക്ഷേത്ര പുരുഷ ശരീരത്തിന്റെ മാതൃത്വം വഹിക്കുന്നത് ഭൂമിദേവിയാണ് . വിഗ്രഹം എന്ന പുത്രനെ ക്ഷേത്ര ഭൂമി പ്രസവിക്കുന്നതാണ് സങ്കല്പം . അതിനായി ഗര്‍ഭ പാത്ര സ്ഥാപനം ഭൂമിയില്‍ നടത്തുന്നു. താമ്രം കൊണ്ട് അടപ്പോടുകൂടി ഉണ്ടാക്കുന്ന ഗര്ഭപാത്ര രൂപം ഭൂത്വത്തെ സൂചിപ്പിക്കുന്നു. ശേഷം ഈ ഗര്‍ഭപാത്രത്തില്‍ മൂലമന്ത്രം കൊണ്ട് ദേവനെ ആവാഹിച്ച്‌ തൃമധുര നിവേദ്യത്തോടെ ഉള്ള പൂജ തന്ത്രി നടത്തുന്നു . 4. ശിലാപരിഗ്രഹം ശേഷം തന്ത്രി അനുയോജ്യരായ ശില്പികളെ ക്ഷണിക്കുന്നു. അവരുടെ ആയുധങ്ങള്‍ വിധിപ്രകാരം പൂജിക്കുന്നു . വിഗ്രഹമായി തീരാനുള്ള ശില തിരഞ്ഞെടുക്കേണ്ടതും തന്ത്രിയുടെ ചുമതലയാണ്. ശിലാലക്ഷണങ്ങള്‍ തികഞ്ഞ ശിലയെ കണ്ടെത്തിയാല്‍ ദേഹശുദ്ധ്യാതികള്‍ ചെയ്തു പുറപ്പെടുന്നു .ശിലയെ അഭിവാദ്യം ചെയ്ത് , ശിലക്കുമുകളില്‍ പത്മമിട്ട് , ദേവതകളെയും പരിവാരങ്ങളെയും ആവാഹിച്ച ശേഷം പൂജിച്ചു ദിക്പാലബലികളും കൊടുത്ത് ദേവതാസാന്നിധ്യം കൊടുത്ത് തന്ത്രി അന്നവിടെ ഉറങ്ങണം . സ്വപ്ന ദര്‍ശനത്തെ പ്രാര്‍ത്ഥിച്ച ശേഷം അതിനനുസൃതമായി ശിലാഖണ്ഡങ്ങളെ ശില്‍പികള്‍ വെട്ടിമാറ്റുന്നു . ശേഷം വിഗ്രഹ ശിലയെ വാദ്യഘോഷങ്ങളോടെ പണിപ്പുരയിലേക്കു എഴുന്നള്ളിക്കുന്നു . 5. മുളയിടല്‍ ബിംബ നിര്‍മാണം പൂര്‍ത്തിയായാല്‍ തന്ത്രി വിധി പ്രകാരം പരിഗ്രഹിച്ചു ശുദ്ധീകരിക്കുന്നു . സോമമണ്ഡലം നിര്‍മ്മിച്ചാണ് ശുദ്ധീകരണം നടത്തുന്നത് . മുളയിടല്‍ എന്ന് വിളിക്കുന്ന ചടങ്ങില്‍ മുളപ്പാളുകളില്‍ മഹാവിഷ്ണുവിനേയും ബീജത്തില്‍ സോമനെയും ആവാഹിച്ചു പൂജിക്കുന്നു . മുള എത്ര ദിവസം നില്‍ക്കുന്നുവോ അത്രയും നാള്‍ മൂന്നു പൂജയും രാത്രി ബലിയും തന്ത്രി നടത്തുന്നു . 6. ബിംബ പരിഗ്രഹം ശില്പി ശയ്യ വിരിച്ചു ബിംബത്തെ അതില്‍ കിടത്തുന്നു . പൂജിച്ച സ്വര്‍ണസൂച്യഗ്രം കൊണ്ട് തന്ത്രി വിഗ്രഹത്തിന്റെ കണ്ണ് കീറി ശില്പിയെ കൊണ്ട് നേത്ര ഉന്മീലനം നടത്തുന്നു . ശില്പിയില്‍ നിന്നും ശില്പത്തെ ക്ഷേത്ര യജമാനന്‍ ഏറ്റു വാങ്ങി തന്ത്രിക്കു സമര്‍പ്പിക്കുന്നു . 7. ബിംബശോധന നെയ്യ് ,തേന്‍ , മരത്തൊലികള്‍ , പുറ്റു മണ്ണ് , ചെറുപയര്‍ , മഞ്ഞള്‍ മുതലായവ ബിംബത്തില്‍ തേച്ച്‌ വെള്ളം കൊണ്ടോ അഷ്ടഗന്ധ ജലം കൊണ്ടോ ബിംബ ശോധന തന്ത്രി ചെയ്യുന്നു .പിന്നീട് നടക്കുന്ന അക്ഷത ഹോമത്തിന്റെ സമ്ബാതം ബിംബത്തിന്റെ പാദം മുതല്‍ ശിഖ വരെയുള്ള ഏഴു സ്ഥാനങ്ങളില്‍ സ്പര്‍ശിക്കുന്നു . 8. കൗതുക ബന്ധനം അനന്തരം ഒരു പട്ടു വസ്ത്രത്തില്‍ നല്ല പോലെ പൊതിഞ്ഞ കടുകും മുത്തും സ്വര്‍ണവും ചരടില്‍ കെട്ടി തന്ത്രി ദേവന്റെ വലതു കയ്യില്‍ കെട്ടുന്നു . സ്വര്‍ണം സൂര്യമണ്ഡലവും , കടുക് അഗ്നിമണ്ഡലവും , മുത്ത് സോമമണ്ഡലവും ആവുന്നു . ബിംബദേഹത്തിന്റെ പഞ്ച ഭൗതിക ശുദ്ധി വരുത്തി കുണ്ഡലിനി ഉത്പാഥനമാണ് ഈ ക്രിയ . 9. ജലാധിവാസം കുണ്ഡലിനി ഉത്പാഥനശേഷം ജീവചൈതന്യം സമാധി അനുഭവിക്കുന്ന സങ്കല്‍പ്പം ആണ് ഇത് . ബിംബത്തെ ക്ഷേത്ര കുളത്തിലേക്ക് വിളക്കും വാദ്യഘോഷങ്ങളും കൂടി എഴുന്നള്ളിക്കുന്നു . വരുണദേവനെ തന്ത്രി തീര്‍ത്ഥമായി ആവാഹിച്ചു പൂജിക്കുന്നു. ശേഷം ബിംബത്തെ അരയാല്‍ പലകമേല്‍ കിഴക്കു ശിരസായി കിടത്തി വെള്ളത്തില്‍ താഴ്ത്തി ഉറപ്പിച്ചു എട്ടു ദിക്കുകളിലും ബന്ധനം ചെയ്തു രക്ഷിച്ചു വെക്കുന്നു . ഇത് മൂന്ന് ദിവസവും മൂന്നു രാത്രിയും തുടരുന്നു . 10. പ്രാസാദ ശുദ്ധി പ്രാസാദം എന്നാല്‍ ശ്രീകോവില്‍ ആകുന്നു . തന്ത്രി ബിംബത്തെ ദര്‍ഭ , ഗോമയ ജലം , കടുക് , പഞ്ചഗവ്യം , വികിരം എന്നിവ ഉപയോഗിച്ചു പ്രാസാദ ശുദ്ധി വരുത്തുന്നു . ദുഷ്ട ഭൂത രാക്ഷസാദികളെ നിഷ്കാസനം ചെയ്ത് , അഷ്ടഗന്ധ ജലം തളിച്ച്‌ , ഗന്ധ പുഷ്പാക്ഷതം വിതറി , ധൂപദീപാദികള്‍ കാണിച്ചു പ്രാസാദ ശുദ്ധി പൂര്‍ത്തിയാക്കുന്നു 11. അസ്ത്രകലശ പൂജ ദേവന്റെ അസ്ത്ര മന്ത്രം കൊണ്ട് കലശം പൂജിച്ചു വെക്കുന്നു . ഗര്ഭഗൃഹത്തില്‍ ദേവന്റെ മന്ത്രം കൊണ്ട് പൂജ ചെയ്തു അഗ്നിപ്രതീകമായ കടുക് മന്ത്രപുരസ്സരം വിതറുകയും , പഞ്ചഗവ്യം ജപിച്ചു തളിച്ച്‌ ശുദ്ധീകരിക്കുകയും ചെയ്യുന്നു 12 അഗ്നികോണില്‍ നടത്തുന്ന രക്ഷോഘ്‌ന ഹോമം ഈശ കോണില്‍ നടത്തുന്ന വാസ്തു ഹോമം , വാസ്തു ബലി എന്നിവ നടത്തിയ ശേഷം തന്ത്രി ഗര്‍ഭ ഗൃഹത്തിന്റെ മധ്യത്തില്‍ പ്രാസാദ മൂര്‍ത്തിയെ ആവാഹിച്ചു പൂജിച്ചിടത്തു കലശങ്ങള്‍ ആടുകയും വാസ്തുദേവനെ പ്രീതിപ്പെടുത്തി പുണ്യാഹം തളിക്കുകയും ചെയ്യുന്നു . 13. ബിംബ ശുദ്ധി കലശം ക്ഷേത്രത്തിന്റെ ഈശ കോണില്‍ പത്മങ്ങള്‍ വരച്ച്‌ ബിംബ ശുദ്ധി കലശങ്ങള്‍ സ്ഥാപിച്ച ശേഷം തന്ത്രി ദേവത ഭാവേന ദ്രവ്യങ്ങള്‍ നിറയ്ക്കുന്നു . ഇവ ജലാധിവാസം കഴിഞ്ഞ ബിംബത്തില്‍ ആടുന്നു . 14. മണ്ഡപ സംസ്കാരം ബിംബത്തിന്റെ ധ്യാനാനിവാസത്തിനായി മണ്ഡപം ഉണ്ടാക്കി അതിനകത്തു തോരണങ്ങളും ധ്വജങ്ങളും പ്രതിഷ്ഠിച്ചു പൂര്‍വാദി ദ്വാരത്തില്‍ ദ്വാര കലശങ്ങളെ പൂജിച്ചു മണ്ഡപത്തെ തന്ത്രി പൂജിക്കുന്നു . 15. അഗ്നിജനനം മണ്ഡപത്തിന്റെ കിഴക്കായി ശയ്യാ പൂജക്കുള്ള ശിരസ്ഥാനത്തില്‍ ആചാര്യ കുണ്ഡമുണ്ടാക്കി അഗ്നിജനനം ചെയ്യുന്നു . കുണ്ഡത്തില്‍ അഗ്നി പകരുന്നത് പ്രകൃതിയുടെ ഗര്‍ഭപാത്രത്തില്‍ പരമ പുരുഷ ബീജം സ്ഥാപിക്കലാണ് . ഗര്‍ഭാദാന പ്രക്രിയക്ക് ശേഷം മറ്റു സംസ്കാരങ്ങള്‍ നടത്തി ദേവന്റെ മന്ത്രങ്ങളെ ഹോമിക്കുന്നു . 16. ശയ്യാപൂജ മണ്ഡപത്തില്‍ ശയ്യ വിരിച്ചു ശയ്യാ പദ്മത്തിന്റെ തലക്കല്‍ നിദ്രകലശവും എട്ടു ദിക്കിലും വിദ്യേശ്വര കലശവും സ്ഥാപിക്കുന്നു . ശയ്യയുടെ ശിരോഭാഗത്തും , പാദാഗ്രത്തിലും , ഇടതും , വലത്തും , കിരീടാഗ്ര ഭാഗത്തും പ്രതിഷ്ഠ കഴിഞ്ഞാല്‍ ഉപഹാര ദ്രവ്യങ്ങള്‍ വച്ച്‌ പൂജിച്ചു അഷ്ട ദിക്കുകളിലും ദേവന് വേണ്ട അഷ്ടമംഗല്യങ്ങള്‍ വെയ്ക്കുന്നു . 17. ജലോദ്ധാരം തീര്‍ത്ഥ സ്ഥാനത്തു പോയി ജലാധിവാസം ചെയ്ത ബിംബത്തെ പുറത്തെടുത്തു ഭദ്രാപീഠത്തില്‍ നിര്‍ത്തി ശിരസ്സ് മുതല്‍ പാദം വരെ മുന്‍പ് സംഹരിച്ചതായ പഞ്ച ഭൂതങ്ങളെയും പ്രാണായാമരൂപേണ സൃഷ്ടിച്ചു വെള്ളം കൊണ്ട് കഴുകി തന്ത്രി നേത്രോന്മീലനം ചെയ്യണം . ഇത് സമാധി കഴിഞ്ഞുള്ള കണ്ണ് തുറക്കലാണ്. നേത്രോന്മീലനം കഴിഞ്ഞ ബിംബത്തെ പശുവിനെ കാണിക്കുകയും മണ്ഡപത്തിനു പ്രദക്ഷിണമായി കൊണ്ട് വന്നു ശയ്യയില്‍ പ്രതിഷ്ഠിക്കുന്നു . 18. ദേഹശുദ്ധി -ധ്യാനാനിവാസം ശേഷം തന്ത്രി ധ്യാനാനിവാസത്തിനായുള്ള ദേഹശുദ്ധിയിലേക്കു കടക്കുന്നു . വിധിപ്രകാരം കുളിച്ചു സന്ധ്യാവന്ദനം ചെയ്തു ഗുരുഗണപതി ധ്യാനം ചെയ്യുന്നു . പ്രാണായാമങ്ങളെ കൊണ്ട് നാഡീശുദ്ധി വരുത്തി മന്ത്രങ്ങള്‍ കൊണ്ട് മൂലാധാരത്തില്‍ നിന്നും ജീവാത്മാവിനെ ഉണര്‍ത്തി , പ്രിത്വി മുതല്‍ പുരുഷന്‍ വരെയുള്ള 25 തത്വങ്ങളെ സംഹരിച്ചു പരമാത്മാവില്‍ സംഹരിച്ചു സ്ഥൂല ശരീരത്തെ വായുബീജം കൊണ്ട് ശോഷിപ്പിക്കുകയും , അഗ്നിബീജം കൊണ്ട് സംഹരിക്കുകയും , അമൃത ബീജം കൊണ്ട് അമൃത പ്ലാവനം ചെയ്യിക്കുകയും ചെയ്തു ലിപിന്യാസവും , മൂലമന്ത്ര ന്യാസവും ചെയ്തു ധ്യാനാനിവാസത്തിനു തയ്യാറാവുന്നു. 19. ധ്യാനാധിവാസം ശയ്യയില്‍ കടത്തിയിരിക്കുന്ന ബിംബത്തില്‍ അനന്തരം ധ്യാനാധിവാസം നടത്തുന്നു . പ്രാണായാമ പുരസ്സരം ഭൂതസൃഷ്ടി , ഭൂതസംഹാര കൃയകള്‍ നടത്തുന്നു . തന്ത്രി സ്വശരീരത്തില്‍ ഇവ ചെയ്യ്തു ബിംബാഹൃദയത്തെ ദര്‍ഭ പുല്ലു കൊണ്ട് സ്പര്‍ശിക്കുമ്ബോള്‍ മേല്പറഞ്ഞ ക്രിയകള്‍ ബിംബം സ്വയം ചെയ്യുന്നതായാണ് സങ്കല്പം . അതിനായുള്ള ബിംബവുമായി തന്റെ നാഡികള്‍ ബന്ധിപ്പിക്കുന്ന നാഡീ സന്ധാനക്രിയ തന്ത്രി ചെയ്യുന്നു . ശേഷം ആചാര്യ കുണ്ഡത്തില്‍ ഹോമം ചെയ്തു സാമ്ബാതം ബിംബത്തില്‍ ചേര്‍ത്ത് ശിരസ്തത്വ ഹോമം പൂര്‍ത്തിയാക്കുന്നു . 20. അധിവാസഹോമം ശയ്യയുടെ എട്ടു ദിക്കിലും അഷ്ടകുണ്ഡങ്ങള്‍ ഉണ്ടാക്കി ശാന്തി ഹോമം തന്ത്രി നടത്തുന്നു . തന്റെ ശക്തി ബീജം കൊണ്ട് ആജ്യം ഹോമിച്ച സമ്ബാതം പീഠത്തിലും പ്രണവം കൊണ്ട് ഹോമിച്ച സമ്ബാതം നപുംസക ശിലയിലും സ്പര്‍ശിക്കുന്നു . മണ്ഡപത്തിന്റെ തെക്കേ ഭാഗത്തു കെട്ടുന്ന പശുവിന്റെ പാല്‍ കറന്നു മന്ത്രോച്ചാരണത്തോടെ ആചാര്യകുണ്ഡത്തില്‍ പാല്പായസം ഉണ്ടാക്കി നിവേദ്യവും , ബ്രാഹ്‌മണ ഭോജനവും , ബലിക്രിയയും ചെയ്യുന്നു . 21. പ്രതിഷ്ഠ ശേഷം വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നു . സങ്കീര്‍ണമായ വിഗ്രഹ , നപുംസക ശിലാപ്രതിഷ്ഠയും , പീഠപ്രതിഷ്ഠയും , നടയടച്ചു ദിക്പാലക പരിവാര പ്രതിഷ്ഠയും അദ്ദേഹം നടത്തുന്നു . ധ്യാനാധിവാസത്തിലൂടെ സമാധിയിലുള്ള വിഗ്രഹത്തെ ജാഗ്രദാവസ്ഥയില്‍ എത്തിച്ച്‌ , ആവാഹനാദി പ്രക്രിയകളിലൂടെ തന്ത്രി ബിംബത്തിനു ആത്മശക്തി കൊടുക്കുന്നു . നപുംസക ശിലയും പീഠവും കര്മങ്ങളാലും ഹോമങ്ങളാലും ശുദ്ധീകരിച്ചുമാണ് പ്രതിഷ്ഠിക്കുന്നത് .മുഹൂര്‍ത്തത്തില്‍ ബിംബത്തെ പീഠത്തിനു മുകളില്‍ വച്ച്‌ പ്രകൃതി പുരുഷ സംയോഗ പ്രതീകമായി പ്രതിഷ്ഠിക്കുന്നു . പൂജിച്ചു വച്ചിരിക്കുന്ന കലശത്തിലെ തന്ത്രിയുടെ ചൈതന്യത്തെ കലശാഭിഷേകത്തിലൂടെ ബിംബത്തില്‍ സംക്രമിപ്പിക്കുന്നു . ഈ പ്രക്രിയ ഒരു ദീക്ഷ പ്രക്രിയയായി കാണാം . പ്രാസാദ പുരുഷന് തന്ത്രിയെന്ന ആചാര്യന്‍ ദീക്ഷ കൊടുക്കുന്നതായി . ഗുരുനാഥനായ തന്ത്രി ശിഷ്യനുള്ള സാധനക്രമങ്ങള്‍ നിശ്‌ചയിക്കുന്നു . ക്ഷേത്ര മര്യാദകള്‍ ക്ഷേത്ര പുരുഷന്‍ ഗുരുവായ തന്ത്രിക്കു നല്കുന്ന വാഗ്ദാനങ്ങളാണ് . അവ പാലിക്കേണ്ടത് കര്‍ത്തവ്യവും . ഇല്ലെങ്കില്‍ ചൈതന്യ ലോപം സുനിശ്ചിതവും . ഇത്രയേറെ സങ്കീര്‍ണമായ അനുഷ്ഠാനങ്ങളും യാതനകളും , ധര്മ തന്ത്ര ശാസ്ത്ര ക്രിയകളും ആണ് ഒരു ക്ഷേത്രത്തെ രൂപപ്പെടുത്തുന്നത് . ഇതെല്ലാം പാലിച്ചു പ്രാണപ്രതിഷ്ഠ നടത്തുന്ന അതാത്‌ ക്ഷേത്രത്തിലെ തന്ത്രിമാര്‍ക്കല്ലാതെ വേറെ ആര്‍ക്കാണ് ദേവന്റെ , ക്ഷേത്രത്തിന്റെ കാര്യത്തില്‍ പരമാധികാരം.

No comments: