Friday, January 02, 2026

പദ്യവും വൃത്തവും വാക്യഗതിയെ നമുക്കു പദ്യമെന്നും ഗദ്യമെന്നും രണ്ടായി തരംതിരിക്കാം.താളബദ്ധമായ ഭാഷ പദ്യം.നിയതമായ താളക്രമമില്ലാത്തവ ഗദ്യം.വൃത്തബദ്ധമോസംഗീതാത്മകമോ ആയ ഭാഷയ്ക്കു നിയതമായ ഒരു താളമുണ്ടാവും.ക്രമമായ ആരോഹണ അവരോഹണത്തോടെ അതു തുടങ്ങിയിടത്തു തന്നെ വന്നു നില്‍ക്കുകയും ചെയ്യുന്നു.പിന്നേയും തുടരുന്നു.അതായതു ഒരു ചക്രം വ്യവസ്ഥിത സംഖ്യയിലും വേഗക്രമത്തിലും ഒരു വട്ടംപൂര്‍ത്തിയാക്കുന്ന അതേപ്രക്രിയ തന്നെയാണു പദ്യത്തില്‍ വൃത്തവും ചെയ്യുന്നത്‌.ചക്രത്തിന്റെ ആകൃതി വട്ടമാണ്‌,വൃത്തമാണ്‌.കാലനിറ്ണ്ണയത്തിനും ഈ ആകൃതിയാണു.അതു കൊണ്ടാണ്‌ നമ്മള്‍ കാലചക്രം, രാശിചക്രം,ആഴ്ചവട്ടം, വ്യാഴവട്ടം എന്നൊക്കെ പറയുന്നത്‌. ചക്രത്തിന്റെയാകൃതി വട്ടം,പദ്യത്തിലത്‌ വൃത്തം.വൃത്തം പദ്യത്തിനു താളാത്മകത കൊടുക്കുന്നു.പദ്യത്തിനു ഈ താളക്രമമുള്ളതിനാല്‍ അത്‌ ശ്രവണസുന്ദരമാവുന്നു.രസനിബദ്ധമാവുന്നു. ഇങ്ങനെ സുന്ദരമായി പദ്യം നിര്‍മ്മിക്കുന്നതിന്‌ നാം ഉപയോഗിക്കുന്ന തോതാണ്‌ വൃത്തം.നിശ്ചിതമായ തോതി ലുള്ള പദവിന്യാസത്തില്‍ ‍വരുന്നതിനാല്‍ നാം അതിനേ പദ്യം എന്നും പറയുന്നു.പദവിന്യാസത്തിലുള്ള താളവും ഔചിത്യവും വഴി പദ്യം നമ്മളില്‍ കൗതുകം,ആനന്ദം,വിസ്മയം എന്നിവ ജനിപ്പിക്കുകയും ചെയ്യുന്നു. 2)ഛന്ദസ്സ്‌, പാദം, പദ്യം നമുക്ക്‌ മുന്നോട്ടു നീങ്ങാന്‍ പാദം ഉപയോഗപ്രദമാവുന്നതുപോലെ പദ്യവും പുരോഗമിക്കുന്നത്‌ പാദങ്ങളിലൂടെയാണ്‌. നിശ്ചിത എണ്ണം അക്ഷരങ്ങളിലൂടെ പദ്യത്തിന്റെ ഒരു പാദം (ഒരു വരി) പൂര്‍ത്തിയാവുന്നു. ഒരു പാദത്തില്‍ വേണ്ടുന്ന നിശ്ചിത എണ്ണം അക്ഷരങ്ങളുടെ കൂട്ടത്തേയാണു ഛന്ദസ്സ്‌ എന്നു പറയുന്നത്‌. ഛന്ദസ്സിലെ അക്ഷരങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 26 ഛന്ദസ്സുകളില്‍ പാദങ്ങളുണ്ടാവാം. ഒരേതരത്തിലുള്ള നാലു പാദങ്ങള്‍ ചേര്‍ന്നാണു പദ്യം (ചതുഷ്പദി,ശ്ലോകം) ഉണ്ടാവുന്നത്‌. അതായത്‌ ഛന്ദസ്സിന്റെ അടിസ്ഥാനത്തില്‍ പാദവും നാലു പാദങ്ങള്‍ ചേര്‍ന്ന്‌ പദ്യവും ഉണ്ടാവുന്നു. പാദത്തില്‍ 26 അക്ഷരങ്ങളില്‍ കൂടുതലുള്ളവയേ പദ്യം എന്നതിനു‌ പകരം ദണ്ഡകം എന്നു പറയുന്നു. ഒരു ശ്ലോകത്തില്‍ തന്നെ അന്വയപൂര്‍ത്തിയും ആശയപൂര്‍ത്തിയുംവരുകയാണെങ്കിലതിനേ മുക്തകം എന്നും പറയുന്നു. ഒരു ശ്ലോകത്തിലെ വാക്കുകളെ യുക്തമായ വിധത്തില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയയേയാണു അന്വയം എന്നു പറയുന്നത്‌. വ്യത്യസ്തങ്ങളായ അന്വയങ്ങളിലൂടെ, ആലാപനങ്ങളിലൂടെ ഒരു ശ്ലോകത്തിന്‌ ചമല്‍ക്കാരപൂര്‍ണ്ണമായ വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങളുമുണ്ടാവാറുണ്ട്‌. 3)മാത്ര,ലഘു,ഗുരു. വൃത്തശാസ്ത്രത്തില്‍ ‍സ്വരങ്ങളേയും സ്വരങ്ങള്‍ ചേര്‍ന്ന വ്യഞ്ജനങ്ങളേയും മാത്രമേ അക്ഷരങ്ങളായി കണക്കാക്കാറുള്ളു “ക്ഷ” എന്നത് “ക് + ഷ് + അ” എന്നായതിനാല്‍ “അ” എന്ന സ്വരം ചേര്‍ന്നതുകൊണ്ടു “ക്ഷ” അക്ഷരമായി വരുന്നു. എന്നാല്‍ ചില്ലുകള്‍ (ര്‍ ,ണ്‍ , ല്‍ ,ന്‍ ,ള്‍ ) അക്ഷരങ്ങളായി കണക്കാക്കപ്പെടുന്നില്ല. ഓരോ അക്ഷരവും ഉച്ചരിക്കാന്‍ വേണ്ടി വരുന്ന ശ്വാസധാരയുടെ ഏറ്റവും ചെറിയ അളവിനേയാണ് മാത്ര എന്നു പറയുന്നത്. അക്ഷരങ്ങളേ മാത്രയുടെ അടിസ്ഥാനത്തില്‍ ലഘുവെന്നും ഗുരുവെന്നും തിരിക്കുന്നു. ഒരു മാത്രയില്‍ ഹ്രസ്വമായി ഉച്ചരിക്കുന്നവയേ ലഘുവെന്നും രണ്ടു മാത്രയില്‍ ദീര്‍ഘമായി ഉച്ചരിക്കുന്നവയെ ഗുരുവെന്നും പറയാം. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ ലഘുവിനേയും ഗുരുവായി കണക്കാക്കേണ്ടി വരും. തീവ്രതയോടുകൂടി ഉച്ചരിക്കുന്ന ചില്ലുകളും കൂട്ടക്ഷരങ്ങളും,അനുസ്വാരം,വിസര്‍ഗ്ഗം എന്നിവയോ പുറകില്‍ വന്നാല്‍ മുമ്പിലുള്ള ലഘു ഗുരുവായി മാറും. ഉദാ: ആമ്പല്‍ മലരില്‍ ……… “മ്പ” ലഘു (ല്‍ തീവ്രമായി ഉച്ചരിക്കപ്പെടുന്നില്ല) ആമ്പല്‍പ്പൂവില്‍ ………… “മ്പ” ഗുരു ഭാര്യ പ്രസവിച്ചു………….. “ര്യ” ലഘു സിംഹപ്രസവം ………… “ഹ”ഗുരു മരം……………………… “ര” ഗുരു (അനുസ്വാരം പുറകില്‍ വന്നതിനാല്‍ ) ദു:ഖം………………………”ദു” ഗുരു (വിസര്‍ഗ്ഗം പുറകില്‍ വന്നതിനാല്‍ ) പദ്യത്തിന്റേ പദങ്ങളുടെ അവസാനംവരുന്ന ലഘുവിനെ ലഘുവായോ ഗുരുവായോ യുക്തംപോലെ കണക്കാക്കാം (എന്നാല്‍ സമപാദത്തില്‍ ഈ നിയമം അസുന്ദരമായി കണക്കാക്കുന്നു). ഗണം തിരിക്കുമ്പോള്‍ ലഘു/ഗുരുവെന്നു കാണിക്കാന്‍ ലഘുവിന് അക്ഷരത്തിനു മുകളില്‍ “്”(ചന്ദ്രക്കല) യിട്ടും ഗുരുവിന് “-“(നേര്‍ വര)യിട്ടും സൂചിപ്പിക്കുന്നു. തീവ്രതയോടുകൂടി ഉച്ചരിക്കുന്ന ചില്ലുകളും, കൂട്ടക്ഷരങ്ങളും,അനുസ്വാരം,വിസര്‍ഗ്ഗം എന്നിവയോ പുറകില്‍ വന്നാല്‍ മുമ്പിലുള്ള ലഘു ഗുരുവായി മാറും. എന്നിവയോ പുറകില്‍ വന്നാല്‍ മുമ്പിലുള്ള ലഘു ഗുരുവായി മാറും. കണ്‍ഫ്യൂഷന്‍ ഉണ്ടാകാതിരിക്കാന്‍ വ്യാകരണപ്പിശകുമാറ്റി ഇതുപോലെ ഒന്നു തിരുത്തിയെഴുതാം. തീവ്രതയോടുകൂടി ഉച്ചരിയ്ക്കുന്ന ചില്ലോ,തീവ്രതയോടുകൂടി ഉച്ചരിക്കുന്നകൂട്ടക്ഷരമോ, അനുസ്വാരമോ, വിസര്‍ഗ്ഗമോ പുറകില്‍ വന്നാല്‍ തൊട്ടുമുമ്പിലുള്ള ലഘു ഗുരുവായി മാറും. 4)ഗണം ഒരു പദ്യത്തിന്റെ പാദത്തിലെ തുടര്ച്ചയായ മൂന്നു അക്ഷരങ്ങള്‍ ചേരുന്നതാണു ഒരു ഗണം.ലഘുവിന് ഒരു മാത്രയും ഗുരുവിന് രണ്ടു മാത്രയും വരുന്നതിനാല്‍ 1,2 എന്നീ അക്കങ്ങള്‍ 3 പ്രാവശ്യമെഴുതുമ്പോള്‍ 8 തരത്തില്‍ വിന്യസിക്കാം. 122…….ആദിലഘു………..യഗണം……… …വിമാനം 212…….മദ്ധ്യലഘു………..രഗണം………….മാധവം 221…….അന്ത്യലഘു……….തഗണം…………പൂങ്കോഴി 211…….ആദിഗുരു………..ഭഗണം…………..കാലടി 121…….മദ്ധ്യഗുരു…………ജഗണം………….പതാക 112…….അന്ത്യഗുരു………..സഗണം…………കരുതാം 222…….സര്‍‌വഗുരു………..മഗണം………….രാരീരം 111…….സര്‍‌വലഘു……….നഗണം………….പലക ഈ 8 ഗണങ്ങള്‍ വിവിധ തരത്തില്‍ പാദങ്ങളില്‍ വിന്യസിക്കുമ്പൊള്‍ പാദങ്ങള്‍ക്കു ഒരു താളവും ക്രമവും ലഭിക്കുന്നു, വിവിധ വൃത്തങ്ങള്‍ രൂപം കൊള്ളുന്നു “ആദിമദ്ധ്യാന്തവര്‍ണ്ണങ്ങള്‍ ലഘുക്കള്‍ യ ര ത ങ്ങളില്‍ ‍, ഗുരുക്കള്‍ ഭ ജ സ ങ്ങള്‍ക്ക് ; മ ന ങ്ങള്‍ ഗ ല മാത്രമാം.“ എന്നുപഠിച്ചാല്‍ ആദിലഘു യഗണം , മദ്ധ്യലഘു രഗണം, അന്ത്യ ലഘു തഗണം; ആദിഗുരു ഭഗണം, മദ്ധ്യഗുരു ജഗണം, അന്ത്യ ഗുരു സഗണം; സര്‍വഗുരു മഗണം,സര്‍വലഘു നഗണം. എന്നതു് എളുപ്പം ഓര്‍ക്കാം. 5)ശ്ലോകം,സമപാദം,വിഷമപാദം. നിശ്ചിതഛന്ദസ്സിലുള്ള നാലു പാദങ്ങള്‍ ‍(വരികള്‍ ) ചേര്‍ന്നാണ് ഒരു പദ്യം അല്ലെങ്കില്‍ ശ്ലോകം ഉണ്ടാവുന്നത് ഇതില്‍ ആദ്യത്തെ രണ്ടു പാദങ്ങള്‍ ചേറ്ന്നത് പൂര്‍‌വാര്‍ദ്ധവും മൂന്നും നാലും വരികള്‍ ചേര്‍ന്നതു് ഉത്തരാര്‍ദ്ധവും ആകുന്നു. രണ്ടര്‍ദ്ധങ്ങള്‍ ‍,(അതായത് രണ്ടും മൂന്നും പാദങ്ങള്‍ തമ്മില്‍ ‍) സന്ധി,സമാസങ്ങള്‍കൊണ്ട് ബന്ധിപ്പിക്കരുത്.എന്നാല്‍ അതാത് അര്‍ദ്ധങ്ങളിലെ പാദങ്ങള്‍ തമ്മില്‍ സന്ധി സമാസങ്ങളാവാം. ഒരു ശ്ലൊകത്തിന്റെ ഒന്നും മൂന്നും പാദങ്ങളെ വിഷമ (ഒറ്റ,അസമ,അയുഗ്മ )പാദങ്ങള്‍ എന്നും രണ്ടും നാലും പാദങ്ങളെ സമ (ഇരട്ട,യുഗ്മ) പാദങ്ങളെന്നും പറയുന്നു. ഒരു വരിയില്‍ അക്ഷരസംഖ്യ കൂടുമ്പോള്‍ ഇടക്കൊരു നിറുത്ത് ആവശ്യമായി വരും. ഒരോവരിയും അവസാനിക്കുമ്പോഴും ഈ നിറുത്ത് അല്ലെന്കില്‍ വിരാമം ഉണ്ടാവണം. വിരാമത്തിനാണ് “യതി” എന്നു പറയുന്നത്.കൈകാലുകളിലെ മുട്ടുകളിലെ ഒടിവുപോലെയാണ് പദ്യപാദങ്ങളിലെ യതിയെ കണക്കാക്കാവുന്നത് വിഷമപാദങ്ങള്‍ അവസാനിക്കുന്നിടത്ത് യതി നിറ്ബന്ധമില്ല. യതി വരേണ്ടിടത്ത് മുന്പും പിന്പും വരുന്ന അക്ഷരങ്ങള്‍ ചേര്‍ന്ന് ഒറ്റപ്പദമായി വരാന്‍ പാടില്ല. അങ്ങിനെ വന്നാല്‍ അതിനേ “യതിഭംഗം“ എന്ന ദോഷമായി കണക്കാക്കുന്നു. 6)വര്‍ണ്ണവൃത്തം,മാത്രാവൃത്തം ഒരു പാദത്തില്‍ ഇത്ര വര്‍ണ്ണങ്ങള്‍ (അക്ഷരങ്ങള്‍ ‍) വേണമെന്നു നിബന്ധനയുള്ളവയേയാണ് വര്‍ണ്ണവൃത്തമെന്നു പറയുന്നത്‌.ഇത്ര മാത്രയാണു വേണ്ടതെന്നു നിബന്ധനയുള്ളവയേ മാത്രാവൃത്തമെന്നും പറയുന്നു. വര്‍ണ്ണപ്രധാനമാം വൃത്തം വര്‍ണ്ണവൃത്തമതായിടും മാത്രാപ്രധാനമാം വൃത്തം മാത്രാവൃത്തമതായിടും വര്‍ണ്ണവൃത്തത്തിന് മൂന്നു അക്ഷരമെടുത്ത്‌ ഗണനിര്‍ണ്ണയം നടത്തുന്നു.എന്നാല്‍ മാത്രാവൃത്തത്തിന് നാലു മാത്ര കൂടുന്നത്‌ ഒരു ഗണമാവുന്നു.നാലു മാത്രകളെന്നത്‌ അഞ്ചു തരത്തില്‍ വരും. ആദിഗുരു….ഭഗണം……..കാലടി മദ്ധ്യഗുരു…..ജഗണം…..ജയിയ്ക്ക അന്ത്യഗുരു….സഗണം….കളഭം സര്‍വ്വഗുരു……………….കാലം സര്‍വ്വലഘു…………….മുരഹരി വര്‍ണ്ണവൃത്തങ്ങള്‍ക്ക്‌ ലക്ഷണം പറയുന്ന ലക്ഷണവാക്യവും ആ വൃത്തത്തില്‍ തന്നെയായിരിക്കും. ഉദാ:ഭുജംഗപ്രയാതം ലക്ഷണം:യകാരങ്ങള്‍നാലോ ഭുജംഗപ്രയാതം ഭുജംഗപ്രയാതം വൃത്തതിന്റെ ഓരോ പാദവും നാലു യഗണങ്ങള്‍ (ആദി ലഘു) കൊണ്ടാണു രചിക്കുന്നതു്. വൃത്തലക്ഷണം പറയുന്ന വരികളെടുത്തു ഗണം തിരിച്ചുനോക്കിയാല്‍ താഴെക്കൊടുത്തിരിക്കുന്ന വിധത്തില്‍ വരുന്നതു കാണാം ..യ…….യ……യ…….യ ് ‌- -/ ് – – / ് – – / ് – – യകാര/ ങ്ങള്‍നാലോ/ ഭുജംഗ/ പ്രയാതം 7) പദ്യരചന വൃത്തലക്ഷണം ശരിയായ ആരോഹണ അവരോഹണത്തില്‍ പാടി പഠിച്ചാല്‍ അതേ താളത്തില്‍ അര്‍ത്ഥമുള്ള വാക്കുകള്‍ നിരത്തി പദ്യരചന എളുപ്പമാക്കാം.ഭുജംഗപ്രയാതം വൃത്തത്തിന്റെ ലക്ഷണം മൂന്നക്ഷരം വെച്ച് പാടിനോക്കുക.താളം മനസ്സിലാക്കുക.എന്നിട്ടു ആ താളം എപ്പോഴെങ്കിലും കേള്‍വിയില്‍ വന്നിട്ടുണ്ടോയെന്നു നോക്കുക. “ഹരേരാമരാമാ ഹരേരാമരാമാ” ഇനി ആ താളം (തധിംധിം തധിംധിം തധിംധിം തധിംധിം) മനസ്സിലുണ്ടെങ്കില്‍ വാക്കുകളുടെ ഒരു ശേഖരം വായനകളിലൂടെ നിങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ടെങ്കില്‍ മനസ്സിലുള്ള ആശയത്തിനനുസരിച്ച്‌ നല്ല നല്ല ശ്ലോകങ്ങള്‍ ‍എഴുതാന്‍ സാധിക്കും. ഈ വൃത്തത്തിലുള്ള രണ്ടു ശ്ലോകങ്ങള്‍ വായിച്ചു നോക്കൂ കലക്കത്തുവീട്ടില്‍ പിറന്നിട്ടു, കാവ്യ- ത്തലപ്പത്തുനില്‍പ്പൂ മഹാനായകുഞ്ചന്‍ ‍! ഫലിപ്പിച്ചു തുള്ളല്‍ക്കലയ്ക്കുള്ള മൂല്യം വിലപ്പെട്ടതാക്കാന്‍ പഠിപ്പിച്ചു നമ്മേ (ദേവദാസ്) ഇതൊരു സമസ്യാപൂരണമാണ് സദാ കൃഷ്ണനാമം ജപിക്കുന്ന ജിഹ്വം? സദാ വന്ദ്യയാര്‍ക്കാണു മാതാവു ഭൂവില്‍ ? പ്രദീപം ജ്വലിച്ചാല്‍ ഫലം?ചൊല്ലിതെല്ലാം കുചേലന്റെ മക്കള്‍ക്കു വെട്ടംലഭിക്കും. (സ്വന്തം) ഇപ്പോള്‍ താളവും വൃത്തവും ആ വൃത്തത്തിലുള്ള രണ്ടു ശ്ലോകങ്ങളും കിട്ടിയല്ലോ. ഇനി നമുക്കോരോരുത്തര്‍ക്കായി ഒന്നു ശ്രമിച്ചാലോ. https://vrutham.wordpress.com/2013/03/20/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/

No comments: