Saturday, December 27, 2025

ഭോഗേ രോഗഭയം കുലേ ച്യുതിഭയം വിത്തേ നൃപാലാദ്ഭയം മാനേ ദൈന്യഭയം ബലേ രിപുഭയം രൂപേ ജരായാ ഭയം ശാസ്ത്രേ വാദിഭയം ഗുണേ ഖലഭയം കായേ കൃതാന്താദ് ഭയം സര്‍വ്വം വസ്തു ഭയാന്വിതം ഭുവി നൃണാം വൈരാഗ്യം ഏവാഭയം 31 ഭൂമിയില്‍ മനുഷ്യര്‍ക്കു ഭോഗത്തില്‍ രോഗഭയം, കുലത്തില്‍ ച്യുതിഭയം (പതനം സംഭവിക്കുമോ എന്നുള്ള ഭയം), സമ്പത്തില്‍ രാജാവിനാലുള്ള ഭയം, മാനത്തില്‍ (അഭിമാനത്തില്‍) ദൈന്യഭയം (മറ്റൊരുവന്റെ മുമ്പില്‍ ചെറുതായിപ്പോകുമോ എന്നുള്ള ഭയം), ബലത്തില്‍ ശത്രുഭയം, സൗന്ദര്യത്തില്‍ ജരയില്‍നിന്നുള്ള ഭയം, ശാസ്ത്രത്തില്‍ വാദിക്കുന്നവനില്‍നിന്നുള്ള ഭയം, ഗുണത്തില്‍ (ശ്രേഷ്ഠമായ അവസ്ഥയില്‍) ദുര്‍ജ്ജനങ്ങളില്‍ നിന്നുള്ള ഭയം, ശരീരത്തില്‍ കാലനില്‍നിന്നുള്ള ഭയം എന്നിങ്ങനെ എല്ലാ വസ്തുക്കളും ഭയാന്വിതമായിട്ടുതന്നെയിരിക്കുന്നു. പിന്നെ ഭയമില്ലാത്തതായി പ്രപഞ്ചത്തില്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അതു വൈരാഗ്യം (യാതൊന്നിലും ആഗ്രഹമില്ലാത്തതായ അവസ്ഥ) മാത്രമാണ്. അതിനാല്‍ വൈരാഗ്യത്തില്‍ സ്ഥിതിചെയ്യുന്നപക്ഷം യാതൊന്നിനേയും ഭയപ്പെടേണ്ടതില്ലെന്നു സാരം. “യതി-നൃപതി സംവാദം” എന്ന അദ്ധ്യായത്തില്‍ പൂര്‍ണ്ണമായി വൈരാഗ്യം സിദ്ധിച്ച ഒരു യോഗി അനുഭവിക്കുന്ന പരിപൂര്‍ണ്ണ സ്വാതന്ത്ര്യം വര്‍ണ്ണിച്ചിരിക്കുന്നതിപ്രകാരമാണ്- ( ഭർത്തൃഹരി )

No comments: