BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, December 26, 2025
ശ്രീകൃഷ്ണ കഥകൾ - കിട്ടയുടെ ഇളനീർ
എത്ര കേട്ടാലും മതിവരാത്തവയാണ് ഗുരുവായൂരപ്പന് തന്റെ ഭക്തരോടുള്ള കാരുണ്യത്തിന്റെ കഥകൾ..
അത്തരത്തിലുള്ള ഒരു സംഭവം ഉണ്ണികൃഷ്ണൻ പുതൂർ " ഗുരുവായൂരപ്പന്റെ കുന്നിക്കുരു മാല" എന്ന പുസ്തകത്തിൽ എഴുതിയത്
കിട്ടയുടെ ഇളനീർ
ഗുരുവായൂർ പുന്നത്തൂർ തമ്പുരാന്റെ കുടികിടപ്പുകാരനായിരുന്നു കിട്ട. അധ: കൃത വിഭാഗത്തിൽ പ്പെട്ട ഒരു പാവപ്പെട്ടവൻ . ഭാര്യയും 7 മക്കളും അടങ്ങുന്ന നിർധന കുടുംബം. 3 സെന്റ് സ്ഥലത്ത് ഒരു ചെറ്റ പുരയും കായ്ച്ച് തുടങ്ങിയ ഒരു തെങ്ങും മാത്രമാണ്.. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്നതിനിടയിൽ അയാൾ മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യം തന്റെ ചെറ്റ കുടിലിനുള്ളിൽ ഉള്ള ഗുരുവായൂരപ്പന്റെ ചിത്രത്തിനു മുമ്പിൽ വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക എന്നതാണ്.ഗുരുവായൂർ അമ്പലത്തിൽ കയറി തൊഴുവാനും ആ തിരുനടയിൽ ഇരുന്ന് ഭഗവാന്റെ ഒരു വറ്റ് ആഹാരം കഴിക്കാനും ആൾക്ക് ആഗ്രഹമുണ്ടെങ്കിലും അധകൃതനായ അയാൾക്കത് സാധിക്കുകയില്ലായിരുന്നു..
അങ്ങനെ ഇരിക്കെ ആ വർഷത്തെ ഉത്സവമായി.. കിട്ടയും കുടുംബവും മഞ്ജുളാലിനു പിറകിൽ വന്ന് നിന്ന് ആനയോട്ടം കണ്ട് മടങ്ങി,, ക്ഷേത്രത്തിൽ കെങ്കേമമായി ഉത്സവം നടക്കുന്നു. എട്ടാം ദിവസത്തെ ഉത്സവബലി ദിവസം കാക്കക്കും പൂച്ചക്കും വരെ ഭക്ഷണമുണ്ട്. പക്ഷെ കിട്ടയ്ക്ക് അതും ലഭ്യമല്ല. ഒൻപതാം ദിവസം ഭഗവാൻ ഗുരുവായൂരപ്പൻ ദേശ സന്ദർശനത്തിന് ബ്രഹ്മസ്വം മഠം വരെ വന്നു പോയി . പള്ളിവേട്ട കഴിഞ്ഞ് പിടിയാന പുറത്ത് ക്ഷേത്രഗോപുരം കടന്ന് അകത്ത് കയറിയ ഭഗവാൻ ശ്രീലകം വിട്ട് നമസ്കാര മണ്ഡപത്തറയിൽ പട്ട് വിരിച്ച് കിടപ്പായി. നമ്മുടെ കഥാപാത്രമായ കിട്ടയും മക്കളും അന്ന് അത്താഴപ്പട്ടിണി കിടക്കുകയാണ്..
നേരം പാതിരാവായി.. ക്ഷേത്രം അതീവ നിശബ്ദതയിൽ മുഴുകി നിൽക്കുന്നു നാഴിക മണിയുടെ നാവ് വരെ തുണികൊണ്ട് പൊതിഞ്ഞു വച്ചിരിക്കുന്നു.. കാറ്റടിച്ചാൽ പോലും മണിയടി ശബ്ദം കേൾക്കരുതല്ലോ.. ക്ഷേത്രം നമസ്കാര മണ്ഡപത്തിൽ കിടന്നുറങ്ങിയ ഭഗവാൻ പതിയെ കൺ തുറന്നു ചുറ്റും നോക്കി. ആരെയും കാണുന്നില്ല. മെല്ലെ പുറത്തേക്ക് ഇറങ്ങി.. മണ്ഡപത്തിന്റെ തൂണിൽ തന്നെ പള്ളിയുണർത്താൻ ഉറക്കം കളഞ്ഞ് നിൽക്കുന്ന നന്ദിനി പശുവും കിടാവും. നന്ദിനിയെ നോക്കി കടാക്ഷിച്ച് ഭഗവാൻ പതിയെ ഒരു ബ്രാഹമ്ണ വേഷത്തിൽ ദേഹണ്ഡപുരയിലേക്ക് കയറിപ്പോയി. ഒരു വലിയ കുട്ട നിറയെ ചോറും കറികളും പഴവും ഉപ്പേരിയും പായസവും ഉൾപ്പടെയുള്ള വിഭവങ്ങൾ നിറച്ചെടുത്ത് തലച്ചുമടായി കിട്ടയുടെ വീടു നോക്കി ഏന്തി വലിഞ്ഞു നടന്നു . ഒരു വിധത്തിൽ അവിടെ എത്തി. കുടിലിനു വെളിയിലെത്തി കിട്ടയെ വിളിച്ചു. കിട്ട ആരാണ് എന്നു ചോദിച്ചപ്പോൾ ആ ബ്രാഹ്മണൻ പറഞ്ഞു ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡ ക്കാരൻ പറഞ്ഞു വിട്ടിട്ടു വരികയാണ് നിങ്ങൾക്ക് തരാൻ ഉള്ള ഭക്ഷണമാണ്. വാതിൽ തുറന്ന് ഭക്ഷണം വാങ്ങി കഴിക്കൂ എന്നറിയിച്ചു.കിട്ട വെളിയിൽ ഇറങ്ങി വന്ന് താണ് തൊഴുത് ഭക്ഷണ പാത്രം വാങ്ങി .. ചൂടുള്ള ചോറും കറികളും.. മക്കളെയും വിളിച്ചുണർത്തി നിറകണ്ണുകളോടെ ആർത്തിയോടെ അമൃതു കഴിക്കുന്ന പോലെ ആ അന്നം കഴിച്ചു.. കണ്ടു നിന്ന കാരുണ്യവാരിധിയായ ഭഗവാെന്റെ കണ്ണുകളും നിറഞ്ഞു കാണും തീർച്ച, വിശപ്പിന്റെ വില അറിയാത്ത ആളല്ലല്ലോ ഭഗവാനും.. പണ്ട് കുചേലനോട് അവിൽ വാങ്ങി കഴിച്ചതും പാഞ്ചാലിയുടെ അക്ഷയപാത്രത്തിലെ ചീരയുടെ സ്വാദും ഭഗവാൻ ഓർത്തു കാണും.. ഭക്ഷണം കഴിച്ച കിട്ടയോട് ആ ബ്രാഹ്മണൻ പറഞ്ഞു തനിക്ക് കുടിക്കാൻ ഇളനീർ കിട്ടിയാൽ കൊള്ളാമെന്ന്. കിട്ട തന്റെ തെങ്ങിലെ ഇളനീർ മുഴുവൻ വെട്ടിയിട്ടു.1 ഇളനീർ മാത്രം കുടിച്ചിട്ട് ആ അപരിചിതനായ ബ്രാഹ്മണൻ പറഞ്ഞു കിട്ടേ ഈ ബാക്കി വന്നിരിക്കുന്ന ഇളനീർ നാളെ ആറാട്ട് സമയത്ത് ക്ഷേത്രത്തിൽ എത്തിക്കണം .അതിനു ശേഷമേ ഇളനീരാട്ടം നടക്കൂ എന്നും അറിയിച്ച് മടങ്ങിപ്പോയി.
പിറ്റേ ദിവസം ആറാട്ട് സമയത്ത് കിട്ട തന്റെ ഇളനീർ കൂട്ടവുമായി തിയ്യരുടെ ക്ഷേത്രത്തിനടുത്തെത്തി ക്ഷേത്രം അധികൃതർക്ക് കൈമാറി.. ആ ഇളനീർ വച്ചാണ് ഭഗവതിക്ക് ഇളനീരാട്ടം നടത്തിയത്.. അതിൽ പിന്നെ ക്ഷേത്രം ആറാട്ടിന് മുൻപ് കിട്ടയുടെ ഇളനീർ എത്തിയോ എന്ന് തന്ത്രി വിളിച്ചു ചോദിച്ചിരുന്നത്രേ..
ഇപ്പോൾ മറ്റു പല ചടങ്ങുകളും നിന്നു പോയ കൂട്ടത്തിൽ ഈ ചടങ്ങും നിന്നു പോയി.. ഭഗവാൻ ഊട്ടിയ കിട്ടയുടെ കുടുംബം അഭിവൃദ്ധി പ്രാപിച്ച് നല്ല നിലയിൽ എത്തിയെന്ന് പഴമക്കാർ പറയുന്നു
പുതൂർ ഉണ്ണികൃഷ്ണന്റെ ഗുരുവായൂരപ്പന്റെ കുന്നിക്കുരു മാല എന്ന പുസ്തകത്തിൽ നിന്നും
Subscribe to:
Post Comments (Atom)
No comments:
Post a Comment