BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, December 20, 2025
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സമാധിയിരിക്കുന്ന സിദ്ധയോഗിയായ ശ്രീ അഗസ്ത്യമഹർഷി
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സമാധിയിരിക്കുന്ന സിദ്ധയോഗിയായ ശ്രീ അഗസ്ത്യമഹർഷിയാണ് ക്ഷേത്രത്തിലെ പൂജാവട്ടങ്ങൾ ചിട്ടപ്പെടുത്തിയതെന്നും ഉപദേവതാപ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നുണ്ട്. അഗസ്ത്യരുടെ സമാധി ശ്രീ ഹനുമാൻ പ്രതിഷ്ഠയ്ക്കു നേരെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നതെന്നും ഒരു വായ്മൊഴിയുണ്ട്.
പുരാവൃത്ത പ്രസിദ്ധനായ ഒരു ഋഷിയാണ് അഗസ്ത്യൻ. അഗസ്ത്യന്റെ ഉദ്ഭവത്തെപ്പറ്റി പല പൗരാണികകഥകളും പ്രചാരത്തിലിരിക്കുന്നു. ഉർവശി എന്ന അപ്സരസിന്റെ സൗന്ദര്യം കണ്ടു മോഹിതരായിത്തീർന്ന മിത്രനും വരുണനും ധാതുസ്ഖലനം ഉണ്ടായി എന്നും ആ ധാതു ഒരു കുടത്തിൽ നിക്ഷേപിച്ചുവെന്നും അതിൽനിന്ന് പിന്നീട് അഗസ്ത്യൻ പിറന്നു എന്നുമാണ് കഥ.
ഈ കഥയുടെ പരാമർശം ഋഗ്വേദത്തിലുണ്ട് (ഋഗ്വേദം 7/33/13).
കുംഭത്തിൽ നിന്നും ഉദ്ഭവിച്ചവനാകയാൽ കുംഭജൻ, കുംഭസംഭവൻ, ഘടോദ്ഭവൻ എന്നീ പേരുകളിലും അഗസ്ത്യൻ അറിയപ്പെടുന്നു. മാതാപിതാക്കളുടെ നാമങ്ങളുമായി ബന്ധപ്പെടുത്തി മൈത്രാ വരുണി, ഔർവശീയൻ എന്നീ പേരുകളും അഗസ്ത്യന് ലഭിച്ചിട്ടുണ്ട്. പർവ്വതം, കുടം എന്നീ അർത്ഥങ്ങളുള്ള 'അഗം' എന്ന പദത്തിൽ അഗസ്ത്യൻ എന്ന പേര് കണ്ടെത്തുന്നവരും ദുർലഭമല്ല. അഗത്തെ സ്തംഭിപ്പിച്ചവൻ, അഗ(കുട)ത്തിൽനിന്ന് സ്ത്യായനം ചെയ്യ (കൂട്ടിച്ചേർക്ക)പ്പെട്ടവൻ എന്നെല്ലാമാണ് ഈ വ്യാഖ്യാനത്തിന്റെ നിദാനം. സുമേരുപർവതത്തെ പ്രദക്ഷിണം ചെയ്യാൻ എല്ലാവർക്കും കഴിയുമെങ്കിലും തന്നെ മറികടക്കുവാൻ ലോകത്താർക്കും സാധ്യമല്ല എന്ന് അഹങ്കരിച്ച വിന്ധ്യപർവതത്തിന്റെ ഗർവു തകർത്തവൻ എന്ന നിലയിലാണ് 'പർവതത്തെ സ്തംഭിപ്പിച്ചവൻ' എന്ന അർത്ഥത്തിൽ അഗസ്ത്യൻ എന്ന പേർ ഇദ്ദേഹത്തിന് ലഭിച്ചത്.
ദേവാസുര യുദ്ധവേളയിൽ തന്റെ ഉൾഭാഗത്ത് ഒളിച്ചിരിക്കുവാൻ അസുരൻമാർക്ക് സൗകര്യം നല്കിയ സമുദ്രത്തോട് കുപിതനായിത്തീർന്ന അഗസ്ത്യൻ സാഗരജലം മുഴുവൻ കൈക്കുള്ളിലൊതുക്കി കുടിച്ചുകളഞ്ഞു എന്ന് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. നഹുഷനെ തന്റെ ശാപംമൂലം പെരുമ്പാമ്പാക്കിയതും വാതാപി എന്നു പേരുളള രാക്ഷസനെ ഭക്ഷിച്ചതും വാതാപിയുടെ സഹോദരനായ ഇല്വലനെ നേത്രാഗ്നിയിൽ ഭസ്മീകരിച്ചതും, ക്രൗഞ്ചനെ പർവതമാക്കി മാറ്റിയതും ഇന്ദ്രദ്യുമ്നനെ ശപിച്ച് ആനയാക്കിയതും അഗസ്ത്യന്റെ അത്ഭുതസിദ്ധികൾക്ക് ഉദാഹരണങ്ങളാണ്. രാവണനുമായുള്ള യുദ്ധത്തിൽ പരവശനായിത്തീർന്ന ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചുകൊടുത്ത് അദ്ദേഹത്തിന്റെ ആത്മവീര്യവും സമരോത്സാഹവും അഗസ്ത്യൻ വർദ്ധിപ്പിച്ചുവെന്ന് രാമായണത്തിൽ പറയുന്നു.
ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യൻ, പുലസ്ത്യ മഹർഷിയുടെ പുത്രനാണ്. അഗസ്ത്യൻ വളരെക്കാലം നിത്യബ്രഹ്മചാരിയായി കഴിഞ്ഞുവെന്നും ഒടുവിൽ പിതൃക്കളുടെ പുണ്യകർമാനുഷ്ഠാനങ്ങൾക്ക് പിൻഗാമികളില്ലാതെ വന്നതു നിമിത്തം വിവാഹിതനായി എന്നും പുരാണ പരാമർശങ്ങൾ കാണുന്നു. അഗസ്ത്യൻ തന്റെ തപ:ശ്ശക്തികൊണ്ട് ഒരു ബാലികയെ സൃഷ്ടിച്ച്, സന്താനലാഭം കൊതിച്ചു കഴിഞ്ഞിരുന്ന വിദർഭരാജാവിന് സമർപ്പിച്ചു. ഈ ബാലിക ലോപാമുദ്രയെന്ന പേരിൽ സുന്ദരിയായ ഒരു യുവതിയായി വളർന്നപ്പോൾ അഗസ്ത്യൻ അവളെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ദൃഢസ്യു എന്നു പേരുളള ഒരു പുത്രനുണ്ടായി.
വിന്ധ്യപർവതത്തിന്റെ തെക്കു ഭാഗത്തുള്ള കുഞ്ജര പർവതത്തിലെ ഒരു കുടീരത്തിലാണ് അഗസ്ത്യമുനി പാർത്തിരുന്നത്. ഈ കുടീരം സഹ്യപർവതത്തിലെ അഗസ്ത്യകൂടമാണെന്ന് ഒരു വിശ്വാസമുണ്ട്.അഗസ്ത്യകൂടത്തിനു പുറമേ, അഗസ്ത്യതീർഥം, അഗസ്ത്യഗിരി, അഗസ്ത്യവടം, അഗസ്ത്യസരസ്സ്, അഗസ്ത്യാശ്രമം, അഗസ്ത്യകൂടം, അഗസ്തീശ്വരം തുടങ്ങി ഈ മുനിയുടെ പേര് ഉപസർഗമായിട്ടുള്ള പല സ്ഥലനാമങ്ങളും ഇന്ത്യയിൽ പലയിടത്തും കാണപ്പെടുന്നു; ദക്ഷിണേന്ത്യയിലാണ് ഇവയിൽ ഭൂരിഭാഗവും. അഗസ്ത്യരസായനം എന്ന ആയുർവേദ ഔഷധം വിധിച്ചിട്ടുള്ളത് ഈ മഹർഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു.
അകത്തിയരുടെ വ്യാകരണനിർമിതിയെ പുരസ്കരിച്ച് അകത്തിയൻ പന്തയ ചെഞ്ചൊൽ ആരണങ്കു എന്ന് തമിഴ് ഭാഷയെപ്പറ്റി പ്രസ്താവമുണ്ട്. അകത്തിയരെ ഈശ്വരനായി സങ്കല്പിച്ച് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. ആ പേരിനോട് ബന്ധപ്പെട്ട ചില സ്ഥലങ്ങളുമുണ്ട്. ഇദ്ദേഹം ജീവിച്ചിരുന്നത് ഒന്നാം സംഘകാലത്താണെന്ന് പറയപ്പെടുന്നു. അകത്തിയം എന്നാണ് ഇദ്ദേഹം എഴുതിയ പ്രധാന കൃതിയുടെ പേര്. ആകാശത്തിന്റെ ഈശാനകോണിൽ ഉദിക്കുന്ന കാനോപസ് (Canopus) പൗരസ്ത്യജ്യോതിശ്ശാസ്ത്രത്തിൽ അഗസ്ത്യനക്ഷത്രമായി അറിയപ്പെടുന്നു.🌸
Subscribe to:
Post Comments (Atom)
No comments:
Post a Comment