Sunday, December 21, 2025

എന്താണ് ആത്മവിദ്യ ? അത് എങ്ങനെ ആർജ്ജിക്കാം? ആത്മവിദ്യയേക്കാൾ പരമമായത് ഒന്നുമില്ല. എന്താണ് ആത്മാവ്, പരമമായ സത്യം ഏതൊന്നാണോ അത്. ഈ ത്രിഭുവനവും ഏതിലാണോ നിലനിൽക്കുന്നത് ആ സത്യം. പരമമായ സത്യമെന്തെന്നാൽ 'ത്രികാലേഷു ബാധാതീതം യത് തത് സത്യം' മൂന്നുകാലത്തിലും വ്യത്യാസമില്ലാതെ നിൽക്കുന്ന ഒന്നാണ്. സൂക്ഷ്മബുദ്ധിയാൽ ഇതല്ല ഇതല്ല എന്ന രീതിയിൽ തള്ളിക്കളഞ്ഞ് ഇനി തള്ളാനാകാത്ത ആ ഉണ്മയെ ആത്മാവ് എന്നുപറയുന്നു. ആ ഉണ്മയെത്തന്നെയാണ് തന്ത്രശാസ്ത്രത്തിൽ ഈശ്വരൻ (പ്രപഞ്ചത്തെ സൃഷ്ടിച്ച് ,പാലനം ചെയ്ത് സംഹരിക്കാൻ യാതൊന്നിനു സാധിക്കുമോ അത് ഈശ്വരത്വം) എന്നു പറയുന്നത്. ഈശ്വരനെ അറിഞ്ഞ് അനുഭവിക്കാനുള്ള ഏതു വിദ്യയും ആത്മവിദ്യതന്നെ. ഈശ്വരനിൽ നിന്നാണ് ഈ ഭുവനം ഉണ്ടായത് ഇത് വിലയിക്കുന്നതും ഈശ്വരനിൽത്തന്നെ. ഇവിടെ ലോകം ഉണ്ടാകുന്നത് ഒരമ്മ കുഞ്ഞിനെ പ്രസവിക്കുന്ന രീതിയിലല്ല മറിച്ച് കണ്ണാടിലേക്ക് നോക്കുമ്പോൾ അവിടെ പ്രതിബിംബം കാണുന്നതുപോലെയാണ്. കുഞ്ഞിനെ പ്രസവിക്കുന്ന മാത്രയിൽത്തന്നെ അമ്മയും കുഞ്ഞും രണ്ടു വ്യക്തികളായി എന്നാൽ കണ്ണാടിയിൽ കാണുന്ന പ്രതിബിംബം എപ്രകാരം താൻ തന്നെയാണോ തന്നിൽ നിന്ന് ഭേദമില്ലാതിരിക്കുന്നുവോ അപ്രകാരം ഈശ്വരന്റെ പ്രതിബിംബം തന്നെയാണ് ഓരോ ജീവനും. അത് നാം തിരിച്ചറിയാത്തത് മായയുടെ മേലാപ്പണിഞ്ഞതിനാലാണ്. അപ്പോ മായ ഈശ്വരനിൽ നിന്ന് അന്യമല്ലേ എന്ന ചോദ്യം വരാം. ഒരു എട്ടുകാലി തന്റെ സ്രവങ്ങളെ ഉരുട്ടി നൂലാക്കി അത് വലയാക്കിടുന്നോ അപ്രകാരം ഈശ്വരൻ തന്റെ തന്നെ വിഭൂതിയായ മായയാൽ പലതായി ഭാസിക്കുന്നു. ഇത് ലീലാർത്ഥമാണെന്നും ഭോഗാർത്ഥമാണെന്നും പറയുന്നു. മായാബന്ധം വരുമ്പോൾ ഇത് ജീവനായും മായയെ ഭേദിച്ചാൽ ഈശ്വരനായും ഭവിക്കുന്നു. ഈമായാ ഭേദനമാണ് ആത്മവിദ്യ. മായാബന്ധം എന്നത് തന്നെയാണ് വാസനയും വാസനാക്ഷയമാണ് മോക്ഷം (മോഹ ക്ഷീയേത മോക്ഷം). അതു തന്നെ ഈശ്വരത്വം ബ്രഹ്മത്വം. ആനന്ദമാണ് ബ്രഹ്മസ്വരൂപം (ആനന്ദം ബ്രഹ്മണോ രൂപം) ഈ മോക്ഷം ലഭിക്കുന്നതിന് രണ്ടു മാർഗ്ഗമാണുള്ളത് പ്രവർത്തിമാർഗ്ഗവും, നിവൃത്തിമാർഗ്ഗവും. വാസനാക്ഷയം ഉണ്ടായ ജീവന് ഗുരുകൃപയാൽ ഉപദേശസമയത്തു തന്നെ ജ്ഞാനം പ്രകാശിക്കുന്നത് പ്രവൃത്തി മാർഗ്ഗം ഇവിടെ ജ്ഞാനം പ്രകാശിക്കുക എന്നാൽ കണ്ണാടിയിൽ കാണുന്ന പ്രതിബിംബവും താനും ഒന്നു തന്നെ എന്ന ഉറപ്പ് തന്നെയാണ്.ഇതിലൂടെ ആ ഈശ്വരഭാവത്തിലുള്ള സുസ്തിഥി. പ്രവൃത്തിമാർഗ്ഗമെന്നാൽ ഈശ്വരനെ അറിയുന്ന ഈ കാണുന്ന കർമ്മ കലാപത്തിലൂടെ സാദ്ധ്യമല്ലെന്ന് തിരിച്ചറിഞ്ഞ ജീവൻ ഈ കാണുന്ന കർമ്മങ്ങളെല്ലാം തനിക്കു വേണ്ടിയല്ലാതെ ഈ പ്രപഞ്ചം സൃഷ്ടിച്ച ഈശ്വരനായി സേവാരൂപത്തിൽ ആരാധിക്കുന്നു. ഈ ആരാധനക്കിടയിൽ താൻ എന്ന ഭാവം ഇല്ലാതായി ,ആരാധനയും ഇല്ലാതായി ആരാധ്യമാകുന്ന ഈശ്വരഭാവത്തിലേക്ക് ലയിക്കും. ആ ആനന്ദക്കടലായി ആനന്ദത്തെ നുകർന്ന് ആനന്ദിക്കുന്ന ഭാവം ഇങ്ങനെയും സാക്ഷാത്ക്കരിക്കാം. ഇതിന് സഹായമാകുന്ന വിദ്യ ആത്മവിദ്യ തന്നെ. ആത്മവിദ്യ നേടി ആ പരമപ്രകാശത്തെ ആ പ്രകാശത്തിൽ ആത്മാരാമനായി സ്ഥിതനാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. കടപ്പാട്

No comments: