Saturday, December 20, 2025

ദൗർബല്യങ്ങളെ അതിജീവിക്കുക💖* ഒരു സംഭവം ഓർക്കുന്നു ദൂരെ യാത്രയ്ക്കായി ഒരാൾ വിമാനം കയറി. സീറ്റിൽ ഇരിക്കുമ്പോൾ എയർഹോസ്റ്റസ് അയാളോട് പറഞ്ഞു, "ഇതിൽ ഇൻറർനെറ്റ് ഉണ്ട്" അയാൾക്ക് വളരെ സന്തോഷമായി. ലാപ്ടോപ്പ് എടുത്ത് ഇമെയിൽ നോക്കി തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ ഇൻറർനെറ്റ് നിലച്ചു. അയാൾക്ക് പെട്ടെന്ന് ദേഷ്യം വന്നു. "യാത്രക്കാരെ പറഞ്ഞു പറ്റിക്കാൻ ശ്രമിക്കുന്നോ?" എയർഹോസ്റ്റസിനോടായി ആളുടെ ദേഷ്യം. യാത്രക്കാരിൽ ചിലർ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അല്പസമയം മിണ്ടാതിരിക്കും വീണ്ടും ഉച്ചത്തിൽ ദേഷ്യപ്പെട്ട് സംസാരിക്കും അയാൾ ആകെ അസ്വസ്ഥനായി. മനോരോഗിയെ പോലെ പെരുമാറാൻ തുടങ്ങി. യാത്രക്കാർ അയാളെ കൊണ്ട് പൊറുതിമുട്ടി. ഒടുവിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഒരു ഡോക്ടറെ കൊണ്ട് അയാൾക്ക് ഉറങ്ങാനുള്ള മരുന്ന് കുത്തിവയ്ക്കേണ്ട അവസ്ഥ വരെ എത്തി. ഇന്നു മനുഷ്യൻ്റെ മനസ്സ് ഫാനിനും മൊബൈൽ ഫോണിനും കമ്പ്യൂട്ടറിനും ഇൻറർനെറ്റിനും ഒക്കെ അടിമയായിരിക്കുന്നു. വേണ്ട സമയത്ത് അവ പ്രവർത്തിക്കാതിരുന്നാൽ മനസ്സ് പ്രക്ഷുബ്ദ്ധമാകും. സമനില തെറ്റും. നിസ്സാരമായ പ്രതിബന്ധങ്ങൾ പോലും സഹിക്കാനോ അതിജീവിക്കാനോ സാധിക്കാത്ത വിധം മനസ്സ് ദുർബലമായിരിക്കുന്നു. നമ്മുടെ ചെറുപ്പകാലത്ത് ഈ ഗ്രാമത്തിൽ വൈദ്യുതിയോ മറ്റ് ആധുനിക സൗകര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. നല്ല വേനൽ കാലത്ത് പോലും എല്ലാവരും സുഖമായി ഉറങ്ങും. ഇന്നു ഗ്രാമങ്ങളിൽ വീടുകളിൽ പോലും ഫാനും എസിയും ഒക്കെയുണ്ട്. അതൊന്നുമില്ലെങ്കിൽ ഇന്ന് പലർക്കും ഉറക്കം വരില്ല. ഇതൊക്കെ ഉണ്ടായാലും ഉറക്കം വരാത്തവരാണ് ഏറെയും. മനുഷ്യൻ്റെ മനസ്സ് അത്രമാത്രം അസ്വസ്ഥമാ യിരിക്കുന്നു. പണ്ടുള്ളവർക്ക് എത്ര ദൂരം കാൽനടയായി യാത്ര ചെയ്യുവാനും മടിയുണ്ടായിരുന്നില്ല. എന്നാൽ എസി മുറിയിൽ ജോലി ചെയ്തും എസിക്കാറിൽ യാത്ര ചെയ്തും ശീലിച്ചവർക്ക് അൽപ്പദൂരം വരെ നടക്കുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയില്ല. ദിവസവും കൈകൾ കൊണ്ട് വസ്ത്രമലക്കുകയും കിണറ്റിൽ നിന്ന് വെള്ളം കോരുകയും ചെയ്തിരുന്ന വീട്ടമ്മമാർക്ക് വാഷിംഗ് മെഷീനും മിക്സിയും ഗ്രൈൻഡറും മറ്റും വന്നതോടെ ആ ജോലികളെല്ലാം എളുപ്പമായി. പക്ഷേ ശരീരത്തിന് വ്യായാമം ഇല്ലാതായതോടെ യൗവനം വിട്ടു മാറുന്നതിനു മുൻപ് തന്നെ അവർ രോഗികളായി തീരുന്നു. നാം അറിയാതെ നമ്മൾ ഇന്ന് ആവശ്യമില്ലാത്ത പല ശീലങ്ങൾക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ആഡംബര ഭ്രമവും ആസക്തിയും നിയന്ത്രണമില്ലാതെ വർദ്ധിക്കുന്നു. സുഖസൗകര്യങ്ങൾ ഒന്നും വേണ്ട എന്നല്ല പറയുന്നത്. എന്നാൽ അവയ്ക്ക് അടിമപ്പെടരുത്. ആവശ്യത്തിന് ഉപയോഗിക്കുക. അവ നമ്മളെ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് വഴുതി വീഴാതിരിക്കാൻ ശ്രദ്ധിക്കണം. ഇന്ന് ഉപയോഗിക്കുന്ന സുഖവും സൗകര്യങ്ങളും നാളെ കിട്ടാതെ വന്നേക്കാം. അപ്പോൾ ആ സാഹചര്യത്തെ സമചിത്തതയോടെ നേരിടാൻ മനസ്സിനെ പരിശീലിപ്പിക്കണം. അതാണ് അദ്ധ്യാത്മിക ചിന്ത കൊണ്ടുള്ള പ്രയോജനം.

No comments: