Sunday, December 28, 2025

ബുദ്ധനായി തീർന്ന സിദ്ധാർത്ഥ രാജകുമാരന്റെ സഹധർമ്മിണിയുടെ ഏറെ അറിയപ്പെടുന്ന പേര് യശോധര എന്നാണ്. ആദ്യകാലത്തെ പാലി ബുദ്ധനിയമ ഗ്രന്ഥങ്ങളിൽ യശോധരയെ കുറിച്ച് യാതൊരു പരാമർശവുമില്ലെന്ന് യശോധരാപദാനം എന്ന കൃതി സിംഹളഭാഷയിലേക്ക് വിവർത്തനം ചെയ്ത രഞ്ജിനി ഒബെയ്‌ശേഖരെ എഴുതുന്നു. ഭിക്ഷുണിയായ രാഹുലമാത (രാഹുലന്റെ അമ്മ) എന്ന പേരിലാണ് കാനോനിക്കൽ പാരമ്പര്യത്തിൽ യശോധര ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ബോധിസത്വന്റെ ഭാര്യ യശോധര, ബിംബ, ഭദ്ദകച്ചന എന്നീ പേരുകളിൽ പിന്നീട് കടന്നുവരുന്നു. ബുദ്ധകൃതികളുടെ കേന്ദ്രശ്രദ്ധ ബോധിസത്വനിലായതിനാൽ, യശോധര ആ വലിയ കഥയിലെ ഒരു നിഴൽരൂപമായി മാത്രമേ മിക്കയിടത്തും പ്രത്യക്ഷപ്പെടുന്നുള്ളൂ. മഹാപരിത്യാഗവേളയിൽ; സിദ്ധാർത്ഥൻ തന്റെ ഭാര്യയോടും നവജാതശിശുവിനോടും വിടപറയുന്ന രംഗം ലോകമെമ്പാടുമുള്ള ബുദ്ധമത സാഹിത്യത്തിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന രംഗമാണ്, ഇവിടെ യശോധരക്ക് ഒരു പങ്കുമില്ല. അവൾ ഉറങ്ങുകയാണ്. ബുദ്ധഭിക്ഷുണിമാരായി മാറിത്തീരാൻ അനുവാദം തേടി ബുദ്ധന്റെ അടുക്കൽ പോകുന്ന സ്ത്രീകളുടെ സംഘത്തിൽ ബുദ്ധന്റെ വളർത്തമ്മയായ പ്രജാപതി ഗോതമിയിൽ നിന്ന് വ്യത്യസ്തമായി യശോധര ഒരു ചെറിയ രൂപമാണ്. യശോധര ഭിക്ഷുണിയും പിന്നീട് അരഹത്തും (പ്രബുദ്ധയും) ആയിത്തീരുന്നുണ്ട്. ആദ്യകാല ബുദ്ധമത വിവരണങ്ങളിൽ യശോധരക്ക് ഒരു ചെറിയ ഇടം മാത്രമേ ഉള്ളൂവെങ്കിലും ഈ നിഴൽരൂപം പിൽക്കാല ബുദ്ധമതത്തെ ആകർഷിക്കുന്നു. കാനോനിക്കൽ സാഹിത്യം കാലക്രമേണ വികസിക്കുമ്പോൾ, യശോധരക്ക് ജീവിതവും വ്യക്തിത്വവും ലഭിക്കുന്നു. രാഹുലമാത എന്ന ഭീക്ഷുണി അത്തരം വിപുലീകരണങ്ങളിൽ ആദ്യത്തേതാണ്. ലോകമെമ്പാടുമുള്ള ബുദ്ധമത ഭിക്ഷുക്കളും വിശ്വാസികളും ഗദ്യത്തിലും പദ്യത്തിലും എഴുതുകയും പറയുകയും ചെയ്യുന്ന യശോധരയുടെ കഥയുടെ നിരവധി പുനരാഖ്യാനങ്ങൾ പിന്നീടുണ്ടായ ആകർഷണത്തിന്റെ തെളിവാണ്. ചില പുനരാഖ്യാനങ്ങളിൽ അവൾ ദിവ്യസ്ത്രീയായി മാറ്റപ്പടുന്നുണ്ട്. ഭിക്ഷുണിയായ യശോധര മരിക്കുന്നതിന് മുന്നേ ബുദ്ധന് അന്ത്യാഞ്ജലി അർപ്പിക്കാൻ പോകുമ്പോൾ ഒരു മഹാസമ്മേളനത്തിന് മുന്നിൽ അമാനുഷികമായ മാന്ത്രികശക്തികൾ പ്രദർശിപ്പിക്കുന്നതായി രഞ്ജിനി വിവർത്തനം ചെയ്ത ‘യശോധരാപദാനം’ വിവരിക്കുന്നു. ഇത് ഒന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണ്. മഹായാനഭിക്ഷുവായിരുന്ന അശ്വഘോഷൻ ഒന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയിൽ രചിച്ച ബുദ്ധചരിതത്തിൽ അന്തപ്പുരവിലാപം എന്നൊരു ഭാഗമുണ്ട്. അതിൽ പ്രജാപതി ഗോതമിയും യശോധരയും സിദ്ധാർത്ഥന്റെ വേർപാടിൽ വിലപിക്കുന്നു. സിദ്ധാർത്ഥന്റെ ജ്ഞാനോദയാന്വേഷണത്തിന്നിടയിൽ, യശോധരയുടെ ദുഃഖവും വിലാപവും കവികളുടെ ഭാവനയെ ആകർഷിച്ചിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഈ വിലാപത്തിന് നാടോടി വിലാപങ്ങളുടെ ജനകീയപാരമ്പര്യവുമായി ബന്ധമുണ്ടെന്ന് രഞ്ജിനി തന്റെ വിവർത്തനകൃതിക്ക് തുടക്കമായി എഴുതിയ കുറിപ്പിൽ പറയുന്നണ്ട്. ‘നമ്മൾ ഒരുമിച്ച് നിങ്ങളുടെ ലക്ഷ്യം നേടാൻ പരിശ്രമിച്ച് വർഷങ്ങളോളം ചെലവഴിച്ചിട്ടും നിങ്ങൾ എന്തിനാണ് എന്നോട് ഒരു വാക്കുപോലും പറയാതെ പോയത്?’ എന്ന് അവൾ ആവർത്തിച്ചു ചോദിക്കുന്നു. ബുദ്ധന്റെ ആത്മീയയാത്രക്കാണ് കൂടുതൽ പ്രാധാന്യമെങ്കിലും രാജകുമാരനെന്ന നിലയിലുള്ള സിദ്ധാർത്ഥന്റെ ആദ്യകാല ജീവിതവും യശോധരയുമായുള്ള വിവാഹവും പാലിയിൽ രചിച്ച കൃതികളിലും ജാതകകഥകളിലും പിന്നീടുള്ള വ്യാഖ്യാനങ്ങളിലും നന്നായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഗൗതമബുദ്ധനെ കുറിച്ചുള്ള ആഖ്യാനങ്ങളിൽ സഹധർമ്മിണിയായിരുന്ന യശോധര പതുക്കെ പതുക്കെ പ്രത്യക്ഷപ്പെടുകയും പിന്നീട് പ്രധാന ഭാഗമായി തീരുകയും ചെയ്യുന്നു. ചില തായ് ജാതക കഥകളിൽ തന്നെ ഉപേക്ഷിച്ചതിന് യശോധര സിദ്ധാർത്ഥനെ ശപിക്കുന്നു. അവന്റെ ജ്ഞാനോദയത്തിനുശേഷം അവൾ അവനോട് ക്ഷമിക്കുന്നു. ഹിന്ദു പുരാണങ്ങളും ഇതിഹാസങ്ങളും യശോധരയെ പരാമർശിക്കുന്നില്ല. ബുദ്ധമതത്തെ സ്വാംശീകരിച്ച് ഒപ്പം ചേർക്കുന്നതിന്റെ ഭാഗമായി വിഷ്ണുപുരാണവും ഭാഗവതപുരാണവും ബുദ്ധനെ വിഷ്ണുവിന്റെ അവതാരപ്പട്ടികയിൽ പെടുത്തുന്നുവെങ്കിലും യശോധരയെ പരാമർശിക്കുന്നില്ല. യശോധര ഹിന്ദുമതത്തിന്റെ ലക്ഷ്യങ്ങൾക്ക് ആവശ്യമായിരുന്നില്ല. യശോധര ഇപ്പോഴും ബുദ്ധമതത്തിന് മാത്രമുള്ള ഒരു വ്യക്തിയാണ്. പിൽക്കാലത്ത് യശോധരയെ കുറിച്ചുള്ള നോവലുകളും എഴുതപ്പെട്ടിട്ടുണ്ട്. വില്യം എഡ്മണ്ട് ബാരെറ്റ് എഴുതിയ ‘ലേഡി ഓഫ് ലോട്ടസ്’ ഒരു ഉദാഹരണമാണ്. ശ്രമണപാരമ്പര്യത്തിൽ പെട്ട മഹാവീരന്റെ ഭാര്യയുടെ നാമം യശോദയെന്നാണ്. യശോധരയിൽ നിന്ന് വ്യത്യസ്തമായി, യശോദ ഭിക്ഷുണി ആയതായി പറയപ്പെടുന്നില്ല. കെ അരവിന്ദാക്ഷന്റെ ‘ഗോപ’ നോവൽ യശോധരയെ കേന്ദ്രീകരിച്ച് എഴുതപ്പെട്ടതാണ്. ശ്രീബുദ്ധന്റെ മഹാതേജസ് നോവലിന്റെയും കേന്ദ്രകഥാപാത്രത്തിന്റെയും പിന്നിൽ പ്രവർത്തിക്കുന്നതായ പ്രതീതി സൃഷ്ടിക്കുമ്പോഴും കേന്ദ്രക‍ർതൃത്വത്തിലുള്ള മാറ്റമാണ്, ബുദ്ധനിൽ നിന്നും യശോധരയിലേക്കുള്ള മാറ്റമാണ്, നോവലിനെ തുടക്കത്തിലേ തന്നെ സവിശേഷ ശ്രദ്ധയുള്ളതാക്കുന്നത്. ഇപ്പോൾ, നമ്മുടെ സമകാലചിന്തയിൽ, അത് പുരുഷാധികാരലോകത്തിൽ നിന്നുള്ള അകലവും സ്‌ത്രൈണ ദർശനങ്ങളോടുള്ള അടുപ്പവുമായി വ്യാഖ്യാനിക്കാൻ ഇടം നൽകുന്നതാണ്. നോവലിന്റെ ശീർഷകം യശോധര എന്നല്ല, ഗോപ എന്നാണ്. സിദ്ധാർത്ഥൻ തന്റെ പാതിയെ ഗോപയെന്നാണ് സംബോധന ചെയ്തതെന്ന് അരവിന്ദാക്ഷൻ സങ്കൽപ്പിക്കുന്നു. ചില ബുദ്ധമത പാരമ്പര്യങ്ങളിൽ; പ്രത്യേകിച്ച് സംസ്‌കൃത, മഹായാനഗ്രന്ഥങ്ങളിൽ, യശോധരയെ ഗോപ എന്ന് വിളിക്കുന്നുണ്ട്. തേരാവാദബുദ്ധമതത്തിലാണ് യശോധര, ബിംബാദേവി, ഭദ്ദകച്ചന എന്നീ പേരുകൾ കടന്നുവരുന്നത്. ഗോപ എന്ന് പരാമർശിക്കുന്ന സംസ്‌കൃത, മഹായാനപാരമ്പര്യത്തെ ടിബറ്റൻ, ചൈനീസ് സ്രോതസ്സുകൾ ചിലപ്പോഴെങ്കിലും പിന്തുടരുന്നുണ്ട്. ഗോപ എന്ന വാക്ക് ആര്യസംസ്‌കാരത്തിന്റെ സംഭാവനയാണെന്ന് കരുതാനുള്ള ന്യായങ്ങളുമുണ്ട്. അങ്ങനെയെങ്കിൽ, ബ്രാഹ്‌മണ്യ സംസ്‌കൃതിയുടെ മഹായാന സമ്പർക്കത്തിലൂടെയാകണം അത് ബുദ്ധസാഹിത്യത്തിലേക്ക് എഴുതപ്പെട്ടത്. ഗോപയുടെ വിചാരങ്ങളും ഓർമ്മകളും നോവലിസ്റ്റ് ഭാവനയിൽ സൃഷ്ടിക്കുന്ന ‘ജീവകല’യിലെ ജീവിതവും ചന്നനുമായുള്ള സംഭാഷണങ്ങളും എല്ലാമായി എഴുതപ്പെടുന്ന ഈ നോവൽ സ്വാഭാവികമായും നേർരേഖീയമല്ലാത്ത ആഖ്യാനരീതിയാണ് സ്വീകരിക്കുന്നത്. യശോധരയുടെ കഥ സ്ത്രീവാദത്തിന്റെ കാചങ്ങളിലൂടെ പരിശോധിക്കപ്പെട്ടിട്ടുണ്ട്. യശോധര ഭിക്ഷുണിയായി മാറുന്നുണ്ടെങ്കിലും ആദ്യകാല ബുദ്ധമതത്തിലെ സ്ഥാപനപരമായ ലൈംഗികതയെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ അവൾ അകറ്റി നിർത്തപ്പെട്ടതായി ഫെമിനിസ്റ്റ് നിരൂപകർ കാണുന്നു. സിദ്ധാർത്ഥന്റെ ബോധോദയം പ്രധാനമെങ്കിൽ, ഭിക്ഷുണിയായ യശോധരയുടെ ജീവിതവും അതേപോലെ ഉൾക്കൊള്ളണമെന്നു വാദിക്കുന്നു. ബുദ്ധമതപാരമ്പര്യഗ്രന്ഥങ്ങൾ അവളെ ചെറുതാക്കുന്നതായി ആരോപിക്കുന്നു. യശോധരയുടെ കഥ പുരുഷാധിപത്യപാരമ്പര്യങ്ങളാലാണ് ഏറെയും പുനർനിർമ്മിക്കപ്പെട്ടതെന്നും യശോധരയുടെ സാദ്ധ്യമായ നേതൃത്വത്തെ അത് മറയ്ക്കുന്നുവെന്നും കാണുന്നു. സിദ്ധാർത്ഥന്റെ ബോധോദയം മഹത്ത്വവൽക്കരിക്കപ്പെടുമ്പോൾ യശോധരയുടെ തിരിച്ചറിവുകൾ പ്രണയത്തിന്റേതായി അവതരിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നു. പുരുഷന്റെ ത്യാഗം മഹത്വവൽക്കരിക്കപ്പെടുമ്പോൾ ആത്മീയാഖ്യാനങ്ങളിൽ സ്ത്രീകളുടെ പങ്ക് നിഷേധിക്കപ്പെടുകയാണെന്ന് നിരീക്ഷിക്കുന്നു. സിദ്ധാർത്ഥന്റെ മഹത്ത്വത്തിനും പ്രബുദ്ധതയ്ക്കും വേണ്ടിയെന്നോണം യശോധരയുടെ കഥ അരികുവൽക്കരിക്കപ്പെട്ടതായി വിമർശിക്കുന്നു. ബുദ്ധമതത്തിന്റെ സമത്വാദർശം സ്ത്രീകളോടുള്ള ഈ പെരുമാറ്റവുമായി പൊരുത്തപ്പെടുന്നതാണോ എന്ന പ്രശ്‌നം ഉയർത്തുന്നു. സ്ത്രീക‍ർതൃത്വത്തെ കൂടി ഉൾക്കൊള്ളുന്ന ബുദ്ധമതത്തിന്റെ ചരിത്രപുനർനിർമ്മാണം അവർ നിർദ്ദേശിക്കുന്നു. റീത്താഗ്രോസിനെയും മിറാൻഡ ഷായെയും പോലുള്ള ആധുനിക പണ്ഡിതർ വാദിക്കുന്നത് യശോധര സിദ്ധാർത്ഥന്റെ ദൗത്യം സ്വാവബോധം മനസ്സിലാക്കുകയും ജ്ഞാനോദയപാത സ്വയം തിരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ്. അത് സമാന്തരജ്ഞാനോദയമാണ്. എന്നാൽ, താന്ത്രികബുദ്ധമതം സ്ത്രീകളെ ആത്മീയതുല്യരായി ശാക്തീകരിച്ചതായി മിറാൻഡ ഷാ പറയുന്നുമുണ്ട്. ഫെമിനിസ്റ്റ് കവികളും തിച് നാത് ഹാനെ (‘പഴയ പാത വെളുത്ത മേഘങ്ങൾ’) പോലെ ഭിക്ഷുക്കളായ എഴുത്തുകാരും സിദ്ധാർത്ഥനിൽ നിന്ന് ഉത്തരങ്ങൾ ആവശ്യപ്പെടുന്ന യശോധരയെ പുനഃസങ്കൽപ്പിക്കുന്നുണ്ട്. സ്ത്രീവാദവും പുതിയ ചിന്തകളും ഉയർത്തിയ ഈ ചോദ്യങ്ങളിൽ നിന്നാണ് അരവിന്ദാക്ഷന്റെ നോവൽകൃതി ഊർജ്ജം നേടിയതെന്നു കരുതാവുന്നതാണ്. തിച് നാത് ഹാൻ ഒരു പരാമർശമായി, ഉദ്ധരണിയായി നോവലിൽ വരുന്നുണ്ട്. ‘എന്തുകൊണ്ട് നീയെന്നോട് യാത്രാമൊഴി ചൊല്ലാതെ നിന്റെ വഴി തേടി ഒറ്റയ്ക്കിറങ്ങിപ്പോയി’ എന്ന ചോദ്യം ഗോപ ഉയർത്തുന്നു. ഈ ചോദ്യമാണ് ആഖ്യാനത്തിന്റെ കേന്ദ്രപ്രമേയമെന്ന് നോവലിന്റെ ഉള്ളം കരുതുന്നുണ്ട്. സിദ്ധാർത്ഥന്റെ പിതൃസഹോദരനായ രാജാവ് സുപ്പബുദ്ധന്റെയും രാജ്ഞി പമിത(അമിത)യുടെയും മകളായിരുന്നു യശോധര. അവരുടെ വിവാഹം ചെറുപ്പത്തിൽ നിശ്ചയിക്കപ്പെട്ടതായി വിവരിക്കുന്ന കൃതികളുണ്ട്. യശോധരയുടെ കൈകൾ നേടുന്നതിനായി സിദ്ധാർത്ഥൻ തന്റെ മികവ് തെളിയിച്ച ഒരു മത്സരത്തെ ലളിതവിസ്താരസൂത്രം എന്ന മഹായാനഗ്രന്ഥം വിവരിക്കുന്നുണ്ടത്രെ! ജാതക കഥകളിൽ, യശോധരക്കും സിദ്ധാർത്ഥനും ഇടയിൽ മുൻകാലജന്മങ്ങളിൽ ആഴത്തിലുള്ള കർമ്മബന്ധം ഉണ്ടായിരുന്നതായി പറയുന്നു. രാഹുലൻ ജനിച്ച രാത്രിയിൽ സിദ്ധാർത്ഥൻ കൊട്ടാരം വിട്ടുപോയതായി ചില ഗ്രന്ഥങ്ങൾ പറയുമ്പോൾ, മറ്റ് ചിലത് അദ്ദേഹം കുറച്ച് വർഷങ്ങൾ കൂടി താമസിച്ചുവെന്ന് സൂചിപ്പിക്കുന്നു. ഈ നോവലിൽ രാഹുലന്റെ ജനനത്തിന് ഏഴു ദിവസങ്ങൾക്കു ശേഷം സിദ്ധാർത്ഥൻ കൊട്ടാരം വിട്ടുപോയതായി പറയുന്നു. മറ്റ് മിക്ക ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി അരവിന്ദാക്ഷന്റെ നോവലിലെ യശോധര ബുദ്ധന്റെ പരിത്യാഗം നേരത്തെ അറിയുന്നവളാണ്. അവളുടെ ഏഴാമിന്ദ്രിയം പ്രവർത്തിക്കുന്നതായി, സിദ്ധാർത്ഥന്റെ പരിത്യാഗം മുൻകൂട്ടി അറിയുന്നതായി ഈ നോവലിൽ എഴുതിയിരിക്കുന്നു. ഇന്ന് രാത്രി നിന്റെ സതീർത്ഥ്യനായ സിദ്ധാർത്ഥന് കപിലവസ്തു വിട്ടിറങ്ങി പോകേണ്ടി വരുമെന്ന്, നീയും അവനൊപ്പമുണ്ടാകുമെന്ന്, കുതിരകളെ സജ്ജമാക്കി നിർത്തണമെന്ന് അവൾ ചന്നനോടു പറയുന്നു. അവൻ തിരിഞ്ഞുനോക്കാതെ തീക്കാറ്റുപോലെ കടന്നുപോയിയെന്നു മാത്രം നാം വായിക്കുന്നു. സിദ്ധാർത്ഥന്റെ മഹാപരിത്യാഗവേളയെ എഴുതുമ്പോഴും യശോധരയുടെ മനോവിചാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന നോവലിൽ സിദ്ധാർത്ഥന്റെ മനസ്സ് കൂടിയും അവളിൽ നിന്നേ നാം കേൾക്കുന്നുള്ളൂ. നോവലിലുടനീളം ബുദ്ധന്റെ ദർശനവും വാക്കുകളും നാം പരിചയപ്പെടുന്നത് യശോധരയുടെ ഓർമ്മകളിലൂടെയും മനോസഞ്ചാരങ്ങളിലൂടെയുമാണ്. ബുദ്ധൻ നേരിട്ട് വായനക്കാർക്ക മുന്നിൽ ഹാജരാകുന്നില്ലെന്നു പറയണം. കൊട്ടാരം വിട്ടിറങ്ങുന്ന രാജകുമാരന്റെ യാത്ര നാം കേൾക്കുന്നത് ചന്നൻ യശോധരയോട് പറയുന്ന വാക്കുകളിലാണ്. കാട്ടിൽ വച്ച് ചന്നനേയും കാന്തകൻ എന്ന കുതിരയേയും വേർപിരിയുന്ന സിദ്ധാർത്ഥൻ യശോധരയ്ക്ക് നൽകാൻ മുറിച്ചെടുത്ത മുടിച്ചുരുളുകളും ശുദ്ധോദന രാജാവിന് കൈമാറാൻ വാളും കണ്ഠാഭരണങ്ങളും ചന്നന്റെ പക്കൽ നൽകുന്നു. സിദ്ധാർത്ഥന്റെ വാളും കണ്ഠാഭരണങ്ങളും കാണുന്ന ശുദ്ധോദനൻ ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്യുന്നതായി കാണുന്ന നോവലിസ്റ്റ്, സിദ്ധാർത്ഥന്റെ മുടിച്ചുരുളുകൾ ഏറ്റുവാങ്ങുന്ന യശോധര പിന്നീട് അപമാനിതയായ പഴന്തുണിക്കെട്ടായി രാഹുലന്റെ അരികിൽ കിടന്നുവെന്നാണ് എഴുതുന്നത്. മഹാപരിത്യാഗത്തെ കുറിച്ചറിയുമ്പോൾ അന്തഃപ്പുരത്തിൽ നിന്നും ഉയരുന്ന വിലാപത്തെ കുറിച്ചു പറയുന്ന പഴയ ആഖ്യാനങ്ങളെ അരവിന്ദാക്ഷൻ നിരാകരിക്കുന്നു. ഇവയുടെ വ്യത്യസ്തതയെ അറിയാൻ പാട്രിക് ഒലിവെൽ പരിഭാഷപ്പെടുത്തിയ അശ്വഘോഷന്റെ ബുദ്ധചരിതത്തിൽ നിന്നുള്ള ഭാഗം വായിക്കാം. ഈ നോവലിലെ യശോധര സിദ്ധാർത്ഥന്റെ മനസ്സിനെ അതേപടി പങ്കിട്ടവളാണ്. ലോകത്തെയും ജീവിതത്തെയും കുറിച്ചുള്ള സിദ്ധാർത്ഥന്റെ ദു:ഖങ്ങളും ആധികളും യശോധരയുടേത് കൂടിയായിരുന്നുവെന്നാണ് അവളുടെ ഓർമ്മകളിലൂടെയും ആത്മഗതങ്ങളിലൂടെയും ചന്നനോടുള്ള സംഭാഷണങ്ങളിലൂടെയും നോവലിസ്റ്റ് എഴുതുന്നത്. അവൾ പണ്ഡിതയോ സിദ്ധാർത്ഥനോട് ധിഷണാപരമായി സംവദിക്കാൻ ശേഷിയുള്ളവളോ ആയി നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെയൊരു നില യശോധരയുടെ ചോദ്യത്തെ; ‘എന്തുകൊണ്ട് നീയെന്നോട് യാത്രാമൊഴി പോലും ചൊല്ലാതെ നിന്റെ വഴി തേടി ഒറ്റയ്ക്കിറങ്ങിപ്പോയി’ എന്ന ചോദ്യത്തെ, കൂടുതൽ പ്രസക്തമാക്കുന്നതാണ്. ഇവിടെ യശോധരയുടെ ദുഃഖം സഹധർമ്മിണിയുടെ വിരഹദുഃഖവും പ്രണയവും എന്നീ മാനങ്ങളെ കവിഞ്ഞ് നിൽക്കുന്നു. അവൾ സിദ്ധാർത്ഥന്റെ ധർമ്മചിന്തയിൽ പങ്കാളിയായിരുന്നു എന്ന് കാണിക്കുന്നു. ആദ്യകാല ബുദ്ധഗ്രന്ഥങ്ങൾ സിദ്ധാർത്ഥന്റെ ത്യാഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും പിൽക്കാല പാരമ്പര്യങ്ങൾ യശോധരയുടെ സ്വയം പ്രബുദ്ധതയെ എടുത്തുകാണിക്കുന്നുണ്ട്. നോവലിസ്റ്റിന്റെ വ്യാഖ്യാനം ഇതിനോടു ചേർന്നു നിൽക്കുന്നതാണ്. സിദ്ധാർത്ഥന്റെ പ്രബുദ്ധതയിലേക്കുള്ള പാതയെ പിന്തുണച്ചവളായി യശോധര ചിത്രീകരിക്കപ്പെടുന്നു. ബുദ്ധനും യശോധരയും തമ്മിലുള്ള ബന്ധം കർമ്മബന്ധത്തിന്റെയും ത്യാഗത്തിന്റെയും പാരസ്പര്യത്തിലൂന്നുന്ന ആത്മീയവളർച്ചയുടെയും ഐക്യമായി, പല പല രീതികളിൽ ചിത്രിതമായിട്ടുള്ളതുമാണ്. ചന്നയ്ക്കും ഗോപയ്ക്കും ഇടയിലെ ഗാഢമൈത്രി നോവലിന്റെ വിഷയമാണെങ്കിലും അങ്ങനെയൊരു സൗഹൃദത്തെ കുറിച്ചുള്ള വിശാലമായ ആഖ്യാനങ്ങൾ ബുദ്ധസാഹിത്യത്തിലില്ല. അശ്വഘോഷന്റെ കൃതിയിൽ വിലാപത്തിന്നിടയിൽ യശോധര ചന്നനെ കുറ്റപ്പെടുത്തുന്നുണ്ട്. ധമ്മപദവ്യാഖ്യാനത്തിലും സിദ്ധാർത്ഥന്റെ വേർപാടിന് സഹായിച്ചതിന് യശോധര ആദ്യം ചന്നയോട് അസ്വസ്ഥയായിരുന്നുവെന്നാണ് കാണുന്നത്. ചന്നയുടെ പിൽക്കാല ഭിക്ഷുജീവിതം യശോധരയുടെ ഭിക്ഷുണി ജീവിതത്തിൽ നിന്നും വേറിട്ടതുമാണ്. എന്നാൽ, ഇവിടെ ചന്നൻ സിദ്ധാർത്ഥന്റേതെന്ന പോലെ യശോധരയുടെയും ആത്മമിത്രമാണ്. സിദ്ധാർത്ഥനെ പിന്തുടരാൻ ചന്നനെ യശോധര നിയോഗിക്കുന്നു. യശോധര മനസ്സുതുറക്കുന്ന മിത്രമായും ‘ജീവകല’യിൽ അവളോടൊപ്പം ശുശ്രൂഷാവൃത്തികളിൽ ഏർപ്പെടുന്നവനായും ചന്നൻ പ്രത്യക്ഷപ്പെടുന്നു. മഹാപരിത്യാഗമെന്ന പോലെ ബോധിസത്വൻ ആദ്യമായി കൊട്ടാരം സന്ദർശിക്കുന്ന സന്ദർഭവും ശ്രീബുദ്ധചരിതത്തിലെ പ്രധാനഭാഗമാണ്. ജ്ഞാനോദയം നേടിയ ശേഷം ബുദ്ധൻ കപിലവസ്തുവിൽ തിരിച്ചെത്തിയപ്പോൾ, യശോധര അദ്ദേഹത്തെ കാണാൻ പോയില്ല. ബുദ്ധമതവ്യാഖ്യാനങ്ങളിൽ അവരുടെ പുനഃസമാഗമം പല രീതികളിൽ വിവരിക്കുന്നുണ്ട്. നോവലിൽ ഈ സന്ദർഭത്തിലെ ആഖ്യാനം മിക്കവാറും മറ്റ് ഗ്രന്ഥങ്ങളിലെ ചില ആഖ്യാനങ്ങളോട് ചേർന്ന് നിൽക്കുന്നതാണ്. അത് അത്യന്തം വൈകാരികവും ധർമ്മചിന്താഭരിതവുമാണ്. ഞാൻ രാഹുലനോട് പറഞ്ഞു രാഹുലാ, ഇപ്പോൾ നിനക്ക് അച്ഛനോട് നിന്റെ പൈതൃകസ്വത്ത് ചോദിക്കാനുള്ള സമയമായിരിക്കുന്നു. സിദ്ധാർത്ഥൻ ഈ ചോദ്യം പ്രതീക്ഷിച്ചതുപോലെ രാഹുലനെ കരുണാപൂർവ്വം നോക്കി. രാഹുലൻ അച്ഛനോട് ചോദിച്ചു, അച്ഛാ എന്റെ പൈതൃകസ്വത്ത്. അവന്റെ നീട്ടിയ കൈകളിലേക്ക് സിദ്ധാർത്ഥൻ മടിയിലിരുന്ന ഭിക്ഷാപാത്രം സമർപ്പിച്ചു. പെട്ടെന്ന് ഒരു ചുഴലിക്കാറ്റ് ഞങ്ങളെ മൂന്നുപേരേയും ചുഴറ്റി ഹുങ്കാരം മുഴക്കി തെക്കോട്ട് കടന്നുപോയി. ബോധിസത്വന്റെ പ്രവൃത്തി തന്റെ അചഞ്ചലമായ ധർമ്മബോധത്തിന്റെയും വിശ്വാസത്തിന്റെയും പ്രത്യക്ഷമായി നമുക്ക് തോന്നുന്നു. രാഹുലനും യശോധരയും ചന്നനും ഗോതമിയും ഉൾപ്പെടെ രാജവംശവുമായി ബന്ധപ്പെട്ട നിരവധി പേർ ബുദ്ധസംഘത്തിൽ ചേർന്നതായാണ് നാം ചരിത്രത്തിലൂടെ അറിയുന്നത്. നോവലിലെ യശോധര ബുദ്ധമാർഗ്ഗത്തെ പിന്തുടരുമ്പോഴും സന്ദേഹവും വിമർശവും സൂക്ഷിക്കുന്നവളാണ്. ‘എന്തുകൊണ്ട് നീയെന്നോട് യാത്രാമൊഴി ചൊല്ലാതെ നിന്റെ വഴി തേടി ഒറ്റയ്ക്കിറങ്ങിപ്പോയി’ എന്ന ചോദ്യം ഉയർത്തുക മാത്രമല്ല, നിരവധി ധർമ്മപ്രശ്‌നങ്ങൾ നോവലിലെ യശോധരയുടെ മനസ്സിനെ മഥിക്കുന്നുണ്ട്. മകൻ എന്തുകൊണ്ട് നിങ്ങൾക്ക് രാഹുവായി എന്ന് അവൾ ചോദിക്കുന്നു. ശിഷ്യർക്ക് കടുകിന്റെ ഉപമ ആഴത്തിലുള്ള തത്ത്വബോധനമാവാം, അമ്മമാർക്ക് അങ്ങനെയല്ലെന്ന് അവൾ പറയുന്നു, ഒരു അമ്മബുദ്ധൻ ഇപ്പോഴും അപരിചിതമാണെന്നും. പ്രചരിപ്പിക്കപ്പെട്ടത് ബുദ്ധദർശനമാണോ ബുദ്ധനാണോ എന്ന ചോദ്യമുയർത്തുന്നു. കാമം ജീവന്റെ ഭാവമാണെന്ന് അറിയണമെന്നു നിർദ്ദേശിക്കുന്നു. സ്ത്രീക്ക് സംഘത്തിൽ പ്രവേശനം നിഷേധിച്ച സിദ്ധാർത്ഥന്റെ മനസ്സിൽ സ്ത്രീ ആസക്തിയുടെ പ്രഭവകേന്ദ്രമാണെന്ന പുരുഷവിശ്വാസമല്ലേയെന്ന് ആശങ്കപ്പെടുന്നപ്പെടുന്നവളും നോവലിലുണ്ട്. ആനന്ദനും സരിപുത്രനും മൊഗല്ലാനയ്ക്കും ഉപാലിയ്ക്കും അഹിംസകനും ഒപ്പമിരിക്കാൻ ശേഷിയുള്ള ഭിക്ഷുണിമാരില്ലേ എന്ന ചോദ്യവും അവൾ ഉയർത്തുന്നു. സ്ത്രീകളെ ബുദ്ധസംഘത്തിൽ പ്രവേശിപ്പിച്ചാൽ തന്റെ ദർശനത്തിന്റെ ആയുസ്സ് ഒരു നൂറ് വർഷമെങ്കിലും കുറഞ്ഞു പോകുമെന്ന് ബുദ്ധൻ പറഞ്ഞതിനെക്കുറിച്ചുള്ള പരാമർശങ്ങളുമുണ്ട്. അവന്റെ പുരുഷശിഷ്യന്മാരിലുള്ള ഭയമല്ലേ ഇങ്ങനെ അവനെ ചിന്തിപ്പിച്ചതെന്ന വിചാരമുണ്ട്. എന്നാൽ, ഏറെ സംഘർഷാത്മകവും ധർമ്മചിന്താപൂരിതവും സാമൂഹികമായ മാനങ്ങളുള്ളതുമായ ഒരു പ്രകരണം – ബുദ്ധന്റെ സംഘത്തിലെ ഭിക്ഷുണിമാരാകാൻ ഗോതമിയുടെ നേതൃത്വത്തിൽ യശോധരയടക്കമുള്ള സ്ത്രീകൾ കാത്തുനിൽക്കുന്നതും അവർക്കു വേണ്ടി ആനന്ദൻ ബുദ്ധനോട് അഭ്യർത്ഥിക്കുന്നതും ആദ്യത്തെ അപേക്ഷകൾ നിരസിക്കുന്ന ബുദ്ധൻ പിന്നീട് സമ്മതം മൂളുന്നതുമായ സന്ദർഭം – നോവൽ ആഖ്യാനത്തിൽ നഷ്ടപ്പെട്ടിരിക്കുന്നു. നോവലിന്റെ പ്രമേയവുമായി ഏറെ അനുനാദത്തിൽ വരുന്ന ഈ പ്രകരണം ഒഴിവാക്കപ്പെട്ടത് ഒരേ സമയം അത്ഭുതകരവും സങ്കടകരവുമാണ്. ബുദ്ധന് ആശയാണ് ദുഃഖകാരണമെങ്കിൽ സാധാരണ മനുഷ്യന് ആശ പലപ്പോഴും ജീവിതത്തെ മുന്നോട്ട് നയിക്കുന്ന പ്രേരണാഘടകമാണ്. ‘സ്വപ്നങ്ങളേ, നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ’ എന്നാണല്ലോ ജനപ്രിയകവികൾ പാടുന്നത്. എന്തുകൊണ്ട് തന്നെ ഉപേക്ഷിച്ചുപോയി എന്ന യശോധരയുടെ ചോദ്യം മറ്റൊരു തലത്തിലെങ്കിലും എന്തിന് കാമത്തെ ഉപേക്ഷിക്കുന്നു എന്ന ചോദ്യം തന്നെയാണ്. ആശയാണ് ദുഃഖകാരണമെന്ന ബുദ്ധമതതത്ത്വത്തെ, ആശ എന്ന വാക്കിന് പകരമെന്നോണം കാമം എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് കൂടുതൽ വിപുലമായ ഒരു തലത്തിൽ പ്രതിഷ്ഠിക്കാൻ അരവിന്ദാക്ഷൻ ശ്രമിക്കുന്നുണ്ട്. യശോധരയുടെ മനോവ്യാപാരങ്ങളുടെയും ചന്നനോടുള്ള സംഭാഷണങ്ങളുടെയും പ്രധാന വിഷയം കാമമാണ്. ചിലപ്പോൾ അത് ലൈംഗികകാമം എന്ന അർത്ഥത്തെ ധ്വനിപ്പിക്കുന്നതുമാണ്. ബുദ്ധവ്യവഹാരങ്ങളിലെ ആശ എന്ന സങ്കൽപ്പനത്തെ വിട്ട് ഗാന്ധിയൻ വീക്ഷണത്തിലെ കാമത്തെ കുറിച്ചുള്ള സന്ദേഹങ്ങളിലേക്ക് അത് സഞ്ചരിക്കുന്നതായി തോന്നും. തത്ത്വചിന്താപരമായ മാനങ്ങളുള്ള ചോദ്യങ്ങൾ സംഭാഷണങ്ങളിലൂടെ ഉയർത്തുന്നുവെന്നതിനപ്പുറത്ത് ഏതെങ്കിലും മനുഷ്യരുടെ ജീവിതങ്ങളിലൂടെ കാമത്തിന്റെ പ്രശ്‌നസങ്കീർണ്ണത നോവലിൽ ആവിഷ്‌കൃതമാകുന്നില്ലെന്നു പറയണം. അതുകൊണ്ട് ബുദ്ധനിൽ ദൂഃഖകാരണമായ ആശ/കാമം വായനക്കാരനിൽ ആഘാതമേൽപ്പിക്കുന്ന അനുഭവമായി വളർത്താൻ ഈ ആഖ്യാനത്തിന് കഴിയുന്നില്ല. കാമം മാത്രമല്ല, അധികാരം, ഹിംസ, ബ്രാഹ്‌മണ്യം എന്നിങ്ങനെ സാമൂഹികമായി വലിയ മാനങ്ങളുള്ള വാക്കുകളെ മനോവ്യാപാരങ്ങളിലൂടെയോ സംഭാഷണങ്ങളിലൂടെയോ സംവാദസന്നദ്ധമാക്കുന്ന പ്രകരണങ്ങളെ കൂടി എഴുത്തുകാരൻ സൃഷ്ടിക്കുന്നുണ്ട്. സിദ്ധാർത്ഥന്റെ മഹാപരിത്യാഗം, യശോധരയുടെ ദുഃഖം, ബോധിസത്വനായതിന് ശേഷം രാജകൊട്ടാരത്തിലെ സന്ദർശനം, രാഹുലന് ഭിക്ഷാപാത്രം നൽകുന്നത്, ചന്നന്റെയും യശോധരയുടെയും ബുദ്ധസംഘത്തിലേക്കുള്ള പ്രവേശം എന്നിങ്ങനെ ബുദ്ധസാഹിത്യത്തിലെ പല പ്രധാന ഭാഗങ്ങളും പ്രതിപാദ്യ വിഷയങ്ങളായിരിക്കുമ്പോൾ തന്നെ, ‘ജീവകല’യിലൂടെ ബുദ്ധമാർഗ്ഗത്തിൽ നിന്നുകൊണ്ട് യശോധരയും ചന്നനും നിർവ്വഹിക്കുന്ന മാനവശുശ്രൂഷകളാണ് ഈ നോവലിന്റെ പ്രധാനഭാഗം. നേരത്തെ സൂചിപ്പിച്ചതുപോലെ ബുദ്ധസാഹിത്യത്തിൽ കാണാത്തതും നോവലിസ്റ്റിന്റെ ഭാവനാസൃഷ്ടി എന്ന കരുതേണ്ടതുമായ ഭാഗമാണിത്. കെ അരവിന്ദാക്ഷന്റെ ഗാന്ധിയൻ ജീവിതദർശനവും പാരിസ്ഥിതികദർശനങ്ങളോടുള്ള ആഭിമുഖ്യവും ഇവിടെ രചനയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കരുതാവുന്നതാണ്. യശോധരയുടെയും ചന്നന്റെയും നിഷ്‌കാമകർമ്മത്തിലൂടെ വളരെ ആദർശാത്മകമായ ചില സന്ദർഭങ്ങളെയാണ് എഴുത്തുകാരൻ ആവിഷ്‌ക്കരിക്കുന്നത്. നോവലിൽ ഉടനീളം ഈ ആദർശാത്മകത പൊതിഞ്ഞു നിൽക്കുന്നുണ്ടെന്ന് പറയണം. അത് പലപ്പോഴും കലയുടെ പ്രയോജനവാദപരമായ ഒരു സമീപനത്തിലേക്ക് നീങ്ങുന്നുണ്ടോയെന്നു സന്ദേഹിക്കാവുന്നതുമാണ്. ആദർശവാദം കലയിൽ പലപ്പോഴും ഏകപക്ഷീയമായ പ്രഭാവങ്ങളെയാണ് സൃഷ്ടിക്കുക. ആദർശാത്മകത കലയ്ക്ക് അലങ്കാരമല്ല. അത് പലപ്പോഴും കലാത്മകതയ്ക്ക് വിരുദ്ധമായി മാറിത്തീരുന്നു. ആദർശവാദം ജീവിതത്തിന്റെ സംഘർഷങ്ങളെയും വൈരുദ്ധ്യങ്ങളെയും ഏകപക്ഷീയമായ പരിഹാര നിർദ്ദേശങ്ങളിലേക്ക് നയിക്കുകയും പ്രശ്‌നവൽക്കരിക്കുക, വീണ്ടും പ്രശ്‌നവൽക്കരിക്കുക എന്ന എഴുത്തിന്റെ പ്രധാനദൗത്യത്തിൽ നിന്നും എഴുത്താളുകളെ അകറ്റുകയും ചെയ്യും. ആദർശജീവിതങ്ങളല്ല, ദുരന്തക്കാഴ്ചകളോ അതിനോടുള്ള സഹാനുഭൂതി കലർന്ന ഇടപെടലുകളോ അല്ല, ധർമ്മവ്യഥകളും കുമ്പസാരങ്ങളും തിന്മയിൽ മുഴുകിയവരുടെ വൈരുദ്ധ്യങ്ങളെ വിവൃതമാക്കുന്ന മനോസഞ്ചാരങ്ങളുമാണ് പലപ്പോഴും മഹത്തായ കൃതികളെ സൃഷ്ടിച്ചിട്ടുള്ളത്. എങ്കിലും, ജീവിതത്തിന്റെ വൈരുദ്ധ്യാത്മകതയെ അവതരിപ്പിക്കാൻ അലക്‌സി ഫയദരോവിച്ചിനെയും ബിഷപ്പ് മിറിയലിനെയും പോലെ ആദർശപൂരിതരായ കഥാപാത്രങ്ങൾ ഇനിയും നമ്മുടെ ആഖ്യാനങ്ങളിൽ ധാരാളമായി ആവശ്യമുണ്ട്! എന്നാൽ, ശ്രീബുദ്ധന്റെയോ ഗാന്ധിജിയുടെയോ ആദർശവൽകൃതരൂപങ്ങളിലുപരി അവരുടെ ചരിത്രപരമായ വികലനങ്ങളും വിമർശങ്ങളുമാണ് നോവലുകളിലോ ഇതര ആഖ്യാനങ്ങളിലും കടന്നുവരേണ്ടത്! ഗോപയുടെ ചോദ്യങ്ങളോട് നേരിട്ട് പ്രതികരിക്കുന്ന ബുദ്ധൻ അരവിന്ദാക്ഷന്റെ നോവലിൽ കടന്നു വരാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതില്ലാത്ത മഹത്ത്വത്തിന്റെ അകലത്തിൽ ബുദ്ധൻ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് കൊണ്ടല്ലേ? ദൈവം എന്ന ചോദ്യത്തോട് ബുദ്ധന് മൗനിയാകാം, എന്നാൽ ധർമ്മസംബന്ധിയായ ചോദ്യത്തോട് ബുദ്ധൻ മൗനിയായി കൂടാ! ‘എന്തുകൊണ്ട് നീയെന്നോട് യാത്രാമൊഴി ചൊല്ലാതെ നിന്റെ വഴി തേടി ഒറ്റയ്ക്കിറങ്ങിപ്പോയി’ എന്ന ചോദ്യം ഒരു പ്രസ്താവനയെന്നോണം ആവർത്തിക്കുമ്പോഴും സിദ്ധാർത്ഥന്റെയോ എഴുത്തുകാരന്റെ തന്നെയോ വാദമുഖങ്ങൾ കൊണ്ട് വേണ്ടത്ര പ്രശ്‌നവൽക്കരിക്കപ്പെടാതിരിക്കുന്നത് നോവലിന്റെ സംവാദസാദ്ധ്യതകളെയും സാഹിതീയമായ ആകർഷണീയതയേയും ദോഷകരമായി ബാധിക്കുന്നുണ്ട്. നോവലിനെ മൂടിനിൽക്കുന്ന ആദർശാത്മകത അതിന്റെ കലാത്മകതയെ ബാധിക്കുന്നുണ്ടെന്നാണ് ഞാൻ കാണുന്നത്. ആദർശാത്മകതയുടെ കേവലഭാഷ കലാത്മകതയെ ആവാഹിക്കുന്നില്ല. കെ അരവിന്ദാക്ഷന്റെ ആദർശവാദപരമായ സമീപനത്തിൽ നിന്ന് നോക്കുന്നവർക്ക് ഈ കൃതി കൂടുതൽ ഹൃദയാവർജ്ജകമായി തോന്നിയേക്കാം. അരവിന്ദാക്ഷന്റെ ചിത്രണത്തിന്റെ ധനാത്മകവശം കൂടി കാണണം. ബുദ്ധന്റെ അവസാന വാക്കുകളെ യശോധരയുടെ നോവലിലെ ജീവിതവുമായി താരതമ്യം ചെയ്യുക. ബുദ്ധന്റെ അവസാന വാക്കുകൾ ഇതാണെന്ന് പറയപ്പെടുന്നു: ‘നിങ്ങൾ സ്വയം ഒരു വെളിച്ചമായിരിക്കുക, ഉത്സാഹത്തോടെ നിങ്ങളുടെ സ്വന്തം രക്ഷ കാണുക.’ നോവലിലെ യശോധര ലോകത്തിലെ മുഴുവൻ സ്‌ത്രൈണതയുടേയും ചോദ്യത്തിന് ഉത്തരവുമായി വരുന്ന ബുദ്ധനെ കാണുന്നവളായിട്ടാണ് അന്ത്യത്തിൽ ചിത്രണം ചെയ്യപ്പെടുന്നതെങ്കിലും ജീവിതത്തിലുടനീളം ലോകശുശ്രൂഷ ചെയ്തവൾ കൂടിയാണ്. അവളുടെ ആത്മസുഖം അപരന് സുഖമാകുകയെന്നതത്രേ! ജാനെറ്റ് സുറെയും സാമുവൽ ഷെമ്മും ചേർന്ന് എഴുതിയ ‘ദി ബുദ്ധാസ് വൈഫ്’ എന്ന പുസ്തകത്തിൽ യശോധരയുടെ അവസാന വാക്കുകളെ അവർ സങ്കൽപ്പിക്കുന്നുണ്ട്. ‘ചിലപ്പോൾ നിങ്ങൾക്കു വഴി കാണാൻ മറ്റുള്ളവരുടെ വെളിച്ചം ആവശ്യമാണ്. ചിലപ്പോൾ നിങ്ങൾ മറ്റുള്ളവർക്ക് വെളിച്ചമാകേണ്ടതുമുണ്ട്.’ മറ്റൊരിടത്ത് അവർ പറയുന്നു: ‘അഷ്ടമാർഗ്ഗങ്ങളെ കുറിച്ചുള്ള ബുദ്ധന്റെ വാക്കുകളിൽ, ശരിയായ വീക്ഷണം, ശരിയായ സംസാരം, ശരിയായ പ്രവൃത്തി, ശരിയായ ധ്യാനം എന്നിവയെല്ലാം കാണാം; എന്നാൽ, ശരിയായ ബന്ധം, ശരിയായ സമൂഹം എന്ന് കേൾക്കാനാകുന്നില്ല.’ ബുദ്ധന്റെ വാക്കുകളിൽ ഇത് വ്യക്തമായി ഉച്ചരിക്കപ്പെടുന്നില്ലെങ്കിലും സംഘം ശരണം എന്ന സങ്കൽപ്പനത്തിൽ അതുണ്ടായിരുന്നുവെന്ന് നമുക്കറിയാം. സ്വയം വെളിച്ചമാകുന്നവർ മറ്റുള്ളവർക്കും വെളിച്ചമാണ്. ജാനെറ്റും സാമുവലും ഇത് മനസ്സിലാക്കുന്നുമുണ്ട്. സ്വയം വെളിച്ചമാകുക, മറ്റുള്ളവരോടൊപ്പം ഒരുമിച്ചു നിൽക്കുക, പരസ്പരം അനുകമ്പയുമുള്ളവരാകുക. ജീവിതത്തിലുടനീളം ലോകശുശ്രൂഷ ചെയ്യുന്നവളായി പ്രത്യക്ഷപ്പെടുന്ന അരവിന്ദാക്ഷന്റെ യശോധരയിൽ ഭാവിസമൂഹത്തെ കുറിച്ചുള്ള ബുദ്ധസങ്കൽപ്പനമാണ് നാം ദർശിക്കുന്നത്. copy

No comments: