Saturday, December 20, 2025

ഛാന്ദോഗ്യത്തിന്റെ കാമ്പെന്നു പറയാവുന്ന ആറാം പ്രപാഠകം, അരുണിയുടെ പേരക്കിടാവും ഉദ്ദാലകന്റെ മകനുമായ ശ്വേതകേതുവിന്റെ ജ്ഞാനപ്രാപ്തിയുടെ കഥയാണ്. തത്ത്വമസി എന്ന ഉപനിഷൽ മഹാവാക്യം ആവർത്തിച്ച് ഘോഷിക്കപ്പെടുന്നതും ഈ പ്രപാഠത്തിലാണ്. ഗുരുകുലത്തിൽ പന്ത്രണ്ടുവർഷത്തെ പഠനം പൂർത്തിയാക്കി വിദ്യാഗർവ്വോടെ മടങ്ങി വന്ന ശ്വേതകേതുവിനെ പിതാവ് ചോദ്യം ചെയ്തു. "കേൾക്കാൻ കഴിയാത്തത് കേൾക്കാനും, കാണാൻ കഴിയാത്തത് കാണാനും, അറിയാൻ കഴിയാത്തത് അറിയാനും സാധ്യമാക്കുന്ന അറിവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ" എന്നായിരുന്നു ചോദ്യം. തുടർന്ന്, അറിവില്ലായ്മ സമ്മതിക്കാൻ നിർബ്ബന്ധിതനായ മകന് ഉദ്ദാലകൻ ആത്മവിദ്യ ഉപദേശിച്ചു കൊടുക്കുന്നു. ഒരു മൺകട്ടയെക്കുറിച്ചറിഞ്ഞാൽ മണ്ണിന്റെ എല്ലാരൂപഭേദങ്ങളേയും അറിയാൻ അറിയാൻ കഴിയുമെന്നതും, ഒരു സ്വർണ്ണത്തരിയെ മനസ്സിലാക്കിയാൽ സ്വർണ്ണത്തിന്റെ എല്ലാ അവസ്ഥാഭേദങ്ങളേയും അറിയാൻ കഴിയുന്നതുമെല്ലാം എടുത്തുകാട്ടി ആത്മജ്ഞാനത്തിന്റെ സ്വഭാവവും പ്രാധാന്യവും പ്രയോജനവും ഉദ്ദാലകൻ മകനു വിശദീകരിച്ചു. എല്ലാത്തിന്റേയും കാതലായ ആ ആത്മതത്ത്വത്തിന്റെ വിശദീകരണം സമാപ്തിയോടടുക്കുമ്പോൾ കൂടുതൽ നാടകീയമാകുന്നു‍. ഒരു ഘട്ടത്തിൽ ഉദ്ദാലകൻ മകനോട് ഒരു പേരാലിൻ കായ കണ്ടെത്തി പിളർത്തി ഉള്ളിലെന്തെന്നു നോക്കാൻ നിർദ്ദേശിച്ചു. അതിൽ ചെറിയ കുരുക്കളാണെന്ന് അവൻ പറഞ്ഞപ്പോൾ കുരുക്കളിലൊന്നു പിളർത്തി, അതിനുള്ളിൽ എന്താണെന്നു നോക്കാനായി നിർദ്ദേശം. അതിനുള്ളിൽ ഒന്നും കാണുന്നില്ല എന്ന് അവൻ മറുപടി പറഞ്ഞപ്പോൾ, കുരുവിനകത്ത് കാണാതിരിക്കുന്ന തത്ത്വമാണ് വലിയ ആൽമരമായി വളരുന്നതെന്നും അതുപോലെ അദൃശ്യമായിരിക്കുന്ന അത്മതത്ത്വത്തിൽ നിന്നാണ് എല്ലാം പുറപ്പെടുന്നതെന്നും വിശദീകരിച്ചിട്ട്, "അത് നീ തന്നെയാണ് ശ്വേതകേതൂ" എന്ന് പ്രഖ്യാപിച്ചു. ഇത് അയാൾ പല്ലവിയായി ഇടക്കിടെ ഇങ്ങനെ ആവർത്തിക്കുന്നു:- “ എല്ലാത്തിന്റേയും ഉള്ളിന്റെയുള്ളിലെ ആത്മാവ് അതാണ്. അതാണ് സത്യം; അതാണ് പരമമായത്; അത് നീ തന്നെയാണ് ശ്വേതകേതൂ, അത് നീ തന്നെയാണ്. (തത് ത്വം അസി ശ്വേതകേതോ, തത് ത്വം അസി)

No comments: