Friday, December 26, 2025

സ്ത്രീ_തെയ്യം കെട്ടുന്ന കേരളത്തിലെ ഏക ക്ഷേത്രം കണ്ണൂർ ജില്ല ചെറുകുന്ന് അന്ന പൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിനടുത്ത്, തെക്കുംമ്പാട്ട് കൂറോം തായക്കാവ് ഭഗവതി ക്ഷേത്രം. ദേവക്കൂത്ത് ( ലാസ്യനൃത്തം) എന്നാണ് സ്ത്രീ തെയ്യം അറിയപ്പെടുന്നത്. തെയ്യക്കോലത്തിൽ സ്ത്രീ അപൂർവ്വ കാഴ്ചയാണ്. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കാടിനുള്ളിലാണ് ക്ഷേത്രം. അന്നപൂർണ്ണേശ്വരി അമ്മ കപ്പലിറങ്ങിയ, ആയിരം തെങ്ങ് വളപ്പിന് സമീപത്താണ് പ്രകൃതിസുന്ദരമായ തെക്കുംമ്പാട്ട്ദ്വീപ്. ദ്വീപിന്റെ തെക്കേയറ്റത്ത് പതിനെട്ട് ഏക്കർ വനത്തിനുള്ളിലാണ് തായക്കാവ് സ്ഥിതി ചെയ്യുന്നത്. കോലത്തിരി രാജാവിന്റെ കുല ദേവതയായ മാടായിക്കാവിലമ്മയുടെ ചൈതന്യ സങ്കല്പത്തിലാണ് ഇവിടത്തെ ആരാധനരീതി. കാടിനുള്ളിൽ ഒറ്റപ്പെട്ടുള്ള ക്ഷേത്രവും, കുളവും, കിണറും ആരെയും ആകർഷിപ്പിക്കുന്നതാണ്. തെക്കുംമ്പാട്ട് ദ്വീപിന്റെ അധീനത - യ്ക്കായി പട നയിച്ച കോലത്തിരിയുടെ പടയാളികൾ, വളപട്ടണം പുഴ വഴി വന്ന് ദ്വീപിൽ താവളം ഉറപ്പിച്ച്, തെക്കുംമ്പാട്ട് ദ്വീപ് കൈവശപ്പെടുത്തിയതായി ചരിത്രം. അന്ന്, വനത്തിൽ വെച്ച് മാടായി - ക്കാവിലമ്മയെ ആരാധന നടത്തിയ സ്ഥലത്താണ് പ്രസിദ്ധമായ കോല സ്വരൂപത്തിങ്കൽ തായ്യുടെ കാവ് ഉയർന്നു വന്നത്. തായ്ക്കാവ് ഭഗവതിയുടെ പ്രധാന ശ്രീകോവിലിനു പുറമേ, വനത്തിനകത്ത് വേട്ടശാസ്താവ്, എലഞ്ഞിക്കീഴി ഭഗവതി എന്നിവരുടെ സാന്നിധ്യവും ഉണ്ട്. തെയ്യം കെട്ടി ആടാറുണ്ടെങ്കിലും, ഇവർക്ക് ശ്രീകോവിൽ ഇല്ല. ദേവക്കൂത്ത് തായ്ക്കാവിൽ സ്ത്രീ കെട്ടിയാടുന്ന തെയ്യമാണ് ദേവക്കൂത്ത്. ദേവലോകത്ത് നിന്ന് പൂക്കൾ ശേഖരിക്കാനായി, തെക്കുംമ്പാട്ട് ദ്വീപിലെ പൂന്തോട്ടത്തിൽ വന്ന ദേവസ്ത്രീകളിൽ ഒരാൾ അവിടെ ഒറ്റപ്പെട്ടു പോകുകയും, പിന്നീട് നാരദമഹർഷിയുടെ സഹായത്തോടെ വള്ളുവൻകടവ് വഴി അവർ ദേവലോകത്തേയ്ക്ക് തിരിച്ചു പോയി എന്ന് ഐതീഹ്യം. ഇതാണ് ദേവക്കൂത്തായി അവതരിപ്പിക്കുന്നത്. 2012 മുതൽ, മാടായി എം വി അംബുജാക്ഷി അമ്മയാണ് തെയ്യംകോലധാരി. 41 ദിവസം വ്രതം നോറ്റ്, തെയ്യത്തിനു മൂന്നു ദിവസം മുമ്പ് താമസം ക്ഷേത്രത്തിലേക്ക് മാറ്റും. ധനു മാസത്തിലാണ് ദേവക്കൂത്ത് നടക്കുക.

No comments: