Tuesday, December 30, 2025

കുടുക്കൂനീര്‍”(കുടിക്കുനീര്‍) മന്ത്രങ്ങളുടെ ചുരുക്കത്തിൽ ഉള്ള അർത്ഥം എന്ന കുറിപ്പു കുറച്ചു ചില മാറ്റങ്ങളൊടെ ഇതാ ഒരിക്കൽകൂടി: മനനത്തിന്നു അതായത് ചിന്തിയ്ക്കാന്‍ ഇടവരുത്തുന്ന ഒന്നാണ് മന്ത്രം (മനനാദിതി മന്ത്രം) എന്ന് പറയാറുണ്ട്‌. അതുകൊണ്ട് തന്നെ വേദസംഹിത യിലെ ഋക്കുകള്‍ എല്ലാം മന്ത്രങ്ങള്‍ ആണ്. വിപ്രൻമാരുടെ നിത്യകര്‍മ്മങ്ങള്‍ എല്ലാം മന്ത്രബഹുലം ആണല്ലോ. നിത്യകര്‍മ്മങ്ങളില്‍ മന്ത്രങ്ങളുടെ പ്രാധാന്യത്തെയും അതിന്നുദാഹരണമായി ഉണ്ണുമ്പോള്‍ “കുടുക്കൂനീര്‍” വീഴ്ത്താന്‍ ചൊല്ലുന്ന മന്ത്രങ്ങളുടെ അര്‍ത്ഥം പറഞ്ഞു അവ എങ്ങിനെ മന്ത്രങ്ങള്‍ ആവുന്നു എന്നും കാണിക്കാനുളള ഒരു ശ്രമം ആണ് ഈ കുറിപ്പ്. അമ്പലങ്ങളില്‍ “നേദിയ്ക്കുംപോള്‍” ചൊല്ലുന്ന മന്ത്രങ്ങളും പലപ്പോഴും ഒന്നാണ്. (നിവേദനം, അതായത് ഭഗവാനോടുള്ള അഭ്യര്‍ത്ഥന - സങ്കല്പവിധി പ്രകാരം ഉള്ള പൂജയിലെപോലെ ഒരു പ്രത്യേകസങ്കല്പാര്‍ത്ഥം അല്ലെന്നതും കാരണമായേക്കാം) നിത്യകര്‍മ്മങ്ങളിലെ പലേ മന്ത്രങ്ങള്‍ പോലും എങ്ങിനെ ഈശ്വരചിന്തയെ ഉണര്‍ത്തുന്നു എന്ന് കാണിക്കാനും കൂടി ഈ കുറിപ്പ് ഉപകാരപ്രദം ആവണമെന്നും മോഹം ഉണ്ട്. നിത്യകര്‍മ്മങ്ങളില്‍ ഉണ്ണാന്‍ ഇരിക്കുമ്പോൾ “കുടുക്കുനീര്‍ വീഴ്ത്തുക” എന്നൊരു പതിവ് ഉണ്ടായിരുന്നു.. പകലത്തെ ഊണാണെങ്കില്‍ “ സത്യം തു ഋതേന പരിഷിഞ്ചാമി” എന്നും രാത്രിയാണെങ്കില്‍ “ഋതം ത്വാം സത്യേന പരിഷിന്‍ചാമി” എന്നും ചൊല്ലി വലത്ത് കയ്യിലെ തള്ളവിരല്‍ കൂടാതെ മുഷ്ടി ചുരുട്ടി ഭക്ഷണം വിളമ്പിയ ഇലയ്ക്ക് ചുറ്റും പ്രദക്ഷിണമായി ജലം കൊണ്ട് ഭക്ഷണത്തെ വലയം ചെയ്യലാണ് (വ്ളാകല്‍) ആദ്യ ഭാഗം. പിന്നെ “ഭൂ: ഭുവ: സ്വര: ഓം” എന്നോ “അമൃതമസി” എന്നോ ചൊല്ലി ഭക്ഷണം തൊടുകയും “അമ്രുതോപസ്തരണമസി” എന്ന് ജപിച്ചു കുറച്ചു ജലം സേവിക്കുകയും ഭക്ഷണം കഴിഞ്ഞാല്‍ “ അമുതാപിധാനം അസി” എന്ന് ജപിച്ചു ഒരിയ്ക്കല്‍ കൂടി ജലം സേവിയ്ക്കുകയും ചെയ്യുന്ന ക്രിയയെ ആണല്ലോ നാം “കുറുക്കു നീര്‍ വിഴ്ത്തല്‍” എന്ന് പറയുന്നത്. ഇതില്‍ ആദ്യത്തെ മന്ത്രങ്ങൾ ആയ “ സത്യം തു ഋതേന പരിഷിഞ്ചാമി” എന്നും “ഋതം ത്വാം സത്യേന പരിഷിഞ്ചാമി” വാച്യാര്‍ത്ഥം “സത്യം ആയ നിന്നെ ഋതം (ജലം) കൊണ്ട് വ്ലാകുന്നു-,വലയം ചെയ്യുന്നു”. കാരണം “ഹവിരസ്മി നാമ”(3-1-27-2) എന്നും “അഗ്നി രസ്മി” എന്നും ഒക്കെ ഉള്ള വേദവാക്യങ്ങള്‍പ്രകാരം (ഒരുവിധത്തില്‍ പറഞ്ഞാല്‍) ഭക്ഷണം ഹവിസ്സ് ആണ്. നാം ഹവിസ്സ് കൊണ്ടാണല്ലോ അഗ്നിയെ ആരാധിക്കുന്നത്. അങ്ങിനെ ഭക്ഷണം കഴിക്കുമ്പോൾ പോലും നാം അഗ്നിയെ ആരാധിയ്ക്കയാണെന്നു മനസ്സിലാവും. അത്രയും പോരെങ്കില്‍ “അഗ്നിമീളേ പുരോഹിതം........”എന്ന ഋഗ്വേദാരംഭമന്ത്രവും അതുപോലെ ദ്വിജന്മാര്‍ക്ക് അഗ്നിയല്ലാതെ വേറൊന്നില്ലെന്നു “ അഗ്നിര്‍ദേവോ ദ്വിജാതീനാം മുനീനാം ഹൃദി ദൈവതം- പ്രതിമാ സ്വല്പബുദ്ധീനാം,സര്‍വത്ര വിദിതാത്മനാം”( ബ്രാഹ്മണര്‍ക്കും മുനിമാര്‍ക്കും അഗ്നിയാണ് പ്രധാനദേവത എന്നും സ്വല്‍പബുദ്ധികള്‍ക്കു വിഗ്രഹമാർഗ്ഗേണ യായേക്കാമെങ്കിലും അഗ്നി തന്നെ ആണ് പ്രധാനദേവതയെന്നും ജ്ഞാനികള്‍ക്ക് അറിയാവുന്നതാണെന്നും, അതും പോരെങ്കില്‍ “ഏകം സദ്‌ വിപ്രാ: ബഹുധാ വദന്തി” എന്നും ഒക്കെ ഓര്‍മ്മ വരും. അങ്ങിനെ ഹവിസ്സെന്നു മാത്രം അല്ല, ഊർജ്ജകാരകങ്ങള്‍ ആയ എല്ലാം ഒന്നാണെന്ന് വ്യക്തം ആവും. അവയെല്ലാം മഹത്‌ ശക്തിയുടെ വിവിധരൂപങ്ങള്‍ ആണെന്നും നാം ഒരു ബിംബതിന്നു പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ (പ്രാണപ്രതിഷ്ഠയായിട്ടാണല്ലോ ബിംബത്തെ കാണാറ്) കുടുക്കുനീര് വീഴ്ത്തി “പ്രാണായ സ്വാഹാ” തുടങ്ങിയ മന്ത്രങ്ങള്‍ ചൊല്ലി നിവേദിയ്ക്കുന്നതും ഭക്ഷണം കഴിയ്ക്കുന്നതും ഒരുപോലെ ആണെന്നും ഒക്കെ ചിന്തിയ്ക്കാന്‍ പറ്റും. എന്തിനേറെ ജലം കൊണ്ട് വ്ളാകി, അതായത് ജലത്തില്‍, പ്രളയജലത്തില്‍ ,അല്ലെങ്കില്‍ പാലാഴിയുടെ മധ്യത്തില്‍ വാഴുന്ന വിഷ്ണു വിനെ ധ്യാനിയ്ക്കയാണെന്ന് വരെ തോന്നിയേക്കാം. ഇങ്ങിനെ ഒക്കെയാണ് “ഋതം ത്വാം സത്യേന പരിഷിഞ്ചാമി” എന്ന ഒരു ചെറിയ വചനം പോലും മന്ത്രം ആവുന്നത്. ഈ ക്രിയയിലെ മറ്റു മൂന്നു മന്ത്രങ്ങളുടെയും കൂടി ഏകദേശം അര്‍ത്ഥം ഇങ്ങിനെ ആണെന്ന് തോന്നുന്നു. വ്ലാകലിന്നു ശേഷം “ഭൂര്ഭുവസ്വരോം” എന്നോ “അമൃതമസി” എന്നോ ചൊല്ലി ജലത്തോടുകൂടി അന്നത്തെ തൊടുകയാണല്ലോ പതിവ്. “ഭൂ” എന്നതുകൊണ്ട് ഭൂലോകത്തെയും “ഭുവ:” എന്നതു അന്തരീക്ഷത്തെയും “സ്വ:” എന്നതുകൊണ്ട്‌ സ്വര്‍ഗലോകത്തെയും അവയുടെ അധിപന്മാരെയും ധ്യാനിച്ച്‌ അവരെല്ലാം തന്നെ പ്രണവസ്വരൂപര്‍ ആണെന്നും അവര്‍ക്കായി ആണ് ഈ ഹവിസ്സ് എന്നും വ്യക്തം ആക്കുന്നു. മരണം ഇല്ലാത്തതു ആണല്ലോ അമൃതം. അപ്പോള്‍ അതും പ്രണവശബ്ദവും ഒന്ന് തന്നെ ആണെന്ന് മനസ്സിലാക്കാന്‍ വിഷമം ഉണ്ടാവില്ല. അടുത്ത ക്രിയ “ അമ്രുതോപസ്തരണമസി” എന്ന് വെച്ചാല്‍ അമൃത് “ഉപസ്തരണം” അതായത് മുകളിലെ അലങ്കാരം ആവട്ടെ” എന്ന്ചൊല്ലി ജലം കുടിയ്ക്കല്‍ ആണ്. ഈ ഹവിസ്സ് (അതിന്നുശേഷം ഉള്ള പ്രണാഹൂതിയെപറ്റി മുന്‍പ് ചിന്തിച്ചതും ആയി ചേര്‍ത്താല്‍) പഞ്ചപ്രാണന്മാര്‍ക്ക് ഹവനം ചെയ്യുമ്പോള്‍ , (വിളമ്പുമ്പോള്‍ “വാട്ടി കീറി കീഴിലയിട്ടു” ചോറ് വിളമ്പുന്നപോലെ) ജഠരാഗ്നിയ്ക്ക് അഗ്നിക്ക് ഹവിസ്സ് ആയ ഭക്ഷനം നെയ്യ്കൊണ്ട് അലംകരിച്ച് ഹവനം ചെയ്കയാണെ ന്നൊക്കെ, അനുമാനിയ്ക്കാനും വിഷമം ഇല്ല. ഭക്ഷണശേഷം ചൊല്ലുന്ന “അമുതാപിധാനം അസി” എന്നതും അതുപോലെ ഈ ഊര്‍ജ്ജം , ശക്തി, അമൃത്പോലെ നശിയ്ക്കാതെ നിലനില്‍ക്കണം എന്ന ചിന്തയും ആയി കണക്കാക്കാം. ഇതിനൊക്കെ ഇങ്ങിനെ ഒക്കെ മാത്രം ആണ്‌ അര്‍ത്ഥം എന്ന് പറയല്‍ അല്ല പക്ഷെ ഇങ്ങിനെയും ചിന്തിയ്ക്കാമെന്നും മന്ത്രങ്ങള്‍ എത്ര ലളിതങ്ങള്‍ ആയാലും അതി ഗഹനങ്ങള്‍ ആണെന്ന് കാണിയ്ക്കാനും ഉള്ള ഒരു ശ്രമം മാത്രം ആണ് ഈ കുറിപ്പ്.( നടുവില്‍ പഴേടത്ത് നാരായണന്‍ നമ്പൂതിരിയുടെ “അനാദി”യില്‍ വന്ന ഒരു ലേഖനത്തോട് കടപ്പാട്. "കുടുക്കുനീര്" എന്നല്ല, "കുടിക്കുനീര്‍" എന്നാവും ശരിയായ വാക്ക് എന്ന് Facebook വഴി Neelakandan Arithottam, Namboothiripad Harish R എന്നിവര്‍ അറിയിച്ചു. "കുടിക്കുനീര്‍" എന്നതാവും യുക്തം എന്ന് എനിക്കും തോന്നുന്നുണ്ട്.) കടപ്പാട്.

No comments: