Sunday, December 21, 2025

മഹാഭാരതത്തിലെ രാമായണകഥ രാമയണങ്ങൾ പലതുണ്ട്. പലതരം പാരായണ അനുഷ്ഠാന രീതികളും ഉണ്ട്. വാല്മീകി രചിച്ച ആദികാവ്യം കൂടാതെ രാമായണത്തിന് പല പതിപ്പുകളും ഉണ്ട്. ഭാരതത്തിൽ മാത്രമല്ല കമ്പോഡിയ, ഇന്തോനേഷ്യ, മലേഷ്യ, ജാവാ, തായ്‌ലൻഡ്, ലാവോസ്, ബർമ്മ എന്നീ രാജ്യങ്ങളിലും അവരുടേതായ രാമായണം ഉണ്ട്. അങ്ങനെ ലോകത്തെല്ലായിടത്തും മുന്നൂറിലധികം വ്യത്യസ്ത രാമായണങ്ങൾ പ്രചാരത്തിലുണ്ട് എന്ന് പറയപ്പെടുന്നു. കമ്പരാമായണം, ബല്ലാള ദേവ രചിച്ച ഭോജപ്രബന്ധ, തെലുഗു ഭാഷയിലുള്ള ശ്രീ രംഗനാഥരാമായണമു, തുളസീദാസ് രാമായണം, കമ്പോഡിയയിൽ പ്രചാരത്തിലുള്ള രാമകർ, ഇന്തോനേഷ്യയിലെ കകാവിൻ രാമായണം, മലേഷ്യയിലെ ഹികായത് സെറി, ബംഗാളിലെ ചന്ദ്രബതി രാമായണം, തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം എന്നിവയെല്ലാം ആണ് അതിൽ പ്രശസ്തമായത്. ചിരഞ്ജീവികളായ ഹനുമാൻ, മാർക്കണ്ഡേയൻ എന്നിവർ പറയുന്ന രാമായണകഥയാണ് മഹാഭാരതത്തിലുള്ളത്. വ്യാസമുനിയും ചിരഞ്ജീവികളിൽ പെടുന്നു. സംസാരചക്രം അനന്തമാണ്. ഓരോ ജീവജാലവും, മനുഷ്യജന്മം കിട്ടിയതിന് ശേഷം, ആത്മജ്ഞാനത്തിലൂടെ മോക്ഷം നേടുന്നത് വരെ, ജനനമരണ ചക്രത്തിൽ പെട്ട് യാതനകൾ അനുഭവിക്കാൻ ഇടവരുന്നു. ഇവയ്‌ക്കെല്ലാം സാക്ഷിയായി ചിരഞ്ജീവികൾ നിലനിൽക്കുന്നു. അവർ പറയുന്ന കഥയാണ് പുരാണേതിഹാസങ്ങൾ. വിഷ്ണുവിന്റെയും ശിവന്റെയും ഭക്തനായ ഭൃഗു മഹർഷിയുടെ വംശത്തിലെ പെട്ടയാളായിരുന്നു ചിരഞ്ജീവി ആയ മാർക്കണ്ഡേയ മഹർഷി. രാമായണത്തിലും മഹാഭാരതത്തിലും മാർക്കണ്ഡേയന്റെ കഥ പറയുന്നുണ്ട്. സംഹാരമൂർത്തിയായ മഹാദേവന്റെ അനുഗ്രഹത്താൽ ആണ് അദ്ദേഹം ചിരഞ്ജീവി ആയത്. ലോകസംരക്ഷകനായ മഹാവിഷ്ണു അദ്ദേഹത്തിന് ജനനമരണ ചക്രങ്ങളിലൂടെ കടന്നുപോകുന്ന സംസാരത്തിന്റെ ദർശനം നല്കി. പ്രളയത്തിലെ സംഭവങ്ങൾക്ക് സാക്ഷിയാണ് അദ്ദേഹം. ഭൂമിയിലുള്ള സകലതും, മലകളും നഗരങ്ങളും, എല്ലാം പ്രളയാഗ്നിയിൽ ദഹിച്ചു സമുദ്രത്തിലെ ലയിക്കുന്നു. തിരകളിൽ പൊങ്ങിക്കിടക്കുന്ന ഒരു ആൽമരത്തിലെ ഇലയിൽ ഒരു കുഞ്ഞു കിടക്കുന്നത് കാണുന്നു. ഇത് വിഷ്ണുവാണെന്ന് മനസ്സിലാക്കി വണങ്ങുന്നു. ശ്വസിക്കുമ്പോൾ മാർക്കണ്ഡേയൻ വിഷ്ണുവിന്റെ ശരീരത്തിനുള്ളിലേക്ക് വലിച്ചെടുക്കപ്പെടുന്നു. അതിനുള്ളിൽ ഭൂലോകവും, നാഗലോകവും, സർപ്പങ്ങളും അസുരന്മാരും വസിക്കുന്ന പാതാളലോകവും, ദേവന്മാർ വസിക്കുന്ന സ്വർഗ്ഗലോകവും, കാണാൻ ഇടയാകുന്നു. പിന്നീട് ശ്വാസം പുറത്തേക്ക് വിടുമ്പോൾ ലോകം മുഴുവൻ പ്രളയാഗ്നിയിൽ ലയിച്ചിരിക്കുന്നതായി കാണുന്നു. അങ്ങനെ പ്രപഞ്ചം മുഴുവൻ ഭഗവാനിൽ നിന്ന് ഉണ്ടാകുന്നതും, ഭഗവാനിൽ തന്നെ ലയിക്കുന്നതും, വീണ്ടും പുനർജനിക്കുന്നതും അദ്ദേഹം കാണുന്നു. നാല് യുഗങ്ങളിലും പ്രളയത്തിലും ഉള്ള സംഭവങ്ങൾക്ക് മാർക്കണ്ഡേയ മഹർഷി സാക്ഷ്യം വഹിച്ചതായി പറയപ്പെടുന്നു. ഒരു ചതുർയുഗം മുഴുവൻ, സത്യയുഗം മുതൽ കലിയുഗം വരെ, ഉള്ള എല്ലാ സംഭവങ്ങളും അനുഭവിച്ചിട്ടുള്ള ഋഷിയാണ് മാർക്കണ്ഡേയൻ. അനശ്വരനായതിനാൽ മറ്റാരേക്കാളും കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തിനറിയാം. അതുകൊണ്ടാണ് അദ്ദേഹം പുരാണകഥകൾ വിവരിക്കുന്നത്. പാണ്ഡവരുടെ വനവാസകാലത്ത് ഹനുമാൻ ഭീമനോട് രാമന്റെ കഥ വിവരിക്കുന്ന ഭാഗവും മഹാഭാരത്തിലുണ്ട്. വനപർവ്വത്തിലെ 149, 150 എന്നീ അദ്ധ്യായങ്ങളിലാണിതുള്ളത്. സൗഗന്ധിക പുഷ്പങ്ങൾ തേടിയുള്ള യാത്രയിലാണ് ഹനുമാനും ഭീമനും കണ്ടുമുട്ടുന്നത്. സീതാന്വേഷണത്തിനായി ലങ്കയിലേക്ക് കടൽ ചാടിക്കന്നപ്പോൾ സ്വീകരിച്ച ആ ബൃഹത്തായ ഒരു രൂപം എനിക്കു കാണിച്ചു തരണം എന്ന് ഭീമൻ പറഞ്ഞപ്പോൾ ഹനുമാൻ ഇങ്ങനെ പറഞ്ഞു: "അതിപ്പോൾ നിനക്കോ മറ്റാർക്കുമോ കാണാൻ പറ്റില്ല. ഒരു ചതുർയുഗത്തിലെ നാലു യുഗങ്ങളിലെ ഓരോ യുഗത്തിലെയും സ്ഥിതി ഒന്നു വേറെയാണ്. കാലചക്രം തിരിയുന്നതിനനുസരിച്ചു ഓരോ യുഗത്തിലെ അവസ്ഥയിലും മാറ്റങ്ങൾ കാണാൻ സാധിക്കും. തകർന്നുകൊണ്ടിരിക്കുന്ന കാലമാണിപ്പോൾ. അന്നു സ്വീകരിച്ച ആ രൂപവും ഇന്നെനിക്കില്ല. ഭൂമി, നദികൾ, വൃക്ഷങ്ങൾ, കുന്ന്‌, സിദ്ധന്മാർ, ദേവന്മാർ, മഹർഷികൾ. ഇവയെല്ലാം യുഗംതോറും കാലത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കും. മറ്റു വസ്തുക്കളൊക്കെയും അങ്ങനെ തന്നെയാണ്‌. ശക്തിയും ദേഹപ്രഭാവാദികളും കുറയുകയും കൂടുകയും ചെയ്യും. കാലത്തെ അതിക്രമിക്കുവാൻ ആർക്കും സാദ്ധ്യമല്ല. ഞാൻ യുഗത്തിന് അനുസരിച്ചു നിൽക്കുകയാണ്‌. അതു കൊണ്ട്‌ ആ രൂപം ഇന്നു കാണുവാൻ വയ്യ!" ഭീമൻ പറഞ്ഞു: യുഗസംഖ്യയും ഓരോ യുഗത്തിലെ യുഗാചാരങ്ങളും ധർമ്മാർത്ഥകാമങ്ങളും കർമ്മവീരൃവും ജന്മമരണങ്ങളും സംബന്ധിച്ച്‌ എല്ലാ തത്വങ്ങളും കേൾക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഭവാൻ പറഞ്ഞാലും!. ഹനുമാൻ പറഞ്ഞു: ഉണ്ണീ! കൃതയുഗത്തിൽ ധർമ്മം സമ്പൂർണ്ണവും സനാതനവുമാണ്. ആ ഉത്തമമായ യുഗകാലത്ത്‌ ആർക്കും യാതൊരു കർത്തവ്യവുമില്ല. അന്നു ധർമ്മം തളരുകയോ, പ്രജകൾ ക്ഷയിക്കുകയോ ചെയ്കയില്ല. നല്ലതായ ആ യുഗത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ കേവലം സങ്കല്പത്താൽ തന്നെ സാധിക്കുവാൻ കഴിഞ്ഞിരുന്നു. സർവ്വരും കൃതകൃതൃന്മാരാണ്‌. അതു കൊണ്ടാണ്‌ കൃതയുഗം സർവ്വോത്തമമായി തീർന്നത്‌. അന്ന്‌ ദേവന്മാരും ദാനവന്മാരും ഗന്ധർവ്വന്മാരും യക്ഷന്മാരും രാക്ഷസന്മാരും പന്നഗന്മാരും ഉണ്ടായിരുന്നില്ല. ക്രയവിക്രയങ്ങളും അന്നുണ്ടായിരുന്നില്ല. ഋക്ക്‌, യജുസ്സ്‌, സാമം എന്നീ വേദഭേദങ്ങളോ, കൃഷി മുതലായ മനുഷ്യരുടെ ക്രിയകളോ അന്ന്‌ ഉണ്ടായിരുന്നില്ല. അന്നത്തെ ഒരേ ധർമ്മം സന്യാസമാണ്‌. വെറുതെ ധ്യാനിച്ചാൽ മതി അന്നു സർവ്വവും ലഭിക്കും. പരമാനന്ദാത്മകമായ ബ്രഹ്മത്തെ പ്രാപിക്കുവാൻ നോക്കുന്ന യോഗികൾ മാത്രമാണ്‌ കൃതയുഗത്തിൽ ഉള്ളത്‌. അന്നു സർവ്വപ്രജകളും സ്വകർമ്മനിരതരാണ്‌. ആശ്രയം, ആചാരം, ജ്ഞാനം ഇവയൊക്കെ എല്ലാവർക്കും തുല്യം തന്നെ. പ്രജകൾ ഏവരും ഒരു പോലെ കർമ്മം ചെയ്തു ധർമ്മം നേടുന്നവരാണ്‌. അന്ന്‌ ഒരേ ദൈവവും, പ്രണവമെന്ന ഒരേ മന്ത്രവും, വേദാന്ത ശ്രവണമെന്ന ഒരേ വിധിയും, ധ്യാനമെന്ന ഒരേ ക്രിയയും, തത്വപ്രതിപാദകമായ ഒരേ വേദവും, ജഞാനനിഷ്ഠയെന്ന ഒരേ ധർമ്മവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവർക്ക് ശമം, ദമം, തപസ്സ്‌ മുതലായ ലക്ഷണങ്ങൾ കൃതയുഗത്തിൽ സ്വതഃസിദ്ധമായി ഉണ്ട്‌. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ ചതുരാശ്രമങ്ങളിൽ കാലം പോലെ വർത്തിച്ച്‌, ഫലത്തെ കാമിക്കാതെ, കർമ്മം ചെയ്ത്‌ പരമഗതി പ്രാപിക്കുന്നവരാണ്‌ അന്നുള്ളവർ. ബ്രഹ്മത്തിൽ ഐക്യം പ്രാപിക്കുക എന്ന ഒരേധർമ്മത്തോടു കൂടിയവരാണ്‌ കൃതയുഗത്തിലെ പ്രജകൾ. സത്വം, രജസ്സ്‌, തമസ്സ്‌ എന്നീ ത്രിഗുണഭേദങ്ങളും അന്നുണ്ടായിരുന്നില്ല. ത്രേതായുഗത്തിൽ ആണ്‌ യജ്ഞങ്ങളുടെ ആരംഭം. നാരായണൻ അന്നു രക്തവർണ്ണനാണ്‌. ധർമ്മത്തിന്റെ ഒരു പാദം (കാൽ ഭാഗം) അന്നു കുറയും. അന്നത്തെ ഭാവസങ്കല്പങ്ങളും ക്രിയാദാനങ്ങളും ഫലത്തെ നോക്കി ഉള്ളവയാകുന്നു. അന്നുള്ളവർ ധർമ്മത്തിൽ നിന്നു വ്യതിചലിക്കാത്ത തപോദാന നിരതന്മാരാണ്‌. സ്വധർമ്മസ്ഥന്മാരും കർമ്മനിരതന്മാരും ആണ്‌ ത്രേതയിലെ മനുഷ്യർ. യജ്ഞങ്ങളും കർമ്മങ്ങളും ക്രിയകളും ആ യുഗത്തിൽ വിവിധങ്ങളായി പരിണമിക്കും. ദ്വാപരയുഗത്തിൽ ധർമ്മത്തിന്റെ പകുതി (രണ്ടു പാദങ്ങൾ) കുറയും. അന്നു വിഷ്ണു പീതവർണ്ണനാണ്‌. വേദം നാലായി പിരിയുന്നത്‌ ആ യുഗത്തിലാണ്‌. ചിലർ ചതുര്‍വ്വേദന്മാരും, ചിലർ ത്രിവേദന്മാരും, ചിലർ ദ്വിവേദന്മാരും, ചിലർ ഏകവേദന്മാരും, ചിലർ ഹീനന്മാരുമാകും. ഇങ്ങനെ പലതരം വിഭാഗക്കാർ മനുഷ്യരിൽ ഉണ്ടാകും. രജോഗുണ പ്രധാനമാണ്‌ ദ്വാപരയുഗം. ബുദ്ധിക്ഷയം മൂലം മർത്ത്യൻ സത്യം കാണാതാകും. സത്യത്തെ അവഗണിക്കുക കാരണം പലതരം രോഗങ്ങൾ ബാധിക്കും. മോഹങ്ങളും ഉപദ്രവങ്ങളും ദൈവവിഹിതമായി വർദ്ധിക്കും. അവ മൂലം മനുഷ്യർ ഏറ്റവും പീഡിതരായി ഭവിക്കും. ചിലർ ഐഹിക സുഖത്തേയും, ചിലർ സ്വർഗ്ഗത്തേയും കാമിച്ച്‌, യജ്ഞങ്ങളിലും തപസ്സിലും ഏർപ്പെടും. ഏകദൈവത്തെ കുറിച്ചുള്ള അജ്ഞാനത്താൽ വേദങ്ങളെ പല രൂപത്തിൽ മാറ്റും. അങ്ങനെ ദ്വാപരത്തിൽ അധർമ്മത്താൽ പ്രജകൾ ക്ഷയിക്കും. തമോഗുണ പ്രധാനമായ കലിയുഗത്തിൽ ധർമ്മത്തിന് ഒരു പാദം മാത്രമായി നിൽക്കേണ്ടതായി വന്നുകൂടും. ഭഗവാൻ കൃഷ്ണവർണ്ണനായി ഭവിക്കും. ദേവാചാരങ്ങളും ധർമ്മയജഞ്ര ക്രിയാദികളും ഇല്ലാതെയാകും. അതിവൃഷ്ടി, അനാവൃഷ്ടി മുതലായ ഊതിബാധകളും ആധിവ്യാധികളും ആലസ്യം, ക്രോധം മുതലായ ദോഷങ്ങളും വിശപ്പ്‌, ഭയം മുതലായ പല പല ഉപ്രദവങ്ങളും വർദ്ധിക്കും. യുഗം മാറുന്നത് അനുസരിച്ച്‌ ധർമ്മവും ഭേദിക്കുന്നു. ധർമ്മം നശിച്ചാൽ ലോകം നശിക്കും. ലോകം ക്ഷയിക്കുന്നതോടു കൂടി ലോകത്തെ പ്രവർത്തിപ്പിക്കുന്ന ഭാവങ്ങളും മാഞ്ഞു പോകും. യുഗക്ഷയത്തിലെ ധർമ്മങ്ങൾ പ്രാർത്ഥനയ്ക്കു വിപരീതമായിട്ടാണ്‌ ഭവിക്കുക. ഇനി ഉടനെ കലിയുഗം തുടങ്ങുകയായി. ചിരംജീവികളായ ഞങ്ങൾ കാലത്തെ അനുസരിച്ചു വർത്തിക്കുന്നവരാണ്‌. എന്റെ പൂർവ്വരൂപത്തെ കാണുവാൻ ആഗ്രഹിക്കുന്നത്‌ നിഷ്പ്രയോജനമാണ്. നിനക്കു മംഗളം ഭവിക്കട്ടെ! ഹനുമാൻ കടൽ ചാടിക്കടന്നപ്പോൾ സ്വീകരിച്ച ആ രൂപം കാണിച്ചു തരണമെന്ന് ഭീമൻ നിർബന്ധപൂർവ്വം പറഞ്ഞപ്പോൾ ഹനുമാൻ പുഞ്ചിരിച്ചുകൊണ്ട് തന്റെ സഹോദരന്റെ ഇഷ്ടത്തെ ചിന്തിച്ചു ശരീരം വലുതാക്കി. അപ്പോൾ ഹനുമാന്റെ ദേഹം ദീർഘ വിസ്താരത്തോടെ ബൃഹത്തായി ഭവിച്ചു. മരങ്ങളൊത്ത കദളീ വനത്തേയും വിട്ടുയർന്ന് ആ വാനരരൂപം പർവ്വതത്തിന്റെ അഗ്രത്തിൽ കവിഞ്ഞ്‌ ഉയർന്നുയർന്നു ദിക്കു മുഴുവൻ വ്യാപിച്ച മട്ടിൽ നിന്നു. ശരീരം ഉയർന്നപ്പോൾ ഹനുമാൻ രണ്ടാമതൊരു വിന്ധ്യപർവ്വതം പോലെ അവിടെ ഉയർന്നു ശോഭിച്ചു. അർക്കതേജസ്സോടു കൂടിയ അവനെ പൊന്മല പോലെ ദീപ്തനായി കണ്ടിട്ട്‌ ഭീമൻ കണ്ണുകൾ അടച്ചു. അപ്പോൾ ഹനുമാൻ പുഞ്ചിരി തൂകി ഭീമനോട്‌ ഇപ്രകാരം പറഞ്ഞു. ഹനുമാൻ പറഞ്ഞു: എടോ ഭീമാ! എന്റെ ഉള്ളിൽ വിചാരിക്കുന്നിടത്തോളം വളരുവാൻ എനിക്കു സാധിക്കും. ഭീമാ, വൈരികൾ എന്നോട്‌ എതിർത്താൽ അപ്പോൾ എന്റെ ഓജസ്സാൽ ഉടൽ വലുതാകും. എന്റെ രൂപം ഇത്രത്തോളം കാണുവാനേ നിനക്കു ശക്തിയുള്ളു. അതൃത്ഭുതവും, മഹാരൗദ്രവും വിന്ധ്യപർവ്വതം പോലെ വിപുലവുമായ ഹനുമാന്റെ ദേഹത്തെ കണ്ട്‌ ഭീമൻ സംഭ്രാന്തനായി തീർന്നു. ഒടുവിൽ മനസ്സ് തെളിഞ്ഞ്‌ പുളകമണിഞ്ഞ്‌ ഭ്രാതാവിനെ കൈകൂപ്പി ഇപ്രകാരം പറഞ്ഞു. ഭീമൻ പറഞ്ഞു: വിഭോ! ഭവാന്റെ രൂപത്തിന്റെ വിപുലമായ അളവ്‌ ഞാൻ കണ്ടു. ഭവാൻ സ്വയം ആ രൂപത്തെ ചുരുക്കിയാലും. ഉദിച്ചു വരുന്ന സൂര്യന്റെ മുഖത്ത്‌ എന്ന പോലെ ഭവാന്റെ നേരെയും നോക്കുവാൻ ഞാൻ ശക്തനല്ല. ഭവാൻ മൈനാക പർവ്വതം പോലെ അപ്രമേയനായ ഉഗ്രമൂർത്തിയാണ്‌. ഹനുമാൻ പറഞ്ഞു: ഞാൻ പറയുന്നതു നീ കേൾക്കുക. വഴിക്ക്‌ യാതൊരു വിഘ്നവും കൂടാതെ ക്ഷേമത്തോടു കൂടി വായുവിനാൽ പരിരക്ഷിതനായി നീ തിരിച്ചു പോകുക. ഈ വഴി സൗഗന്ധിക വനത്തിലേക്ക് ഉള്ളതാണ്‌. ഇതിലെ പോയാൽ യക്ഷ രാക്ഷസന്മാരാൽ രക്ഷിതമായ കുബേരോദ്യാനം നിനക്ക്‌ കാണുവാൻ കഴിയും. നീ അവിടെ തന്നത്താൻ ഊക്കോടെ ചെന്നുകയറി പൂവു പെട്ടെന്നു പറിക്കരുത്‌. മനുഷ്യർക്കു വിശേഷാൽ പൂജ്യരാണ്‌ ദേവന്മാർ എന്നുള്ളത്‌ നീ ഓർക്കണം. സ്വധർമ്മമെന്തെന്നു ധരിക്കാതേയും, വൃദ്ധന്മാരെ ഉപാസിക്കാതേയും ധർമ്മാധർമ്മങ്ങളെ ഗ്രഹിക്കുവാൻ ബൃഹസ്പതിക്കു സമമായവർക്കു കൂടിയും കഴിയുകയില്ല. ധർമ്മത്തെ അധർമ്മമായും, അധർമ്മത്തെ ധർമ്മമായും ബുദ്ധിശൂന്യർക്കു തോന്നുന്ന സന്ദർഭങ്ങളുണ്ട്‌. അവിടെ സത്യം ഏതെന്നു വേർതിരിച്ചു കാണുന്നതിൽ ബുദ്ധിഹീനത കൊണ്ടു മോഹിച്ചു പോകരുത്‌. ആചാരത്തിൽ നിന്നാണ്‌ ധർമ്മം സംഭവിക്കുന്നത്‌. വേദങ്ങൾ ധർമ്മത്തിൽ നിൽക്കുന്നു. വേദങ്ങളെ കൊണ്ടു യജ്ഞങ്ങൾ ഉണ്ടാകുന്നു. യജ്ഞങ്ങളിലാണ്‌ ദേവന്മാരുടെ പ്രതിഷ്ഠ. വേദാചാര വിധി പ്രകാരമുള്ള യജ്ഞങ്ങളാൽ ദേവന്മാരും, ബൃഹസ്പതിയുടേയും ശുക്രന്റേയും നീതികളെ അനുസരിച്ച്‌ മനുഷ്യരും ജീവിക്കുന്നു. കൂലിപ്പണി, വ്യവസായം, വാണിജ്യം, കൃഷി, ഗോരക്ഷണം എന്നിങ്ങനെ ധർമ്മോചിതമായ മാനുഷ വൃത്തികളാലാണ്‌ സർവ്വവും നില നിൽക്കുന്നത്‌. ബ്രാഹ്മണർക്കു വേദാദ്ധ്യയനവും, വൈശ്യർക്കു കൃഷിയും വാണിജ്യവും, ക്ഷത്രിയർക്കു ദണ്ഡ നീതിയുമാണ്‌ മനുഷ്യ ലോകത്തിലെ മൂന്നുതരം ജീവിത വൃത്തികൾ. ഇവ വഴിപോലെ പ്രയോഗിച്ചിട്ടാണ്‌ ലോകയാത്ര നിർവ്വഹിക്കേണ്ടത്‌. ഇവയെ മനുഷ്യർ ധർമ്മത്തിൽ ഉൾപ്പെടുത്തുന്നില്ലെങ്കിൽ വൈദിക ധർമ്മങ്ങളും, ദണ്ഡനീതിയും, കൃഷി വാണിജ്യാദികളും മറഞ്ഞു പോയാൽ ലോകത്തിലെ കഥയെന്താകും? മര്യാദ കെട്ടു പ്രജകൾ നശിക്കും! ഉപസംഹാരം : ആധുനിക ശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്ന ശില്പവാസ്തുവിദ്യകളാണ് തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ഉള്ളത്. 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലിൽ നിർമ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന മകുടം. എങ്ങനെയാണ് ഇത്രയും ഭാരമേറിയ കല്ലുകൾ അത്രയും ഉയരത്തിൽ എത്തിച്ചത് എന്ന കാര്യം ഇപ്പോഴും ആർക്കും അറിയില്ല. അത് പോലെ വിസ്മയമാണ് ഈജിപ്തിലെ പിരമിഡുകൾ. ഹനുമാൻ ഭീമനോട് പറഞ്ഞ കാര്യങ്ങൾ വച്ചു നോക്കുമ്പോൾ, ഭാരതത്തിലെ ബൃഹത് ക്ഷേത്രങ്ങളും ഈജിപ്തിലെ പിരമിഡുകളും നിർമ്മിച്ചത് ത്രേതാ ദ്വാപര യുഗത്തിലായിരിക്കണം എന്നനുമാനിക്കാം. കേവലം അയ്യായിരം വർഷം മുമ്പ് ആര്യന്മാരുടെ കുടിയേറ്റത്തോടെ മാനവസംസ്കാരം രൂപപ്പെട്ടു എന്നു പറയുന്നതിലെ അർത്ഥശൂന്യതയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. മാർക്കണ്ഡേയമഹർഷി കഥ പറയുന്നു പാണ്ഡവരുടെ വനവാസകാലത്ത് കാമ്യകവനത്തിൽ മറ്റു ഋഷിമാരോടൊത്ത് താമസിക്കുന്ന കാലം. പാണ്ഡവർ നായാട്ടിന് പോയ സമയം നോക്കി സിന്ധുരാജാവായ ജയദ്രഥൻ വന്നു ദ്രൗപദിയെ തട്ടിക്കൊണ്ടു പോയി. ഇതറിഞ്ഞ പാണ്ഡവർ ജയദ്രഥന്റെ സൈന്യത്തെ പിന്തുടർന്ന് അവരോടെതിർത്തു യുദ്ധം ചെയ്തു. ദ്രൗപദിയെ മോചിപ്പിച്ചു ജയദ്രഥനെ ആട്ടിയോടിച്ചശേഷം പാണ്ഡുപുത്രന്മാർ മുനിമാരോടും പരിജനങ്ങളോടും കൂടി സമാധാനമായി കഴിഞ്ഞുവരുമ്പോൾ മാർക്കണ്ഡേയമഹർഷി അവിടെ വന്നുചേർന്നു. യുധിഷ്ഠരന് വളരെ സന്തോഷമായി. അദ്ദേഹത്തെ വേണ്ടപോലെ ഉപചരിച്ചു താമസിപ്പിച്ചുവന്നു. ഒരു ദിവസം മദ്ധ്യാഹ്നത്തിൽ എല്ലാവരും ഒത്തുകൂടിയിരിക്കുമ്പോൾ യുധിഷ്ഠരൻ മാർക്കണ്ഡേയനോട് ചോദിച്ചു. - "ഈ ദ്രൗപദി യജ്ഞവേദിയിൽ നിന്നുണ്ടായവളും അയോനിജയുമാണ്. മഹാപ്രതാപശാലിയായ പാണ്ഡുവിന്റെ സ്നുഷയും പാണ്ഡവരുടെ പട്ടമഹിഷിയുമാണ്. ജയദ്രഥൻ അവളെ പിടിച്ചുകൊണ്ടുപോയി. ഒന്നും സംഭവിച്ചില്ല. വേണ്ടത്ര ശിക്ഷ അയാൾക്ക് കിട്ടുകയും ചെയ്തു. എന്നാലും ഇങ്ങനെയുള്ള ദുരനുഭവങ്ങളൊക്കെ അവൾക്ക് വരാൻ പാടുണ്ടോ? പ്രാരാബ്ധമെന്നു പറയാം. എന്നാലും നല്ലവർക്ക് ചീത്ത പ്രാരാബ്ധം എങ്ങനെയുണ്ടാകുന്നു. ഇതുപോലെ മറ്റാർക്കെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ആരാണ്? അയാളുടെ ചരിത്രം വിശദമായി എനിക്ക് പറഞ്ഞു തരണം. യുധിഷ്ഠരന്റെ ചോദ്യം കേട്ട മാർക്കണ്ഡേയമഹർഷി ആലോചിച്ചശേഷം രാമായണചരിത്രത്തെ കീർത്തിക്കാൻ തുടങ്ങി. മാർക്കണ്ഡേയരാമായണം തുടർന്ന് വായിക്കുക 2/7 - https://www.facebook.com/permalink.php?story_fbid=pfbid0GGKLdSk3qkDGbFD53dxAGnfEm24hjtDSupgTyLmqbRvVHtgXszQjZj5s3njbtRfDl&id=100085451889712

No comments: