Saturday, September 13, 2025

ശംഖചക്രഗദാപാണിയായി ഭഗവാൻ വസുദേവർക്ക് ദർശനം കൊടുത്തു. വസുദേവർക്ക് സുന്ദരമായ ദർശനം!! തമത്ഭുതം ബാലകം അംബുജേക്ഷണം ചതുർഭുജം ശംഖഗദാര്യുദായുധം ശ്രീവത്സലക്ഷ്മം ഗളശോഭികൗസ്തുഭം ശംഖ് ചക്രം ഗദാ കൗസ്തുഭം ശ്രീവത്സം സർവ്വത്തോട് കൂടിയും വൈകുണ്ഠത്തിലിരിക്കുന്ന അതേ ഭാവത്തിൽ ദർശനം. തമത്ഭുതം ബാല കം 'കം' എന്നാൽ പരമാത്മാവ് കുഞ്ഞായിട്ട് വന്നു പിറന്ന പരമാത്മവസ്തു. അംബുജേക്ഷണം താമരക്കണ്ണുകൾ കണ്ണുകൾ താമരദളം പോലെ ഇരിക്കുന്നു. താമരയിലയിൽ ജലകണങ്ങൾ വീണാൽ ഒട്ടാതെ നില്ക്കും. താമര ചെളിയിലാണ് വളരുന്നതെങ്കിലും താമരയെ അതൊന്നും ബാധിക്കില്ല്യ. ജലം വീണാലും അതില് ഒട്ടില്യ. ഭഗവാൻ പറയുന്നത് ലോകത്തിൽ ഇരിക്കുമ്പോൾ ഇതുപോലെ ആവണമെന്നാണ്. പത്മപത്രമിവാംഭസാം കണ്ണന്റെ കണ്ണ് കണ്ടാൽ ആ കണ്ണിന് ഒരു നിസംഗഭാവം ആണത്രേ. അത്യധികം പ്രിയം, ആകർഷണം, പ്രേമം എല്ലാം ഉണ്ട് ഈ നിസംഗനോട്ടത്തിന്. തമത്ഭുതം ബാലകം അംബുജേക്ഷണം ചതുർഭുജം നാല് കൈകൾ ഭഗവാന്. ശംഖ് ചക്രം ഗദാ പത്മങ്ങൾ ധരിച്ച നാല് കൈകൾ. ഭഗവാൻ ഹൃദയത്തിൽ ആവിർഭവിക്കുമ്പോൾ മനസ്സ് ,ബുദ്ധി, അഹങ്കാരം, ചിത്തം ഇത് നാലും അടങ്ങും. ചതുർഭുജം ശംഖഗദാര്യുദായുധം ശ്രീവത്സ ലക്ഷ്മീം ഗളശോഭികൗസ്തുഭം പീതാംബരം സാന്ദ്രപയോദസൗഭഗം വസുദേവർക്ക് ഇതെല്ലാം ദർശിക്കാൻ കഴിഞ്ഞു. ദൃഷ്ടിമകരന്ദരസം ഭവന്തം കണ്ണിന് തേൻ പോലെ ഇരിക്കണു കൃഷ്ണൻ. കണ്ണിന് മധുരമായിരിക്കുന്നു. അധരം മധുരം വദനം മധുരം മഥുരാധിപതേ അഖിലം മധുരം ഭഗവദ് അനുഭവം ഏർപ്പെടുമ്പോൾ സർവ്വവും മധുരമായിരിക്കും. ദൃഷ്ടിമകരന്ദരസം ഭവന്തം ദൃഷ്ടിക്ക് തേനായിരിക്കുന്നു എന്നാൽ സർവ്വേന്ദ്രിയങ്ങൾക്കും ഭഗവദ് അനുഭവം ഏർപ്പെട്ട വസുദേവർ ഭഗവാനെ സ്തുതിച്ചു. ഹേ പ്രഭു, അങ്ങ് എല്ലാവരുടെ ഹൃദയത്തിലും പ്രകാശിക്കുന്ന സാക്ഷീപുരുഷൻ. ആ സാക്ഷിപുരുഷനായ ആത്മാവിന് ആണ് ഈ പ്രപഞ്ചാനുഭവം ണ്ടാകുന്നത്. ആത്മാവില്ലാതെ പ്രപഞ്ചം ണ്ട് എന്ന് ആർക്ക് പറയാൻ കഴിയും? ആത്മാവിനാണ് പ്രപഞ്ചാനുഭവം ണ്ടാവണത്. യ ആത്മനോ ദൃശ്യഗുണേഷു സന്നിതി വ്യവസ്യതേ സ്വവ്യതിരേകതോഽബുധ: തന്നെ വിലക്കിനിർത്തി ഈ ദൃശ്യഗുണപ്രപഞ്ചം ഇരിക്കണു എന്ന് ആര് പറയുന്നുവോ അവൻ മഠയൻ. ഇങ്ങനെ ഭഗവാനെ ദർശിച്ച് വസുദേവർക്ക് ആത്മാനുഭവം ഏർപ്പെട്ടു. വിനാനുവാദം ന ച തന്മനീക്ഷിതം സമ്യഗ്യതസ്ത്യക്തമുപാദദത് പുമാൻ. സാധാരണ കുഞ്ഞുങ്ങൾ ജനിക്കുമ്പോ എങ്ങനെയാ നമ്മൾ എന്തു പറയും? നല്ല അഴകുള്ള കുഞ്ഞ് . നോക്കൂ സുന്ദരമായ കണ്ണുകൾ.ഹാ കുഞ്ഞ് ചിരിക്കണു. കുഞ്ഞിനെ കണ്ടാൽ നമ്മൾ എന്തു ചെയ്യും? അതിനെ എടുത്ത് ലാളിച്ച് മുത്തശ്ശി പോലെ ണ്ട്. അപ്പായെ ഉറിച്ച് വെച്ചിരിക്കണ പോലെ ണ്ടല്ലോ. എന്നൊക്കെ പറഞ്ഞു ലാളിക്കും. ഇവിടെ വസുദേവർ എങ്ങനെയാണ്? ഈ ആത്മാ,. ഉള്ളിലിരിക്കുന്ന വസ്തു ഇങ്ങനെ ഒക്കെ പറഞ്ഞു കൊണ്ടിരിക്കണു. ദേവകിയുടെ കാര്യമോ? സാധാരണ ഒരു അമ്മ എങ്ങന്യാ പെരുമാറാ? നമുക്ക് അതറിയാം. ഇവിടെ ദേവകി എഴുന്നേറ്റു നിന്നു ഭഗവാനെ കണ്ടിട്ട് ഭക്തിയോടെ സ്തുതിച്ചു . രൂപം യത് തത് പ്രാഹു: അവ്യക്തമാദ്യം ബ്രഹ്മ ജ്യോതി: നിർഗ്ഗുണം നിർവ്വികാരം സത്താമാത്രം നിർവ്വിശേഷം നിരീഹം സ ത്വം സാക്ഷാദ് വിഷ്ണു:അദ്ധ്യാത്മദീപ: കുറച്ച് നിമിഷത്തേക്ക് ഒരു സാക്ഷാത്ക്കാരം. വസുദേവർക്കും ദേവകിക്കും ഭഗവാൻ സാക്ഷാത്ക്കാരത്തിന്റെ ഒരു glimpse കൊടുത്തു. അത് കഴിഞ്ഞ് ഭഗവാൻ പറഞ്ഞു. കഴിഞ്ഞു പോയ രണ്ടു ജന്മങ്ങളിൽ നിങ്ങൾ രണ്ടു പേരും എനിക്ക് അച്ഛനും അമ്മയും ആയിരുന്നു. പൃശ്നി ഗർഭനായി ഞാൻ നിങ്ങൾക്ക് ജനിച്ചു. വാമനനായി ജനിച്ചു. ഇപ്പൊ ഇതാ കൃഷ്ണനായി പിറന്നിരിക്കുന്നു. പുത്രഭാഗ്യം മാത്രം മുഖ്യമായിട്ട് വെച്ചിരുന്നതിനാൽ നിങ്ങൾക്ക് വീണ്ടും ജന്മമെടുക്കേണ്ടി വന്നു. ഈ ജന്മത്തിൽ, യുവാം മാം പുത്രഭാവേന ബ്രഹ്മ ഭാവേന ചാസകൃത് ചിന്തയന്തൗ കൃതസ്നേഹൗ യാസ്യേഥേ മദ്ഗതിം പരാം പുത്രൻ എന്ന് മാത്രം ധരിച്ചാൽ പാശം വന്നു പോകും. *ബ്രഹ്മം എന്ന് ധരിച്ചാൽ എന്നോട് പ്രിയം വരില്ല്യ.അതുകൊണ്ട് പുത്രനായിട്ട്* *ധരിച്ച് പ്രിയത്തോടെ നോക്കുമ്പോഴും ബ്രഹ്മം ആയിട്ട് ഉള്ളിൽ അറിഞ്ഞാൽ ആ പ്രിയമേ ഭക്തി ആയിട്ട് തീരും.* വ്യവഹാരത്തിൽ ഇത് കൊണ്ട് വരണം. നമ്മളുടെ പ്രിയത്തിന് വേലിക്കെട്ടില്ലെങ്കിൽ അതിന് ഭക്തി എന്ന് പേര്. *അനന്തമായ പ്രിയമാണ് ഭക്തി.* *വിശ്വത്തിലുള്ള* *സകലതിനോടും ഉള്ള പ്രിയമാണ് ഭക്തി* . വിശ്വമേ ഭഗവദ്സ്വരൂപം ആണ്. ഭക്തിയിൽ നമ്മളുടെ അമ്മ, അച്ഛൻ, മക്കൾ, പേരക്കുട്ടികൾ മുത്തശ്ശൻ, മുത്തശ്ശി ഇവരോടൊക്കയുള്ള പ്രിയവും ഭക്തിയാണ്. പക്ഷേ ഇവളോട് ഒരു പ്രത്യേക പ്രിയം അവനോട് ഒരു ഇത് അങ്ങനെ ആയാൽ അത് വിഭക്തി. അപ്പോ ഭഗവാൻ പറയുന്നതെന്താ? നിങ്ങൾ എന്നെ പുത്രനെന്ന് തന്നെ നിനച്ചു കൊള്ളുക. അങ്ങനെ ഭാവിക്കുമ്പോ ഒരു പ്രിയം എളുപ്പത്തിൽ ണ്ടാവും. പക്ഷേ എങ്ങനെ? ബ്രഹ്മഭാവേന. പ്രിയം ഇരിക്കുന്ന വസ്തുവിൽ ഭഗവാനെ ദർശിക്കാ. അങനെ കാണാൻ എന്ത് വേണം? ഒരു മരുന്ന് ഒരു നേരം കഴിച്ചാൽ ഫലിക്കില്ല്യ കുറേ പ്രാവശ്യം കഴിക്കണം. അതേ മാതിരി ആവർത്തിച്ച് ആവർത്തിച്ച് ഏത് വസ്തുവിൽ പ്രിയം ണ്ടോ ആ വസ്തുവിനെ കീറി മുറിച്ച് കാണണം. Xray vision. അത് ഉള്ളിലിരിക്കുന്ന വസ്തു വിനോടാണ് പ്രിയം എന്നറിയണം. പ്രിയം ശുദ്ധം. *ആ വസ്തുവിനോടുള്ള ആസക്തി,* *വിശേഷണം അതിനോടുള്ള selfish motive* *എടുത്ത് മാറ്റിയാൽ അങ്ങനെയുള്ള പ്രിയം തന്നെ* *ഭക്തി ആണ്.* ശ്രീനൊച്ചൂർജി 🙏🌹

No comments: