Saturday, September 06, 2025

ആകെ അഞ്ച് കൈലാസങ്ങൾ ആകെ ആണ് ഉള്ളത്. ഈ അഞ്ച് കൈലാസങ്ങളിലും ശിവപാർവ്വതിമാർ മാറി മാറി താമസിക്കുന്നു എന്നാണ് വിശ്വാസം. തിബത്തിലെ മനസ സരോവർ കൈലാസത്തിന് പുറമെ നാല് കൈലാസങ്ങൾ കൂടി. അവ നാലും ഇന്ത്യയിലാണ്. ഉത്തരാഖണ്ഡിലെ ആദികൈലാസം, ഹിമാചൽ പ്രദേശിലുള്ള മണി മഹേഷ് കൈലാസം, കിന്നർ കൈലാസം, ശ്രീകണ്ഠ മഹാദേവ് കൈലാസം എന്നിവയാണ് ഈ നാല് കൈലാസങ്ങൾ. സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് 5600 മീറ്ററിന്(5.6 കിലോമീറ്റർ) മുകളിൽ ഉയരമുള്ള ഇതുവരെയും മനുഷ്യ സ്പർശം ഏറ്റിട്ടില്ലാത്ത ഒരു പർവ്വത ഭീമ ൻ. അതാണ് മണി മഹേഷ് കൈലാസം. 4300 മീറ്റർ (4 കിലോമീറ്റർ) ഉയരത്തിലാണ് മണി മഹേഷ് തടാകം സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നാൽ കൈലാസ പർവ്വതത്തിന്റെ പൂർണ്ണമായ കാഴ്ച നമുക്ക് സാധ്യമാവുകയുള്ളൂ. മനുഷ്യർക്ക് പ്രവേശനമുള്ള ഇടം മണിമഹേഷ് തടാകക്കര വരെയാണ്. പർവ്വതത്തെ പരിക്രമണം ചെയ്യുന്ന പതിവ് ഉണ്ടെങ്കിലും ആ വർഷം കാലാവസ്ഥ പ്രതികൂലമായതിനാൽ പരിക്രമണത്തിന് അനുമതി ഉണ്ടായിരുന്നില്ല. ജന്മാഷ്ടമി ദിനമായ ശ്രാവണ മാസത്തിലെ കറുത്ത പക്ഷ അഷ്ടമി തൊട്ട് രാധാഷ്ടമിയായ വെളുത്ത പക്ഷ അഷ്ടമി വരെയുള്ള ദിവസങ്ങളാണ് മണി മഹേഷിലെ കൈലാസത്തിൽ ശിവ സാനിധ്യമെന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ ഈ രണ്ടാഴ്ചക്കാലമാണ് ഇവിടുത്തെ തീർത്ഥാടന കാലം. സീസണിലെ തിരക്കൊഴിവാക്കാൻ ജൂൺ മാസം തൊട്ട് സപ്തംബർ വരെ മണിമഹേഷിലേക്ക് പരിമിതമായെങ്കിലും സഞ്ചാരികൾ എത്താറുണ്ട് ഔദ്യോഗിക സംവിധാനങ്ങളും സൗകര്യങ്ങളും ഒന്നും ഉണ്ടാവുകയില്ല. തീർത്ഥാടനക്കാലത്ത് രണ്ടാഴ്ച്ച കൊണ്ട് മണിമഹേഷിലേക്ക് ലക്ഷക്കണക്കിന് വിശ്വാസികൾ എത്തിച്ചേരും. വഴി നീളെ തീർത്ഥാടകർക്കായി ഇടത്താവളങ്ങളും, മെഡിക്കൽ സെന്ററുകളും, ലംഗറുകൾ എന്ന കമ്മ്യൂണിറ്റി കിച്ചൺ സെന്ററുകളും ഒരുങ്ങും. ഇത്തരം ലംഗറുകളിൽ എത്തിച്ചേരുന്ന ഓരോരുത്തർക്കും സൗജന്യമായി മുഴുവൻ സമയവും ഭക്ഷണം ലഭ്യമായിരിക്കും. രാത്രി കിടക്കുവാൻ സൗജന്യമായിത്തന്നെ ടെന്റുകളും കട്ടിയുള്ള കമ്പിളിപ്പുതപ്പുകളും ലഭിക്കും. അവർ തീർത്ഥാടകരെ ഈശ്വര സമന്മാരായിക്കണ്ട് സ്വീകരിക്കുന്നു. ഭക്തർ കഴിക്കുന്നത് ഭഗവാനെ ഊട്ടുന്നത് പോലെ അവർ സമർപ്പിക്കുന്നു. ഹിമാചൽ പ്രദേശന്റെ ബോർഡർ കടന്നാൽത്തന്നെ വഴിയരികിൽ ഇത്തരം ലംഗറുകൾ കണ്ട് തുടങ്ങും. സർക്കാർ തലത്തിലും, വിവിധ സന്നദ്ധ സംഘടനകളുടെ മേൽനോട്ടത്തിലും ഇത്തരത്തിൽ ആയിരക്കണക്കിന് സൗജന്യ ലംഗറുകൾ ഹിമാചൽ പ്രദേശിലെ നിരത്തുവക്കിൽ മുഴുവൻ കാണാം. ഇതിനു പുറമെ പിടിച്ചു പറിയില്ലാത്ത താൽക്കാലിക ഹോട്ടലുകളും, ഒരാൾക്ക് ഒരു രാത്രിക്ക് 100 രൂപ നിരക്കിൽ കിടക്കാനുള്ള ടെന്റ്, കമ്പിളിപ്പുതപ്പുകളും ലഭിക്കും. ശബരിമല സീസണിൽ സർക്കാർ സംവിധാനവും സ്വകാര്യ സ്ഥാപനങ്ങളും കച്ചവടം കൊഴുപ്പിക്കുന്ന കേരള സാഹചര്യത്തിൽ നിന്ന് പോകുന്ന ഞങ്ങൾക്ക് ശരിക്കും അമ്പരപ്പായിരുന്നു ഈ ഏർപ്പാടുകൾ. സീസൺ അല്ലാത്ത സമയങ്ങളിൽ മണിമഹേഷ് യാത്രയ്ക്ക് ഇറങ്ങിയാൽ ഇത്തരം സംവിധാനങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ഏതെങ്കിലും ഒരു ലോക്കൽ ഗൈഡിന്റെ സഹായത്തോടെ ഭക്ഷണം, താമസത്തിനുള്ള ടെന്റുകൾ ഉൾപ്പടെ സകല സന്നാഹങ്ങളോടും കൂടി മാത്രമേ മറ്റ് സമയങ്ങളിൽ നമുക്ക് യാത്ര സാധ്യമാവുകയുള്ളൂ. ബ്രഹ്മോർ ആണ് മണി മഹേഷ് കൈലാസ യാത്രയുടെ ബേസ് ക്യാമ്പ്. കേരളത്തിൽ നിന്ന് വിമാനമാർഗ്ഗം അമൃത്സർ വഴിയും ചണ്ഡിഗഢ് വഴിയും ഹിമാചൽ പ്രദേശിലുള്ള ചമ്പ ജില്ലയിലെ ബ്രഹ്മോറിലെത്താം. ട്രയിൻ മാർഗ്ഗമാണ് എങ്കിൽ പഠാൻകോട്ട് ആണ് ഏറ്റവും അടുത്ത് ഉള്ള റയിൽവേ സ്റ്റേഷൻ. ബ്രഹ്മോറിലുള്ള ചൗരാസി മന്ദിറിലും, ആറ് കിലോമീറ്റർ അകലെയുള്ള ബ്രാഹ്മണി മാതാ മന്ദിറിലും തൊഴുതു വേണം മണി മഹേഷ് യാത്ര ആരംഭിക്കാൻ. ബ്രഹ്മോറിൽ നിന്ന് 14 കിലോമീറ്റർ വാഹനത്തിൽ യാത്ര ചെയ്ത് ഹഡ്സർ എന്ന ചെറുഗ്രാമത്തിലെത്താം. അവിടെ നിന്നാണ് മണിമഹേഷ് കൈലാസത്തിലേക്കുള്ള നടത്തം ആരംഭിക്കേണ്ടത്. കനത്ത മഴ നിമിത്തം ഹിമാചൽ പ്രദേശിലാകമാനം റഡ് അലർട്ടു പ്രഖ്യാപിക്കപ്പെട്ട ദിവസമാണ് ആ യാത്രയിൽ ഞങ്ങൾ ബ്രഹ്മോറിൽ എത്തിചേരുന്നത്. ഹിമാചലിലും, ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനം മൂലം ഉണ്ടായ ദുരന്ത വാർത്തകൾ ടി. വിയിൽ കണ്ട് അൽപം ഭയത്തോടെ നാട്ടിൽ നിന്ന് അച്ഛൻ വിളിച്ചപ്പോൾ മാത്രമാണ് അക്കാര്യം ഞങ്ങൾ അറിയുന്നത് പോലും. പോകുന്ന വഴിയിൽ ചിലയിടങ്ങളിൽ മഴയുണ്ടായത് ഒഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ബ്രഹ്മോറിൽ എത്തുമ്പോൾ മഴയുടെ ഒരു ലക്ഷണം പോലുമില്ലായിരുന്നു. അവിടെ നിന്നും നൂറ്റി അമ്പതു കിലോമീറ്റർ എങ്കിലും അകലെയാണ് മേഘ വിസ്ഫോടനം ഉണ്ടായി എന്നും നിരവധിപേർ അപകടത്തിൽ പെട്ടു എന്നും അറിയാൻ കഴിഞ്ഞു. എന്നാൽ ബ്രഹ്മറിൽ വരുന്ന മൂന്ന് ദിവസത്തേക്ക് മഴ സാധ്യത തെല്ലും ഇല്ലെന്ന അറിയിപ്പ് കൂടി കിട്ടിയപ്പോൾ തൊട്ടടുത്ത ദിവസം തന്നെ മണിമഹേഷിലേക്ക് ഇറങ്ങാൻ ഞങ്ങൾ നിശ്ചയിച്ചു. തൊട്ടടുത്ത ദിവസം കാലത്ത് ബ്രഹ്മറിലെ ചൗരാസി മന്ദിറിൽ തൊഴുത് ഞങ്ങൾ മണി മഹേഷ് യാത്രയ്ക്ക് ഒരുങ്ങി. ബ്രഹ്മോറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഹഡ്സർ എന്ന ഗ്രാമത്തിൽ നിന്നാണ് മണിമഹേഷ് കൈലാസത്തിലേക്കുള്ള ട്രക്കിങ്ങ് ആരംഭിക്കുന്നത്. ഹദ്സറിലേക്ക് നിരന്തരം ഷെയർ ടാക്സി സർവ്വീസ് ഉണ്ട്. എന്നാൽ ഒരു മാസം മുമ്പ് നടന്ന ഉരുൾ പൊട്ടലിൽ പോകുന്ന വഴിയിലെ ഒരു പാലം ഒന്നാകെ ഒലിച്ചു പോയി. അതിനാൽ ആ പാലത്തിന്റെ ഒരു വശത്ത് ഇറങ്ങി, താൽക്കാലിക നടപ്പാത വഴി നടന്ന് മറുകരയിലെത്തണം. തുടർന്ന് മറ്റൊരു വാഹനത്തിൽ കയറി വേണം ഹഡ്സറിലെത്താൻ. തിരക്കു കാരണം ഇരു കരയിലേയും വാഹന ലഭ്യതയുടെ കുറവ് ഞങ്ങൾ പ്ലാൻ ചെയ്ത സമയ ക്രമത്തെ ബാധിച്ചു. ഒടുവിൽ ഹഡ്സറിലെത്താൻ പകൽ പതിനൊന്നര മണിയായി. കത്തുന്ന വെയിലും ചൂടും, മുന്നിലുള്ള ചെങ്കുത്തായ കയറ്റവും, തെല്ല് പരിഭ്രമത്തോടെ ഞങ്ങൾ കൈലാസനാഥനെ നമസ്ക്കരിച്ച്, പടി തൊട്ടു വണങ്ങി മല കയറ്റം തുടങ്ങി. ഹഡ്സറിൽ നിന്ന് 6 കിലോമീറ്റർ മല കയറിയാൽ എത്തുന്ന ധാൻചൗ ആണ് ആദ്യ ദിവസത്തെ ഇടത്താവളം. ദൂരം ആറ് കിലോമീറ്റർ മാത്രമാണ് എങ്കിലും അനുഭവത്തിൽ ആ ദൂരം അതിലും എത്രയോ ഇരട്ടിയാണ്. തുടക്കം മുതൽത്തന്നെ ദുർഘടവും ചെങ്കുത്തായതുമായ കയറ്റം. കയറിയാലും കയറിയാലും തീരാതെ വഴി നീണ്ട് നീണ്ട് പോകുന്ന പ്രതീതി. അവയ്ക്ക് പുറമെ അതിശക്തമായ വെയിലും. കാലാവസ്ഥാ വ്യതിയാനമാകാം ഹിമാലയത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും പകലുകൾ ഉഷ്ണമുള്ളതായിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. നടന്നും, ഇടയ്ക്കൊന്നു വിശ്രമിച്ചും അഞ്ചര മണിക്കൂറിൽ അധികം സമയമെടുത്ത് വൈകുന്നേരം അഞ്ച് മണിയോടെ ഞങ്ങൾ അന്ന് ധാൻചൗവിലെ ഇടത്താവളത്തിലെത്തി. ഏതാണ്ട് അരക്കിലോ മീറ്ററോളം നീണ്ടു കിടക്കുന്ന ഒരു സ്ഥലമാണ് ധാൻചൗ. ഇവിടം മുഴുവൻ വിവിധ സംഘടനകളും, ട്രസ്റ്റുകളും നടത്തുന്ന ലംഗാർ സേവാ സെന്ററുകളുണ്ട്. നിത്യവും പതിനായിരത്തോളം സഞ്ചാരികൾക്ക് സൗജന്യമായി തങ്ങാനും, മുഴുവൻ സമയവും ഭക്ഷണം കഴിക്കാനും ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നു. അതിൽ ആദ്യം കണ്ട ഇടത്താവളത്തിൽ തങ്ങി അന്നത്തെ ദിവസം ഞങ്ങൾ വിശ്രമിച്ചു. വെയിൽ താഴുന്നതോടെ തണുപ്പിന് കട്ടി വച്ചു. രാത്രിയിൽ മൂന്നടുക്ക് കമ്പിളിക്കുപ്പായം ധരിച്ച് കമ്പിളി പുതച്ചാണ് കിടന്നത്. എന്നിട്ടും തണുത്ത് വിറച്ചു. ധൻചൗവിൽ നിന്ന് 8 കിലോമീറ്ററാണ് മണി മഹേഷ് തടാകക്കരയിലേക്ക് ദൂരം.പിറ്റേന്ന് കാലത്ത് ആറര മണിക്ക് തന്നെ നടത്തം തുടങ്ങി. ധൻചൗവരെ കണ്ട പ്രകൃതിയല്ല മുന്നോട്ടുള്ള വഴിയിൽ ഞങ്ങളെ കാത്തിരുന്നത്. ഒരു തണൽ മരം പോലുമില്ലാത്തതും, മലകൾക്ക് മുകളിൽ മലകൾ എന്ന വിധത്തിൽ അടുക്കി വച്ചതുമായ നാലോ അഞ്ചോ പർവ്വതങ്ങൾ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കെന്ന വണ്ണം കയറ്റത്തിൽ നിന്ന് വലിയ കയറ്റങ്ങളിലേക്ക് ആ പാത ഞങ്ങളെ നയിച്ചു. ധൻ ചൗവിൽ നിന്ന് മൂന്നര കിലോമീറ്റർ മാത്രം അകലെയുള്ള സുന്ദരാസി എന്ന ഇടത്താവളത്തിലെത്തുന്നത് 11 മണിക്ക്. മൂന്നര കിലോമീറ്റർ താണ്ടാൻ തന്നെ നാലര മണിക്കൂറിലേറെ എടുത്തു എന്ന് പറയുമ്പോൾത്തന്നെ ഈ പാത എത്രമാത്രം ദുർഘടമാണ് എന്ന് ഊഹിക്കാവുന്നതാണ്. സുന്ദരാസിയിലെ ലംഗറിൽ നിന്ന് ഭക്ഷണം കഴിച്ച് അൽപം വിശ്രമിച്ച് പതിനൊന്നരയോടെ മുന്നോട്ട് നടന്നു തുടങ്ങി. എന്നാൽ മുന്നിലുള്ളത് കൂടുതൽ കൂടുതൽ ദുസ്സഹമായ കയറ്റങ്ങളായിരുന്നു. ശക്തമായ കിതപ്പും, ക്ഷീണവും ശരിക്കും തളർത്തി തുടങ്ങുന്ന ഘട്ടം. ഹ്രസ്വമായ 10 കാലടികൾ വച്ച് അത്രയും സമയം നിന്നും, ദീർഘശ്വാസമെടുത്തും, കിതപ്പകറ്റിയും മുന്നോട്ടു നടന്നു. ഉയരങ്ങളിലെത്തുന്തോറും വീശിയടിക്കുന്ന ശീതക്കാറ്റ് കൂടുതൽ ശക്തമായി. തളർന്ന് പോകുന്ന ഘട്ടം. സഹയാത്രികരിൽ ചിലർക്കെങ്കിലും ചെറിയ ആരോഗ്യ പ്രശ്നങ്ങൾ കാണിച്ച് തുടങ്ങിയപ്പോൾ പരിഭ്രമവും ഇരട്ടിച്ചു. മുകളിലേക്ക് ഭാരമെത്തിച്ച ശേഷം തിരികെ ഇറങ്ങി വരുന്ന കുതിരക്കാരോട് വില പേശി ഉറപ്പിച്ച് വല്ലാതെ അവശത കാണിച്ച രണ്ട് സഹയാത്രികരെ കുതിരപ്പുറമേറ്റി മുകളിക്ക് പറഞ്ഞു വിട്ടു. കുത്തനെയുള്ള കയറ്റവും, മുന്നിലുള്ള ദീർഘമായ പാതയും ശരിക്കും തിരിച്ചു കിട്ടിയ ആത്മവിശ്വാസത്തെ തകർത്തു. ഇതിനൊരു അറ്റം കാണുന്നില്ലല്ലോ എന്ന ചിന്തയിൽ മുന്നോട്ട് നടന്നു കൊണ്ടേയിരുന്നു. കടുത്ത ക്ഷീണവും കനത്ത ശീതക്കാറ്റും ഒരു പോലെ ബുദ്ധിമുട്ടിക്കുന്നു. ഒടുവിൽ ഒമ്പത് മണിക്കൂർ നീണ്ട നടത്തത്തിന് ഒടുവിൽ വൈകീട്ട് മൂന്നു മണിയോടെ ഗൗരീകുണ്ഡിലെത്തി. മണി മഹേഷ് തടാകം സ്ഥിതി ചെയ്യുന്ന പർവ്വതത്തിനു തൊട്ട് കീഴിലാണ് ഗൗരികുണ്ഡ് തടാകം. ശ്രീപാർവ്വതിയുടെ സ്നാന ഘട്ടമാണ് ഗൗരി കുണ്ഡ് എന്നാണ് വിശ്വാസം. അത് കൊണ്ടു തന്നെ ഈ കുളത്തിൽ സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. സ്ത്രീകൾ ഇവിടെ കുളിച്ച് പ്രാർത്ഥിച്ചു വേണം മുന്നോട്ട് പോകുവാൻ എന്നാണ് ആചാരം. തടാകത്തിനടുത്തുള്ള ഒരു ലംഗാറിൽ കുറച്ചു നേരം വിശ്രമിച്ച് വെള്ളവും ഗ്ലൂക്കോസും കഴിച്ച് വീണ്ടും നടത്തം തുടങ്ങി. ഇനിയും കഷ്ടിച്ച് ഒരു കിലോമീറ്റർ കൂടി കയറാനുണ്ട്. ഏന്തിയും വലിഞ്ഞുമാണ് എങ്കിൽക്കൂടിയും ലക്ഷ്യം അകലെയല്ല എന്ന തിരിച്ചറിവ് എന്തെന്നില്ലാത്ത ഒരു കരുത്ത് പകരുന്നുണ്ടായിരുന്നു. സാക്ഷാൽ കൈലാസനാഥന്റെ മുന്നിലേക്കാണ് നടക്കുന്നത്. പഞ്ചാക്ഷരം ജപിച്ച് ഓരോ കാലടിയും വച്ചു. ഹൃദയം വല്ലാതെ മിഡിക്കുന്നുണ്ടായിരുന്നു. അത് കാതുകളിൽ കേൾക്കുന്നു. ശരീരമാസകലം എന്തോ ഒരു തരംഗം കടന്ന് പോകുന്ന അവസ്ഥ. ശരീരത്തിനു ഭാരം ഇല്ലാതാകുന്ന ഒരു തലം. സ്വയം നിയന്ത്രിതമല്ലാതെ മറ്റാരാലോ കൈ പിടിച്ച് നടത്തുന്നത് പോലെ മുകളിലേക്ക് ഞാൻ നടന്നു. വാക്കുകളാൽ നിർവ്വചിക്കാനാകാത്ത ഒരു ബോധതലത്തിലൂടെ മണിമഹേഷ് തടാകക്കരയിൽ ഞങ്ങൾ എത്തി. കുത്തനെയുള്ള കയറ്റമായട്ടും, ക്ഷീണിച്ച് അവശരായിട്ടും ഗൗരീകണ്ഡിൽ നിന്ന് മുകളിലേക്കുള്ള ഒരു കിലോമീറ്റർ കയറ്റം കേവലം ഇരുപത് മിനുട്ട് കൊണ്ട് കയറിയെത്തി. ശരീരബോധം ഉപേക്ഷിക്കുന്നിടത്ത് മാത്രമേ ആത്മബോധം തുടങ്ങുകയുള്ളൂ. അവിടെയാണ് ശിവനിലേക്കുള്ള, ശിവത്വത്തിലേക്കുള്ള പാത തുറക്കപ്പെടുന്നത്. തടാകക്കരയിലെ ഒരു താൽക്കാലിക വിശ്രമ കേന്ദ്രത്തിൽ മുന്നേ പോയ സഹയാത്രികർ ഞങ്ങൾക്കായി കാത്തിരിപ്പുണ്ടായിരുന്നു. കൈലാസ ദർശനം ഞങ്ങൾക്ക് തൊട്ടരികിലാണ്. പർവ്വതങ്ങൾക്ക് നടുവിൽ സ്ഫടിക നിറമുള്ള ജലം നിറഞ്ഞ അണ്ഡാകൃതിയിലുള്ള ഒരു തടാകം; മണി മഹേഷ് തടാകം. അതിനു വടക്ക് വശത്ത് ആരെയും അമ്പരപ്പിക്കുന്ന പ്രൗഢിയിൽ സാക്ഷാൽ മണി മഹേഷ് കൈലാസ പർവ്വതം. ആനന്ദധാര, നിലയ്ക്കാത്ത അനാഹത ധ്വനി. ശിവോഹം ശിവോഹം. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത, അനുഭവത്തിലൂടെ മാത്രം തിരിച്ചറിയേണ്ട ചിലതുണ്ട് ജീവിതത്തിൽ. മണി മഹേഷ് കൈലാസ ദർശനവും അത് പോലെ ഒന്ന് തന്നെയാണ്. രണ്ടായിരത്തി 16 മുതൽ നിരവധി ഹിമാലയൻ ട്രക്കുകൾ ഇതിന് മുമ്പ് ഞാൻ നടത്തിയിട്ടുണ്ട്. പക്ഷേ മണിമഹേഷ് പോലെ ഒരു ചെങ്കുത്തായ കയറ്റം ഇതു വരെ കയറിയിട്ടില്ല. ശിവനിലേക്കുള്ള പാത ഒട്ടും എളുപ്പമുള്ളതല്ല. അതാണ് ഈ യാത്രയുടെ തിരിച്ചറിവ്. Pudayoor Jayanarayanan

No comments: