Saturday, September 06, 2025

ധ്യാനത്തിൽ വൃക്ഷച്ചുവട്ടിൽ ഇരിയ്ക്കയായിരുന്ന കൗശികബ്രാഹ്മണന്റെ തലയിലേയ്ക്കായിരുന്നു. ഒരു പക്ഷി കാഷ്ഠിച്ചത്! അയാൾ കോപം കൊണ്ട് ജ്വലിച്ചു! ആ പക്ഷിയെ ദേഷ്യത്തോടെ നോക്കി! അദ്ദേഹത്തിന്റെ യോഗസിദ്ധിയാൽ പക്ഷി താഴെ വീണ് പിടഞ്ഞ് ചത്തു! അടുത്ത നിമിഷം തന്നെ അയാളിൽ പശ്ചാത്താപമുണർന്നു! കോപം നിമിത്തം തനിയ്ക്ക് പറ്റിയ തെറ്റ് ഓർത്ത് വേദനിച്ചു. പിന്നെ അവിടെ നിന്നും അയാൾ എഴുന്നേറ്റ് നടന്നു. ഭിക്ഷ തേടി ആ ബ്രാഹ്മണൻ ഒരു വീടിന് മുന്നിലെത്തി. ഭിക്ഷാം ദേഹിയായി നിൽക്കുന്ന കൗശികന് 'അല്പം ക്ഷമിയ്ക്കണ'മെന്ന മറുപടിയാണ് ലഭിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും ആരും പുറത്തേയ്ക്ക് വരാതിരുന്നപ്പോൾ അയാൾ അക്ഷമനായി! പിന്നേയും ഏറെ നേരത്തിന് ശേഷം കൗശികനോട് ക്ഷമായാചനം ചെയ്തു കൊണ്ട് കുടുംബനാഥ ഭിക്ഷയുമായി വന്നു. ഇത്രയധികം സമയം വൈകിയതെന്തെന്ന കൗശികന്റെ ചോദ്യത്തിന് താൻ വിശന്നു വന്ന ഭർത്താവിന് ഭക്ഷണം നൽകുകയായിരുന്നെന്ന അവരുടെ മറുപടി അയാളെ കോപിഷ്ഠനാക്കി! ബ്രാഹ്മണ ശ്രേഷ്ഠനായ താനിവിടെ ഭിക്ഷാംദേഹിയായി നിൽക്കുമ്പോളാണ് അവളുടെ ഒരു ഭർതൃശുശ്രൂഷ!!കോപത്താൽ പരിസരം മറന്ന കൗശികബ്രാഹ്മണൻ ആ സ്ത്രീയെ ദേഷ്യത്തോടെ നോക്കി. അപ്പോളവർ പറഞ്ഞു; 'ഹേ വിപ്രാ! ഞാൻ വെള്ളിൽ പക്ഷിയല്ലാ, ഭവാൻ കോപിയ്ക്കാതിരിയ്ക്കുക! താങ്കൾക്ക് എന്നെ ഒന്നും ചെയ്യാനാവില്ലാ.' ഒരു നിമിഷം ഞെട്ടിപ്പോയി കൗശികൻ. കാട്ടിൽ നടന്ന സംഭവം ഈ സ്ത്രീ എങ്ങനെ അറിഞ്ഞു എന്ന് ആശ്ചര്യപ്പെട്ടു! മിഴിച്ചു നിൽക്കുന്ന കൗശികനോട് ആ സ്ത്രീ തുടർന്നു; 'താങ്കൾ സ്വാദ്ധ്യായനിരതനൊക്കെ ആവാം പക്ഷേ താങ്കൾക്ക് ധർമ്മതത്വം അറിയില്ലാ. വിപ്രനായിട്ട് കൂടി ധർമ്മം അറിയുന്നില്ലെങ്കിൽ അങ്ങ് മിഥിലയിൽ ചെന്ന് ധർമ്മവ്യാധനോട് ചോദിയ്ക്കുക.' തന്റെ നിലയെപ്പറ്റി ചിന്തിച്ച കൗശികൻ, സ്വയം നിന്ദിച്ചു. ആ സ്ത്രീയെ വന്ദിച്ച ശേഷം അവർ പറഞ്ഞ പ്രകാരം ധർമ്മവ്യാധനിൽ നിന്നും ധർമ്മം ഗ്രഹിയ്ക്കുന്നതിനായി മിഥിലയിലേയ്ക്ക് തിരിച്ചു. മിഥിലാപുരിയിലെത്തി ധർമ്മവ്യാധനെ അന്വേഷിച്ചു നടന്ന കൗശികൻ എത്തിച്ചേർന്നത് മാംസം വിൽക്കുന്ന ഒരു തെരുവിലായിരുന്നു! മാംസം വിറ്റു കൊണ്ടിരിയ്ക്കുന്ന ധർമ്മവ്യാധനെ കണ്ട ബ്രാഹ്മണൻ അടുത്ത് പോവാതെ മാറി നിന്നു. ഇതു കണ്ട ധർമ്മവ്യാധൻ അദ്ദേഹത്തിന്റെ അരുകിലെത്തി തൊഴുതു കൊണ്ട് പറഞ്ഞു; 'ഭഗവാനേ വിപ്രസത്തമാ! അങ്ങ് അന്വേഷിയ്ക്കുന്ന ധർമ്മവ്യാധൻ ഞാനാകുന്നു, അങ്ങ് ഇവിടെ എത്തിച്ചേരാനുള്ള കാരണവും ഞാനറിയുന്നു.' കൗശികൻ വീണ്ടും ഞെട്ടി! ഇത് രണ്ടാമത്തെ ആശ്ചര്യമായിരിയ്ക്കുന്നെന്ന് ചിന്തിച്ചു. വ്യാധൻ അദ്ദേഹത്തേയും കൂട്ടി വീട്ടിലെത്തി. അവർ തമ്മിലുള്ള സംഭാഷണമാരംഭിച്ചു. ആദ്യമേ തന്നെ കൗശികബ്രാഹ്മണൻ ധർമ്മവ്യാധനെ ഉപദേശിയ്ക്കയാണ് ചെയ്തത്! ഈ തൊഴിൽ അങ്ങേയ്ക്ക് ചേർന്നതല്ലെന്ന കൗശികന്റെ അഭിപ്രായം കേട്ട വ്യാധൻ പറഞ്ഞു; ഞാനെന്റെ കുലധർമ്മം ആചരിയ്ക്കുന്നത് കണ്ട് അങ്ങ് വിഷമിയ്ക്കാതിരിയ്ക്കുക, ആത്മാവ് ശുഭമാണ് എന്ന് ചിന്തിയ്ക്കുന്നതിൽ മനസ്സ് വയ്ക്കുക! വിധി മുമ്പേ കൊന്ന ജീവിയുടെ കാര്യത്തിൽ ഘാതകൻ ഒരു നിമിത്തം മാത്രമാണ്! ഭഗവത് ഗീതയിലെ അതേ വചനങ്ങൾ!!! 'നിമിത്തമാത്രം ഭവ സവ്യസാചിൻ!' വ്യാധൻ പിന്നേയും ധർമ്മോപദേശം തുടർന്നു. ശേഷം തനിയ്ക്ക് ഈ സിദ്ധി കിട്ടിയത് എങ്ങനെ എന്ന് ധർമ്മവ്യാധൻ കാണിച്ചു കൊടുക്കുന്നു, തന്റെ മാതാപിതാക്കളെ കാണിച്ചു കൊടുത്ത ശേഷം വ്യാധൻ പറയുന്നു; 'ഇവരാണ് എന്റെ ദൈവം! ❤️❤️ എപ്രകാരം ഇന്ദ്രൻ മുതലായ ദേവകൾ എല്ലാവര്‍ക്കും പൂജ്യരായിരിയ്ക്കുന്നുവോ അപ്രകാരം ഇവരെനിയ്ക്ക് പൂജ്യരാകുന്നു. ഇവരാണ് എനിയ്ക്ക് മുനീന്ദ്രന്മാർ! ഇവരാണ് എനിയ്ക്ക് വാഴ്ത്തപ്പെടുന്ന അഗ്നികൾ! ഇവര്‍ക്കു വേണ്ടിയാണ് എന്റെ പ്രാണനും സകലതും! പുത്രധർമ്മം ആചരിയ്ക്കുക വഴി ഏറ്റവും പ്രിയപ്പെട്ടവരെ തന്നെ ദൈവമായി കാണുകയും സേവിയ്ക്കുകയും ചെയ്ത് പരമപദം നേടി ധർമ്മവ്യാധൻ. ❤️❤️ ഭർതൃശുശ്രൂഷയിലൂടെ ആ കുടുംബിനിയും അങ്ങനെ തന്നെ! ഭർത്താവിനെ തന്നെ ദൈവമായി കണ്ടതുകൊണ്ടാണ് അവർ പുറത്തൊരു ബ്രാഹ്മണൻ വന്നു നിന്നിട്ടും തന്റെ ധർമ്മത്തിൽ ഇളകാതെ നിന്നത്. ❤️❤️ ശ്രീരാമകൃഷ്ണപരമഹംസർ പത്നിയായ ശാരദാദേവിയെ പൂജിച്ചതും പരമമായ ആ ധർമ്മം മുൻനിർത്തിയായിരുന്നു! ❤️❤️ വൃദ്ധരായ മാതാപിതാക്കളുടെ സമ്മതമില്ലാതെ വീടുവിട്ടിറങ്ങിയ കൗശിക ബ്രാഹ്മണനോട് തിരികെ പോയി അവരെ ശുശ്രൂഷിച്ച് ജീവിയ്ക്കുക എന്ന് പറഞ്ഞു കൊണ്ട് വ്യാധഗീത അവസാനിയ്ക്കുന്നു. അർജ്ജുനനോട് യുദ്ധം ചെയ്യുക എന്ന് പറഞ്ഞ് ഭഗവത്ഗീതയും, ഉദ്ധവരോട് സന്യാസവും പറഞ്ഞ് ഉദ്ദവഗീതയും അവസാനിയ്ക്കുന്നു. ഓരോരുത്തരും അവരവരിലെ വാസനയ്ക്കനുസരിച്ചുള്ള കർമ്മം ചെയ്യുക. ആത്മസാക്ഷാത്കാരം നേടാൻ കർമ്മയോഗം തന്നെ ധാരാളമാണ്. 'യോഗസ്ഥഃ കുരു കർമ്മാണി' എന്ന് ഗീത ❤️❤️

No comments: