Monday, June 05, 2017

സമകാലിക ലോകത്ത് ഏത് രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് നൈപുണ്യ നിര്‍മ്മാണം, വിജ്ഞാനം എന്നിവ അത്യന്താപേക്ഷിതമാണ്. പ്രതിവര്‍ഷം 13 ദശലക്ഷം യുവജനങ്ങള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത് കൂടുതലുമാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നൈപുണ്യ നിര്‍മ്മാണം അനിവാര്യമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.
വ്യവസായവല്‍കൃത ലോകത്ത് തൊഴില്‍ശക്തി നാല് ശതമാനമായി കുറയുമെന്നു പ്രതീക്ഷിക്കപ്പെടുമ്പോള്‍ 20 വര്‍ഷക്കാലം കൊണ്ട് നമ്മുടെ രാജ്യത്ത് അത് 32 ശതമാനം വര്‍ധിക്കും. നൈപുണ്യമുള്ള തൊഴില്‍ ശക്തിയുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്നതിന്റെ സൂചകമാണ് ഇത്. അതുകൊണ്ടുതന്നെ നൈപുണ്യ വികസനം സര്‍ക്കാരിന്റെ അടിയന്തര മുന്‍ഗണനയുമാണ്. ഭാവിയിലേക്കുള്ള ആവശ്യം കണക്കിലെടുത്ത് രണ്ടായിരത്തി ഇരുപത്തിരണ്ടോടെ കരുത്തും കഴിവുമുള്ള 500 ദശലക്ഷം നൈപുണ്യമുള്ള മനുഷ്യശേഷി സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
വെല്ലുവിളി വലുതായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ആകെ തൊഴില്‍ ശക്തിയുടെ 4.69 ശതമാനത്തിന് മാത്രമാണ് ഔപചാരിക നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ളത്. ചില വികസ്വര രാജ്യങ്ങളുടേതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇത്. നൈപുണ്യമുള്ള മനുഷ്യ വിഭവശേഷി അമേരിക്കയുടേത് 52 ശതമാനവും ദക്ഷിണ കൊറിയയുടേത് 96 ശതമാനവും ആണ്. നൈപുണ്യ വികസന യത്‌നങ്ങളുടെ അളവും വേഗവും വര്‍ധിപ്പിക്കാനുള്ള കരുത്തുറ്റ ഒരു നയരൂപരേഖയും കര്‍മ്മപരിപാടിയും വികസിപ്പിക്കുന്നതിന് നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും എന്‍ഡിഎ സര്‍ക്കാര്‍ 2014 ഡിസംബറില്‍ ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചു.
ഇതിനു പുറമേ, നിലവിലുള്ള നൈപുണ്യ വികസന പരിപാടികള്‍ വേഗത്തിലാക്കാനും നിലവാരം ഉയര്‍ത്താനും സമയബന്ധിതമായി ലക്ഷ്യങ്ങള്‍ നേടാനുമാകുന്ന വിധത്തില്‍ നിരവധി പുതിയ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഉല്‍ക്കര്‍ഷേച്ഛ നിറഞ്ഞ നൈപുണ്യ വികസന പദ്ധതിയായ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് 2015ല്‍ തുടക്കമിട്ടു. ഉന്നത നിലവാരമുള്ള പരിശീലനത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെ പത്ത് ദശലക്ഷം യുവജനങ്ങളെ നൈപുണ്യമുള്ളവരാക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് മറ്റൊരു നാല് വര്‍ഷത്തേക്കു കൂടി പിഎംകെവൈക്ക് പിന്നീട് അനുമതി നല്‍കി. ഈ പദ്ധതിക്ക് കീഴില്‍ പരിശീലനത്തിന്റെയും നിര്‍ണ്ണയത്തിന്റെയും ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. തൊഴില്‍ അവസരങ്ങളും വിപണിയിലെ ആവശ്യകതയുമനുസരിച്ച് നൈപുണ്യമുള്ള തൊഴില്‍ ശക്തിയെ സൃഷ്ടിക്കുന്ന വിധത്തില്‍ അഭിരുചിയും അഭിലാഷവും വിജ്ഞാനവും കണ്ണിചേര്‍ത്ത് ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ (എന്‍എസ്ഡിസി) മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വധ്വാനി ഓപ്പറേറ്റിംഗ് ഫൗണ്ടേഷനെ വിജ്ഞാന പങ്കാളിയാക്കി സഹകരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി യുവ യോജന എന്ന മറ്റൊരു പദ്ധതിയും കഴിഞ്ഞ വര്‍ഷം നവംബറില്‍ നടപ്പാക്കി. രാജ്യമെമ്പാടുമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള ഉന്നത പഠന സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ഐറ്റിഐകള്‍, സംരംഭകത്വ വികസന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ പദ്ധതി നടപ്പിലാക്കുന്ന 3050 സ്ഥാപനങ്ങള്‍ മുഖേന 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സംരംഭകത്വ വിദ്യാഭ്യാസം ലഭ്യമാക്കും. പദ്ധതിക്ക് കീഴില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായവും മന്ത്രാലയം ലഭ്യമാക്കും. രാജ്യത്ത് നേരിട്ടും പരോക്ഷമായും 2.30 ലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കുന്ന 23,000ല്‍ അധികം സംരംഭങ്ങള്‍ സജ്ജമാക്കുന്നതിന് അഞ്ചു വര്‍ഷത്തെ പദ്ധതി സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 84,000 വിദ്യാര്‍ത്ഥികളില്‍ എത്തുന്ന വിധം സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി സാമ്പത്തിക സഹായം ലഭ്യമാക്കും.
രാജ്യത്തെ സാങ്കേതിക വിദ്യ- വ്യവസായ വളര്‍ച്ചയ്ക്ക് ആവശ്യമായ മനുഷ്യശേഷി ഉണ്ടാക്കുന്നതിന് വിവിധ തൊഴില്‍പരമായ രീതികളില്‍ പങ്കാളിയാകാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിശീലന പദ്ധതിക്കു കീഴില്‍ 1950കളില്‍ വ്യവസായ പരിശീലന സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 5,85,284 അധിക സീറ്റുകളോടുകൂടി 3342 പുതിയ ഐറ്റിഐകള്‍ സ്ഥാപിച്ചു. തൊഴിലിലൂടെയോ സ്വന്തം തൊഴില്‍ സ്ഥാപിച്ചോ ഉപജീവനം തേടാന്‍ ഐറ്റിഐ യുവജനങ്ങളെ സഹായിച്ചു.
ഗവണ്‍മെന്റ് ഐറ്റിഐകളെ മാതൃകാ ഐറ്റിഐകള്‍ ആക്കി ഉയര്‍ത്തുന്നതിന് 2014 ഡിസംബറില്‍ ഒരു പദ്ധതി കൊണ്ടുവന്നു. മറ്റ് ഐറ്റിഐകള്‍ക്ക് മാതൃകയാവുകയും ഐറ്റിഐ വിദ്യാഭ്യാസത്തിന്റെ അന്തസ്സ് ഉയര്‍ത്തുകയും ചെയ്യുന്ന വിധത്തില്‍ വ്യവസായാധിഷ്ഠിത ഐറ്റിഐക്കു വേണ്ടി ഒരു മാതൃക വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ക്ക് പരിഹാരം ലഭ്യമാക്കുന്ന പ്രവര്‍ത്തനത്തിനു പ്രാപ്തമാക്കാന്‍ അടുത്ത പ്രദേശത്തെ വ്യവസായ ക്ലസ്റ്ററുകളുമായി ശൃംഖല സ്ഥാപിക്കുന്ന വിധമാണ് ഈ മാതൃകാ ഐറ്റിഐകള്‍ സ്ഥാപിക്കുന്നത്. ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയിലെ നളഗാര്‍ ഗവണ്‍മെന്റ് മാതൃകാ ഐറ്റിഐയില്‍ 2014 ല്‍ മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക് ആയി പരിശീലനം ലഭിച്ച ഗുഞ്ജന്‍ ഗൗതം ഇപ്പോള്‍ ഹിമാചല്‍പ്രദേശിലെ ഹാമിര്‍പൂരിലും നദാഊനിലും ജവലാജിയിലും ശാഖകളുള്ളതും 60 മെക്കാനിക്കുകളും തൊഴിലാളികളും ജോലി ചെയ്യുന്നതുമായ ഡീലര്‍ഷിപ്പ് സ്ഥാപനത്തിന്റെ ഉടമയാണ്.
25 ഐറ്റിഐകളാണ് മാതൃകാ ഐറ്റിഐകളായി ഉയര്‍ത്താന്‍ കണ്ടെത്തിയിട്ടുള്ളത്.
1396 ഗവണ്‍മെന്റ് ഐറ്റിഐകളെ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ( പിപിപി) നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതിയില്‍പ്പെടുത്തി 1227 ഗവണ്‍മെന്റ് ഐറ്റിഐകള്‍ 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുന്ന നൈപുണ്യ വികസനം പ്രോല്‍സാഹിപ്പിക്കുന്നതിന് പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ മറ്റ് നിരവധി ആനുകൂല്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കുന്നു.
ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. നമ്മുടെ രാജ്യത്തിലെ ആകെ ജനസംഖ്യയില്‍ 62 ശതമാനവും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ് (15 മുതല്‍ 59 വയസ്സ് വരെ). 54 ശതമാനത്തിലേറെപ്പേര്‍ 25 വയസ്സിനു താഴെയുള്ളവരുമാണ്.
15 മുതല്‍ 59 വയസ്സ് വരെയുള്ളവരുടെ എണ്ണം അടുത്ത പതിറ്റാണ്ടില്‍ വര്‍ധിക്കും. യുഎസ്എ, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലെ ശരാശരി പ്രായം 45 മുതല്‍ 49 വരെയുള്ള എന്നതുമായി ഇതിന്റെ അന്തരം നോക്കുക. നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, ജനസംഖ്യയിലുള്ള ഈ ആനുകൂല്യത്തില്‍നിന്ന് കാര്യമായി നേട്ടും കൊയ്‌തെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. പക്ഷേ, നമ്മുടെ തൊഴില്‍ ശക്തിയെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന വിധം തൊഴില്‍ നൈപുണ്യവും വിജ്ഞാനവും വളര്‍ത്തുന്നതാക്കി മാറ്റുക തന്നെ വേണം.


ജന്മഭൂമി:

No comments: