Tuesday, June 20, 2017

ഭഗവാന്റെ കഥാദികളില്‍ താല്‍പര്യമുണ്ടാകുന്നതാണ് ഭഗവത് ഭക്തിയുടെ ലക്ഷണമെന്നാണ് ഗര്‍ഗ മഹര്‍ഷിയുടെ അഭിപ്രായം. ഭഗവത് പൂജകളിലുള്ള രതിയാണ് ഭക്തിലക്ഷണമെന്ന് ഉദ്‌ഘോഷിച്ച വേദവ്യാസനും അനേകം കഥകള്‍ വിസ്തരിച്ചാണ് തന്റെ ശിഷ്യന്മാര്‍ക്ക് ഭക്തിമാര്‍ഗ്ഗം ഉപദേശിച്ചത്. കഥകള്‍ക്ക് അത്ര പ്രാധാന്യമുണ്ടെന്ന് വേദവ്യാസനും അറിയാമായിരുന്നു.
എന്നാല്‍ ഗര്‍ഗ മഹര്‍ഷി പറയുമ്പോള്‍ അതിനു മഹത്വം ഏറുന്നു.
ശ്രീകൃഷ്ണന്റെയും ബലരാമന്റെയും മാത്രമല്ല, വംശത്തിനു മുഴുവന്‍ ഗുരുവായിരുന്നു ഗര്‍ഗ മഹര്‍ഷി. ഈ മഹര്‍ഷി തന്നെയാണ് രാമകൃഷ്ണന്മാര്‍ക്ക് ആ പേരിട്ടതും മറ്റു ചടങ്ങുകള്‍ നിര്‍വഹിച്ചതും.അതുകൊണ്ടു തന്നെ ഈ മഹര്‍ഷിയുടെ വാക്കുകള്‍ക്കും പ്രാധാന്യമേറുന്നു. ഇവരുടെ ജന്മത്തിന് (അവതാരത്തിന്) മുമ്പേ ഇവരെ കൂടുതല്‍ അറിഞ്ഞവനാണ് ഗര്‍ഗമഹര്‍ഷി.
ഭഗവാന്റെ കഥകള്‍ പരമാവധി കേള്‍ക്കുകയും അതില്‍ ലയിക്കുകയും ചെയ്യുക. പറ്റുന്ന ഘട്ടങ്ങളിലെല്ലാം ഭഗവത് കഥകള്‍ പറഞ്ഞു കീര്‍ത്തിക്കുക. അതില്‍ ലയിച്ച് ആനന്ദ കണ്ണീരൊഴുക്കുക. അതില്‍ ആറാടുക ഇതാണ് ഭക്തിയുടെ ലക്ഷണമെന്ന് ഗര്‍ഗ മഹര്‍ഷി സമര്‍ഥിക്കുന്നു. ഭക്തിയുടെ പ്രധാന സാമഗ്രി വാക്കുകള്‍ തന്നെയാണ്. മറ്റു പൂജാവസ്തുക്കള്‍ ഒന്നും നിര്‍ബന്ധമില്ല.
ഭക്തപ്രഹ്‌ളാദനും പറയുന്നു ഭക്തിയുടെ ലക്ഷണം ”ശ്രവണം കീര്‍ത്തനം വിഷ്‌ണോര്‍ സ്മരണം പാദസേവനം” എന്നിങ്ങനെ ഭഗവത് കഥകള്‍ കേട്ട് അതില്‍ ലയിച്ചു നില്‍ക്കുമ്പോള്‍ നമ്മളറിയാതെ തന്നെ ആത്മനിവേദനം എന്നതലത്തിലെത്തും. അതോടെ ജീവാത്മാവും പരമാത്മാവും ഒന്നെന്ന ധാരണയെത്തും താല്‍കാലികമായെങ്കിലും. ഇതുപോലെ പലവട്ടം തുടരുമ്പോള്‍ ആ ധാരണ ഉറയ്ക്കും.
ഭാഗവത സപ്താഹം പോലെയുളള പുരാണ പാരായണങ്ങളുടെ ഉദ്ദേശ്യം ഇതുതന്നെയാണ്. സപ്താഹങ്ങള്‍ പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ നാം ആ തലത്തിലേക്കെത്തുകയാണ്.
എന്നാല്‍ ജ്ഞാനയജ്ഞത്തിന്റെ സങ്കല്‍പത്തില്‍ നാം സപ്താഹാദികളെ കണ്ട് അതില്‍ ലയിക്കാന്‍ കഴിഞ്ഞാല്‍ ഒറ്റത്തവണത്തെ സപ്താഹ ശ്രവണം കൊണ്ടു പോലും ലക്ഷ്യപ്രാപ്തി നേടാനാകും.
പത്മപുരാണത്തില്‍ പറയുന്നു ഭാഗവതത്തിലെ ഒരു വരിയെങ്കിലും ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിഞ്ഞാല്‍ ഭഗവത് പ്രാപ്തി ലഭിക്കുമെന്ന്. അങ്ങനെ കേള്‍ക്കാന്‍ ആഗ്രഹം വരുന്നതുപോലും ജന്മാന്തര പുണ്യ ഫലമാണ്. പലവട്ടം കേട്ടാല്‍ നമ്മളും ആ കഥകള്‍ പാടിനടക്കാനിടവരും. വാഴക്കുന്നം പാടിയപോലെ ”കല്ലുവേണോ നീലനിറം കോലും നല്ല കല്ലു വേണോ മല്ലവൈരിപ്പേരോലുന്ന കല്ലു വേണമോ” എന്നിങ്ങനെ അന്വേഷിച്ചു നടക്കും.janmabhumi

No comments: