Monday, June 05, 2017

ഭഗീരഥന്റെ പിന്നാലെ കുതിച്ചൊഴുകുന്ന ഗംഗയെ ആകാശത്തുനിന്നു ദേവകളും യക്ഷ-ഗന്ധര്‍വാദികളും വിസ്മയത്തോടെ നോക്കിക്കണ്ടു. അതില്‍ വൈവിദ്ധ്യമാര്‍ന്ന മത്സ്യങ്ങളും നാഗങ്ങളും മറ്റു ജീവികളും നീന്തിത്തുള്ളി രസിക്കുകയാണ്.
മലയിടുക്കുകളിലെ പാറകളെ ഉരുട്ടിമാറ്റി, വൃക്ഷങ്ങളെ പിഴുതെറിഞ്ഞ്, വളഞ്ഞും പുളഞ്ഞും സമതലത്തില്‍ പരന്നുമായിരുന്ന ഗംഗയുടെ ഒഴുക്ക്. അതിനിടയില്‍ ഒരു ആശ്രമത്തിനെ വെള്ളത്തിലാഴ്ത്തി.
അത് ജഹ്‌നു മഹര്‍ഷിയുടെ ആശ്രമമായിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ വന്ന് അതിക്രമം കാട്ടിയ ഗംഗയെ കോപിഷ്ഠനായ മഹര്‍ഷി കൈക്കുമ്പിളില്‍ ആവാഹിച്ചു വലിച്ചു കുടിച്ചു!
തുള്ളിയലച്ചു വന്ന ഗംഗയുടെ തുള്ളിപോലും കാണാനില്ല! ഭഗീരഥന്‍ സങ്കടത്തിലായി. ശിവജടയില്‍നിന്ന് വളരെ പണിപ്പെട്ടാണ് മോചിപ്പിച്ചത്. ഇപ്പോള്‍ മഹര്‍ഷിയുടെ വായിലകപ്പെട്ടിരിക്കുന്നു! എന്തെല്ലാം പരീക്ഷണങ്ങള്‍!
ഭഗീരഥന്‍ ജഹ്‌നു മഹര്‍ഷിയെ നമസ്‌ക്കരിച്ച് കാര്യങ്ങളെല്ലാം ധരിപ്പിച്ചശേഷം ഗംഗയെ വിട്ടയക്കണമെന്ന് വിനയത്തോടെ അപേക്ഷിക്കുകയും ചെയ്തു. സന്തുഷ്ടനായ മുനി തനിക്കുള്ളില്‍ തടവിലാക്കപ്പെട്ട ഗംഗയെ ചെവിയില്‍ കൂടിയാണ് പുറത്തുവിട്ടത്.
ആകാശത്തുനിന്നും ഈ കാഴ്ചകള്‍ കണ്ടു ദേവന്മാര്‍ മഹര്‍ഷിയുടെ പ്രഭാവത്തെ വാഴ്ത്തി. ജഹ്‌നുവിന്റെ ചെവിയിലൂടെ പിറന്ന ഇവള്‍ ഇനി ജാഹ്‌നവി എന്ന പേരില്‍ അറിയപ്പെടട്ടെ എന്നും പറഞ്ഞു. അങ്ങനെ അഹങ്കാരമെല്ലാം കളഞ്ഞ ഗംഗ ശാന്തയായി ഭഗീരഥനെ അനുഗമിച്ചു. സഗരപുത്രന്മാര്‍ കുഴിച്ച കുഴികളിലെല്ലാം ജലം നിറച്ച് അവയെ സാഗരങ്ങളാക്കിക്കൊണ്ടായിരുന്നു അവളുടെ പാതാളപ്രവേശം.
പാതാളത്തില്‍ ചാരമായിക്കിടന്ന സഗരപുത്രന്മാര്‍ അറുപതിനായിരവും ഗംഗാജല സ്പര്‍ശത്താല്‍ തന്നെ സ്വര്‍ഗപ്രാപ്തരായി. അപ്പോള്‍ ബ്രഹ്മാവ് പ്രത്യക്ഷനായി പറഞ്ഞു:
”ഉണ്ണീ ഭഗീരഥ! നിന്റെ അച്ഛനോ മുത്തച്ഛനോ വിചാരിച്ചിട്ടു നടപ്പാക്കാന്‍ കഴിയാത്ത ഒരു മഹാകാര്യം നീ ഇതാ സാധിച്ചിരിക്കുന്നു. നിന്റെ ദൃഢനിശ്ചയവും കൊടുംതപസ്സും ക്ഷമയും, തടസ്സങ്ങളും പരീക്ഷണങ്ങളും കണ്ടു പിന്മാറാത്ത മനസ്സും സാഹസികതയുമെല്ലാം സാഗരങ്ങളുള്ള കാലം വരെ വാഴ്ത്തപ്പെടുന്നതാണ്.
നീ തീവ്രപ്രയത്‌നം ചെയ്തു ഭൂമിയിലെത്തിച്ച ഗംഗയെ ഭാഗീരഥി എന്നാവും ജനങ്ങള്‍ വിളിക്കുക. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്കും പിന്നെ പാതാളത്തിലേക്കും പ്രവഹിക്കാറായ ഗംഗയ്ക്ക് ‘ത്രിപഥഗ’ എന്ന പേര്‍ ലഭിക്കാനും നീ കാരണക്കാരനായി. ഇനി നീ ഗംഗയില്‍ സ്‌നാനം ചെയ്തു പ്രപിതാമഹന്മാര്‍ക്ക് ഉദകക്രിയ ചെയ്തു മടങ്ങൂ. നിനക്ക് ശുഭം വരട്ടെ.”
ഇത്രയും പറഞ്ഞ ബ്രഹ്മാവ് അപ്രത്യക്ഷനായി. ഭഗീരഥന്‍ പിതൃകര്‍മങ്ങള്‍ നിര്‍വഹിച്ചു അയോധ്യയിലേക്ക് മടങ്ങുകയും ചെയ്തു. ഈ കഥ കേള്‍ക്കുന്നവര്‍ക്കെല്ലാം ദീര്‍ഘായുസ്സും ഐശ്വര്യവും യശസ്സും സ്വര്‍ഗ്ഗപ്രാപ്തിയും ഉണ്ടാകുന്നതാണെന്ന അനുഗ്രഹത്തെപ്പറ്റിയും പറയാതെ വയ്യ.
”ഹേ, രാമാ! ഗംഗ ഭൂമിയിലേക്ക് വന്നതിന്റെ കഥ സാമാന്യം വിസ്തരിച്ചു തന്നെ ഞാന്‍ നിന്നോട് പറഞ്ഞ് വെറുതെയല്ല. പിതൃപുണ്യത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍, ലക്ഷ്യം നിറവേറും വരെ പ്രയത്‌നിച്ചു വിജയം വരിക്കാന്‍ സാധിച്ച ഭഗീരഥന്റെ പിന്മുറക്കാരനാണ് നീ എന്ന് ഓര്‍മവെച്ചോളൂ. നാളെ ഈ വംശത്തിന് ഇത്തരത്തില്‍ വലിയ യശ്ശസ്സുണ്ടാക്കുന്ന കര്‍മങ്ങള്‍ നിന്നില്‍ നിന്നും ഉണ്ടാകുമാറാകട്ടെ” വിശ്വാമിത്രന്‍ പറഞ്ഞു.
”ബ്രഹ്മര്‍ഷേ! അറിവിന്റെ ഗംഗയെ അങ്ങ് ഞങ്ങളിലേക്കും ഒഴുക്കിയിരിക്കുന്നുവല്ലോ. ഞങ്ങളുടെ പുണ്യാതിരേകമെന്നേ പറയേണ്ടൂ. മഹാതപസ്വിയായ അങ്ങയുടെ അനുഗ്രഹവാക്കുകള്‍ക്കു നന്ദി. സമയം പോയത് അറിഞ്ഞേയില്ല.” ലക്ഷ്മണാന്വിതനായ രാമന്‍ വിശ്വാമിത്രനെ തൊഴുതു.
”ശരിയാണ്. നേരം വളരെയായി. നിങ്ങള്‍ സുഖമായി ഉറങ്ങൂ. ശുഭം വരട്ടെ.” വിശ്വാമിത്രന്‍ അവരെ ആശീര്‍വദിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news218202#ixzz4j7y8D9Ul

No comments: