Wednesday, June 07, 2017

അനേക കോടി ബ്രഹ്മാണ്ഡങ്ങളുടെയും അവയിലെ സര്‍വപദാര്‍ത്ഥങ്ങളുടെയും സംഭവങ്ങളുടെയും ഉല്‍പത്തിയില്‍ ഭഗവാന്‍ വസിക്കുന്നു. നാശത്തിലും ഭഗവാന്റെ കൈയുണ്ട്. അതുകൊണ്ട്, ധനം കിട്ടുമ്പോള്‍, നാം ഭഗവാന് സ്തുതി പാടുകയും നശിക്കുമ്പോള്‍ ഭഗവാനെ പഴി പറയുന്നതും ശരിയല്ല. രണ്ടും-ഉല്‍പത്തിയും നാശവും ഭഗവാന്റെ കടാക്ഷം തന്നെ.
സ്ഥാനം- ഭൗതിക പ്രപഞ്ചങ്ങള്‍ക്ക് ആധാരമായി നിലനില്‍ക്കുന്നതും, അവയെ നിലനിര്‍ത്തുന്നതും ഭഗവാന്‍ തന്നെ. കോടിക്കണക്കിന് രൂപ സമ്പാദിച്ചത് ഞാനാണ്, ഞാനത് ആര്‍ക്കും കൊടുക്കുകയില്ല എന്ന് വിചാരിക്കേണ്ട. ഭഗവാനാണ് ആ ധനം നശിക്കാതെ രക്ഷിക്കുന്നത്.
നിധാനം-പ്രളയകാലത്തില്‍ ഭൗതിക-ദിവ്യ പ്രപഞ്ചങ്ങളും, പദാര്‍ത്ഥങ്ങളും ഭഗവാനില്‍ നിധാനം ചെയ്യുന്നു; സൂക്ഷിക്കുന്നു. അതുകൊണ്ട് ഭഗവാന്‍ എല്ലാത്തിന്റെയും നിധിയാണ് എന്നത് മറക്കരുത്.
അവ്യയം ബീജം
കല്‍പം ആരംഭിക്കുമ്പോള്‍ ബ്രഹ്മാണ്ഡങ്ങള്‍, ഭഗവാനില്‍നിന്ന് ആവിര്‍ഭവിക്കുന്നു. ഭഗവാനാണ് എല്ലാ ലോകങ്ങളുടെയും പ്രാണികളുടെയും ബീജം-വിത്ത്. വിത്തില്‍നിന്ന് മുളച്ച് വളര്‍ന്നാല്‍പ്പിന്നെ മണ്ണില്‍ ആ വിത്തു ബാക്കിയുണ്ടാവില്ല. ഭഗവാനാകുന്ന വിത്തിന് ഒരുകാലത്തും ലവലേശം പോലും വ്യയം-ന്യൂനത-സംഭവിക്കുന്നില്ല. അതിനാല്‍ ഭഗവാന്‍, അവ്യയമായ ബീജമാണ്. വിഷ്ണുസഹസ്രനാമത്തിലെ ഒരു നാമവും ഇതുതന്നെ. ”ബീജമവ്യയം.”
ശ്ലോകം-19
അഹം തപാമി- ഞാനാണ് ആദിത്യനില്‍ സ്ഥിതി ചെയ്തുകൊണ്ട്, തപം=ചൂട് വര്‍ധിപ്പിക്കുന്നത്. അല്ലാതെ സൂര്യന്‍ സ്വയം ചെയ്യുന്നതല്ല. അതുകൊണ്ട് സൂര്യന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോഴും ഗായത്രീമന്ത്രം ജപിക്കുമ്പോഴും, സൂര്യ നമസ്‌കാരം ചെയ്യുമ്പോഴും സൂര്യമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണനെ തന്നെയാണ് ധ്യാനിക്കേണ്ടത്.
സൂര്യനാരായണ ധ്യാനം
”ധ്യേയഃ സദാ സവിതൃമണ്ഡല
മധ്യവര്‍ത്തീ
നാരായണഃ സരസിജാസന
സന്നിവിഷ്ട
കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
ഹാരി ഹിരണ്‍മയവപുഃ
ധൃതശംഖചക്രഃ
(= സൂര്യമണ്ഡലത്തിന്റെ മധ്യത്തില്‍, പദ്മാസനത്തില്‍ ഇരന്നവനും, തോള്‍വള, കാതില്‍ മകരമത്സ്യാകൃതിയുള്ള കുണ്ഡലം കിരീടം, മുത്തുമാല ഇവ അണിഞ്ഞവനും സ്വര്‍ണത്തിന്റെ നിറം ഉള്ളവനും രണ്ടു കൈകളില്‍ ശംഖവും ചക്രവും ധരിച്ചവനുമായ നാരായണനെ എന്നും ധ്യാനിക്കണം.
അഹം വര്‍ഷഃ നിഗൃഷ്ണാമി;
ഉത്‌സൃജാമി
ഞാനാണ് വര്‍ഷം- മഴ- പിന്‍വലിക്കുന്നത്. ഞാന്‍ തന്നെയാണ് മഴ പെയ്യിക്കുന്നത്. ഇന്ദ്രനാണ് മഴ പെയ്യിക്കാത്തത്, പെയ്യിക്കുന്നത് എന്ന് നാം പറയാറുണ്ട്. അതു യാഥാര്‍ത്ഥ്യമല്ല. ഭഗവാനാണ് ഇന്ദ്രന് മഴ പെയ്യാന്‍ ആജ്ഞ കൊടുക്കുന്നതും മഴ പെയ്യാതിരിക്കാന്‍ കല്‍പന കൊടുക്കുന്നതും.
ഋഷഭ ദേവന്‍ മഴ പെയ്യിച്ചു
ഭക്തനായ നാഭീ മഹാരാജാവിന്റെ പ്രാര്‍ത്ഥന സ്വീകരിച്ച് ഭഗവാന്‍ ഋഷഭദേവനായി അവതരിച്ചു. അന്ന് ഈ ഭാരതഭൂമിയുടെ പേര് -അജനാഭം -എന്നായിരുന്നു. ഋഷഭദേവനെ പരീക്ഷിക്കാന്‍- പ്രഭാവം അറിയാന്‍ വേണ്ടി-ഇന്ദ്രന്‍ കുറെക്കാലം മഴ പെയ്‌തേ ഇല്ല. അപ്പോള്‍ ഋഷഭ ദേവന്‍ ഒന്നു ചിരിച്ചു. അപ്പോള്‍ ധാരാളമായി മഴ പെയ്തു. ശ്രീമദ് ഭാഗവതം അഞ്ചാം സ്‌കന്ധത്തില്‍ നാലാം അധ്യായത്തില്‍ പറയുന്ന ഈ മഴയെ ശ്രീ മേല്‍പ്പുത്തൂര്‍ ഭട്ടതിരി നാരായണീയത്തില്‍ ചുരുക്കിപ്പറയുന്നു.
ഇന്ദ്രഃ ത്വദുത്കര്‍ഷതാദമര്‍ഷാല്‍
ദ്വവര്‍ഷനാള സ്മിന്ന ജനാഭ വര്‍ഷേ
യദാ തദാത്വം നിജയോഗശക്ത്യാ
സ്വവര്‍ഷമേനദ് വ്യദധാന്‍ സുവര്‍ഷം

ജന്മഭൂമി: http://www.janmabhumidaily.com/news641485#ixzz4jMGSj56m

No comments: