Tuesday, June 06, 2017

“പഴം വേണോ മാമ്പഴം” വൃദ്ധ വിളിച്ചു കൂവി. യശോദ പൂമുഖത്തില്ല; ഉണ്ണിക്കൃഷ്ണന്‍ ഓടി ചെന്നു.
“എനിക്കു പഴം തരുമോ” ജഗന്നിയന്താവ് മധുരമൂറുന്ന സ്വരത്തില്‍ കൊഞ്ചി.
വൃദ്ധ കണ്ണന്‍റെ സ്വരത്തില്‍, ആ മനോഹരമായ രൂപത്തില്‍ മതിമറന്നു പോയി.
“തരാമല്ലോ കുട്ടാ, പക്ഷേ പകരം എനിക്കെന്തു തരും?” അവര്‍ കുഞ്ഞിനോട് കൊഞ്ചിക്കൊണ്ട് ചോദിച്ചു.
“എന്തു വേണം?” കണ്ണന്‍.
“എന്തെങ്കിലും തന്നാല്‍ മതി. ഒന്നും വാങ്ങാതെ കൊടുത്താല്‍ ഈ കിഴവി പട്ടിണിയാവില്ലേ കുഞ്ഞേ...”
“ഇപ്പൊ വരാം” ഉണ്ണിക്കണ്ണന്‍ അകത്തേക്ക് ഓടി. തിരിച്ചു വന്നത് കുഞ്ഞിക്കൈയില്‍ ഒരു പിടി അരിയുമായി. “ഇതാ... ഇതു മതിയോ?” കണ്ണന്‍ കുസൃതിയോടെ തിരക്കി.
“ഉം; ധാരാളം..” അതു വാങ്ങി തന്‍റെ മടിയിലിട്ടിട്ട് വൃദ്ധ നല്ല പഴുത്ത മാമ്പഴം ഉണ്ണിക്കണ്ണന്‍റെ കുഞ്ഞിക്കൈകളില്‍ നിറയെ വച്ചു കൊടുത്തു.
“ഞാന്‍ പോവ്വാ..” മാമ്പഴം മാറോടു ചേര്‍ത്ത്, കുഞ്ഞുകൈകള്കൊണ്ട് പൊത്തിപ്പിടിച്ച് യശോദാതനയന്‍ അകത്തേക്ക് ഓടി.
“ഹാവൂ...എന്തൊരു ഓമന..” വൃദ്ധ ആ ദര്‍ശനത്തിലും സ്പര്‍ശനത്തിലും മതിമറന്ന് ഏറെനേരം അവിടെയിരുന്നു. പിന്നീട് അന്ന് അവര്‍ മാമ്പഴം വില്‍ക്കാ ന്‍ പോയില്ല; ആനന്ദത്തോടെ വീട്ടിലേക്കു മടങ്ങി.
വീട്ടിലെത്തി; തലയില്‍ നിന്നും കുട്ട താഴെവച്ച് അരിമണികള്‍ ഒരു പാത്രത്തിലേക്കു കുടഞ്ഞിട്ടു; അവര്‍ അന്തം വിട്ടുപോയി. ഉണ്ണിക്കണ്ണന്‍ കൊടുത്ത അരിമണികള്‍ മുഴുവന്‍ വിലയേറിയ രത്നങ്ങളായി മാറിയിരിക്കുന്നു!!
“ഈ കുഞ്ഞ് ഈശ്വരന്‍ തന്നെ” കൈകൂപ്പി വൃദ്ധ നിറമിഴികളോടെ പറഞ്ഞു.
എന്ത് കൊടുത്തു എന്നതല്ല, എങ്ങനെ കൊടുത്തു എന്നതിനനുസരിച്ചാണ് ഭഗവത് കൃപ വര്‍ഷിക്കുക.Parvati Sankar

No comments: