ലോക പരിസ്ഥിതി ദിനം ഒരിക്കല്‍ക്കൂടി ആചരിക്കുകയാണ്. പരിസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ച ഇനിയും തുടരുമെന്ന് തീര്‍ച്ചയാണ്. അത്രയും ഗുരുതരമായി ഈ വിഷയം മാറിയിരിക്കുന്നു. ലോകം മരിക്കണോ ജീവിക്കണോ എന്ന് തീരുമാനിക്കുന്നത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലാകുമെന്ന ചിന്തയും ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
പരിസ്ഥിതി സംരക്ഷണം ആചാര പദ്ധതിയാക്കിയ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. കാവും കുളങ്ങളും നദികളും മരങ്ങളുമൊക്കെ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്ത ഭൂതകാലത്തിലേക്ക് ഒരു മടക്കയാത്രയുടെ സമയം അതിക്രമിച്ചിരിക്കുകയാണ്. ഏതായാലും അതിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു എന്നതില്‍ ആശ്വസിക്കാം. ലോകപരിസ്ഥിതി ദിനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുകോടിവൃക്ഷത്തൈകളാണ് നട്ടുവളര്‍ത്താന്‍ തീരുമാനിച്ചത്.
അതിനുപുറമെ വിവിധ പരിസ്ഥിതി സന്നദ്ധസംഘടനകളും വനവല്‍ക്കരണത്തിനുള്ള അക്ഷീണപരിശ്രമങ്ങളാണ് നടത്തുന്നത്. ചൂടുകൂടുകയും കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്ത സാഹചര്യത്തില്‍ പരിസ്ഥിതിക്കുവേണ്ടിയുള്ള വാദത്തിന് ആഗോളതലത്തില്‍ തന്നെ വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ലോകരാജ്യങ്ങള്‍ ഇതിനായി ഉറക്കെ ചിന്തിക്കുന്നു. ആഗോളതാപനം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു.
അതിന്റെ നായകത്വം ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തയും സന്തോഷകരമാണ്. മനുഷ്യനുമാത്രമല്ല, സകല ജീവജാലങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണം കൂടിയേതീരൂ. നമ്മുടെ ചുറ്റുപാട് അനുദിനം ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രപഞ്ചവും അതിന്റെ താള വ്യവസ്ഥയും എങ്ങനെയായിരിക്കും നമ്മുടെ ഭാവി തലമുറയിലേക്ക് എത്തിച്ചേരുകയെന്ന് ഉറക്കെ ചിന്തിക്കേണ്ട കാലമാണിത്. അത് നമുക്ക് ലഭിച്ചതുപോലെ വാസ യോഗ്യമായിരിക്കേണ്ടതാണ്.
ജീവിത നിലനില്‍പിന് അനുപേക്ഷണീയമായ വായു, വെള്ളം, വെളിച്ചം ഇതൊക്കെ തനത് വിശുദ്ധിയോടെ നാം വരുംതലമുറയ്ക്ക് കൈമാറുക തന്നെവേണം. പരിസ്ഥിതിയെക്കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസാദാത്മകമായ മറുപടി കണ്ടെത്തുക അസാധ്യമാണ്. മുമ്പെങ്ങുമില്ലാത്ത വിധം പരിസ്ഥിതി മലീമസമാവുക മാത്രമല്ല, അത് നാശത്തിലേക്ക് മുതലക്കൂപ്പ് നടത്തുകയുമാണ്. ശാസ്ത്രപഠനഗവേഷണങ്ങളിലൂടെ, നമ്മുടെ ജീവിതാനുഭവങ്ങളിലൂടെ നാം അക്കാര്യം മനസ്സിലാക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച വ്യാപകമായ ബോധവല്‍ക്കരണം ശക്തമാക്കേണ്ടതുണ്ട്.
ഓസോണ്‍ പാളികളിലുണ്ടായ വിള്ളലുകളിലൂടെ കടന്നു വരുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍, കുടിക്കാന്‍ യോഗ്യമല്ലാത്ത വെള്ളം, ശ്വസിക്കാന്‍ പറ്റാത്ത വായു, ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ ഇതെല്ലാം ചേര്‍ന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഭാവിതലമുറക്കെന്നല്ല നമുക്കുതന്നെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ജനിതകമാറ്റം വരുത്തിയ വിളകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഗുരുതരമാണ്.
ഫാക്ടറികള്‍ പുറംതള്ളുന്ന മാരകമായ രാസപദാര്‍ഥങ്ങള്‍, ആ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ വായുവും വിഷാംശങ്ങള്‍ കലര്‍ന്ന വെള്ളവും മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന ഗുരുതരമായ രോഗങ്ങള്‍, സമുദ്രങ്ങളിലേക്ക് തള്ളുന്ന അസംസ്‌കൃത ഇന്ധന പദാര്‍ഥങ്ങള്‍, ധൂമപടലങ്ങള്‍ പൊതിഞ്ഞ് നില്‍ക്കുന്ന നഗരാന്തരീക്ഷം, വനനശീകരണം, വന്യജീവികളുടെ ഉന്മൂലനം, മരുഭൂവത്കരണം, മണ്ണൊലിപ്പ്, മലകള്‍ ഉന്മൂലനം ചെയ്യപ്പെടുന്നത്, ഉയര്‍ന്ന ആഗോളതാപനം, വിഷമഴ ഇതെല്ലാം രണ്ട് ദശകം മുമ്പെങ്കിലും നമുക്ക് തീര്‍ത്തും അപരിചിതമായ കാര്യങ്ങളായിരുന്നു. ഇന്ന് അത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. വികസനത്തിന്റെ പേരില്‍ നടക്കുന്ന ഈ പ്രകൃതി കശാപ്പിനെ പ്രതിരോധിക്കാന്‍ എളിയശ്രമം പോരാ. സജീവവും ശക്തവും സംഘടിതവുമായ നീക്കം അതിന് കൂടിയേ തീരൂ.
കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പോരാട്ട ചരിത്രത്തിലെ രണ്ട് ഉദാഹരണങ്ങളാണ് മാവൂര്‍ ഗോളിയോര്‍ റയണ്‍സിനെതിരായ സമരവും പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ ജനകീയ സമരവും. ഈ രണ്ട് സമരങ്ങളുടെയും തീക്ഷ്ണത മലയാളികളുടെ മനസ്സിലേക്ക് പകരുന്നതില്‍ ഇലക്‌ട്രോണിക്ക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും, ചിലതെല്ലാം വൈമനസ്യത്തോടെയാണെന്ന കാര്യം അപവാദമായി നിലനില്‍ക്കുമ്പോഴും, നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി. മലബാറിലെ ചാലിയാറിനെ വിഷജലപാതയെന്ന് കുറ്റപ്പെടുത്തേണ്ടിവന്നത് മനുഷ്യന്റെ തിന്മകള്‍ കൊണ്ടുമാത്രമാണല്ലൊ. കേരള അതിര്‍ത്തിയിലുള്ള കൂടങ്കുളം ആണവനിലയം, ആറന്മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പോലുള്ള, പരിസ്ഥിതിക്കെതിരായ ഭീഷണികള്‍ രൂപപ്പെട്ട് വന്നപ്പോള്‍ ശക്തമായ എതിര്‍പ്പുകള്‍ സൃഷ്ടിക്കപ്പെട്ടു.
ആറന്മുളയെ വിമാനത്താവള ഭീഷണിയില്‍നിന്ന് രക്ഷിക്കാന്‍ നടത്തിയ പ്രക്ഷോഭം ആവേശം നല്‍കുന്നതുതന്നെയാണ്. പരിസ്ഥിതി കൈയേറ്റത്തെക്കുറിച്ച് ജാഗരൂകരാകേണ്ടത് അതത് പ്രദേശത്തെ നിവാസികള്‍ തന്നെയാണെങ്കിലും സകലരും അവയുടേതായ പങ്ക് വഹിക്കുമ്പോള്‍ മാത്രമേ അധികൃതരുടെ കണ്ണ് തുറപ്പിക്കാനാവുകയുള്ളൂ. ഇതിന് സഹായകമായ രൂപത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടായേ തീരൂ. അല്ലെങ്കില്‍ വരുംതലമുറക്ക് കൈമാറാന്‍ വാസസ്ഥലമോ നമുക്കുതന്നെ തലചായ്ക്കാന്‍ ഇടമോ കിട്ടാതെ അലയേണ്ടിവരുന്ന അവസ്ഥ ഭീതിനിറഞ്ഞതാണ്. പരിസ്ഥിതിക്കായുള്ള നിലപാട് ഭീകരവാദമോ അന്ധവിശ്വാസമോ ആണെന്ന ആക്ഷേപം ഉപേക്ഷിക്കാന്‍ ഈ പരിസ്ഥിതിദിനത്തിലെങ്കിലും നമുക്ക് സാധിക്കണം.janmabhumi
No comments:
Post a Comment