Monday, June 05, 2017

ഇന്ന് നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും അവനവന്റെ രാഷ്ട്രീയമുണ്ട്, മതമുണ്ട്. തങ്ങളുടെ രാഷ്ട്രീയ തത്ത്വസംഹിതകളില്‍നിന്നും മതദര്‍ശനങ്ങളില്‍നിന്നും പ്രകൃതിവിരുദ്ധമായവയെ ഒഴിവാക്കുവാന്‍, പരിസ്ഥിതിക്ക് അനുകൂലമായവയെ, ജീവജാലങ്ങള്‍ക്ക് അനുകൂലമായവയെ മാത്രം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ എല്ലാവര്‍ക്കുമാകണം. ആശയസംഹിതകള്‍ പ്രവര്‍ത്തനപഥത്തിലെത്തണം. പരിസ്ഥിതി സന്തുലിതാവസ്ഥയെക്കുറിച്ചും സൂക്ഷ്മാണു മുതല്‍ ആന, തിമിംഗലം വരെയുള്ള ജീവികളുടെ പ്രാധാന്യത്തെക്കുറിച്ചും ഇന്ന് നമുക്ക് സാമാന്യബോധമുണ്ട്. പക്ഷേ അവയെ സംരക്ഷിക്കുന്നതും ഹാനികരമായവയെ ഒഴിവാക്കുന്നതും നമ്മുടെ ജീവിചചര്യമായി മാറിയിട്ടില്ല. ഇന്ന് ജൂണ്‍ അഞ്ച്. ലോക പരിസ്ഥിതി ദിനം. 1974 മുതല്‍ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് നാം ഈ ദിവസം പരിസ്ഥിതി സൗഹൃദ സന്ദേശ പ്രചാരണത്തിനായി നീക്കിവച്ചിരിക്കുകയാണ്.
കഴിഞ്ഞ 43 വര്‍ഷമായിട്ടും ഈ ദിവസത്തിന്റെ- ഈ വിഷയത്തിന്റെ -പ്രസക്തി ഏറുകയല്ലാതെ, കുറയുകയല്ല. അതിനര്‍ത്ഥം ഈ ദിനാചരണത്തിന്റെ ലക്ഷ്യം കൈവരിക്കുമെന്നതില്‍ നാം ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് മാത്രമല്ല, എന്തുകൊണ്ട് പരിസ്ഥിതി സൗഹൃദമല്ലാത്ത വികസനത്തിന്റെ പാത മാറ്റുവാന്‍-മറ്റൊരു പാത കൈവരിക്കുവാന്‍ നാം പരാജയപ്പെടുന്നു എന്നുകൂടിയാണ്. അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും ആഹ്വാനങ്ങള്‍ ബധിരകര്‍ണങ്ങളിലാണോ പതിച്ചതെന്ന് ചിന്തിക്കേണ്ട സയമം വൈകിയിരിക്കുന്നു.
പ്രകൃതിയുടെ ആരോഗ്യമാണ് നമ്മുടെ ആരോഗ്യം. അതിനാല്‍ നമുക്ക് പ്രകൃതിയുടെ സംരക്ഷകരാകാം. കാവലാളാകാം. അതിനനുയോജ്യമായ പ്രവൃത്തികള്‍ ചെയ്യുന്നവരായി നാം മാറണം. നമ്മുടെ പ്രവൃത്തികള്‍ നിയന്ത്രിക്കുന്നത് നമ്മുടെ മനസ്സാണ്- ചിന്തകളാണ്. ചിന്തകളെ നയിക്കുന്നത് നമ്മുടെ ദര്‍ശനങ്ങളാണ്. ലോകത്തിന്റെ ഏതുകോണില്‍നിന്നായാലും ഇതിനനുയോജ്യമായ ദര്‍ശനങ്ങള്‍ നാം ഉള്‍ക്കൊള്ളണം. നമ്മുടെ മതമോ രാഷ്ട്രീയമോ ദേശമോ ഒന്നും അതിനു തടസ്സമാകരുത്. കാരണം ഇത് മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്-ജീവല്‍ പ്രശ്‌നമാണ്.
ഇന്ന് നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും അവനവന്റെ രാഷ്ട്രീയമുണ്ട്, മതമുണ്ട്. തങ്ങളുടെ രാഷ്ട്രീയ തത്ത്വസംഹിതകളില്‍നിന്നും മതദര്‍ശനങ്ങളില്‍നിന്നും പ്രകൃതിവിരുദ്ധമായവയെ ഒഴിവാക്കുവാന്‍, പരിസ്ഥിതിക്ക് അനുകൂലമായവയെ, ജീവജാലങ്ങള്‍ക്ക് അനുകൂലമായവയെ മാത്രം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ എല്ലാവര്‍ക്കുമാകണം. ആശയസംഹിതകള്‍ പ്രവര്‍ത്തനപഥത്തിലെത്തണം. പരിസ്ഥിതി സന്തുലിതാവസ്ഥയെക്കുറിച്ചും സൂക്ഷ്മാണു മുതല്‍ ആന, തിമിംഗലം വരെയുള്ള ജീവികളുടെ പ്രാധാന്യത്തെക്കുറിച്ചും ഇന്ന് നമുക്ക് സാമാന്യബോധമുണ്ട്. പക്ഷേ അവയെ സംരക്ഷിക്കുന്നതും ഹാനികരമായവയെ ഒഴിവാക്കുന്നതും നമ്മുടെ ജീവിചചര്യമായി മാറിയിട്ടില്ല.
അതുകൊണ്ടാണ് ഇത്തവണത്തെ പരിസ്ഥിതിദിന വിഷയം ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’ എന്നായത്. (connect people to nature) ധ്രുവപ്രദേശം മുതല്‍ ഭൂമദ്ധ്യരേഖവരെയുള്ള സകല ആവാസവ്യവസ്ഥകളുമായും ജനങ്ങളെ പരിചയപ്പെടുത്തുക, ബന്ധപ്പെടുത്തുക എന്നതിനുള്ള ശ്രമമാണ് വേണ്ടത്. ആവാസവ്യവസ്ഥകളുടെ സേവനം മുതല്‍, വിശ്രമവേളയിലെ വിനോദങ്ങളും മലമുകളിലെ ആദ്ധ്യാത്മികാനുഭൂതികള്‍ വരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തണം. മണ്ണുമായും ജലവുമായും ചെടികളുമായും മരങ്ങളുമായും പക്ഷികളുമായും മൃഗങ്ങളുമായും നമുക്ക് ആ ബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. മനുഷ്യജീവനും പ്രകൃതിയിലെ സര്‍വചരാചരങ്ങളുമായുള്ള പാരസ്പര്യം അങ്ങനെ അടുത്തറിയുവാന്‍ സാധിക്കണം.
അറിഞ്ഞവയെ സ്‌നേഹിക്കും, സ്‌നേഹിക്കുന്നവയെ സംരക്ഷിക്കും’ എന്ന ഒരു ചൊല്ലുണ്ട്. കാട്ടില്‍ പോകുവാന്‍ സാധിച്ചില്ലെങ്കിലും എല്ലാ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും കാട്ടിലെ കാവും കുളവുമായി പരിചയപ്പെടുത്തണം. നിര്‍ബന്ധമായും അല്‍പം കൃഷി ചെയ്യുവാന്‍ നമ്മുടെ പുതുതലമുറ പഠിക്കണം.
”നാം പ്രകൃതിയുടെ ഭാഗമാണ്- പ്രകൃതി നമ്മുടെയും” എന്ന് തിരിച്ചറിയണം. ശുദ്ധജലം, ശുദ്ധവായു, പരിശുദ്ധമായ മണ്ണ്- ഇതാകട്ടെ നമ്മുടെ ലക്ഷ്യം. ഇതാണ് ജീവന്‍ നിലനിര്‍ത്താനുള്ള എളുപ്പവഴി. ഈ ലോകത്ത് കോടാനുകോടി നക്ഷത്രസമൂഹങ്ങളും ഓരോ നക്ഷത്രസമൂഹത്തിലും കോടിക്കണക്കിന് നക്ഷത്രങ്ങളും ഓരോ നക്ഷത്രങ്ങള്‍ക്കുചുറ്റും അനേകം ഗ്രഹങ്ങളുമുണ്ടെങ്കിലും ഭൂമുഖത്ത് മാത്രമാണ് ജീവനുള്ളത്.
അത് ഈശ്വരേച്ഛയാണ്. അതുകൊണ്ട് ജീവജാലങ്ങളെ സംരക്ഷിക്കുകയെന്നത് ഈശ്വരസേവയാണ്-പവിത്രകര്‍മ്മമാണ്. അതുകൊണ്ടുതന്നെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്നതെല്ലാം ഈശ്വരവിരുദ്ധമായ പാപമാണ്. ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള പവിത്രമായ പരിസ്ഥിതി സംരക്ഷണം ഏറ്റെടുക്കാം. അതിനുള്ള പ്രതിജ്ഞയെടുക്കാനുള്ള സുദിനമാണിന്ന്.
മരത്തൈകള്‍ വച്ചുപിടിപ്പിക്കുക, നീര്‍ക്കുഴികളെടുക്കുക, പൂന്തോട്ടം, അടുക്കളത്തോട്ടം എന്നിവ നട്ടുപിടിപ്പിക്കുക. നാട്ടിലെ കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കുക എന്നിവയെല്ലാം സാധാരണക്കാര്‍ക്ക് ഏറ്റെടുക്കാവുന്ന പരിസ്ഥിതിപ്രവര്‍ത്തനമാണ്. ഒരു പൂമ്പാറ്റക്ക് തേന്‍ കുടിക്കാനുള്ള പൂച്ചെടി വച്ചുപിടിപ്പിക്കുന്നതും ഒരു കിൡക്ക് കൂടുകൂട്ടാനുള്ള മരം നട്ടുപിടിപ്പിക്കുന്നതും എല്ലാം പുണ്യകര്‍മ്മമാണ്. ഒരു പുണ്യം ചെയ്യുകയാണെന്ന ഭാവേന അതിലേര്‍പ്പെടുക. നമ്മുടെ സങ്കല്‍പ്പവും ഭാവവും പ്രധാനമാണ്.
പുണ്യം നേടാനുള്ള സത്കര്‍മ്മങ്ങള്‍ പരിസ്ഥിതിദിനം ആചരിക്കുന്നതിലൊതുങ്ങാതെ നമ്മുടെ സ്വഭാവമായി മാറട്ടെ. അതാകട്ടെ ഈ ദിനത്തിലെ പ്രാര്‍ത്ഥന.


ജന്മഭൂമി:

No comments: