Monday, June 05, 2017

ഭാരതത്തില്‍ ആദ്യമായി നൈപുണ്യ (സ്‌കില്‍) സര്‍വ്വകലാശാല ആരംഭിക്കുന്നു. നൈപുണ്യ കേന്ദ്രങ്ങളുടെ അക്രഡിറ്റേഷന്‍ നല്‍കുന്നതും പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബിരുദവും, ഡിപ്ലോമയും മറ്റും നല്‍കുന്നതിനുള്ള അനുമതി നല്‍കുന്നതും നൈപുണ്യ സര്‍വ്വകലാശാലയായിരിക്കും. രാജ്യത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നൈപുണ്യ കൗണ്‍സിലിങ് കേന്ദ്രങ്ങളായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.
നിതി ആയോഗ് ഉപസമിതിയുടെ പ്രധാനപ്പെട്ട ശുപാര്‍ശകള്‍ പ്രകാരമാണ് നൈപുണ്യ സര്‍വ്വകലാശാല ആരംഭിക്കുന്നത്. സര്‍ക്കാരിന്റെയും സ്വകാര്യമേഖലയിലെയും നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്ക് നൈപുണ്യ സര്‍വ്വകലാശാല മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്ന് പാനലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയ നൈപുണ്യ യോഗ്യതാ പദ്ധതിയനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് പോയിന്റ് ഗ്രേഡിങും നടത്തും. അറിവ്, നൈപുണ്യം, അഭിരുചി എന്നിവയനുസരിച്ച് യോഗ്യത നല്‍കുന്ന പദ്ധതിയാണ് തയ്യാറാക്കുന്നത്. ഒരു പ്രത്യേക മേഖലയില്‍ നൈപുണ്യമുള്ള ഒരു വ്യക്തിക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലെങ്കിലും യുപി, ഹയര്‍ സെക്കന്ററി തലത്തില്‍ അയാളുടെ നൈപുണ്യത്തിനനുസൃതമായ സര്‍ട്ടിഫിക്കറ്റ് നല്‍കും.
മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള എഐസിടിഇ പറയുന്നത് വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ നൈപുണ്യ പരിശീലന പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ്. പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു നൈപുണ്യ വികസന മന്ത്രാലയം സര്‍ക്കാര്‍ രൂപീകരിക്കും. ഈ സര്‍വ്വകലാശാല നൈപുണ്യ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.
രാജ്യത്ത് തൊഴിലുകള്‍ പ്രദാനം  ചെയ്യുന്നതിനുള്ള നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ നോഡല്‍ ഏജന്‍സിയായി സര്‍വ്വകലാശാല പ്രവര്‍ത്തിക്കും. യുവാക്കള്‍ക്ക് അഭിരുചിക്കനുസരിച്ച് പരിശീലനം നല്‍കി തൊഴില്‍ നല്‍കുന്നതിനുള്ള നൈപുണ്യ കൗണ്‍സിലിങ് സെന്ററുകളായി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ മാറണമെന്നും ഉപസമിതി ശുപാര്‍ശകളില്‍ പറയുന്നു.


ജന്മഭൂമി:

No comments: