Thursday, June 22, 2017

പുറനാട്ടുകരയിലെ പട്ടിയേക്കല്‍തോമാക്കുട്ടി നടത്തിയിരുന്ന സ്‌കൂളിന്റെ കെട്ടിടവും പറമ്പും കൃഷ്ണമേനോന്‍ തീറുവാങ്ങി. 1927 ജൂണ്‍ 1-ാം തിയതി ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും അവിടെ ഒന്നിച്ചുതുടങ്ങി. ആശ്രമത്തിനും സ്‌കൂളിനും വേണ്ടി കൃഷ്ണമേനോനെ സഹായിക്കുവാന്‍ സദാ സന്നദ്ധനായി രാമവര്‍മ്മ അപ്പന്‍തമ്പുരാനുണ്ടായിരുന്നു. സ്‌കൂളിന്റെ ആദ്യത്തെ മാനേജര്‍ അപ്പന്‍തമ്പുരാന്‍ തന്നെയായിരുന്നു. ബാലാരിഷ്ടതകള്‍ വളരെ ഉണ്ടായിരുന്നെവെങ്കിലും കൃഷ്ണമേനോന്റെ ത്യാഗനിര്‍ഭരമായ നേതൃത്വത്തില്‍ ആശ്രമവും സ്‌കൂളും വളര്‍ന്നുവന്നു. ഗുരുകുലം, വിദ്യാമന്ദിരം, സംസ്‌കൃതപാഠശാല, നെയ്ത്തുപാഠശാല, കല്ലുവെട്ട് സൊസൈറ്റി എന്നീ വിഭാഗങ്ങള്‍ ക്രമേണ ആരംഭിച്ചു. 1927-ല്‍ തന്നെ പെണ്‍കുട്ടികള്‍ക്കായുള്ള മാതൃമന്ദിരവും കൃഷ്ണമേനോന്‍ ആരംഭിച്ചിരുന്നു. 1929-ല്‍ അത് ആശ്രമത്തിന്റെയും ഗുരുകുലത്തിന്റെയും ഭാഗമായി. കൊച്ചമ്മു, ഭാരതി എന്നീ വേട്ടുവ സമുദായത്തിലെ രണ്ട് പെണ്‍കുട്ടികളായിരുന്നു മാതൃമന്ദിരത്തിലെ ആദ്യത്തെ അന്തേവാസികള്‍.കൃഷ്ണമേനോന്‍ വിവേകോദയം സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകനായിരിക്കുമ്പോള്‍ ദിവസവും ഏഴ് കി.മി. നടന്നാണ് പുറനാട്ടുകരയിലെത്തിയിരുന്നത്.
പുറനാട്ടുകരയില്‍ സ്ഥിരതാമസമാക്കിയതോടെ അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും ആ ഗ്രാമത്തെ പ്രത്യേകിച്ച് അവിടത്തെ ഹരിജനങ്ങളെ ഉദ്ധരിക്കുന്നതിലും ത്യാഗസേവനങ്ങള്‍ക്ക് സന്നദ്ധരായ യുവജനങ്ങളെ വാര്‍ത്തെടുക്കുന്നതിലുമായിരുന്നു. ഹരിജനബാലന്‍മാരെ കുളിപ്പിച്ച്, ഭക്ഷണം കഴിപ്പിച്ച്, പഠിപ്പിച്ച്, അവര്‍ ഉറങ്ങുന്നതുവരെ അവരുടെ കാര്യങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. ഹരിജനോദ്ധാരണം ജീവിതവ്രതമായി സ്വീകരിച്ച സ്വാമികള്‍ ആമ്പക്കാട്ട് കുന്നിന്റെ തെക്കുകിഴക്കെ ചെരിവില്‍ ഏതാണ്ട് നാല് ഏക്കര്‍ ഭൂമി ഹരിജന കുടുംബങ്ങള്‍ക്കായി വിതരണം ചെയ്തു.1922-ല്‍ കൃഷ്ണമേനോന്‍ ശ്രീരാമകൃഷ്ണസംഘത്തില്‍ ചേര്‍ന്ന് ‘അഖണ്ഡചൈതന്യ’ ബ്രഹ്മചാരിയായി. 1932-ല്‍ ശ്രീമത് ശിവാനന്ദസ്വാമികളില്‍ നിന്നും ത്യാഗീശാനന്ദ എന്ന പേരില്‍ സന്ന്യാസദീക്ഷ സ്വീകരിച്ചു. വിവേകോദയത്തിലേക്ക് വന്നപ്പോള്‍ അദ്ദേഹം സ്വഗൃഹവുമായുള്ള സകല ബന്ധങ്ങളും പരിപൂര്‍ണ്ണമായും വിച്ഛേദിച്ചിരുന്നു.
അതുപോലെ വിവേകോദയവുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിച്ചുകൊണ്ടാണ് വിലങ്ങനിലുള്ള ശ്രീരാമകൃഷ്ണമഠത്തില്‍ അദ്ദേഹം എത്തിചേര്‍ന്നത്. വിലങ്ങന്‍ ശ്രീരാമകൃഷ്ണ മഠത്തിന്റെ സര്‍വ്വതോമുഖമായ അഭിവൃദ്ധിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച് അദ്ദേഹം ശാരീരികമായി അവശനായിത്തീര്‍ന്നു. സഹോദര സന്ന്യാസിമാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് സ്വാമികള്‍ വിലങ്ങന്‍ ആശ്രമത്തില്‍ നിന്നും മദ്രാസ് മഠത്തിലെത്തി. മദ്രാസ് മഠത്തിലെ അല്പകാലത്തെ സേവനത്തിനുശേഷം 1938-ല്‍ ബാഗ്ലൂര്‍ ശ്രീരാമകൃഷ്ണമഠത്തിന്റെ അദ്ധ്യക്ഷപദം അദ്ദേഹം ഏറ്റെടുത്തു. ത്യാഗീശ്വരനായ ത്യാഗീശാനന്ദ സ്വാമികള്‍ കാലെടുത്തു കുത്തിയതോടെ ബാഗ്ലൂര്‍ ആശ്രമാന്തരീക്ഷം വീണ്ടും ശാന്തവും ആര്‍ഭാടരഹിതവുമായിത്തീര്‍ന്നു. സ്വാമികളുടെ അസാധാരണമായ വ്യക്തിപ്രഭാവത്തെ പറ്റി കേട്ട് ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും വിദേശങ്ങളില്‍ നിന്നുപോലും ഭക്തജനങ്ങള്‍ അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരുന്നു.
സേവനപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല സംസ്‌കൃതസാഹിത്യരംഗത്തും അതുല്യനായിരുന്നു അദ്ദേഹം. പണ്ഡിതോചിതമായ ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയായിരുന്നു സ്വാമികള്‍. അദ്ദേഹം ശ്വേതാശ്വതരോപനിഷത്തിനും, ശ്രീനാരദഭക്തിസൂത്രത്തിനും വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മാണ്ഡുക്യകാരികയുടെ വിവര്‍ത്തനം, ശ്രീഭാഗവതദര്‍ശനം എന്നിവയ്ക്ക് പുറമെ ചില സ്‌തോത്രങ്ങളും സ്വാമികള്‍ രചിച്ചിട്ടുണ്ട്. സ്വാമികളുടെ ഉപനിഷദ് വ്യാഖ്യാനങ്ങളെ പുരസ്‌കരിച്ച്  ബനാറസ്  ഹിന്ദുസര്‍വ്വകലാശാല അദ്ദേഹത്തിന് ബഹുമതിപത്രം നല്‍കി ആദരിക്കുകയുണ്ടായി.വിലങ്ങന്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ രജതജൂബിലി മഹോത്സവത്തോട് അനുബന്ധിച്ച് ആശ്രമസ്ഥാപകനായ ത്യാഗീശാനന്ദസ്വാമികളെക്കുറിച്ച്  പുത്തേഴത്ത് രാമന്‍ മേനോന്‍ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്, ‘വിലങ്ങനിലെ ഓരോ മണല്‍ത്തരിയും കല്ലും കട്ടയും പുല്ലും പിലാവും മാവും മരവട്ടിയും അദ്ദേഹത്തിന്റെ പാദസ്പര്‍ശത്താലും പരിപാലനത്താലും ശ്വാസോച്ഛ്വാസത്താലും കോള്‍മയിര്‍ കൊണ്ടിട്ടുള്ളവയാകുന്നു! അവയ്‌ക്കെല്ലാമുണ്ടാകും ഓരോ അനുഭവങ്ങള്‍, ആ മഹാപുരുഷനെക്കുറിച്ച് പാടിയാടി കളിക്കുവാന്‍.
ശ്രീ രാമന്‍മേനോന്‍ തുടരുന്നു, ‘താടിയും തലയും വളര്‍ത്തി തേജോമയനായ ആ ദീര്‍ഘകായന്‍, വിശ്വാമിത്ര വസിഷ്ഠാദികളായ പൂര്‍വ്വഋഷീശ്വരന്മാരുടെ സ്മരണയെ പുനര്‍ജ്ജീവിപ്പിച്ചു’. (മണ്‍മറഞ്ഞവര്‍ പേജ് 33-38) ബാംഗ്ലൂര്‍ ആശ്രമത്തിന്റെ അദ്ധ്യക്ഷനായിരിക്കെ സ്വാമികള്‍ രോഗബാധിതനായി. സ്വാമികളുടെ നട്ടെല്ലിന്റെ ഒരുഭാഗം ക്ഷയം കാര്‍ന്നു തിന്നു കഴിഞ്ഞിരുന്നു. രോഗത്തിന്റെ തീവ്രത കാരണം കഠിനമായ വേദന അനുഭവിച്ചിരുന്നെങ്കിലും മനസ്സിനെ ശരീരത്തില്‍ നിന്നെല്ലാം  പൂര്‍ണ്ണമായും  പിന്‍വലിച്ച് ശ്രീരാമകൃഷ്ണദേവന്റെ പാദകമലങ്ങളില്‍ ഉറപ്പിച്ച് നിര്‍ത്തുവാന്‍  സ്വാമികള്‍ക്ക് കഴിഞ്ഞിരുന്നു. ശ്രീരാമകൃഷ്ണദേവന്‍ കേവലം ഒരു പരമഹംസനല്ല, പൂര്‍ണ്ണാവതാരം തന്നെയാണെന്ന് പരിപൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു ത്യാഗീശാനന്ദസ്വാമികള്‍.
ശ്രീമത് ഭാഗവതദര്‍ശനം എന്ന ഗ്രന്ഥത്തിന് ആമുഖത്തില്‍ എഴുതിയ ശ്ലോകം ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. ആ പൂര്‍ണ്ണാവതാരത്തിന്റെ ഓരോ തിരുവായ്‌മൊഴിയും സ്വജീവിതത്തില്‍ ആവിഷ്‌കരിക്കുകയെന്നത് ജീവിതവ്രതമായി അദ്ദേഹം സ്വീകരിച്ചു. 1951 ഓഗസ്റ്റ് 6 ന് ബാംഗ്ലൂര്‍ മഠത്തില്‍ വെച്ചുതന്നെ ആ പുണ്യചരിതന്‍ പരമപദം പൂകി. തീവ്രമായ ത്യാഗവും വൈരാഗ്യവും സത്യനിഷ്ഠയും ഇത്ര സമ്മോഹനമായി സമ്മേളിച്ചിട്ടുള്ള ധന്യജീവിതം അത്യപൂര്‍വ്വമായിരിക്കും. ത്യാഗീശാനന്ദസ്വാമികള്‍ക്കുശേഷം ഈശ്വരാനന്ദ സ്വാമികള്‍, ശക്രാനന്ദ സ്വാമികള്‍, മൃഡാനന്ദസ്വാമികള്‍ തുടങ്ങിയ സന്ന്യാസി ശ്രേഷ്ഠന്മാരുടെ സാരഥ്യത്തില്‍ പുറന്നാട്ടുകര ശ്രീരാമകൃഷ്ണ മഠം കേരളത്തിലെ സനാതനധര്‍മ്മ വിശ്വാസികളുടെ ആശാകേന്ദ്രമായി വിരാജിച്ചിരുന്നു. വര്‍ത്തമാനദുരന്തങ്ങളുടെ ആഴം കൂടുന്തോറും ഭൂതകാലമാഹാത്മ്യം മനോഹരമാക്കി അനുഭവപ്പെടുമെന്ന കവിവാക്യം യാഥാര്‍ത്ഥ്യമാകുന്നത് ത്യാഗീശാനന്ദ സ്വാമികളെ പോലുള്ളവരുടെ ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news655408#ixzz4knGhYtEl

1 comment:

Unknown said...

നമസ്കാരം ചേട്ടാ
എനിക്ക് ഒരു മിസ്സ്‌ തരാമോ ചേട്ടന്റെ മൊബൈൽ നമ്പർ നിന്നും 00973 39798345
ഇതുതന്നെ ആണ് എന്റെ whatsapp നമ്പറും