Thursday, June 08, 2017

രണച്ചുമതല ഏറ്റെടുക്കുന്നവര്‍ എങ്ങിനെയുള്ള വരായിരിക്കണം? എന്തെല്ലാം ഗുണങ്ങളാണ് അവര്‍ക്കുണ്ടായിരിക്കേണ്ടത്? ലൗകികജീവിതം ഉപേക്ഷിച്ചു പോയ സന്ന്യാസിമാര്‍ക്കും മഹത്തുക്കള്‍ക്കും പുരോഹിതന്മാര്‍ക്കുമെല്ലാം ഭരണാധികാരം ഏറ്റെടുക്കാമോ? അത് ലൗകികതയിലേക്കുള്ള തിരിച്ചുവരവ് ആണോ? അങ്ങിനെയെങ്കില്‍ അത് അധഃപതനമല്ലേ?
ഇത്തരം അനേകം ചോദ്യങ്ങള്‍ ഇന്നും സമൂഹത്തില്‍ പലരും ചര്‍ച്ചചെയ്യാറുണ്ട്. മഹന്ത് ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിനെച്ചൊല്ലി ചിലരെങ്കിലും ഈ പ്രശ്‌നം എടുത്തിട്ടിട്ടുണ്ട്. രാഷ്ട്രസ്‌നേഹിയും സമൂഹസ്‌നേഹിയുമായ ചിലരും ഈ പ്രശ്‌നം ചര്‍ചാവിഷയമാക്കിയതായി അറിയാം.
ഭാഗവതത്തില്‍ സ്ഥാനം എന്നതിനെവര്‍ണിക്കുന്നതും ഏറെ പ്രസിദ്ധവുമായ അഞ്ചാം സ്‌കന്ധം ആരംഭിക്കുന്നതുതന്നെ ഇത്തരം വിഷയം ചര്‍ചക്കെടുത്തുകൊണ്ടാണ്. ഈ സ്‌കന്ധത്തില്‍ ഒന്നാം അധ്യായത്തില്‍ ആദ്യശ്ലോകം പരീക്ഷിത്തു മഹാരാജാവുന്നയിക്കുന്ന ചോദ്യമാണ്.
” പ്രിയവ്രതോ ഭാഗവത ആത്മാരാമ: കഥം മുനേ, 
ഗൃഹ്യേരമത യന്മൂലഃ കര്‍മ്മബന്ധഃ പരാഭവംഃ”
ഭാഗവതഭക്തനും ആത്മാരാമനും ആയ പ്രിയവ്രതന്‍ എങ്ങിനെയാണ് ഗൃഹസ്ഥാശ്രമത്തിലേക്കുതിരിച്ചുവന്നത്? അതിനു കാരണമെന്താണ്? ഈ പരാഭവത്തിനിടയാക്കിയ കര്‍മബന്ധം എങ്ങിനെ സംഭവിച്ചു?
ജനങ്ങളുടെ പ്രിയം- ലോകോപകാരം വ്രതമായി സ്വീകരിച്ചവനും സര്‍വകര്‍മ്മങ്ങളും ഭഗവതര്‍പിതമായ ചെയ്യുന്നവനും ആത്മാവില്‍ തന്നെരമിക്കുന്നവനുമായ പ്രിയവ്രതന് വീഴ്ച സംഭവിച്ചുവോ എന്നതാണ് സംശയം സ്വായംഭൂവമനുവിന് അഞ്ചുമക്കളായിരുന്നു. പ്രിയവ്രതന്‍, ഉത്താനപാദന്‍ എന്നീ രണ്ടു പുത്രന്മാരും ദേവഹൂതി, ആകൂതി, പ്രസൂതി എന്നീ മൂന്നു പുത്രിമാരും മൂത്തയാളായ പ്രിയവ്രതന്‍ ചെറുപ്രായത്തിലേ വീടുവിട്ടതാണ്. നാരദമഹര്‍ഷിയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട്, ലൗകീകജീവിതത്തില്‍ താല്‍പര്യമില്ലാതെയാണ് പോയത്. മൂത്തമകന്റെ അഭാവത്തിലാണ് രണ്ടാമനായ ഉത്താനപാദനെ രാജാവാക്കിയത്.
പേരുപോലെതന്നെയാണ് പ്രകൃതവും, തലകീഴ്ക്കാനം പാട് എന്നൊക്കെ പറയാറില്ലേ. അതിനു പകരം കാലുകള്‍ ഉയര്‍ന്നുനില്‍ക്കുന്നവന്‍ എന്നാണ് പേരിനര്‍ത്ഥം. കാലുകള്‍ ഉയര്‍ന്നുനിന്നാല്‍ തലതിരിഞ്ഞ അവസ്ഥയാണല്ലോ.
ഉത്താനപാദന്റെ ഭരണവും അതുപോലൊക്കെത്തന്നെയായിരുന്നു. രണ്ടു ഭാര്യമാരാണുണ്ടായിരുന്നത്. മൂത്തവള്‍ നീതിനോക്കി കാര്യനിര്‍വഹണം നടത്തിയിരുന്ന സുനീതി. സ്വന്തം താല്‍പര്യത്തിനു മാത്രം പ്രാധാന്യം കൊടുത്ത് ചിന്തിക്കുന്നവളായിരുന്നു സുരുചി. രുചിയില്‍ മാത്രം ചിന്തയുള്ളവര്‍.
വേണ്ടതുവേണ്ടപ്പോള്‍ തോന്നുന്നകാര്യത്തില്‍ ഉത്താനപാദന്‍ പുറകിലായിരുന്നു. അതുകൊണ്ടുതന്നെ ജനഹിതം മറന്നു.
ഇതെല്ലാം മനസ്സിലാക്കിയപ്പോള്‍ പ്രിയവ്രതന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വയംഭൂവമനു കുടുതല്‍ ചിന്തിച്ചു. പിതാവായ ബ്രഹ്മദേവനോട് മനുകൂടിയാലോചിച്ചു.
പ്രിയവ്രതന്‍ തിരിച്ചുവന്നെങ്കില്‍ എന്ന് പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. എന്നാല്‍ ആ വിളികേള്‍ക്കാന്‍ പ്രിയവ്രതന്‍ തയ്യാറാകുന്നില്ല. ഇനി എന്താണ് മാര്‍ഗമെന്ന തിരിച്ചറിവുണ്ടാകാന്‍ ബ്രഹ്മദേവന്‍ ഭഗവാന്‍ നാരായണ വിഷയത്തില്‍ ഇടപെടാമെന്ന് വിധാതാവ് നിശ്ചയിച്ചു. മരീച്യാദി മഹര്‍ഷിമാരും വിധാതാവിനോടുസഹകരിച്ചു.
സാധാരണ ഗതിയില്‍ സന്ന്യാസവൃത്തിയില്‍ നിന്നും തിരിച്ചുപോക്ക് മുന്നോട്ടുവച്ചകാല്‍ പിന്നോട്ടെടുക്കല്‍ തന്നെയാണ്. എന്നാല്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ ഉന്നമനത്തിന് ഇത് ആവശ്യമാണെന്നുകണ്ടാല്‍ ഇത് തിരിച്ചുപോക്കല്ല, സമര്‍പ്പിതജീവിതം തന്നെയാണ്. സര്‍വേപി സുഖനസന്തു എന്നു പ്രാര്‍ത്ഥിക്കുന്ന ഒരു സമൂഹത്തിനുവേണ്ടി, ലോകാസമസ്താ സുഖിനോഭവന്തു എന്നു ചിന്തിക്കുന്ന ജനതക്കുവേണ്ടിയാകുമ്പോള്‍ അത് വിഷ്ണുസേവതന്നെയാണ്. കാരണം വിഷ്ണു എന്നാല്‍ എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്ന ചൈതന്യം തന്നെയാണ്. ശുകമഹര്‍ഷി പരീക്ഷിത്തിനോട് വിശദീകരിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news642294#ixzz4jT4c0AqQ

No comments: