Saturday, November 22, 2025

ശ്രീനാരായണ ഗുരുദേവന്‍ എങ്ങനെ സനാതനധര്‍മ്മത്തിന്റെ വക്താവാകും എന്ന നിരന്തരമായ കമ്മ്യൂണിസ്റ്റ് ചോദ്യം യഥാര്‍ത്ഥത്തില്‍ ഗുരുദേവനെ സമ്പൂര്‍ണ്ണമായും അപമാനിക്കുന്ന ഒന്നാണ്. കാരണം ഗുരുദേവനോളം വൈദിക ധര്‍മ്മത്തെ സമ്പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട മറ്റൊരു സന്യാസി ശ്രേഷ്ഠനും കേരളത്തില്‍ ഇല്ല തന്നെ. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനം തന്നെ വേദമാണല്ലോ. ആ വേദം നിലനില്‍ക്കുന്നത് പാരമ്പര്യ ഉപദേശക്രമങ്ങളിലൂടെയും യജ്ഞങ്ങളിലൂടെയും ആണല്ലോ. എന്താണ് ഗുരുദേവന്‍ ചെയ്തുവന്നിരുന്നത്? അരുവിപ്പുറത്തും ശിവഗിരിയിലും അടക്കം ഗുരുദേവന്റെ പരമ്പരയില്‍ പെട്ടവരോട് എന്ത് ചെയ്യാനാണ് അദ്ദേഹം ഉപദേശിച്ചത്. ശ്രീനാരായണഗുരു കേവലം ഒരു സന്യാസി മാത്രമല്ല, വൈദികനും താന്ത്രികനും കൂടി ആയിരുന്നു. അദ്ദേഹം ഒരു അഗ്‌നിഹോത്രിയും കൂടി ആയിരുന്നു എന്നത് പലര്‍ക്കും അറിവുള്ള കാര്യമല്ല. ബ്രഹ്മത്തെ അഗ്‌നി എന്ന ഉപാധിയില്‍ മൂര്‍ത്തിവത്ക്കരിച്ച അപൂര്‍വ്വം സന്യാസിമാരില്‍ ഒരാളാണ് ശ്രീനാരായണ ഗുരു. സാധാരണഗതിയില്‍ സന്യാസിമാര്‍ സര്‍വ്വ പ്രപഞ്ചത്തിലും സ്വഹൃദയത്തിലും പരമാത്മാവിനെ കാണുന്ന സമ്പ്രദായക്കാരാണ് എങ്കില്‍, ശ്രീനാരായണഗുരു അവിടെ വൈദികത്തെയും താന്ത്രികത്തെയും ഉള്‍ക്കൊണ്ടു. ഉള്‍ക്കൊണ്ടു എന്ന് മാത്രമല്ല അത് പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരികയും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. അരുവിപ്പുറത്തും ശിവഗിരിയിലും അടക്കം ഗുരുദേവ പരമ്പരയില്‍ പെട്ട സ്ഥാനങ്ങളിലൊക്കെ നിത്യാഗ്‌നിഹോത്രം ചെയ്യാനുള്ള ഏര്‍പ്പാട് അദ്ദേഹം ഉണ്ടാക്കിവെച്ചു. അഗ്‌നിയുടെ ഉപാസന സമ്പൂര്‍ണ്ണമായും വൈദികമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കേവലം ആഗ്‌നേയാരാധന അനുഷ്ഠിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. വിശേഷപ്പെട്ട ഒരു ഹോമ മന്ത്രം അദ്ദേഹം ഉപദേശിക്കുക കൂടി ചെയ്തു. ആ മന്ത്രത്തിന്റെ ദ്രഷ്ടാവ് സ്വയം ഗുരു തന്നെയാണ്. ഈ മന്ത്രം 1925-26 ല്‍ അദ്ദേഹം ആദ്യം എഴുതിക്കൊടുത്തത് ആര്യസമാജ പ്രവര്‍ത്തകര്‍ക്കാണ്. അഗ്‌നേ തവ യത്തേജസ്തദ് ബ്രാഹ്മം അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി ത്വദീയാ ഇന്ദ്രിയാണി മനോ ബുദ്ധിരിതി സപ്തജിഹ്വാഃ ത്വയി വിഷയാ ഇതി സമിധോ ജുഹോമി അഹമിത്യാജ്യം ജുഹോമി ത്വം ന പ്രസീദ പ്രസീദ ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ സ്വാഹാ മേല്‍ മന്ത്രത്തിന്റെ അര്‍ത്ഥം പരിശോധിച്ചാല്‍, അഗ്‌നിയെ പ്രത്യക്ഷ ബ്രഹ്മമായി പറഞ്ഞുകൊണ്ട്, തന്നെത്തന്നെ, തന്റെ അഹം ബോധത്തെ തന്നെ അതിലേക്ക് ആജ്യമായി (നെയ്യായി) സമര്‍പ്പിച്ചു കൊണ്ട് അഗ്‌നിയുടെ പ്രസാദത്തിനായി പ്രാര്‍ത്ഥിക്കുന്ന ഒരു വൈദിക ശ്രേഷ്ഠനെയാണ് നമുക്ക് ഗുരുവില്‍ കാണാന്‍ സാധിക്കുക. ആ ഗുരുവിനെയാണ് സനാതനധര്‍മ്മത്തിന്റെ ഭാഗമല്ല എന്ന് ഇവര്‍ പറഞ്ഞു പരത്തുന്നത്. വര്‍ണ്ണാശ്രമങ്ങളും ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയും ഒക്കെ വേദത്തിന്റെ ഭാഗമാണ് എന്നത് ഓര്‍മ്മിക്കുക. അതേ വൈദികചര്യയാണ് ഗുരുദേവന്‍ പിന്തുടര്‍ന്നതും. അതൊക്കെ അനാചാരങ്ങളാണ് എങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യില്ല. പില്‍ക്കാലത്ത് വന്ന പലരും അദ്ദേഹം വിവിധ സാഹചര്യങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതിനെയൊക്കെ സാഹചര്യം മാറ്റി സ്വന്തം ഇഷ്ടപ്രകാരം വികല വ്യാഖ്യാനങ്ങള്‍ കൊടുത്ത് നശിപ്പിക്കുന്ന, സത്തയെ തന്നെ കളയുന്ന ദൗര്‍ഭാഗ്യകരമായ ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ഗണേശ അഥര്‍വ്വ ശീര്‍ഷം അടക്കം 12 വൈദിക മന്ത്രങ്ങള്‍ ചേര്‍ത്ത ശാന്തി പാഠം ഗുരുദേവന്‍ സ്വന്തം പരമ്പരയ്ക്ക് ഉപദേശിച്ചിട്ടുണ്ട് (അരുവിപ്പുറത്ത് ഇത് ചൊല്ലുന്നത് ലേഖകന്‍ കേട്ടിട്ടുമുണ്ട്). ഒരാള്‍ സനാതനധര്‍മ്മി അല്ലാതാകണമെങ്കില്‍, അയാള്‍ ആദ്യം തള്ളിപ്പറയേണ്ടത് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ വേദത്തെയാണ്. കേരളത്തിലെ വിവിധ സന്യാസിമാരെയും ആചാര്യന്മാരെയും എടുത്തു പരിശോധിക്കുമ്പോള്‍, വൈദികത്തെ ഏറ്റവുമധികം ഹൃദയത്തിലേക്ക് ആവാഹിച്ചത് ശ്രീനാരായണഗുരു ആണെന്ന് നിസ്തര്‍ക്കം പറയാനും തെളിയിക്കാനും സാധിക്കും. പിന്നീട് അദ്ദേഹത്തിന്റെ പരമ്പരയില്‍ പെട്ട പലരും, ഗുരുദേവന്‍ വൈദിക സമ്പ്രദായത്തെ ആചരിച്ചിരുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതും നമ്മള്‍ കണ്ടതാണ്. ശ്രുതി, സ്മൃതി, പുരാണങ്ങളെ അടിസ്ഥാനമാക്കി, അദ്ദേഹം മാനവരാശിക്ക് ഉപദേശിച്ച ജീവിതപദ്ധതിയാണ് ‘ശ്രീനാരായണ സ്മൃതി അഥവാ ശ്രീനാരായണ ധര്‍മം’ എന്ന ഗ്രന്ഥം. വേദത്തിന്റെ സനാതന തത്വത്തെ പ്രമാണമാക്കി, കാലത്തിനനുസരിച്ച് നമുക്കുവേണ്ടി അദ്ദേഹം തയ്യാറാക്കിയതാണ് ഈ ധര്‍മശാസ്ത്ര ഗ്രന്ഥം. തന്റെ അവസാനകാലത്ത് തയ്യാറാക്കിയ ഈ ‘സ്മൃതി’ അദ്ദേഹം ഉപദേശിക്കുന്നത് സര്‍വ ധര്‍മ്മങ്ങളിലും പെട്ട മനുഷ്യര്‍ക്ക് വേണ്ടിയാണ്

No comments: