Sunday, November 23, 2025

അഗ്നിഹോത്രി മേഴത്തോളഗ്നിഹോത്രി എന്ന നാമം കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. പറയിപെറ്റ പന്തിരുകുലത്തിലെ മൂത്ത കാരണവര്‍. പാക്കനാരുടെയും പെരുന്തച്ചന്റെയും അകവൂര്‍ ചാത്തന്റെയും നാറാണത്തു ഭ്രാന്തന്റെയും കാരണവര്‍. മേഴത്തോളഗ്നിഹോത്രി രജകനുളിയനൂര്‍ തച്ചനും പിന്നെ വള്ളോന്‍ വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും നായര്‍ കാരക്കല്‍ മാതാ ചെമ്മേ കേളുപ്പുകൊറ്റന്‍ പെരിയതിരുവര- ങ്ങത്തെഴും പാണനാരും നേരേ നാരായണഭ്രാന്തനുമുടനകവൂര്‍ ചാത്തനും പാക്കനാരും എന്ന പ്രസിദ്ധമായ വരികള്‍ കേള്‍ക്കാത്തവരും ചുരുങ്ങും. നെടുങ്ങനാടന്‍ കേരളോല്‍പത്തി എന്ന പ്രാചീനകൃതിയില്‍ ഇക്കഥയുണ്ട്. വരരുചിയെന്ന ബ്രാഹ്മണന് പഞ്ചമിയെന്ന പറയ കന്യകയില്‍ പിറന്ന പന്തിരുകുലത്തിന്റെ കഥ. ഇക്കഥ തൃത്താലക്കാര്‍ക്കും ചെറുകുടങ്ങാട്ടുകാര്‍ക്കും മിത്തല്ല. സത്യമാണ്. പാക്കനാരും ബ്രഹ്മദത്തനെന്ന അടിശ്ശീരിപ്പാടും അവരുടെ ഇടയില്‍ ഇന്നും ജീവിക്കുന്നു. തൃത്താലക്കടുത്തു മേഴത്തൂര്‍ ഗ്രാമത്തിലെ വേമഞ്ചേരി മനക്കലാണ് ബ്രഹ്മദത്തന്‍ എന്ന പേരിലറിയപ്പെട്ട അഗ്നിഹോത്രി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരില്‍ ചിലര്‍ കടമ്പഴിപ്പുറത്താണ് താമസം. ഇപ്പോഴത്തെ അഗ്നിഹോത്രികള്‍ കടമ്പൂര്‍ മനക്കല്‍ ആണ്. ആദ്യകാലത്ത് കൊടിക്കുന്നു ക്ഷേത്രം നെടുണേതിരിപ്പാടിനു കീഴില്‍ പന്ത്രണ്ടുവീട്ടുകാരായ മഞ്ഞാളന്മാര്‍ ഭരിക്കുന്നതായിരുന്നു. പതിനാലാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇത് സാമൂതിരിക്ക് അധീനമായി. ഏറാടിവംശജരായ സാമൂതിരിമാര്‍ നെടുങ്ങാടിമാരെന്ന ആദ്യകാലത്തെ നെടുങ്ങനാട്ട് ഭരണവര്‍ഗത്തെ സംരക്ഷിച്ചു വന്നു. ഇവര്‍ക്ക് 'നെടുണേതിരിപ്പാട്' എന്ന സ്ഥാനം നിലനിര്‍ത്തി അടുത്തൂണ്‍ കൊടുത്തിരുന്നു. ഇത് പില്‍ക്കാലത്ത് തിരുമുല്‍പ്പാടെന്ന് അറിയപ്പെട്ട ഒരു വിഭാഗത്തിലെ നെടുണേതിരിപ്പാടിനായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവരുടെ തലമുറ ഇന്ന് ചുണ്ടമ്പറ്റ വസിക്കുന്നു. അവിടെ ഒരു കൊടിക്കുന്ന് ക്ഷേത്രവും ഇന്ന് കാണാം. ചെറുകുടങ്ങാട്ട് അംശം ദേശത്താണ് തൃക്കൊടിക്കുന്നത്തു ക്ഷേത്രം. ചെമ്പലങ്ങാട്ടു കോവിലകം എന്ന ചരിത്രത്താളുകളിലും സാമൂതിരി രേഖകളില്‍ കാണുന്ന ഭരണസിരാകേന്ദ്രത്തിനു കീഴില്‍ കൊടിക്കുന്ന്, തൃത്താല, നെടുങ്ങനാട്ടുതളി, ചിറകര, മുടപ്പക്കാട് സുബ്രഹ്മണ്യക്ഷേത്രം എന്നിവ ഉണ്ടായിരുന്നു. സാമൂതിരി ഭരിച്ചിരുന്ന എറാള്‍പ്പാടിന്ന് പാലത്തറയില്‍ 'വള്ളൂര്‍ കോവിലകം' എന്നറിയപ്പെടുന്ന ഒരു സ്ഥാനമുണ്ട്. മാക്കോവിലകം എന്ന് പ്രാദേശിക നാമം.പുതുക്കുളങ്ങര വടക്കെക്കര മണാളര്‍, മേലേപ്പാട്ടു മണാളര്‍, മാക്കണത്തവര്‍, പുത്തന്‍ വീട്ടിലവര്‍ മുരിണോളിലവര്‍, പന്നിവീട്ടിലവര്‍, ചെങ്ങാഴിയവര്‍, വള്ളിക്കലവര്‍, കോല്‍പ്പറത്തവര്‍, മാക്കണത്തവര്‍, വലില്ലാത്തവര്‍, വിരിക്കുന്നത്തവര്‍ എന്നീ കുടുംബപേരുകളിലാണ് കൊട്ടിച്ചെഴുന്നള്ളത്തു രേഖകളില്‍ കാണുന്നത്. ഇവരില്‍ ആറുവീട്ടുകാര്‍ ഇപ്പോഴും കൊടിക്കുന്ന്, ചിറങ്കര, കുളമുക്കു ഭാഗങ്ങളിലായി താമസിക്കുന്നു. കുളമുക്ക് അങ്ങാടിയിലെ പ്രാചീന കച്ചവടക്കാരാണിവര്‍.വേമഞ്ചേരി മനക്കല്‍ മേഴത്തോളഗ്നിഹോത്രികളെ സ്വീകരിച്ച് ദക്ഷിണ സമര്‍പ്പിക്കുന്ന ഒരു ചടങ്ങ് ഇപ്പോള്‍ ചിറങ്കര ക്ഷേത്രത്തില്‍ വെച്ച് നടക്കുന്നു. മുമ്പ് ഇതു കുളമുക്ക് അങ്ങാടി നടയിലായിരുന്നു. തുലാമാസത്തിലെ പൂരം പടഹാരത്തിനാണ് അഗ്നിഹോത്രികള്‍ക്ക് വരവേല്‍പ്പ് ഒരുക്കുന്നത്. ഭട്ടോപഹാരം എന്ന വാക്കിന്റെ തദ്ഭവമാണ് 'പടഹാരം' എന്നത്. വേദപണ്ഡിതന്മാരെ വന്ദിച്ചാദരിച്ച് അവര്‍ക്ക് ഉപഹാരം അര്‍പ്പിക്കുന്ന ചടങ്ങാണിത്. കൊടിക്കുന്നത്ത് ക്ഷേത്രത്തിലെ കിഴക്കെ വാതില്‍ മാടത്തില്‍ തെക്കുഭാഗത്തായാണ് ഈ ചടങ്ങ് നടത്തുന്നത്. ആദരിക്കപ്പെടുന്ന ആഢ്യബ്രാഹ്മണരില്‍ തൈക്കാട് വൈദികന്‍, ചെറുമുക്ക വൈദികന്‍ ഭട്ടിപുത്തില്ലത്ത്, താഴത്ത്, മഞ്ഞപ്പറ്റ, എടവത്ത്, തടത്തില്‍ കാഞ്ഞൂര്, ചേക്കൂര്, നരിപ്പാറ, മരുതൂര്‍ക്കര, പത്തിയില്‍, അരപ്പനാട് എന്നിവര്‍ ഉള്‍പ്പെടുന്നു. മേഴത്തോളഗ്നിഹോത്രിക്കൊപ്പം യജ്ഞേശ്വരത്തുവെച്ച് നടത്തിയ 99 യാഗങ്ങളില്‍ പങ്കാളിത്തം വഹിച്ചവരാണ് ഈ ബ്രാഹ്മണഗൃഹങ്ങള്‍. 32 ഗ്രാമങ്ങളില്‍ കേവലം ഏഴ് ഗ്രാമങ്ങള്‍ മാത്രമാണ് അക്കാലത്ത് അഗ്നിഹോത്രിക്കൊപ്പം സഹവര്‍ത്തിച്ചത്. 'മാനിച്ചതന്ന് പെരുമാളുടവാള്‍ കൊടുത്തു മാനിച്ച താള്‍ക്കു മറുനാള്‍ മഹിയാണ്ടമാന്യന്‍ താനിച്ഛപോലെ കലികാലനിഷിദ്ധമട്ടില്‍ ദ്ധ്യാനിച്ചണഞ്ഞൊരു മഹാഗ്നി കൊളുത്തിനാട്ടില്‍' എന്നാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കേരളമെന്ന ചരിത്രകാവ്യത്തില്‍ പറയുന്നത്. താന്ത്രികവും പൈതൃകവിധികളും മാത്രം ചെയ്തുവന്ന മലയാള ബ്രാഹ്മണര്‍ക്കിടയില്‍ യജ്ഞസംസ്‌കാരം കൊണ്ടുവന്നത് മേഴത്തൂര്‍ അഗ്നിഹോത്രിയായിരുന്നു. ആധാനം ചെയ്ത നമ്പൂതിരിക്ക് അടിശ്ശേരി എന്നുപറയും. കൊടിക്കുന്നു ക്ഷേത്രത്തില്‍ വെളിച്ചപ്പെടുമ്പോള്‍ 'അച്ഛന്റെ കല്‍പ്പനക്കും ആടിശ്ശേരിപ്പാടിന്റെ കല്പനക്കും' എന്നു പറയുന്നത് മേഴത്തോളഗ്നിഹോത്രിയെ ഉദ്ദേശിച്ചും പ്രധാന ശ്രീകോവിലിന്റെ പരമശിവനെ ഉദ്ദേശിച്ചുമാണ്. (ശിവപുത്രിയാണ് ഭദ്രകാളി). മേഴത്തോളഗ്നിഹോത്രികളുടെ കുലം വേമഞ്ചേരിമന പ്രഥമ പത്‌നിയിലുണ്ടായതാണ്.രണ്ടാമതു കഴിച്ച വേളിയില്‍ ഉണ്ടായിരുന്ന കുലം അന്യം നില്‍ക്കുകയും കോടനാട് മനയില്‍ ലയിക്കുകയും ചെയ്തു. മൂന്നാമതു വേട്ട പരദേശി ബ്രാഹ്മണകന്യകയില്‍ ഉണ്ടായ സന്താനപരമ്പര ചേമഞ്ചേരി, കൂടല്ലൂര്‍, കുടലാറ്റു പുറത്തുമനകളിലുള്ളവരാണെന്നു പറയുന്നു. അതുപോലെ അടികളുടെ ഉത്ഭവത്തെക്കുറിച്ചും ഒരു കഥയാണ്. കാവേരി നദിയില്‍ കൊള്ളടം എന്ന ദിക്കില്‍ ചോളരാജാവ് ഒരണകെട്ടി എന്നും അത് ഉറയ്ക്കാതെ വന്ന് ദുഃഖിച്ചുവെന്നുമാണ് കഥ. അക്കാലത്ത് കേരളവുമായി വ്യാപാരം നടത്തുന്ന മണാളര്‍ എന്ന വൈശ്യവിഭാഗം തോണിയുമായി കാവേരി നദി കടക്കുകയായിരുന്നു. പ്രത്യേക ഒരു കാരണവും കൂടാതെ വഞ്ചി മറിയുകയും വ്യസനിച്ചിരിക്കുന്ന അവരുടെ മുമ്പിലേക്ക് 9 വയസ്സ് പ്രായമുള്ള ഒരു ബ്രാഹ്മണ കന്യക ഉറഞ്ഞുതുള്ളിയെത്തുകയും ചെയ്തു. ''മേഴത്തൂരില്‍ അഗ്നിഹോത്രി എന്ന വിശിഷ്ടനായ ഒരു ബ്രാഹ്മണന്‍ ഉണ്ടെന്നും അദ്ദേഹത്തെ വരുത്തുകയാണെങ്കില്‍ ഇവിടെനിന്നും ശക്തിചൈതന്യം പുനരുദ്ധരിക്കയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാവുകയും ചെയ്യും''. കന്യക വെളിപാടായി പറഞ്ഞു. ഇങ്ങനെ 12 കുലത്തില്‍പ്പെട്ട മണാളന്മാര്‍ കേരളത്തിലെത്തുകയും മേഴത്തൂരഗ്നിഹോത്രിയെ കണ്ട് വന്ദിച്ച് കാര്യം ഉണര്‍ത്തിക്കുകയും ചെയ്തു. അഗ്നിഹോത്രികള്‍ അവര്‍ക്കൊപ്പം കൊള്ളടത്തേക്ക് വന്നു. അല്‍പ്പനേരം ധ്യാനിച്ച് ഒരു മത്സ്യം പോകുന്നപോലെ നദിയിലേക്ക് ഊളിയിട്ടു. മുകളിലേക്ക് ഉയര്‍ന്നുവന്നത് മൂന്നു ത്രിശൂലങ്ങളുമായിട്ടാണ്. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നീ ലോഹത്തിലുള്ളവയായിരുന്നു ഈ ത്രിശൂലങ്ങള്‍. അദ്ദേഹം കച്ചവടക്കാരായ മണാളന്മാര്‍ക്കൊപ്പം മലയാളനാട്ടിലേക്ക് തിരിക്കുകയും പാലക്കാട് ചുരം കടന്നു പനമണ്ണ വഴി തൃത്താലയിലെത്തുകയും ചെയ്തു. പനമണ്ണയില്‍ ഇന്നും കൊടിക്കുന്നു ഭഗവതിയുടെ സാന്നിദ്ധ്യമുള്ളതായും അടികള്‍മാര്‍ അവിടെപ്പോയി പൂജ ചെയ്തുവരുന്നതായും അറിയുന്നു. സുവര്‍ണശൂലത്തെ വേമഞ്ചേരി മനക്കലെ മച്ചിലും വെള്ളി ശൂലം വെള്ളിയാങ്കല്ലിലും ചെമ്പുശൂലം കൊടിക്കുന്നത്തു മുമ്പുണ്ടായിരുന്ന ക്ഷേത്രത്തിലും പ്രതിഷ്ഠചെയ്തു എന്നാണ് ഐതിഹ്യം. പൂര്‍വകാലത്തുതന്നെ അവിടെ സപ്തമാതാക്കളോടു കൂടിയ ഒരു ഭൈരവീ ചൈതന്യം നിലനിന്നിരുന്നുവെന്നും പുതുതായി ഭദ്രകാളിയുടെ ചൈതന്യത്തെ (ത്രിശൂലത്തെ)ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് മുന്നിലായി പ്രതിഷ്ഠിച്ചുവെന്നു പറയുന്നു. ഇന്ന് കൊടിക്കുന്നത്ത് ഈ രണ്ടുസ്ഥാനങ്ങളും വ്യക്തമായി കാണാവുന്നതാണ്. മാതൃശാലയില്‍ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, കൗമാരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നിങ്ങനെ സപ്തമാതാക്കളെയും വീരഭദ്രന്‍, ഗണപതി എന്നിവരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രതിഷ്ഠ ഉറയ്ക്കാതെ വന്നപ്പോള്‍ ഇളനീരിന്റെ അടിഭാഗം വെട്ടി അഭിഷേകം ചെയ്യുകയും അതുനിമിത്തം അഗ്നിഹോത്രികളുടെ അനുജന്മാരായ മൂന്നുപേര്‍ ഭ്രഷ്ടരായിത്തീരുകയും ചെയ്തു. ഇവരാണ് നീലത്തടികള്‍, മഠത്തിലടികള്‍, കിഴേപ്പാട്ടടികള്‍ എന്നീ മൂന്നുകുടുംബക്കാരായി ഇരിക്കുന്നത്. പൂജാര്‍ഹനീയടിതിരിക്കൊരു തമ്പി ശക്തി പൂജാവിധിക്കു മധുമാംസ നിവേദനത്താല്‍ സാജാത്യമറ്റടികളൊന്നു തിരിഞ്ഞുവംശ- വൈജാത്യമറ്റടികളെന്നൊരു ജാതിതീര്‍ത്തു. (കേരളം-ചരിത്രകാവ്യം) കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ തന്റെ ചരിത്രകാവ്യത്തില്‍ പറഞ്ഞ കാര്യം ഇതുതന്നെയാണ്. കൊടിക്കുന്നു ഭഗവതിക്ക് തൃപ്പറ്റ (കണയം) പനമണ്ണ, തോട്ടക്കര, ചെറോട്ടൂര്‍, കുലുക്കിലിയാട്, പുലാശ്ശേരി, മുതുതല, തൃത്താല, ചിറങ്കര തുടങ്ങിയ സ്ഥലങ്ങളില്‍ പാട്ടു നടത്തുന്നു. തോറ്റത്തില്‍: ചോളമണ്ഡലം തോണ്ടമണ്ഡലം വലംചൈത് ചോളപ്പെരുമാളുടെ പൂണൂലിലും ഗ്രന്ഥകെട്ടിലും അധിവാസമായി ആനമലക്കോട്ടയില്‍നിന്നു പോന്ന് വെള്ളിയാങ്കല്ലില്‍ ആറാടിക്കുളിച്ച് പൂജിച്ച് കുളറുക്കുകായലും വലം ചെയ്തു അഞ്ചും ആറും മണാളരിന്‍ കൂടിയാടി കളിപ്പൂതും ചെയ്ത് യജ്ഞേശ്വരം ക്ഷേത്രം വലം ചെയ്ത് ചാലിയ വരമ്പത്തിരുന്ന് വടക്കോട്ടും നോക്കി പൂരവേല കാണ്മൂതും ചെയ്തു ചായില്യത്ത് മുല്ലത്തറ വലം ചെയ്ത് പുളിയക്കോട്ടു മണിക്കിണര്‍ വലയം ചെയ്തു കൊടിക്കുന്നത്ത് കരിമ്പനത്തറയില്‍ വന്ന് അട്ടഹാസം വിളി പറഞ്ഞ് ക്ഷേത്രപാലിനി കോട്ട വലം ചെയ്ത് നിന്തിരാവടിയുടെ ശ്രീ മൂലം.... എന്ന തോറ്റത്തില്‍ കേരളത്തിലെ ചോള അധിനിവേശത്തിന്റെ സൂചനകളും കാണുന്നു. ചിറങ്കര കളംപാട്ടിന് കുറുപ്പു പാടുന്ന പാട്ടും മേലുദ്ധരിച്ചതും തമ്മില്‍ സാമ്യമുണ്ട്. അടിശ്ശേരിപ്പാടിന്റെ കൂടെ ത്രിശൂലത്തില്‍ അധിവാസമായി വന്ന കൊടിക്കുന്നത്തമ്മയാണ് കൊടിക്കുന്നു തട്ടകത്തില്‍ വസിക്കുന്നവര്‍ക്ക് കൂടുതല്‍ പരിചിതം. വൈദിക സംസ്‌കാരത്തിന്റെയും താന്ത്രിക സംസ്‌കാരത്തിന്റെയും സമന്വയം ഈ കഥകളില്‍ നമുക്ക് ദര്‍ശിക്കാം.

No comments: