Sunday, November 23, 2025

ധ്യാനത്തിലും മേലെ വിജ്ഞാനം ചിത്തത്തെ ബ്രഹ്മമായി ഉപാസിക്കണമെന്നുകേട്ട നാരദന്‍ ചിത്തത്തേക്കാള്‍ ശ്രേഷ്ഠമായത് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന് സനത് കുമാരന്‍ പറഞ്ഞു. എന്നാല്‍ എനിക്ക് അതിനെ ഉപദേശിച്ചു തരാന്‍ നാരദന്‍ ആവശ്യപ്പെട്ടു. ധ്യാനം വാ ചിത്താദ്ഭൂയോ ധ്യായതീവ പൃഥവി ധ്യായതീവന്തരിക്ഷം ധ്യായതീവ ദ്യൌർധ്യായതീവ്യത്യപോ ധ്യായന്തീവ പർവ്വതാ ധ്യായന്തിവ ദേവമനുഷ്യാസ്തസ്മാദ്യ മനയൻ മഹത്താം പ്രാപ്നുവന്തി ധ്യാനപാദാം ഷാ ഇവൈവ തേ .... ധ്യാനമുപാസ്വേതി || (ചാ. ഉപ. 7.6.1) . ധ്യാനം ചിത്തത്തേക്കാള്‍ ശ്രേഷ്ഠമാണ്. ഭൂമി ധ്യാനിക്കുന്നതുപോലെ നിശ്ചലമായിരിക്കുന്നു. ആകാശവും സ്വര്‍ഗ്ഗവും അപ്പുകളും പര്‍വ്വതങ്ങളും ദേവന്‍മാരും മനുഷ്യരും ധ്യാനിക്കുന്ന പോലെ ഇളകാതിരിക്കുന്നു. ആയതിനാല്‍ ഈ ലാകത്തെ മഹാന്‍മാര്‍ ധ്യാനഫലം ലഭിച്ച കലയോടു കൂടിയവരെ പോലെയാണ്. അല്‍പന്മാര്‍ വഴക്കുണ്ടാക്കുന്നവരും ഉപദ്രവിക്കുന്നവരും പരദൂഷണക്കാരുമാണ്. ധ്യാനഫലം കിട്ടിയവരാണ് പ്രഭുക്കന്മാരായിരിക്കുന്നത്. അതുകൊണ്ട് ധ്യാനത്തെ ഉപാസിക്കൂ... ദേവതകളെപ്പോലെയുള്ള ഏതെങ്കിലും ആലംബനങ്ങളില്‍ മനോവൃത്തികളെ ഉറപ്പിച്ച് നിര്‍ത്തുന്നതിനെയാണ് ധ്യാനം എന്ന് പറയുന്നത്. മനസ്സ് ഒന്നില്‍ മാത്രം ഏകാഗ്രമാക്കി മറ്റുള്ളതിലേക്ക് പോകാതിരിക്കുന്നതാണ് ധ്യാനം. മനസ്സിനെ ജയിക്കുമ്പോഴുള്ള സംതൃപ്തിയും നിശ്ചലതയുമാണ് ഇതിന്റെ ലക്ഷണം. ഭൂമി മുതലായവയെല്ലാം ധ്യാനിക്കുന്ന പോലെ നിശ്ചലമായിയിരിക്കുന്നു.'ദേവമനുഷ്യാഃ' എന്നാല്‍ ദേവന്‍മാരും മനുഷ്യരുമെന്നോ ദേവന്‍മാരെപ്പോലെയുള്ള മനുഷ്യര്‍ എന്നോ പറയാം. ധനം, വിദ്യ, ഗുണം എന്നിവയില്‍ മഹത്വമുള്ളവര്‍ ധ്യാനഫലം കിട്ടിയതിന്റെ കലയോടുകൂടി ഇളകാതിരിക്കുന്നു. ധ്യാന മഹത്വമില്ലാത്ത അല്പന്‍മാരാണ് കുഴപ്പക്കാരായിരിക്കുന്നത്. അതിനാല്‍ ധ്യാനത്തെ ഉപാസിക്കണം. സ യോ ധ്യാനം ബ്രഹ്മേത്യുപാസ്‌തേ, യാവദ് ധ്യാനസ്യ ഗതം തത്രാസ്യ യഥാ കാമചാരോ ഭവതി, യോ ധ്യാനം ബ്രഹ്മേത്യുപാസ്‌തേ...ധ്യാനത്തെ ബ്രഹ്മ മായി കണ്ട് ഉപാസിക്കുന്നയാള്‍ക്ക് ധ്യാനത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടാകും.ഇതു കേട്ട നാരദന്‍ ചോദിച്ചു ഭഗവാനെ... ധ്യാനത്തേക്കാള്‍ കേമമായി എന്തെങ്കിലുമുണ്ടോ? ഉണ്ട് എന്ന് സനത് കുമാരന്‍ പറഞ്ഞു. എന്നാല്‍ അത് എനിക്ക് ഉപദേശിച്ചു തരൂ... എന്ന് നാരദന്‍ ആവശ്യപ്പെട്ടു.വിജ്ഞാനം വാവ ധ്യാനാദളഭൂയോ, വിജ്ഞാനേന വാ ഋഗ്വേദം വിജാനാതി... ലോകമമും ച വിജ്ഞാനേനൈവ വിജാനാതി, വിജ്ഞാനമുപാസ്സ്വേതി. വിജ്ഞാനം ധ്യാനത്തേക്കാള്‍ ശ്രേഷ്ഠമാണ്. വിജ്ഞാനം കൊണ്ടാണ് ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വണ വേദം, ഇതിഹാസപുരാണങ്ങള്‍, വ്യാകരണം, ശ്രദ്ധകല്പം,ഗണിതം, അധിദൈവികശാസ്ത്രം, നിധിശാസ്ത്രം, തര്‍ക്കശാസ്ത്രം, നീതിശാസ്ത്രം, നിരുക്തം, ശിക്ഷ, കല്പം, ഭൂത തന്ത്രം, ധനുര്‍വേദം, ജ്യോതിഷം, സര്‍പ്പവിദ്യ, ദേവജനവിദ്യ, സ്വര്‍ഗം, ഭൂമി, വായു, ആകാശം, അപ്പുകള്‍, തേജസ്സ്, ദേവന്‍മാര്‍, മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍, വൃക്ഷലതാദികള്‍, കീടങ്ങള്‍, പാറ്റകള്‍, ഉറുമ്പുകള്‍, ധര്‍മം അധര്‍മം, നന്മതിന്‍മ, പ്രിയം അപ്രിയം, അന്നം, രസം, ഇഹലോകം പരലോകം എന്നിവയെയൊക്കെ അറിയുന്നത്. അതു കൊണ്ട് വിജ്ഞാനത്തെ ഉപാസിക്കണം. വിജ്ഞാനമെന്നാല്‍ ശബ്ദാര്‍ത്ഥവിഷയകമായ ജ്ഞാനമാണ്. ഒന്നിനെക്കുറിച്ചുള്ള അറിവുണ്ടാകുമ്പോഴാണ് അതേപ്പറ്റി ധ്യാനിക്കുന്നത്. ഇതിനാല്‍ വിജ്ഞാനം ധ്യാനത്തേക്കാള്‍ ശ്രേഷ്ഠമാണ്. എല്ലാറ്റിനേയും അറിയാന്‍ സഹായിക്കുന്നത് വിജ്ഞാനമായതുകൊണ്ട് വിജ്ഞാനത്തെ ഉപാസിക്കാന്‍ പറയുന്നു.സ യോ വിജ്ഞാനം ബ്രഹ്മേത്യുപാസ്‌തേ, വിജ്ഞാനവതോ വൈ സ ലോകാന്‍ ജ്ഞാനവതോ ള ഭിസിധ്യതി, യാവദ് വിജ്ഞാനസ്യ ഗതം തത്രാസ്യ യഥാ കാമചാരോ ഭവതി, യോ വിജ്ഞാനം ബ്രഹ്മേത്യുപാസ്‌തേ...വിജ്ഞാനത്തെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ വിജ്ഞാനമുള്ളവയും. ജ്ഞാനമുള്ളവയുമായ ലോകങ്ങളെ പ്രാപിക്കും. വിജ്ഞാനത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും

No comments: