Saturday, November 22, 2025

വെട്ടിമുറിച്ച കോട്ട . +തലക്കുളത്തൂർ ഭട്ടതിരി തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിയോട് "ഞാൻനാളെ പത്മനഭസ്വാമിക്ഷേത്രത്തിൽ തൊഴാൻ പോകുമ്പോൾ മതിൽക്കകത്തേക്കു കടക്കുന്നത് എതിലേകൂടിയായിരിക്കും?" എന്നു കല്പിച്ചു ചോദിച്ചു. അതിനു മറുപടി യായി ഭട്ടതിരി, "അതെനിക്കറിയാം. എങ്കിലും ഇപ്പോൾ തിരുമനസ്സറിയിക്കുന്നില്ല. നാളെ എഴുന്നള്ളുന്ന സമയം എനിക്കറിയാമെന്നു ഞാനിപ്പോൾ അറിയിച്ചതു വാസ്തവമാണെന്ന് അവിടേക്കു ബോധപ്പെടും" എന്നു തിരുമനസ്സറിയിച്ചു. തിരുമനസ്സുകൊണ്ടു പതിവായി മതില്ക്കകത്തെഴുന്നള്ളുക കിഴക്കേ ഗോപുരത്തിൽക്കൂടിയായിരുന്നു. മേല്പറഞ്ഞ പ്രകാരം സംഭാഷണം നടന്നതിന്റെ പിറ്റേ ദിവസം കൊട്ടാരത്തിൽ നിന്നെഴുന്നള്ളി, കിഴക്കേഗോപുരത്തിന്റെ തെക്കുവശത്തായി എഴുന്നള്ളി നിന്നുകൊണ്ട് "ഇന്നു ഞാൻ ഇതിലേയാണ് മതില്ക്കകത്തേക്ക് പോകാൻ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ മതിൽ വെട്ടിപ്പൊളിക്കട്ടെ" എന്നു കല്പിച്ചു. ഉടനെ മഴുവും തൂമ്പയുമെല്ലാം കൊണ്ടു വേലക്കാരെത്തി മതിൽ വെട്ടിപ്പൊളിച്ചുതുടങ്ങി. മതിലിന്റെ കല്ലുകൾ കുറെ പൊളിച്ചപ്പോൾ ഒരു കല്ലിന്റെ ഇടയിൽ ഒരോലത്തുണ്ട് ഇരിക്കുന്നതു കണ്ടു. ഉടനെ "അതെന്താണ്? കാണട്ടെ" എന്നു കല്പിച്ചു. കൂടെയുണ്ടായിരുന്ന ഹരിക്കാരൻ ഓലക്കഷ്ണമെടുത്തു തൃക്കൈയിൽ കൊടുത്തു. തിരുമനസ്സുകൊണ്ടു വാങ്ങിനോക്കിയപ്പോൾ അതിൽ ഭട്ടതിരി സ്വന്തം കൈയക്ഷരത്തിൽ "ഇതിലേ എഴുന്നള്ളും" എന്ന് എഴുതിയിരിക്കുന്നതായി കണ്ടു. തിരുമനസ്സുകൊണ്ട് വളരെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഭട്ടതിരി അപ്പോൾ അടുക്കൽതന്നെ ഉണ്ടായിരുന്നതിനാൽ തിരുമനസ്സുകൊണ്ട് അവിടെ നിന്നുകൊണ്ടു തന്നെ വീരശൃംഖല വരുത്തി ഭട്ടതിരിയുടെ രണ്ടു കൈയിന്മേലും ഇടുവിച്ചു. അതിന്റെ ശേഷം അതിലെതന്നെ മതില്ക്കകത്തേക്ക് എഴുന്നള്ളുകയും ഇനി ഇവിടം കെട്ടിയടയ്ക്കണ്ടാ ഭട്ടതിരിയുടെ സ്മാരകമായിട്ട് ഇവിടെ ഒരു വാതിൽ വെപ്പിക്കണം. എന്നു കല്പിക്കുകയും അപ്രകാരം അവിടെ ഒരു വാതിൽ വെപ്പിക്കുകയും ചെയ്തു. ഇപ്പോൾ "ചെമ്പകത്തിൻമൂട്ടിൽ നട" എന്നു പറഞ്ഞുവരുന്ന വാതിൽ ഇപ്രകാരമുണ്ടായിട്ടുള്ളതാണ്. മഹാരജാക്കൻമാർ മതില്ക്കകത്തേക്ക് ഇപ്പോഴും അതിലേയാണ് എഴുന്നള്ളുക പതിവ്. ഇങ്ങനെ പല കാരണവശാൽ തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് ഭട്ടതിരിക്ക് പല സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്. അപ്രകാരം തന്നെ കോഴിക്കോട്, ചിറയ്ക്കൽ മുതലായ രാജസന്നിധികളിൽനിന്നും അദ്ദേഹത്തിനു കിട്ടീട്ടുള്ള സമ്മാനങ്ങൾക്കു സംഖ്യയില്ല. കിം ബഹുനാ, കാലക്രമേണ ഭട്ടതിരി ജാതകമെഴുത്തു കൊണ്ടും പ്രശ്നംകൊണ്ടും വിശ്വവിശ്രുതനായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. ഐതിഹ്യമാല +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

No comments: