Saturday, November 22, 2025

🔥അഗ്നിയുടെ സ്വരൂപങ്ങളും പേരുകളും🔥 🔥അഗ്നിയെന്നാല്‍ എല്ലാറ്റിനും അഗ്രമായി അഥവാ ആദ്യമായി ജനിച്ചത് എന്നാണ്. പ്രപഞ്ചോല്‍പത്തി സമയത്ത് അതീവതോതിലുള്ള ഊര്‍ജ്ജം ഉണ്ടായി എന്നാണ് ഋഷിമാരും ആധുനിക ശാസ്ത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. അഗ്നിയുടെ സ്വഭാവവും രൂപവുമനുസരിച്ച് ഓരോന്നിന്റെയും പേരും സവിശേഷതയും മനസ്സിലാക്കാം. 🔥വഹ്നി: ഹവിസ്സിനെ വഹിച്ചു കൊടുക്കുന്നവന്‍. യാഗഹോമാദിവേളകളില്‍ അഗ്നിയില്‍ ഹോമിക്കപ്പെടുന്നത് ഹവിസ്സ്. ഹവിസ്സിനെ ദേവങ്കല്‍ എത്തിക്കുന്നത് അഗ്നിയാണ്. അതുകൊണ്ട് വഹ്നിയെന്നു പറയപ്പെടുന്നു. 🔥വൈശ്വാനരന്‍: വിശ്വാനരമുനിയുടെ പുത്രനായതുകൊണ്ട് ഈ പേരുവന്നു. വിശ്വത്തിലെ എല്ലാ നരന്മാര്‍ക്കും ഒന്നുപോലെ യോജിച്ചവന്‍ വൈശ്വാനരന്‍ എന്നും പറയപ്പെടുന്നു. എല്ലാ ജന്തുക്കളുടെയും ഉള്ളില്‍ നിന്നുകൊണ്ട് അന്നത്തെ ദഹിപ്പിക്കുന്ന ജഠരാഗ്നിയായതും ഇവന്‍തന്നെ. (ജഠരം=ഉദരം) 🔥വീതിഹോത്രന്‍: വീതി എന്നാല്‍ ഭക്ഷണം. ഹോമദ്രവ്യത്തെ ഭക്ഷിക്കുന്നവനായതുകൊണ്ട് വീതിഹോത്രന്‍ എന്നു വന്നു. 🔥ധനഞ്ജയന്‍: ധനത്തെ വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതുകൊണ്ട് ഈ പേരുവന്നു. 🔥ദ്രവിണോദസ്സ്: ധനഞ്ജയന്‍ തന്നെയാണ് ദ്രവിണോദസ്സ്. ദ്രവിണം എന്നാല്‍ ധനമെന്നും ശക്തിയെന്നും പറയാം. ഉദസനം എന്നാല്‍ വിക്ഷേപണം, വര്‍ദ്ധിപ്പിക്കല്‍ എന്നൊക്കെ സാരം. 🔥കൃപീഡയോനി: കൃപീഡം എന്നാല്‍ ഉദരം. കൃപീഡയോനി എന്നാല്‍ ഉദരത്തില്‍ പിറന്നവന്‍, ജഠരാഗ്നിയെന്നു സാരം. 🔥ജ്വലനന്‍: കത്തുന്നവന്‍ എന്നര്‍ത്ഥം. 🔥ജാതവേദസ്സ്: ജനിച്ചതിനെയെല്ലാം അറിയുന്നവന്‍ എന്നു സാരം. 🔥തനൂനപാത്: തനൂനപം എന്നാല്‍ വെണ്ണ. ജഠരാഗ്നിരൂപത്തില്‍ ജീവികളുടെ ഉള്ളിലിരുന്ന് ദേഹത്തെ നശിക്കാതെ സൂക്ഷിച്ച് രക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം. 🔥ബര്‍ഹി: വര്‍ദ്ധിക്കുന്നവന്‍. ഒരു തീപ്പൊരിയില്‍ നിന്ന് ഖാണ്ഡവവനംവരെ ദഹിപ്പിച്ചുതീര്‍ക്കാന്‍ സാധിക്കുന്നവന്‍. 🔥ശുഷ്മാവ്: ശോഷിപ്പിക്കുന്നവന്‍. ബര്‍ഹിയുടെ നേര്‍ വിപരീതാവസ്ഥ. ഭക്ഷിക്കാന്‍ ഇന്ധനം കിട്ടിയില്ലെങ്കില്‍ ശോഷിച്ചുപോകുന്നവന്‍ എന്നു സാരം. വസ്തുക്കളെ ഉണക്കുന്നവനെന്നും പറയാം. 🔥കൃഷ്ണവര്‍ത്മാവ്: കറുത്തപുകയുള്ള വഴിയുള്ളവന്‍. കത്തുമ്പോളുണ്ടാകുന്ന കറുത്ത പുകയുടെ പിന്നാലെ പോകുന്നവന്‍ എന്നര്‍ത്ഥം. 🔥ശോചിഷ്‌കേശന്‍: ജ്വലിക്കുന്ന കേശമുള്ളവന്‍ എന്നു സാരം. 🔥ഉഷര്‍ബുധന്‍: ഉഷസ്സില്‍ ഉണരുന്നവന്‍ എന്നര്‍ത്ഥം. 🔥ആശ്രയാശനന്‍: അഗ്നിയെ ആശ്രയിക്കുന്നവരെ അഥവാ സമീപിക്കുന്നവരെ ഭക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം. 🔥ബൃഹദ്ഭാനു: വലിയ ജ്വാലയുള്ളവന്‍ എന്നു സാരം. 🔥കൃശാനു: കത്തുന്ന വസ്തുവിനെ ചെറുതാക്കുന്നവന്‍. 🔥പാവകന്‍: കത്തുന്നതിനെ ശുദ്ധീകരിക്കുന്നവന്‍. 🔥അനലന്‍: എത്രമാത്രം ഭക്ഷിച്ചാലും മതിവരാത്തവന്‍. 🔥രോഹിതാശ്വന്‍: മുരിക്കിന്‍ പൂവിന്റെ നിറത്തിലുള്ള ചുവന്ന കതിരുകളുള്ളവന്‍. 🔥വായുസഖന്‍: വായുവിന്റെ കൂട്ടുകാരന്‍. അഗ്നിയുടെ ഉല്‍പത്തി വായുവില്‍നിന്നാണെന്ന് ഋഗ്വേദം പറയുന്നു. 🔥ശിഖാവാന്‍: ജ്വാലകളുള്ളവന്‍. 🔥ആശുശുക്ഷിണി: പെട്ടെന്നു ശോഷിപ്പിക്കുന്നവന്‍ അഥവാ ഉണക്കുന്നവന്‍. 🔥ഹിരണ്യരേതസ്സ്: അഗ്നിയുടെ സപ്തജിഹ്വകളിലൊന്ന് ഹിരണ്യം. അതിന് ബീജമായുള്ളത് എന്നു സാരം. 🔥ഹുതഭുക്: അഗ്നിയില്‍ ഹോമിക്കപ്പെടുന്ന ഹവിസ്സുകളെ ഭക്ഷിക്കുന്നവന്‍. 🔥ദഹനന്‍: തന്നോടടുക്കുന്നത് എന്തിനെയും ദഹിപ്പിക്കുന്നവന്‍. 🔥ഹുതവഹന്‍: ഹവിസ്സിനെ ദേവകള്‍ക്കായി വഹിക്കുന്നവന്‍. 🔥ഹവ്യവാഹനന്‍: ഹുതവഹന്‍ തന്നെ. ഹവിസ്സിനെ ദേവകള്‍ക്കായി വഹിക്കുന്നവന്‍. 🔥സപ്താര്‍ച്ചിസ്സ്: ഏഴു ജ്വാലകളോടുകൂടിയവന്‍. 🔥സപ്തജിഹ്വന്‍: ഏഴു ജ്വാലകളാകുന്ന നാക്കോടുകൂടിയവന്‍. 🔥ദമുനസ്സ്: ഉപശമിപ്പിക്കുന്നവന്‍. 🔥ശുക്രന്‍: ദുഃഖിപ്പിക്കുന്നവന്‍. 🔥ചിത്രഭാനു: പലനിറങ്ങളുള്ള കിരണങ്ങളോടുകൂടിയവന്‍. 🔥അപാന്നപാത്: ജലത്തിനുള്ളിലെ അഗ്നി. ദാവാഗ്നിയായി കാട്ടിലും അഥവാ വൃക്ഷാദി സ്ഥാവരങ്ങളുടെ ഉള്ളിലും ചരങ്ങളായ ജീവികളില്‍ ജഠരാഗ്നി രൂപത്തിലും ഈ അഗ്നി വര്‍ത്തിക്കുന്നു. 🔥അന്നപുത്രന്‍: ഭക്ഷിച്ച അന്നം ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കുന്നതു കൊണ്ട് അന്നപുത്രനെന്ന് പറയപ്പെടുന്നു. ഇവിടെ പ്രതിപാദിക്കപ്പെട്ട പേരുകളില്‍ ഏറിയപങ്കും ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവയാണ്.🔥

No comments: