Sunday, November 30, 2025

മൗനം

സത്യം പറഞ്ഞാൽ, കേരളത്തിലെ പല വീടുകളിലെയും രണ്ടാമത്തെ മുറി ഒഴിഞ്ഞു കിടക്കുകയാണ്. പുതിയതായി വീട് വച്ചതിനുശേഷം, വെറും ആറോ ഏഴോ വർഷം മാത്രം അവരുടെ മുറികളിൽ ജീവിച്ച മക്കൾ എന്നെന്നേക്കുമായി നാടുവിട്ടു കഴിഞ്ഞു. അവർ വിവാഹിതരായി, എന്നെങ്കിലും മാതാപിതാക്കളെ കാണാൻ വരുമ്പോൾ, ഒരു രാത്രിയും രണ്ടു പകലും മക്കൾ ആ മുറികളിൽ തങ്ങുമെന്ന് കരുതി മാതാപിതാക്കൾ ആ മുറികൾ ഒഴിച്ചിട്ടിരിക്കുന്നു. മൂന്ന് മുറികളുള്ള വീടുകളിൽ, വീടിന്റെ മൂന്നിൽ രണ്ടുഭാഗത്ത് ഇന്ന് ഏകാന്തത നിറഞ്ഞു നിൽക്കുന്നു... ചിലർ തുണികൾ ഉണക്കുന്നത് ഈ മക്കളില്ലാത്ത മുറികളിലാണ്. തുണികൾ തേക്കുന്നതും, വാഷിംഗ് മെഷീനോ ഫ്രിഡ്ജ് വാങ്ങിയപ്പോൾ കിട്ടിയ കാർബോർഡ് പെട്ടികൾ സൂക്ഷിക്കുന്നതും, ബാക്കി വന്നതും, ഒടിഞ്ഞു പോയതുമായ ഫർണിച്ചറുകളും, പഴയ പുസ്തകങ്ങളും സൂക്ഷിക്കുന്നത് ഈ മുറികളിലാണ്.. പല വീടുകളിലെയും മുകളിലത്തെ നിലയിലെ മുറികൾ പൂർണ്ണമായും അവഗണിക്കപ്പെട്ടു കഴിഞ്ഞു. ആഴ്ചയിലൊരിക്കൽ വീട് വൃത്തിയാക്കാൻ വരുന്ന സഹായി മുകളിലത്തെ മുറി പൊടിതട്ടി തൂത്തിടാനായി മുകളിലേക്ക് സ്റ്റെയർകേസിലൂടെ പോകുന്നത് കാണുന്നുണ്ട്. അവർ അത് തൂത്തു തുടച്ച് ഇടുന്നുണ്ടാകും! കയറി നോക്കാൻ പലരുടെയും കാൽമുട്ടുകൾ സമ്മതിക്കുന്നില്ല. അതെ, വീടിന്റെ പല മൂലകളിലും വീടുകളിൽ താമസിക്കുന്നവരുടെ കാൽപാദങ്ങൾ പതിഞ്ഞിട്ട് വർഷങ്ങളായി... വലിയ വീടും, വലിയ കാറും, സൗന്ദര്യമുള്ള പാർട്ണറും യൗവന കാലത്ത് പ്രാധാന്യമുള്ളതാകുമെങ്കിൽ, പ്രായമാകുമ്പോൾ വൃത്തിയുള്ള ഒരു മുറിയും, അതിനോട് ചേർന്നുള്ള വൃത്തിയുള്ള കാല് തെന്നാത്ത ബാത്റൂമും, വിളിച്ചാൽ ഓടി വരുന്ന ഒരു ഓട്ടോറിക്ഷക്കാരനും പ്രാധാന്യമുള്ളതായി മാറുന്നു.... കുട്ടിക്കാലത്തുള്ള ആഗ്രഹങ്ങൾ അല്ല യൗവന കാലത്ത്. യൗവന കാലത്തുള്ള ആഗ്രഹങ്ങൾ അല്ല 40 കളിൽ. 60 കളിലെ ആശകൾ 80 കളിൽ മാറിമറിഞ്ഞു പോകുന്നു... എങ്ങനെ മനുഷ്യ ജീവിതം ജീവിക്കണം എന്നൊരു ഇൻസ്ട്രക്ഷൻ മാനുവൽ ഉണ്ടായിരുന്നെങ്കിൽ, ആ മാനുവൽ തീർച്ചയായും പുറകിൽ നിന്ന് മുന്നിലേക്ക് വായിക്കേണ്ട ഒരു മാനുവൽ ആണ്.. ഇത് വായിച്ചപ്പോൾ നിങ്ങളുടെ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ടെങ്കിൽ, നിങ്ങൾ ജീവിതം അടുത്തറിഞ്ഞിട്ടുണ്ട്... Courtesy : FB

No comments: