Saturday, November 29, 2025

മനസ്സേ,നീയാണെൻറെ ബന്ധു. നീ തന്നെ എൻറെ ശത്രുവും. ലോകത്തെ എല്ലാ സൗഭാഗ്യങ്ങളും തനിക്കുണ്ട്, വേണ്ടത്ര കഴിവും കാര്യപ്രാപ്തിയുമുണ്ട് എന്നൊക്കെ സ്വയം അഭിമാനിക്കുന്നവരും സ്വന്തം മനസ്സിനെ നിയന്ത്രിക്കുന്നതിലേയ്ക്കു വരുമ്പോൾ പരാജയപ്പെടുന്നു. ലോകോത്തമന്മാരെന്നറിയപ്പെടുന്ന മിക്കവാറും എല്ലാവരുടെയും നില സമ്രാട്ട് എന്ന നിലയിൽ വളരെ ഔന്നത്യത്തിലായിരുന്നാലും, സ്വാരാട്ട് എന്ന നിലയിൽ പരിതാപകരമാണ്. ഇന്ന് ഏതു വിഷയങ്ങളെക്കുറിച്ചു പഠിക്കാനും, പഠിപ്പിക്കാനും ശാസ്ത്രശാഖകളുണ്ട്. സകലകർമ്മങ്ങൾക്കും പദ്ധതികളും ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. അവയൊക്കെ വിജയകരമായി ചെയ്യുന്നതിനാവിശ്യമായുള്ള ശാസ്ത്രയുക്തികൾ നിരത്തിയ ഗ്രന്ഥങ്ങളും വേണ്ടുവോളമുണ്ട്. അതിൻറെ അനുഭൂതിയിൽ എത്തിച്ചേരുവാനുള്ള ആദ്ധ്യാത്മിക ക്രിയാമാർഗ്ഗങ്ങൾ വളരെ കൃത്യമായി പഠിപ്പിക്കുന്ന ആചാര്യന്മാർക്കും കുറവില്ല. എന്നാൽ ഇതൊക്കെ ചെയ്യുകയും, പഠിപ്പിക്കുകയും ചെയ്യുമ്പോൾ തന്നിൽ ചാഞ്ചാടിക്കളിക്കുന്ന മനസ്സിനെക്കുറിച്ച് ഇവരാരും തന്നെ ഇന്നു പഠിക്കുന്നില്ല. പൗരാണിക കാലത്താകട്ടെ, ഒരു യുദ്ധക്കളത്തിൽ പോലും ഇത് ചർച്ചാവിഷയമായിട്ടുണ്ട് എന്നു വരുമ്പോൾ അന്നത്തെ സംസ്കൃതിയും ഇന്നത്തെ സംസ്കൃതിയും തമ്മിലുള്ള അന്തരം എത്രയാണെന്ന് മനസ്സിലാകും! ഭഗവാൻ ഗീതയിലൂടെ അർജ്ജുനനു മനസ്സിലാക്കിക്കൊടുക്കുന്നു: 'അസംശയം മഹാബാഹോ മനോദുർന്നിഗ്രഹം ചലം' 'അല്ലയോ ശക്തിമാനായ, മഹാബാഹുവായ അർജ്ജുനാ... ഇളകിക്കൊണ്ടിരിക്കുന്നതും നിരോധിക്കാൻ പ്രയാസമുള്ളതും ആണ് മനസ് എന്നതിന് സംശയമില്ല. മഹാബാഹുവായ നിനക്ക് ഭീഷ്മരെയോ, ദ്രോണരെയോ ഒക്കെ വധിക്കാൻ കഴിയും. എന്നാൽ ഇവരെയൊക്കെ വധിക്കുമ്പോഴും നിഗ്രഹിക്കുവാൻ ക്ലേശമുള്ളതായ - ദുർനിഗ്രഹമായ - ഒരു മനസ് നിനക്കുണ്ട്. നിൻറെ ശത്രുവോ മിത്രമോ ഒക്കെയായി, നിന്നിൽ കൊല്ലപ്പെടാത്തതായി അതു നിലകൊള്ളും.' ഈ മനസ്സു തന്നെയാണ് എല്ലാവർക്കും പ്രശ്നം സൃഷ്ടിച്ചു നിലകൊള്ളുന്നത്. ഒരുവൻ ആരെയെങ്കിലും വധിച്ചാൽ, വധിക്കുന്നതുവരെ അതിനു പ്രേരിപ്പിച്ച മനസ്സ് വധിച്ചുകഴിയുന്നതോടെ വധിക്കപ്പെട്ടവൻറെ ആകൃതി പൂണ്ട് വധിച്ചവനെ കുറ്റപ്പെടുത്താൻ തുടങ്ങും! ഒരുവൻ ഒരു കർമ്മം ചെയ്യേണ്ടാ എന്നു തീരുമാനിക്കുമ്പോൾ അവൻറെ മനസ്സ് പിന്നിൽ നിന്ന് അതു ചെയ്യാൻ നിർബന്ധിക്കുന്നു. മറിച്ചു വേണമെന്നു തീരുമാനിക്കുമ്പോഴാകട്ടെ. വേണ്ടാ എന്നും വേണമെന്നും മാറിമാറി ചിന്തിച്ച് സംഘർഷങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ ഈ മനസ്സിനെ അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും വശത്താക്കമെന്നും ഭഗവാൻ അർജ്ജുനനു പറഞ്ഞുകൊടുക്കുന്നുണ്ട്. വൃദ്ധശ്രവനാണ് ഈ മനസ്സ്. ഒരു ശബ്ദം കേട്ടാൽ മതി, പറയുന്ന ആൾ ഒരിക്കലും ആലോചിച്ചിട്ടില്ലാത്ത ലോകങ്ങളെ സൃഷ്ടിച്ചുതരാൻ ഈ മനസ്സിനു കഴിയും. കേൾക്കുന്നവൻറെ മനസ്സ് ശൂന്യമായിരിക്കുന്ന ഒരു വേളയിൽ മാത്രമേ പുറത്തു നിന്ന് ഒരു ശബ്ദം കേട്ടാൽ അതിൻറെ യഥാർത്ഥമായ അർത്ഥത്തിൽ ഗ്രഹിക്കാൻ കഴിയൂ. പതഞ്ജലി മഹർഷി പറയുന്നത് അതിന് തജ്ജസംസ്ക്കാരം - തത് നിർദ്ദിഷ്ടമായ ബ്രഹ്മസംസ്ക്കാരം - വേണം എന്നാണ്. മനസ്സിന്റെ ചഞ്ചലാവസ്ഥ നിത്യജീവിതത്തിൽ നാം ഓരോരുത്തർക്കും എന്തെന്തു പ്രതിസന്ധികളെയും പ്രശ്നങ്ങളെയുമാണ് സമ്മാനിക്കുന്നതെന്ന് ശ്രദ്ധിച്ചുനോക്കിയാൽ മനസ്സിലാക്കാം. വളരെ പാടുപെട്ട്, കടവും വാങ്ങി ഒരു വീടു വെച്ചുകഴിഞ്ഞ് വീട്ടിൽ തുടരെത്തുടരെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുന്നതോടെ മറ്റൊരു കൂട്ടം ആളുകളെ - ജ്യോതിഷിയെയും തച്ചനെയും - കൊണ്ടുവന്ന് പ്രശ്നം വെച്ചു നോക്കിയാൽ, ആദ്യം ചെയ്ത പണികൾക്ക് ഒട്ടേറെ കുറ്റങ്ങളും കുറവുകളും അവർ കണ്ടുപിടിക്കും. അതോടെ വീട് പൊളിച്ചു പണിയാനുള്ള തത്രപ്പാടിൽ വീട്ടുടമ ഓട്ടം തുടങ്ങും. വീട്ടിൽ കുഞ്ഞുങ്ങളുടെ ജാതകം എഴുതിക്കുമ്പോഴും ഇത്തരം വെട്ടിൽ വീഴുകയാണ് ചെയ്യുന്നത്. ഉണ്ടായിക്കഴിഞ്ഞ് ജാതകം എഴുതിച്ചിട്ട് എന്തു പ്രയോജനം എന്ന് ആരും ചിന്തിക്കില്ല. ഇടയ്ക്കിടയ്ക്ക് എടുത്തു വായിച്ചു നോക്കി ദുഃഖിക്കാമെന്നുമാത്രം. ചഞ്ചലമായ മനസ്സ് നമ്മോടൊപ്പം ഉള്ളത്രയും കാലം ഒന്നുകൊണ്ടും നമുക്ക് ശാന്തി ലഭിക്കില്ല. ഒരു ക്ഷേത്രത്തിൽ ചെന്നുനിന്ന് തൊഴുന്ന സമയത്ത് ഒരു നിമിഷം ചിന്തിക്കും : 'ഇതു വെറും കല്ല് അല്ലേ, ഇതെങ്ങനെ ദൈവമാകും?' ഉടനെ തന്നെ മനസ്സു മാറും. അങ്ങോട്ടു മാറിനിന്ന് കൂടുതൽ ശക്തമായി പ്രാർത്ഥിക്കും. 'ദൈവമേ, ഞാനെന്തൊക്കെയോ ചിന്തിച്ചു പോയി. ക്ഷമിക്കണേ. അതിന് അഞ്ചുരൂപ കൂടുതൽ വഞ്ചിയിലിടാം' ഉടനെ തന്നെ മറ്റൊരു ചിന്ത കയറിവരികയായി. 'ഞാനിത്രയും കാലം കൃത്യമായി വന്നു തൊഴുതിട്ടും എൻറെ ആവശ്യങ്ങളൊന്നും നീ നടത്തിത്തന്നില്ലല്ലോ. ഇന്ന് എണ്ണ തരുന്നില്ല.' അമ്പലത്തിൻറെ പടിയിറങ്ങാറാകുമ്പോൾ വീണ്ടും സംശയം. 'അല്ലെങ്കിൽ വേണ്ട. കൊടുത്തില്ലെങ്കിൽ ഇനി കൂടുതൽ കുഴപ്പങ്ങൾ വല്ലതും വന്നുപെട്ടാലോ?' ഉടനെ തന്നെ തിരിച്ചു ചെന്ന് എണ്ണവിളക്കു കത്തിക്കാൻ ഏർപ്പാടാക്കും. പരമസാത്വികനായ ഒരു വ്യക്തി, ഒരു താടിക്കാരൻ - തൻറെ താടിയിൽ കയറിക്കൂടിയ നീറിനെ കൊല്ലാതെ രക്ഷിക്കാനായി അതിൻറെ കൂടിനടുത്തു കൊണ്ടുപോയി തൻറെ താടി പിടിച്ചു കൂടിനോടു ചേർത്തു വെച്ചിട്ട് നീറിനെ ഇറക്കിവിടാൻ ശ്രമിച്ചതു പോലെയാകും! ഒടുവിൽ നീറിൻകൂട്ടിൽ ഉള്ള നീറുകളെല്ലാം കൂടി താടിയിൽ കയറിക്കൂടുന്നതോടെ ആ താടിക്കാരനുണ്ടാകുന്ന അനുഭവം ഒന്ന് ഓർത്തു നോക്കുക. ഈ മനസ്സ് ഒരേ സമയം തന്നെ സഹസ്രാക്ഷനുമാണ്, സഹസ്രഭഗനുമാണ്. ഉത്തമനിവൻ സഹസ്രാക്ഷനാണ്. അധമനിവൻ സഹസ്രഭഗനും. മാനവമനസ്സ് എപ്പോഴാണോ അവൻറെ നിയന്ത്രണത്തിലേക്കെത്തുന്നത് അതോടെ അവൻറെ സകല പ്രശ്നങ്ങൾക്കും പരിഹാരമായി. അവിടെ അവന്റെ ആദ്ധ്യാത്മികജീവിതം ആരംഭിക്കുകയുമായി. മനോനാശത്തോടെ എല്ലാ വൃത്തികളും അടങ്ങും. മനോനാശത്തിന് കുറുക്കുവഴികളില്ല. പതഞ്ജലി, പാണിനി തുടങ്ങിയ മഹർഷിമാർക്കുപോലും അറിയാത്തതും തോന്നാത്തതും ആയ കുറുക്കുവഴികളുമായി - മനോനാശ ടെക്നിക്കുകളുമായി - നടക്കുന്നവരുടെ വലയിൽ വീഴാൻ നിന്നുകൊടുക്കുന്നവർ കബളിപ്പിക്കപ്പെടാൻ അർ ഹരായിട്ടുചെന്നു വീഴുന്നവരാണ്. #നിർമ്മലാനന്ദം #nirmalanandam

No comments: