BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, November 23, 2025
ആധ്യാത്മിക സാധന എപ്പോള്‍
ഈശ്വരചിന്തയും സന്ന്യാസവുമൊക്കെ കുറേ പ്രായമായിട്ടു പോരേ, യൗവനകാലം ജീവിതസുഖങ്ങള്‍ അനുഭവിക്കാനുള്ളതല്ലേ, എന്നു ചില മക്കള്‍ ചോദിക്കാറുണ്ട്. ജീവിതസുഖങ്ങള്‍ അനുഭവിക്കരുതെന്ന് ആരും പറയുന്നില്ല. എന്നാല്‍ ചില ജീവിത സത്യങ്ങള്‍ മനസ്സിലാക്കി നീങ്ങിയില്ലെങ്കില്‍ സുഖത്തിനു പകരം ദുഃഖത്തിനു നമ്മള്‍ കീഴ്‌പ്പെട്ടുപോകും. യഥാര്‍ത്ഥത്തില്‍ ആദ്ധ്യാത്മികതയും സുഖാന്വേഷണം തന്നെയാണ്. പക്ഷേ അത് വിവേകപൂര്‍ണമായ അന്വേഷണമാണ്.ഭൗതിക സുഖങ്ങളെല്ലാം ക്ഷണികമാണ്. അവ കിട്ടാനും പ്രയാസം, കിട്ടിയാല്‍ തന്നെ നിലനിര്‍ത്താനും പ്രയാസം. നമ്മുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും മിക്കപ്പോഴും സഫലമാകാറില്ല. സഫലമായാലും തൃപ്തി നീണ്ടുനില്‍ക്കില്ല. കിട്ടാത്തതിനെക്കുറിച്ചുള്ള ആഗ്രഹവും ദുഃഖവും അപ്പോഴും ബാക്കി നില്‍ക്കും. ചുരുക്കത്തില്‍ ഈ ലോകത്ത് ശാശ്വതമായ സുഖവും ശാന്തിയും കിട്ടുക പ്രയാസമാണ്.
ഭൗതികലോകം ഒരിക്കലും നമുക്ക് പൂര്‍ണ സംതൃപ്തി തരുകയില്ല. പാല്‍പ്പായസം കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ മതിയെന്നു തോന്നും. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ ഇരട്ടി വേണമെന്നു തോന്നും. സുഖഭോഗങ്ങള്‍ അനുഭവിക്കുന്തോറും ആഗ്രഹങ്ങള്‍ക്കു ശക്തികൂടുകയാണ് ചെയ്യുന്നത്. അനുഭവിച്ചു തൃപ്തി വരുത്താമെന്നുവച്ചാല്‍ അത് ഒരിക്കലും സാദ്ധ്യമല്ല. അതിനാല്‍ ഭൗതിക സുഖമനുഭവിച്ചു മതിയായിട്ട് ഈശ്വരനെ വിളിക്കാമെന്നു കരുതുന്നത് ബുദ്ധിശൂന്യതയാണ്. ഇന്ദ്രിയസുഖങ്ങള്‍ അനുഭവിക്കുമ്പോള്‍ നമ്മളറിയാതെ നമ്മിലുള്ള ശക്തി നഷ്ടമാകുന്നുണ്ട്. ഓരോ ദിവസം ചെല്ലുന്തോറും നമ്മള്‍ മരണത്തോടു അടുത്തുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ശരീരത്തിന് ആരോഗ്യമുള്ള കാലത്തുതന്നെ നമ്മുടെ മനസ്സിന്റെ ദുര്‍ബലതകളെ ജയിക്കാന്‍ നമ്മള്‍ പ്രയത്‌നിക്കണം. അങ്ങനെ ചെയ്താല്‍ നാളെയെക്കുറിച്ചു ചിന്തിച്ചു ഭയക്കേണ്ട. ഇന്നത്തെക്കുറിച്ചു ചിന്തിച്ചും ദുഃഖിക്കേണ്ട.
ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു രാജ്യത്ത് പൗരന്മാരില്‍ ആര്‍ക്കും രാജാവാകാം. എന്നാല്‍ ചില നിബന്ധനകളുണ്ട്. അഞ്ചു വര്‍ഷമേ രാജാവായിരിക്കാന്‍ കഴിയൂ. അതു കഴിഞ്ഞാല്‍ അടുത്തുള്ള ഒരു ദ്വീപില്‍ കൊണ്ടുവിടും. അവിടെ ജനവാസമില്ല. ക്രൂരമൃഗങ്ങള്‍ മാത്രമാണുള്ളത്. അവിടേക്ക് അയയ്ക്കപ്പെടുന്നവരെ ആ മൃഗങ്ങള്‍ കൊന്നുതിന്നു വിശപ്പടക്കും. ഇതറിയാമെങ്കിലും രാജകീയ സുഖങ്ങളും അധികാരവും അനുഭവിക്കാനുള്ള ആഗ്രഹം മൂലം പലരും രാജാവാകാന്‍ മുന്നോട്ടു വന്നുകൊണ്ടിരുന്നു. അങ്ങനെ ഒരാള്‍ രാജാവായി. രാജസിംഹാസനം കരസ്ഥമാക്കിയ അദ്ദേഹം ആദ്യം വളരെ സന്തോഷവാനായിരുന്നു. എന്നാല്‍ അല്പ നാള്‍ കഴിഞ്ഞപ്പോഴേക്കും ദുഃഖം പിടികൂടി. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ മൃഗങ്ങള്‍ക്കു ഭക്ഷണമാകുമല്ലോ എന്ന പേടി. മുഖത്തു വിഷാദമൊഴിഞ്ഞ സമയമില്ല. യാതൊരു ഉന്മേഷവുമില്ല. വിഭവസമൃദ്ധമായ ഭക്ഷണമുണ്ട്, ആഡംബര വസ്തുക്കളുണ്ട്, സേവകന്മാരുണ്ട്. രാജസദസ്സില്‍ നിത്യവും സംഗീതവും നൃത്തവുമുണ്ട്. പക്ഷേ, രാജാവിന് ഒന്നിലും താത്പര്യം വരുന്നില്ല. സുഖഭോഗങ്ങളുടെ നടുവിലാണെങ്കിലും അദ്ദേഹത്തിനു ദുഃഖമൊഴിഞ്ഞ നേരമില്ല. ഒന്നും ഹൃദയം തുറന്നാസ്വദിക്കാന്‍ കഴിയുന്നില്ല. കാലാവധി കഴിഞ്ഞപ്പോള്‍ ആ രാജാവിനെ ദ്വീപില്‍ കൊണ്ടുവിട്ടു. അദ്ദേഹം താമസിയാതെ മൃഗങ്ങള്‍ക്ക് ആഹാരമായിത്തീരുകയും ചെയ്തു. പിന്നീട് ഒരു യുവാവാണ് രാജാവാകാന്‍ മുന്നോട്ടു വന്നത്. പുതിയ രാജാവ് മുമ്പുണ്ടായിരുന്ന രാജാക്കന്മാരെപ്പോലെ ദുഃഖിച്ചിരുന്നില്ല. ജനങ്ങളുടെ ക്ഷേമമന്വേഷിക്കുന്നു, ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു, ഒഴിവുസമയം സംഗീതവും നൃത്തവും ആസ്വദിച്ച് ഉല്ലസിക്കുന്നു, കുതിരസവാരി ചെയ്യുന്നു, വേട്ടയ്ക്കു പോകുന്നു, എപ്പോഴും ആനന്ദവാന്‍! വര്‍ഷങ്ങള്‍ കടന്നുപോയി. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാറായി. അപ്പോഴും യാതൊരു ഭാവമാറ്റവും അദ്ദേഹത്തില്‍ കാണാനില്ല. എല്ലാവര്‍ക്കും അത്ഭുതമായി. അവര്‍ ചോദിച്ചു, ''അങ്ങ് ദ്വീപിലേക്കു പോകേണ്ട ദിവസം അടുക്കാറായി. പക്ഷേ അങ്ങയില്‍ യാതൊരു ദുഃഖവും കാണുന്നില്ല. ഇതിന്റെ രഹസ്യമെന്താണ്?''
രാജാവു പറഞ്ഞു, ''ഞാനെന്തിനു ദുഃഖിക്കണം? ദ്വീപില്‍ പോകാന്‍ ഞാന്‍ തയ്യാറായി നില്ക്കുകയാണ്. ഞാന്‍ രാജാവായതിനു ശേഷം ആദ്യം തന്നെ പട്ടാളക്കാരെയും കൂട്ടി ആ ദ്വീപില്‍ച്ചെന്നു ദുഷ്ടമൃഗങ്ങളെയെല്ലാം ഒഴിപ്പിച്ചു. വനത്തിന്റെ കുറെഭാഗം വെട്ടിത്തെളിച്ചു കൃഷിസ്ഥലമാക്കി. കിണറുകള്‍ കുഴിച്ചു. കെട്ടിടങ്ങള്‍ നിര്‍മിച്ചു. സേവകരെ നിയമിച്ചു. നാട്ടില്‍നിന്ന് കുറെ ജനങ്ങളെ അവിടേക്ക് മാറ്റി പാര്‍പ്പിച്ചു. ഇനി എനിക്കവിടെപ്പോയി താമസിക്കുകയേ വേണ്ടു. സിംഹാസനമൊഴിഞ്ഞാലും രാജാവിനെപ്പോലെ തന്നെ എനിക്കവിടെ കഴിയാം.''
ഈ ഭൗതികലോകത്തില്‍ ഇരുന്നുകൊണ്ടുതന്നെ ശാശ്വതമായ ആനന്ദത്തിന്റെ ലോകം കണ്ടെത്താന്‍ വേണ്ടതു ചെയ്യണം. എന്നാല്‍ ഇന്നു നമ്മള്‍ ആദ്യത്തെ രാജാക്കന്മാരെപ്പോലെയാണ്. നാളെയെക്കുറിച്ചോര്‍ത്ത് ആധിയും സംഘര്‍ഷവും ഒഴിഞ്ഞ സമയമില്ല. അതിനാല്‍ ഇന്നത്തെ കര്‍മം പോലും വേണ്ടവണ്ണം ചെയ്യുവാന്‍ സാധിക്കുന്നില്ല. ഇന്നും ദുഃഖം, നാളെയും ദുഃഖം. ജീവിതാന്ത്യം വരെയും കണ്ണുനീരൊഴിഞ്ഞ സമയമില്ല. മറിച്ച്, ഇന്നത്തെ ഓരോ നിമിഷവും ശ്രദ്ധിച്ചു നീങ്ങിയാല്‍ നാളെ ദുഃഖിക്കേണ്ടി വരുകയില്ല. അവ ആനന്ദത്തിന്റെ നാളുകളായിരിക്കും.ദുഃഖത്തെ തരണം ചെയ്യണമെങ്കില്‍ അതിനുള്ള പരിശ്രമം മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ളപ്പോള്‍ തന്നെ ചെയ്യണം. അതുകൊണ്ട് ഈശ്വര ചിന്ത വയസ്സുകാലത്താകാം എന്ന ധാരണ ഉപേക്ഷിക്കണം. ഒരു ദിവസം പോലും നീട്ടിവെയ്ക്കാതെ ചെറുപ്പം മുതല്‍ക്കേ ഭഗവാനിലര്‍പ്പിച്ച മനസ്സോടെ മക്കള്‍ കര്‍മങ്ങള്‍ ചെയ്യുക. സാധനകള്‍ അനുഷ്ഠിക്കുക. എങ്കില്‍ നമുക്കു മരണത്തെപ്പോലും ജയിക്കാം, എന്നും ആനന്ദമായി കഴിയാം
മാതാ അമൃതാനന്ദമയി
➖➖➖➖➖➖➖➖➖➖➖➖➖➖
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരുർ സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:
Subscribe to:
Post Comments (Atom)
No comments:
Post a Comment