മഹിഷന് കാര്യം മനസ്സിലായി. അയാള്‍ കോപം കൊണ്ട് ജ്വലിച്ചു. കണ്ണുകള്‍ ചുവന്നു തുടുത്തു. വാലുവിറച്ചു. ദേഷ്യത്തില്‍ അറിയാതെ മൂത്രം ഇറ്റുവീണു. ‘ദാനവ വീരന്മാരേ, ദേവേന്ദ്രന്‍ യുദ്ധമാണ് കൊതിക്കുന്നത്. വേഗം സൈന്യത്തെയെല്ലാം തയ്യാറാക്കുക. കോടിക്കണക്കിന് ഇന്ദ്രന്മാര്‍ വന്നാലും എനിക്ക് ഭയമില്ല. പിന്നെയാണ് ഈ ഒരുത്തന്‍. അവന്‍ മിടുക്ക് കാണിക്കുന്നത് ശാന്തരായ മുനിമാരോടും മറ്റുമാണ്. സ്ത്രീകളുടെ അടിമയല്ലേ അവന്‍? ചതിയനും ഭോഷ്‌കനുമാണ് അവന്‍ എന്നത് പ്രസിദ്ധമല്ലേ? അപ്‌സരസ്സുകളെ ഉപയോഗിച്ച് മുനിമാരുടെ തപസ്സു മുടക്കലാണ് ഇഷ്ടവിനോദം! പലതരം സന്ധിചെയ്ത് അവയൊന്നും പാലിക്കാതെ നമൂചിയെ കൊന്ന ചതിയനല്ലേ അവന്‍? വിഷ്ണുവിന്റെ കാര്യം പറയാതിരിക്കയാണ് ഭേദം. ആള്‍മാറാട്ടക്കാരന്‍. ഡംഭന്‍. പന്നിയുടെ രൂപത്തില്‍ ഹിരണ്യാക്ഷനെയും നരസിംഹരൂപത്തില്‍ ഹിരണ്യകശിപുവിനെയും കൊന്നത് വിഷ്ണുവാണ്. ദേവന്മാരെ ഒരിക്കലും വിശ്വസിക്കരുത്.
വിഷ്ണുവിനും ദേവേന്ദ്രനും എന്നെയൊന്നും ചെയ്യാനാവില്ല. എന്തിന്? സാക്ഷാല്‍ രുദ്രനും എന്നെ തടയാനാവില്ല. ഇന്ദ്രന്‍, അഗ്‌നി, വരുണന്‍, ഭാനുമാന്‍, ചന്ദ്രന്‍ തുടങ്ങി എല്ലാവരെയും ഞാന്‍ കീഴടക്കാന്‍ പോകുന്നു. യജ്ഞഭാഗം നമുക്ക് വേണം. സോമരസം അസുരന്മാര്‍ക്ക് കിട്ടട്ടെ. അങ്ങനെ നമുക്ക് ആ സ്വര്‍ഗ്ഗത്ത് വിഹരിക്കാം. എനിക്ക് കിട്ടിയിട്ടുള്ള വരം എന്തെന്നറിയാമല്ലോ? ആണായ ഒരുവനും എന്നെ തോല്‍പ്പിക്കാന്‍ ആവില്ല. പിന്നെ ഇതു പെണ്ണിനാണ് അതിനു കഴിയുക? പാതാളശൈലനിവാസികളായ സൈന്യങ്ങള്‍ തയ്യാറാവട്ടെ. ദേവന്മാരെ ജയിക്കാന്‍ ഞാന്‍ ഒറ്റയ്ക്ക് മതി. പക്ഷെ ഇക്കൂട്ടരൊക്കെ എനിക്ക് ഒരലങ്കാരമായി ഇരിക്കട്ടെ. ദേവന്മാരെ കൊല്ലാന്‍ എന്റെ കൊമ്പുകളും കുളമ്പുകളും മാത്രം മതി. എനിക്ക് വരബലം ഉള്ളതിനാല്‍ പരാജയ ഭീതിയില്ല. ദേവന്മാരോ മനുഷ്യന്മാരോ എന്നെ കൊല്ലില്ല.
ദേവലോകം കിട്ടിക്കഴിഞ്ഞാല്‍ നമുക്ക് അവിടെയുള്ള ദേവകന്യകമാരുമായി രമിച്ചു കഴിയാം. അവര്‍ ചൂടുന്ന മന്ദാരകുസുമങ്ങള്‍ നമുക്ക് വാസനിക്കണം. അവരുടെ നന്ദനാരാമങ്ങളില്‍ വിഹരിക്കണം. കാമധേനുവിന്റെ പാലില്‍ കുളിക്കണം. സുധ കുടിച്ചു മയങ്ങണം. ആടിപ്പാടി രസിക്കണം. അവിടെയുള്ള ഉര്‍വ്വശി, മേനക, രംഭ, തിലോത്തമ, പ്രമദ്വര, മഹാസേന, മിത്രകേശി മദോല്‍ക്കട, വിപ്രചിത്തി, എന്നിവരെല്ലാം ആണുങ്ങളെ രസിപ്പിക്കാന്‍ വിദഗ്ദ്ധരാണ്. സംഗീത നൃത്തങ്ങളില്‍ അഗ്രഗണ്യരായ അവരുടെ കയ്യിലുള്ള മദ്യം അതിവിശിഷ്ടവുമാണ്. അത്തരം സുഖങ്ങള്‍ അനുഭവിക്കാന്‍ എല്ലാവരും ഒരുങ്ങിക്കൊള്ളുക. ഇപ്പോള്‍ ദേവന്മാരോടു യുദ്ധം ചെയ്യുന്നതിന്റെ ശുഭാരംഭമായി നമുക്ക് ഗുരുവായ ശുക്രനെ പൂജിക്കാം.’ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം