Wednesday, August 31, 2016

എനിയ്ക്ക് ശാശ്വതമായതും ഉറപ്പുള്ളതുമായ ഒരേയൊരു സംഗതിയേയുള്ളൂ; അത് "ഞാൻ ഉണ്ട്" എന്നതുതന്നെയാകുന്നു. എത്രയോ കോടിക്കണക്കിനു ഡോളറുകളും മറ്റും ചെലവഴിച്ചുകൊണ്ട് ശാസ്ത്രജ്ഞന്മാരും അല്ലാത്തവരും എന്തൊക്കെയോ കണ്ടുപിടുത്തങ്ങളും മറ്റും നടത്തുന്നു. എന്നാൽ ആരും ഇതേ വരെ ശാശ്വതമായ സമാധാനത്തിനും ശാന്തിക്കുമുതകുന്ന ഒരൊറ്റ സാമഗ്രിപോലും കണ്ടുപിടിച്ചിട്ടില്ല. ലോകം അനുനിമിഷം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും ഇപ്പറഞ്ഞ ലോകസമാധാനം താഴ്ചയിലേക്കുപോകുന്നതല്ലാതെ ഒട്ടുംതന്നെ വളർച്ചപ്രാപിക്കുന്നില്ല. 

നാം നമ്മെ ശ്രദ്ധിച്ചില്ല; പകരം ലോകം നന്നാക്കാനായി ഇറങ്ങിത്തിരിച്ചു. അതിന്റെ ഭവിഷ്യത്തുകൾ പലവഴിക്കും പലരീതിയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലാം അവനനവനെ ശരിയായി അറിയാത്തതുകൊണ്ടുള്ള കുഴപ്പം. ലോകം മുഴുവൻ പരവതാനി വിരിക്കാൻ തുനിഞ്ഞ രാജാവ് സ്വന്തം പാദരക്ഷയെപ്പറ്റി അല്പം പോലും ചിന്തിച്ചില്ല; ലോകമൊട്ടു നന്നായതുമില്ല, പാദങ്ങൾ കല്ലും മുളളുംകൊണ്ട് തകർന്നുതരിപ്പണമായിപ്പോവുകയും ചെയ്തു.