Sunday, August 28, 2016

പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ-
സ്തസ്മാത് പരാങ്പശ്യതി നാന്തരാത്മന്‍
കശ്ചിദ്ധീരഃപ്രത്യഗാത്മാനമൈക്ഷ
ദാവൃത്ത ചക്ഷുരമൃതത്വ മിച്ഛന്‍...
.(കഠോപനിഷദ്)
ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം ഈ ഇന്ദ്രിയങ്ങളുടെ എല്ലാ സ്ഥൂലവിഷയങ്ങളും പുറമേയുള്ള വയാകുന്നു. ഇതിന്റെ യഥാര്‍ത്ഥമായ അറിവിനുവേണ്ടിയാകുന്നു ഇന്ദ്രിയങ്ങളെ രചിച്ചിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഇവയുടെ ജ്ഞാനമില്ലാതെ മനുഷ്യര്‍ക്ക് ഏതെങ്കിലും വിഷയത്തിന്റെ രൂപ ത്തേയോ ഗുണത്തേയോ അറിയുവാന്‍ സാധിക്കുന്നില്ല. അതുപോലെ തന്നെ അവയെ യഥായോഗ്യം ഗ്രഹിക്കുകയും ത്യജിക്കുകയും ചെയ്തു. ഭഗവാന്റെ ഇന്ദ്രിയ നിര്‍മ്മാണോദ്ദേശത്തെ സഫലമാക്കുന്ന തിനുവേണ്ടി അവ മാര്‍ഗ്ഗമായി നവീന ശുഭകര്‍മ്മങ്ങളെ അനുഷ്ഠിക്കുവാനും സാധിക്കുന്നു. മനുഷ്യന്‍ ഇന്ദ്രിയങ്ങള്‍ മൂലം സ്വാസ്ഥ്യപ്രദവും സുബുദ്ധിദായകവും വിശുദ്ധവും ആയ വിഷയങ്ങളെ സ്വീകരിച്ചിട്ടു സുഖമായ ജീവിതം നയിച്ചുകൊണ്ടു പരമാത്മാവിങ്കലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള ഉപാധിയായിട്ട് ഇന്ദ്രിയങ്ങളെ നിര്‍മ്മിച്ചിരിക്കുന്നു.

ഇന്ദ്രിയങ്ങളുടെ ബാഹ്യോന്മുഖതയും ബാഹ്യാന്വേഷണത്തിന്റെ പരിമിതികളും ഹേതുവായി, കണ്ണുകളെ ഉള്ളടക്കി മനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് പോകുന്ന ഒരുതരം അന്വേഷണപരതയെയാണ് ഈ മന്ത്രം പ്രതിഫലിപ്പിക്കുന്നത്. ‘പ്രത്യഗാത്മാ’വിനെ – അകത്തേക്കു പോയിരിക്കുന്നവനെ -അന്വേഷിച്ചാണ് ഈ യാത്ര. ഉപനിഷത്തുകളുടെ ഒരു പൊതുസ്വഭാവമാണിത്. ഇങ്ങനെ സത്യമന്വേഷിച്ച് മനസ്സിലൂടെ സഞ്ചരിച്ചതുതന്നെയായിരിക്കണം ഭാരതീയ ഋഷികള്‍ നടത്തിയ ഏറ്റവും ദീര്‍ഘമായ സഞ്ചാരം. ആ സഞ്ചാരത്തിനിടയിലാണ് അവര്‍ സത്യത്തെ തങ്ങളുടേതായ രീതിയില്‍ സാക്ഷാത്‌കരിക്കുന്നതും. സാക്ഷാത്‌കരിക്കുക എന്നുവെച്ചാല്‍ സ്വന്തം അനുഭവത്തിനു വിഷയമാവുകയെന്നര്‍ത്ഥം.