Monday, August 29, 2016

ശ്രീരാമഹൃദയം എന്ന് അറിയപ്പെടുന്ന തത്വോപദേശം ശ്രീരാമൻ ഭക്തനായ ഹനുമാന് ഉപദേശിക്കുന്നതാണ്. വേദാന്ത തത്വം മുഴുവൻ ഇതിൽ ഒതുങ്ങിയിട്ടുണ്ട്. ആകാശത്തെ ഉദാഹരിച്ചുകൊണ്ടാണ് തത്വം പ്രകടമാക്കുന്നത്. ആകാശത്തെ നമുക്ക് മൂന്നു സ്വരൂപത്തിൽ കാണാം. ഒന്ന് മഹാകാശം തന്നെ. എങ്ങും നിറഞ്ഞും ഒന്നിനോടും ബന്ധപ്പെടാതെയും എന്നാൽ എല്ലാറ്റിനും ഇരിപ്പിടമായും നിശ്ചലമായും ഇരിക്കുന്നു മഹാകാശം. ഇതേ മഹാകാശം തന്നെ മണ്‍കുടം തുടങ്ങിയ 'ഉപാധികളിൽ' വളരെ ചെറിയ രൂപമായും മഹാകാശത്തിൽ നിന്നും വേറെ എന്ന് തോന്നത്തക്ക രീതിയിലും കാണപ്പെടുന്നു. യഥാർത്ഥത്തിൽ കുടം, ചട്ടി തുടങ്ങിയ ഉപാധികളിൽ ഇരിക്കുന്ന ആകാശം (ഘടാകാശം), പുറത്തിരിക്കുന്ന മഹാകാശത്തിൽ നിന്നും വേറെ അല്ല. പക്ഷെ കുടം ഉള്ളിടത്തോളം വേറെ ആണെന്ന് തോന്നും. മഹാകാശം ജലാശയത്തിൽ പ്രതിബിംബിച്ചും കാണാം. വാസ്തവത്തിൽ അത് ആകാശം അല്ല, വെറും പ്രതിബിംബം മാത്രം. പക്ഷെ അവിവേകിയായവൻ അതിനെ ആകാശമെന്ന് തന്നെ ധരിക്കുന്നു.
ഇങ്ങനെ ഒന്നായിരിക്കുന്ന ആകാശം മൂന്നു രീതിയിൽ കാണപ്പെടുന്നു- മഹാകാശവും ഘടാകാശവും ജലാകാശവും. വാസ്തവത്തിൽ മഹാകാശം എന്ന ഒറ്റ ആകാശം മാത്രമേയുള്ളൂ. അതിനു ഒരിക്കലും മാറ്റവും സംഭവിക്കുന്നില്ല. ഘടം, ജലം തുടങ്ങിയ ഉപാധികൾ മൂലമാണ് ഘടാകാശവും ജലാകാശവും ഉണ്ടാകുന്നത്. ഘടാകാശം എന്ന ഒരു വസ്തു വാസ്തവത്തിൽ ഇല്ല എന്ന് പറയാം. ഘടം പൊളിയുമ്പോൾ ഘടാകാശം ഇല്ലാതെയാകുന്നു. ഘടം ഉണ്ടാകുന്നതിനു മുമ്പും ഘടത്തിന്റെ നാശത്തിനു ശേഷവും ഘടാകാശം ഇല്ല. വർത്തമാന കാലത്ത് ഘടപ്രീതി ഉള്ളപ്പോൾ മാത്രമാണ് ഘടാകാശ പ്രതീതിയും ഉള്ളത്. ഘടാകാശവും ജലാകാശവും ഉള്ളപ്പോഴാണ് മഹാകാശം എന്ന പേരും ഉള്ളത്. അവ ഇല്ലെങ്കിൽ ആകാശം എന്ന വസ്തു ഒഴിച്ച് മറ്റൊന്നും ഇല്ല. ഇത് പോലെ ഏകവും അട്വിതീയവും ആയ പരബ്രഹ്മത്തിൽ നിന്നും അന്യമായി മറ്റൊന്ന് ഇല്ല. എങ്കിലും ഉപാധികളുടെ പ്രതീതി കൊണ്ട് ആ പര ചൈതന്യം തന്നെ ജീവൻ, ഈശ്വരൻ, ജഗത് ഇങ്ങനെ മൂന്നായി പറയപ്പെടുന്നു. ജീവനും ജഗത്തും ഉള്ളപ്പോൾ മാത്രമാണ് ഈശ്വരൻ എന്ന പേര് നിലനില്ക്കുന്നത്. ജീവ ജഗതുക്കൾ ഇല്ലാതാകുമ്പോൾ അദ്വിതീയമായ പര ചൈതന്യം മാത്രം. ജീവനാകട്ടെ, ഘടാകാശം പോലെ ഈശ്വരനിൽ നിന്നും വേറെ അല്ല. ശരീരാടി ഉപാധികൾ കൊണ്ടാണ് ജീവത്വം ഉണ്ടായത്. ഘടം പൊളിയുമ്പോൾ ഘടാകാശം ഇല്ലാതാകുന്നതുപോലെ ഉപാധികൾ ഇല്ലാതാകുമ്പോൾ ജീവനും ഇല്ലാത്തത് തന്നെ. ജീവന്റെ സങ്കല്പങ്ങൾ ആണ് ജഗത്. ഉപാധികൾ ഇല്ലാതാകുമ്പോൾ ഇവ മൂന്നും ഇല്ലാതാകും- അദ്വിതീയമായ പര ചൈതന്യം (നിർഗുണ ബ്രഹ്മം)മാത്രം ശേഷിക്കും. ഉപാധികൾ ഉണ്ടാകുന്നതും നിലനില്ക്കുന്നതും അജ്ഞാനം കൊണ്ടാണ്. ജ്ഞാനം കൊണ്ട് അജ്ഞാനം നശിക്കുമ്പോൾ, അജ്ഞാന സ്വരൂപങ്ങലായ ജീവെശ്വര ജഗത്തുകളാകുന്ന ത്രിത്വവും അത് ഹേതുവായി നിലനില്ക്കുന്ന സംസാരവും എല്ലാം അടങ്ങി അദ്വിതീയമായ നിർഗുണ ബ്രഹ്മം മാത്രം ശേഷിക്കും. അത് തന്നെ സത്യം. സത്യത്തിന്റെ നിരന്തരാനുഭൂതിയും അസത്യത്തിന്റെ പ്രതീതി ഇല്ലായ്മയും തന്നെ ജ്ഞാനം. നിരന്തരം സത്യോപാസനയാകുന്ന വിദ്യയുടെ അഭ്യാസം കൊണ്ട് , സംസാര ഭ്രാന്തി നഷ്ടപ്പെട്ടു സ്വരൂപാവസ്ഥയിൽ എത്താം. അത് തന്നെ ജന്മത്തിന്റെ സാഭാല്യ്വും. ഇതാണ് എല്ലാ വേദശാസ്ത്രപുരാണേതിഹാസങ്ങളുടെയുംരത്ന ചുരുക്കം.
(ശ്രീ ജ്ഞാനാനന്ദ സരസ്വതിയുടെ രാമായണ വ്യാഖ്യാനം