Saturday, April 15, 2017

ശ്രീമതി എം എസ് സുബ്ബലക്ഷ്മി

ശ്രീമതി എം എസ് സുബ്ബലക്ഷ്മി ദൈവിക വരദാനം

അഭൗമമായ സ്വരമാധുര്യം കൊണ്ട് സംഗീത പ്രേമികള്‍ക്കിടയില്‍ ഇതിഹാസമാനങ്ങളുള്ള അതുല്ല്യസ്ഥാനം നേടിയ മഹാപ്രതിഭയായിരുന്നു എം.എസ് സുബ്ബലക്ഷ്മി.
1916 സെപ്തംബര്‍ 16ന് മധുരയിലെ ഹനുമന്തരായന്‍ തെരുവില്‍ സംഗീതജ്ഞയായിരുന്നഷണ്‍മുഖവടിവ് അമ്മാളിന്റേയുംവക്കീലായിരുന്ന സുബ്രഹ്മണ്യ അയ്യരുടേയും മകളായി ഒരു സാധാരണ ദേവദാസി കുടുംബത്തിലാണ് അവര്‍ പിറന്നത്. അച്ഛന്‍ ആദ്യ ഭാര്യയ്‌ക്കൊപ്പം തൊട്ടടുത്ത തെരുവിലായിരുന്നു താമസിച്ചിരുന്നത്. അമ്മയുടേത് ദേവദാസികളുടെ കുടുംബമായിരുന്നു. അവര്‍ വീണ വാദകയും അമ്മൂമ്മ അക്കമ്മാള്‍ വയലിന്‍ വാദകയുമായിരുന്നു. മൂത്ത സഹോദരന്‍ ശക്തിവേല്‍ മൃദംഗവിദ്വാന്‍. അനുജത്തി വീണാവാദക. അങ്ങനെ സംഗീതമയമായിരുന്നു കുടുംബാന്തരീക്ഷം.
                                                                         മധുര മീനാക്ഷി ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം എഴുന്നള്ളിക്കുന്ന സമയത്ത് അതിന് അകമ്പടി സേവിക്കുന്ന നാഗസ്വരവിദ്വാന്‍ പലപ്പോഴും സുബ്ബലക്ഷ്മിയുടെ വീടിരിക്കുന്ന തെരുവിന്റെ അടുത്തെത്തുമ്പോള്‍ അല്പനേരം നില്ക്കും. പിന്നെ, അമ്മ ഷണ്‍മുഖവിടിവിനായി നാഗസ്വരക്കച്ചേരി നടത്തും. അക്കാലത്തെ പ്രമുഖ സംഗീതജ്ഞനായിരുന്ന
അരിയക്കുടി രാമാനുജ അയ്യങ്കാര്‍, കാരൈക്കുടി സാംബശിവ അയ്യര്‍, പൊന്നസ്വാമിപിള്ളതുടങ്ങിയവരൊക്കെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു. സ്ഥലത്തെ സംഗീത പ്രിയരും അവിടെ ഒത്തുകൂടും. അവരുടെയൊക്കെ മുന്നില്‍ സുബ്ബലക്ഷ്മി പാടാന്‍ തുടങ്ങി. അതായിരുന്നു ആദ്യ അരങ്ങുകള്‍.
വളരെ അച്ചടക്കത്തോടെയായിരുന്നു അമ്മ വളര്‍ത്തിയിരുന്നത്. പുറത്തേക്കുള്ള യാത്രകള്‍ തന്നെ ചുരുക്കം. വീട്ടില്‍ റേഡിയോ ഉണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ പാട്ടുപെട്ടിയില്‍ നിന്നുള്ള ഹിന്ദുസ്ഥാനി സംഗീതം കേള്‍ക്കാന്‍ സുബ്ബലക്ഷ്മി കോണിപ്പടി പകുതി വരെ കയറും. അവിടെയിരുന്ന് റേഡിയോ കേട്ട് പണ്ഡിറ്റ് ഡി.ബി. പലൂസ്‌കറിന്റേയും അമീര്‍ ഖാന്റേയുമൊക്കെ ഹിന്ദുസ്ഥാനി സംഗീതവുമായി സുബ്ബലക്ഷ്മി പരിചയപ്പെട്ടു. പിന്നീട് പണ്ഡിറ്റ് നാരായണ റാവു വ്യാസില്‍ നിന്ന് കുറച്ചുകാലം സംഗീതാഭ്യസനവും നടത്തി. മീരാബായിയുടെ ഗീതങ്ങള്‍ പഠിച്ചത് അങ്ങനെയായിരുന്നു.
കോണിപ്പടിയിലെ ജനാല സുബ്ബലക്ഷ്മിയെ സംഗീതത്തിന്റെ ലോകത്തിലേക്ക് മാത്രമല്ല, പുറം ലോകത്തിന്റെ വിസ്മയകാഴ്ചകളിലേക്കും കൂട്ടിക്കൊണ്ടുപോയി. അമ്മ തന്നെയായിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സംഗീത ഗുരു. കുഞ്ഞമ്മ എന്ന ഓമനപ്പേരിട്ട് എല്ലാവരും വിളിച്ചിരുന്ന അവര്‍ക്ക് ബാല്യത്തില്‍ തന്നെ ആകര്‍ഷകവും മധുരതരവുമായ ശബ്ദമുണ്ടായിരുന്നു. അമ്മയെപ്പോലെ വീണാവാദനത്തിലും അവര്‍ പ്രാഗത്ഭ്യം തെളിയിച്ചു.             
പത്താം വയസ്സില്‍ എച്ച്.എം.വി അവരുടെ ആദ്യ റെക്കാര്‍ഡ് പുറത്തിറക്കി. അത് വീണക്കച്ചേരിയായിരുന്നു. പതിമൂന്നാം വയസ്സു മുതല്‍ അവര്‍ അമ്മയുടെ വീണക്കച്ചേരികളില്‍ സഹായിയായി ഒപ്പം ചേര്‍ന്നു. മകളുടെ കഴിവില്‍ വലിയ വിശ്വാസമുണ്ടായിരുന്ന ആ അമ്മ കൂടുതല്‍ അവസരം ലഭിക്കാനായി താമസം ചെന്നൈയിലേക്ക് മാറ്റി.മദ്രാസ് മ്യൂസിക് അക്കാദമിയില്‍ 17ആമത്തെ വയസ്സില്‍ എം.എസ് സുബ്ബലക്ഷ്മി ആദ്യത്തെ കച്ചേരി നടത്തി. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ കച്ചേരിക്ക് വിറച്ച് - വിറച്ചുകൊണ്ടായിരുന്നു അവര്‍ വേദിയില്‍ കയറിയത്. അറിയപ്പെടുന്ന സംഗീതജ്ഞരും നിരൂപകരുമായിരുന്നു സദസില്‍. കച്ചേരി ആരംഭിച്ചതോടെ പേടി മാറി. വലിയ ആത്മവിശ്വാസമായി. അങ്ങനെ ലയിച്ചിരുന്ന് പാടാന്‍ തുടങ്ങി. അപ്പോള്‍ പിന്‍നിരയില്‍ നിന്ന് ഒരാള്‍ എണീറ്റ് ഏറ്റവും മുന്നിലേയ്‌ക്കെത്തി താളം പിടിച്ച്, തലയാട്ടി ‘സബാഷ്’, ‘സബാഷ്’ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. സുബ്ബലക്ഷ്മിക്ക് ആളെ മനസ്സിലായി സാക്ഷാല്‍ ചെമ്പൈവൈദ്യനാഥ ഭാഗവതര്‍. അതിഗംഭീരമായ ഈ അരങ്ങേറ്റത്തോടെ എം.എസ് സുബ്ബലക്ഷ്മി എന്ന മഹാപ്രതിഭ, താരപ്രഭയോടെ ഉദിച്ചുയര്‍ന്നു.
അവര്‍ക്ക് സംഗീതാസ്വാദകര്‍ക്കിടയില്‍ പേരും പ്രശസ്തിയും കൈ വന്നു. ചുരുളന്‍ മുടിയും ശാലീനസുന്ദരമായ രൂപവുമുണ്ടായിരുന്ന സുബ്ബലക്ഷ്മിക്ക് ആരാധകരുടെ വന്‍ നിര തന്നെ ഉണ്ടായി. ചലച്ചിത്രലോകത്തേയ്ക്ക് അവര്‍ ക്ഷണിക്കപ്പെട്ടു. ‘സേവാസദന്‍’, ‘ശകുന്തള’, ‘സാവിത്രി’, ‘മീര’ എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനേത്രിയായി. മീരാഭജനുകള്‍ പാടി മീരയായി അഭിനയിച്ചുകൊണ്ട് അവര്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ‘മീര’യുടെ ഹിന്ദി പതിപ്പിലും അവര്‍ നായികയായി.
സ്വാതന്ത്ര്യസമരസേനാനിയും പുരോഗമന വാദിയുമായിരുന്ന ടി.സദാശിവവുമായി സുബ്ബലക്ഷ്മിയുടെ വീവാഹം നടന്നു. 1940-ലായിരുന്നു യാഥാസ്ഥിതികരെ ഞെട്ടിച്ച ആ മംഗല്ല്യം. “ആനന്ദവികടനി”ലെ ഉദ്യോഗസ്ഥനായിരുന്ന സദാശിവം എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടായിരുന്ന ദേവദാസി കുടുംബത്തില്‍ പിറന്ന സുബ്ബലക്ഷ്മിയെ ജീവിത പങ്കാളിയാക്കിയത്. അവരുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു അത്. വിവാഹാനന്തരം സദാശിവം ജോലി ഉപേക്ഷിച്ച് സുബ്ബലക്ഷ്മിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകനും സുഹൃത്തും സഹായിയുമായി. തന്റെ ഗുരുവും ഉപദേശകനുമെല്ലാം സദാശിവമായിരുന്നു എന്ന് അവര്‍ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഓരോ വാക്കും, ഭാവവും അര്‍ത്ഥവും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ആലപിക്കണമെന്ന് സദാശിവത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി ഓരോ കച്ചേരിക്കു മുന്‍പും സുബ്ബലക്ഷ്മിയെക്കൊണ്ട് സാധകം ചെയ്യിക്കും. മറ്റ് ഭാഷകളിലെ കീര്‍ത്തനങ്ങള്‍ ശരിയായി ആലപിക്കുന്നഏര്‍പ്പാട് ചെയ്തു. മുസ്സിരി സുബ്രഹ്മണ്യ അയ്യര്‍, ശെമ്മാങ്കുടി, പാപനാശം ശിവന്‍, നാരായണ സ്വാമി എന്നിവരില്‍ നിന്ന് സംഗീതം അഭ്യസിക്കാന്‍ സുബ്ബലക്ഷ്മിയെ പ്രേരിപ്പിച്ചതും സദാശിവമായിരുന്നു. 1966-ല്‍ ഐക്യരാഷ്ട്രസഭയില്‍ കച്ചേരി അവതരിപ്പിക്കാനുള്ള അപൂര്‍വ്വ അവസരവും അവര്‍ക്ക് ലഭിച്ചു.
സദാശിവത്തിന്റെ സുഹൃത്തായിരുന്നു രാജഗോപാലാചാരി. അദ്ദേഹം സുബ്ബലക്ഷ്മിയെ മഹാത്മാഗാന്ധിക്കും, ജവഹര്‍ലാല്‍ നെഹ്രുവിനും പരിചയപ്പെടുത്തി. ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജന്‍ “വൈഷ്ണവ ജനതോ” സുബ്ബലക്ഷ്മിയുടെ സ്വരത്തില്‍ കേള്‍ക്കാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. നാഗ്പൂരിലെ ആശ്രമത്തില്‍ ഈ ഭജന്‍ ആലപിച്ചു കേട്ടപ്പോള്‍ അദ്ദേഹം കണ്ണീര്‍ വാര്‍ത്തു. ഗാന്ധിജി പറഞ്ഞു: “ആര്‍ക്കും ഈ ഭജന്‍ പാടാം. പക്ഷേ, ആലാപനത്തിലൂടെ ദൈവസന്നിധിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ സുബ്ബലക്ഷ്മിക്ക് മാത്രമേ കഴിയൂ”. അടുത്തതായി “ഹരിതുമാ ഹരോ” എന്ന ഭജന്‍ ആലപിക്കുവാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. തനിക്ക് ആ ഭജന്‍ അറിയില്ലെന്ന് സുബ്ബലക്ഷ്മി പറഞ്ഞു. “സുബ്ബലക്ഷ്മി ഭജനിലെ വരികള്‍ പറഞ്ഞാല്‍ മതി. മറ്റുള്ളവര്‍ ആലപിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അതാണ്.”
ഗാന്ധിജിയുടെ ആഗ്രഹം നിറവേറ്റാനായി അവര്‍ ആ ഭജന്‍ പഠിച്ചു. അത് സുബ്ബലക്ഷ്മി തന്നെ ശബ്ദലേഖനം ചെയ്ത് അയച്ചുകൊടുക്കണമെന്ന്ആകാശവാണി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ 1947 സെപ്തംബര്‍ 30ന് രാത്രി 2 മണിക്കാണ് ഏറെ സമയമെടുത്ത് ഭജന്റെ റെക്കാര്‍ഡിങ്ങ് തീര്‍ത്തത്. ആ ഡിസ്‌ക് വിമാനത്തില്‍ ഡല്‍ഹിക്ക് കൊടുത്തയച്ചു. അതേ വര്‍ഷം ഒക്‌ടോബര്‍ 2-ന് തന്റെ പിറന്നാളിന് ഗാന്ധിജി ആ ഭജന്‍ കേട്ടു. മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ഗോഡ്‌സേയുടെ വെടിയേറ്റ് മഹാത്മജി രക്തസാക്ഷിത്വം വരിച്ചു. ലോകത്തെ സ്തംബ്ദമാക്കിയ ആ വാര്‍ത്ത പ്രക്ഷേപണം ചെയ്ത ആകാശവാണി പിന്നാലെ നല്‍കിയത് സുബ്ബലക്ഷ്മി ആലപിച്ച “ഹരിതുമാ ഹരോ” എന്ന ആ ഭജനായിരുന്നു.
ജവര്‍ലാല്‍ നെഹ്രുവും ആ ശബ്ദമാധുര്യത്തിനു മുന്നില്‍ നമിച്ചിട്ടുണ്ട്. അദ്ദേഹം ഒരിക്കല്‍ ഒരു വേദിയില്‍ വിനയപൂര്‍വ്വം പറഞ്ഞു: “സംഗീത ചക്രവര്‍ത്തിനിയായ നിങ്ങള്‍ക്ക് മുന്നില്‍ ഞാനാര്? ഞാന്‍ വെറുമൊരു പ്രധാനമന്ത്രി മാത്രം.” ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു മഹാത്മജിയുടെ സംബോധന. വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാൻ ഇവക്ക് നൽകുന്നു' എന്നാണു എം.എസ്സിനെപ്പറ്റി സരോജിനി നായിഡു പറഞ്ഞത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ്‌ ഗുലാം അലി ഖാൻ 'സ്വരലക്ഷ്മി' എന്നാണ്‌ എം എസിനെ വിശേഷിപ്പിച്ചിരുന്നത്‌. കിഷോർ അമോൻകർ ഒരു പടികൂടിക്കടന്ന് 'എട്ടാമത്തെ സ്വരം' എന്ന് അവരെ വിശേഷിപ്പിച്ചു. ലതാ മങ്കേഷ്കർക്ക്‌ എം എസ്‌ 'തപസ്വനി'യായിരുന്നു. ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതവേദികളിൽ എം എസ്‌ എന്നാൽ ഏവരും ബഹുമാനിച്ചിരുന്ന നാമമായിരുന്നു.
ഉച്ചസ്ഥായി സഞ്ചാരങ്ങള്‍ക്ക് അനായാസം വഴങ്ങുന്ന പതറാത്ത ശബ്ദസൗകുമാര്യത്തിനുടമയായിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനങ്ങള്‍ക്ക് മാസ്മരിക ശക്തിയുണ്ടായിരുന്നു. പക്കമേളക്കാര്‍ പൊതുവേ സ്ത്രീകളുടെ കച്ചേരികള്‍ക്ക് അകമ്പടി സേവിക്കാന്‍ മടിച്ചു നിന്ന കാലമായിരുന്നു അത്. സ്ത്രീകള്‍ പൊതുവേദിയില്‍ പാടുന്നതിനു പോലും നിയന്ത്രണമുണ്ടായിരുന്നു. ഗോപുര മേടകളിലും വിദ്വല്‍ സദസ്സുകളിലും മാത്രം ഒതുങ്ങി നിന്നിരുന്ന കര്‍ണ്ണാടക സംഗീതത്തെ ജനപ്രിയമാക്കി മാറ്റിയത് സുബ്ബലക്ഷ്മിയായിരുന്നു. എം.എസ് ആലപിക്കുന്ന കല്ല്യാണി രാഗത്തിന് പകരമായി തന്റെ രാജ്യം തന്നെ തരാന്‍ സന്നദ്ധമാണെന്നായിരുന്നു ഒരിക്കല്‍ ഉദയ്പൂര്‍ മഹാറാണ പറഞ്ഞത്. രാഗം ശങ്കരാഭരണമായാലും, കാംബോജിയായാലും, കല്ല്യാണിയായാലും ആ സ്വരത്തില്‍ ഏറെ നേരം തങ്ങി നില്ക്കാനുള്ള അവരുടെ കഴിവ് സംഗീതജ്ഞരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.
ഇങ്ങനെ ഭാരതീയരുടെ ഹൃദയം കവര്‍ന്ന ആ സംഗീതം എഡിന്‍ ബറോ ഫെസ്റ്റിവലിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റി. എം.എസിന്റെ നാദനിര്‍ഝരിയില്‍ കണ്ണീര്‍ വാര്‍ത്തവരില്‍ യഹൂദി മെനുഹിന്‍ അടങ്ങുന്ന വിശ്വസംഗീതജ്ഞരും ഉള്‍പ്പെടും. ഹിന്ദുസ്ഥാനിയും രവീന്ദ്രസംഗീതവുമടങ്ങുന്ന സംഗീത വൃക്ഷത്തിലെ തായ്‌വഴികളെല്ലാം സ്വന്തമാക്കിയ അവര്‍ ഉന്നതകുലജാതര്‍ക്കു പോലും അപ്രാപ്യമായ സംഗീത വേദികളില്‍ വരെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. സിദ്ധാന്തശാഠ്യങ്ങള്‍ക്കപ്പുറം പ്രയോഗത്തിന്റെ മാധുര്യത്തിലായിരുന്നു അവര്‍ ഊന്നല്‍ നല്കിയത്.
തന്റെ കച്ചേരികളില്‍ നിന്നും, റെക്കാര്‍ഡുകളില്‍ നിന്നുമുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് എം.എസ്സ് സുബ്ബലക്ഷ്മി എന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. കാഞ്ചി കാമകോടി പീഠം പരമാചാര്യം ആയിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതി അവരില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.
തന്റെ സര്‍വ്വസ്വവുമായിരുന്ന സദാശിവം 2002-ല്‍ മരിച്ച ശേഷം സുബ്ബലക്ഷ്മി സംഗീത വേദികളില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങി. അദ്ദേഹത്തിന്റെ മുന്‍ വിവാഹത്തിലെ മക്കളായിരുന്നു അവരുടേയും മക്കള്‍. 2000-ല്‍ രാഷ്ട്രം പരമോന്നത ബഹുമതിയായ “ഭാരത രത്‌ന” നല്‍കി അവരെ ആദരിച്ചു. ഇന്ത്യയില്‍ സംഗീതത്തിന്റെ പേരില്‍ ലഭിക്കാവുന്ന എല്ലാ ബഹുമതികളും തേടിവന്ന എം.എസിന് സംഗീത മാര്‍ഗ്ഗത്തിലൂടെ പൊതുജന സേവനം ചെയ്തതിന് ഏഷ്യന്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന രമന്‍ മാഗ്‌സസെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
2004 ഡിസംബര്‍ 15-ന് ന്യുമോണിയ രോഗബാധയെ തുടര്‍ന്ന് എം.എസ് സുബ്ബലക്ഷ്മി 88-ആം വയസ്സില്‍ അന്തരിച്ചു. അവരുടെ അന്ത്യാഭിലാഷം അനുസരിച്ച് മൃതദേഹത്തില്‍ പുതപ്പിച്ചത് ബ്രൗണ്‍ നിറത്തിലുള്ള ഒരു ഷാളായിരുന്നു. കാഞ്ചിയിലെ പരമാചാര്യര്‍ സമ്മാനിച്ചതായിരുന്നു അത്..!! 
November, 12.2016  എം. എസ്സിൻറെ  നൂറാം ജന്മവാർഷികമാണ്.  ആ പ്രതിഭയ്ക്കുമുന്നിൽ  സാഷ്ടാംഗപ്രണാമം..!!elachuse.

No comments: