Monday, April 03, 2017

എല്ലാ മനുഷ്യരും ശാന്തിക്കും സന്തോഷത്തിനും വേണ്ടി പരിശ്രമിക്കുന്നുണ്ട്. ചില ചെറിയതും വലിയതുമായ നേട്ടങ്ങളുണ്ടാകുന്ന സമയത്ത് ഈ രണ്ട് മാനസികാവസ്ഥകളെ നമ്മള്‍ ചെറിയതോതിലെങ്കിലും അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ ആ അനുഭവത്തെ സ്ഥായിയായി നിലനിര്‍ത്തുവാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല? മിന്നിമറയുന്ന അനുഭവങ്ങള്‍ മാത്രമാണോ ഇവയെല്ലാം? പരിശ്രമിച്ചാല്‍ ഇവയെ സ്ഥിരപ്പെടുത്തുവാന്‍ സാധിക്കില്ലേ? തീര്‍ച്ചയായും സാധിക്കും. എന്നാല്‍ അതിന് ഗഹനമായ ആത്മീയ അവബോധത്തോടെയുള്ള ധ്യാന പരിശീലനം ആവശ്യമാണ്. ഒരു തവണയെങ്കിലും ഈ അതീന്ദ്രിയമായ അനുഭവം സാധ്യമായ വ്യക്തി പിന്നീട് ഒരിക്കലും ക്ഷണികമായ സുഖവും ദീര്‍ഘകാലത്തെ അസ്വസ്ഥതയും ഉണ്ടാക്കുന്ന സുഖങ്ങളുടെ പിറകിലലഞ്ഞ് ജീവിതം നഷ്ടപ്പെടുത്തുകയില്ല. മാത്രമല്ല ആ വ്യക്തി എല്ലാ വിധ ആസക്തികളും ദുശീലങ്ങളും പരിത്യജിച്ച് ശ്രേഷ്ഠനായിത്തീരുന്നതാണ്. രാജയോഗ ധ്യാനം നമുക്ക് അവാച്യമായ സുഖാനുഭൂതിയും ആന്തരിക വിശ്രമവും നേടിത്തരുന്ന മാനസിക അഭ്യാസമാണ്. ഈ ധ്യാനം പരിശീലിക്കുന്നവരുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും അവരൊരു പുഞ്ചിരിയോടെ വിഷമമില്ലാതെ തരണം ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ മാനസിക ശക്തി ബാഹ്യമായ പരിതസ്ഥിതികളേക്കാളും എപ്പോഴും ഉയര്‍ന്നിരിക്കും. ചെറിയ പ്രശ്നങ്ങളെ ചിന്തിച്ചു വലുതാക്കി ആശയക്കുഴപ്പമുണ്ടാക്കുന്ന ശീലത്തില്‍ നിന്നും മുക്തമാകുന്നതിനാല്‍ അവരുടെ ജീവിതത്തില്‍ സമയം അധികം പാഴാകാത്തതിനാല്‍ കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാനും അവര്‍ക്ക് സാധിക്കുന്നതാണ്. ധ്യാനം പരിശീലിക്കുന്നതിലൂടെ കപടമായ മോഹങ്ങളിലുള്ള ഭ്രമം ശുദ്ധമായ സ്നേഹമായി പരിണമിക്കും, അഹങ്കാരം ആത്മാഭിമാനമായി മാറും, ഈശ്വരനില്‍ നിന്നുള്ള ദിവ്യമായ സ്നേഹം അനുഭവും ചെയ്യുന്നതിനാല്‍ രാജയോഗി ഒരിക്കലും സ്നേഹത്തിനും പരിഗണനക്കും വേണ്ടി ആരോടും യാചിക്കുകയുമില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു രാജയോഗി തന്‍റെ ജീവിതം ശാന്തവും ധീരവുമായി ജീവിക്കുന്നവനായിരിക്കുമെന്ന് സാരം. ശരീരമെന്ന ഉപകരണത്തിനെയും ഞാനെന്ന ആത്മാവിനെയും വേറെ വേറെ മനസിലാക്കിയശേഷം ആത്മബോധത്തില്‍  സ്ഥിതിചെയ്തുകൊണ്ട് ജ്യോതി സ്വരൂപനായ പരമാത്മാവിലേക്ക് മനസും ബുദ്ധിയും ഏകാഗ്രമാക്കുന്ന പ്രക്രിയയാണ് രാജയോഗ ധ്യാനത്തിലുള്ളത്. നിത്യവും ഈ പരിശീലനം ചെയ്യുന്നവരുടെ ജീവിതം ഈശ്വരീയമായ ഗുണമൂല്ല്യങ്ങളാലും ആന്തരീകശക്തിയാലും നിറയുന്നതായി അനേകരുടെ അനുഭവങ്ങളിലൂടെ വ്യക്തമായിട്ടുള്ള കാര്യമാണ്.  എന്നാല്‍ ഇത്തരത്തില്‍ ഒരു വ്യക്തിയെ വാര്‍ത്തെടുക്കുന്നതിന് ഒരു രാജയോഗ കേന്ദ്രത്തിലെ ശിക്ഷണപ്രക്രിയയില്‍ പങ്കുകൊണ്ട് അവിടെ നിന്ന് ലഭിക്കുന്ന മാര്‍ഗ്ഗദര്‍ശ്ശനങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയൊരു ചിന്താഗതിയോടെയുള്ള ജീവിതശൈലി പരിശീലിക്കേണ്ടതാണ്.
രാജയോഗ ധ്യാനം ചിന്തകളെ ഇല്ലാതെയാക്കുവാനുള്ള പരിശീലനം പ്രോത്സാഹീപ്പിക്കുന്നില്ല. ചിന്തകളെ സകാരാത്മകമായ മാര്‍ഗ്ഗത്തില്‍ സഞ്ചരിപ്പിക്കുവാനുള്ള പ്രയത്നമാണ് ഇതിലെ പരിശീലനത്തിന്‍റെ പ്രത്യേകത. അതുകൊണ്ടുതന്നെ ധ്യാനം നമ്മെ കാര്യശേഷിയില്ലാത്ത കേവല ശാന്തിമാത്രം താത്പര്യമുള്ള ഒരു വ്യക്തിയാക്കിത്തീര്‍ക്കുമോ എന്ന പൊതുവേയുള്ള ധാരണക്ക് ഇവിടെ സ്ഥാനമില്ല. കാരണം, ഇവിടെ ധ്യാനം ശാന്തിയുടെ കാരണമായിരിക്കുന്നതു പോലത്തന്നെ ശാന്തി ക്രിയാത്മകതയുടെയും ശക്തിയുടെയും ആധാരവുമാണെന്ന ബോധം നമ്മളില്‍ വളര്‍ത്തുവാനുള്ള സത്സംഗങ്ങളും സമാന്തരമായി നമുക്ക് സഹായകരമായിട്ടുണ്ട്.
ഈ ലോകത്തിലെ നമ്മുടെ ജീവിതം നമുക്ക് തന്നെ ഒരു ഭാരമാകുന്നത് ജീവിത്തോടുള്ള നമ്മുടെ വീക്ഷണത്തിലുള്ള അപാകതകള്‍ കൊണ്ട് മാത്രമാണ്. ജീവിക്കുവാനുള്ള ശാസ്ത്രം അഥവാ കല നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അതിനാലാണ് ഭൌതികമായി എല്ലാം നിറഞ്ഞു കവിഞ്ഞിട്ടും മാനസികമായി ഭൂരിഭാഗം പേരും തളര്‍ന്നിരിക്കുന്നത്. ശാന്തി നഷ്ടമായിരിക്കുന്നത് ഉള്ളിലാണ്. പക്ഷേ എല്ലാവരും പുറത്താണ്  അതിനെ തിരയുന്നത്. അതുകൊണ്ടുതന്നെയാണ് ശാന്തി അന്വേഷിക്കുന്തോറും അകന്നുപോയിക്കൊണ്ടിരിക്കുന്നത്.  ഏതാനും സമയം തന്‍റെ വാസ്തവീകമായ ആത്മസ്വരൂപത്തെ നിരീക്ഷിച്ചുകൊണ്ടും വിശ്വപിതാവായ പരമാത്മതേജസ്സിലേക്ക് ദൃഷ്ടിയുറപ്പിച്ചുകൊണ്ടും, രാജയോഗ ധ്യാനത്തിലുടെ ശാശ്വതവും അളവറ്റതുമായ ശാന്തിയും മറ്റെല്ലാ ഗുണങ്ങളും അനുഭവിക്കുവാന്‍ ഏതൊരു സാധാരണ മനുഷ്യനും സാധിക്കുന്നതാണ്. ഇപ്പോഴില്ലെങ്കിലും എന്നെങ്കിലും ഒരിക്കലങ്കിലും നിങ്ങളി വിദ്യ സ്വായത്തമാക്കേണ്ടതു തന്നെയാണ്. ഒരു പക്ഷേ മറ്റെല്ലാ വഴികളും അടയുന്നതായി തോന്നുന്ന നാളിലെങ്കിലും ഓര്‍ക്കുക…..Brahmakumaris