Wednesday, April 12, 2017

ആനന്ദം നല്‍കുന്ന ഭക്തി

സാത്വസ്മിന്‍ പരമപ്രേമരൂപാ ഭക്തിയെക്കുറിച്ചു വ്യാഖ്യാനിക്കാനാരംഭിച്ചപ്പോള്‍ തന്നെ ശ്രീനാരദന്‍ വ്യക്തമാക്കുകയാണ് അതിലെ ആനന്ദം. ഭക്തി ആനന്ദദായകമാണ്. അതുകൊണ്ടാണല്ലോ ശ്രീഹനുമാന്‍ ശ്രീരാമന്‍ വരം നല്‍കാന്‍ ഒതുങ്ങിയപ്പോള്‍ രാമനാമമുള്ളിടത്തോളം കാലം എന്നും അതുകേട്ടാനന്ദിക്കാന്‍ എനിക്കവസരം നല്‍കണമെന്നഭ്യര്‍ത്ഥിച്ചത്. രാമനാമം മുഴുവന്‍ ആകും മുന്‍പുതന്നെ ഹനുമാന്‍ ആനന്ദത്തിലാകും. ‘രാ’ എന്നു കേട്ടാല്‍ത്തന്നെ നിര്‍വൃതിയിലാകും.
ശ്രീനരസിംഹമൂര്‍ത്തി പ്രഹ്ലാദനോട് ഇഷ്ടവരം ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ എന്നെ മോഹിപ്പിക്കാനുള്ള മായാ പ്രയോഗമാണോ ഇതെന്ന് പ്രഹ്ലാദനില്‍ സംശയം ജനിച്ചു.
പ്രഹ്ലാദന്‍ ”മാം മാം പ്രലോഭയോത്പത്ത്യാളളസക്തം കാമേഷുതൈര്‍ വരൈഃ
തത്‌സംഗഭീതോ നിര്‍വിണ്ണോ മുമുക്ഷുസ്ത്വാമുപാശ്രിതഃ”എന്ന വാഗ്ദാനത്തിന് മറുപടി നല്‍കുന്നത്. ജന്മനാല്‍ അസുരനായ എന്നെ ഇങ്ങനെ പ്രലോഭിപ്പിക്കുന്നത് അവിടുത്തെ വാത്സല്യത്തിന് കളങ്കമല്ലേ എന്നാണ് ധ്വനി. ഞാന്‍ കാമപൂര്‍ത്തീകരണത്തിനേയും അതിനോടുള്ള ആസക്തിയേയും ഭയപ്പെടുന്നവനാണ് എന്നറിയിക്കുകയും ചെയ്തു.
അതുകൊണ്ട് എല്ലാ കാമനകളില്‍ നിന്നുമുള്ള മോചനമാണ് പ്രഹ്ലാദന്‍ പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് നരസിംഹം അനുഗ്രഹിക്കുമ്പോള്‍ ”കഥാ മദീയാജുഷമാണഃ പ്രിയാസ്ത്വമാവേശ്യ മാമാത്മനിസന്തമേകം” എന്ന് പ്രത്യേകം പറയാന്‍ ഭഗവാന്‍ തയ്യാറാകുന്നു. എന്റെ കഥകളില്‍ നിനക്ക് എന്നും പ്രയിമുണ്ടാകട്ടെ.
നീ നിന്റെ ഉള്ളില്‍ എന്നും എന്നില്‍ തന്നെ രതിയുള്ളവനായിത്തീരട്ടെ എന്നാണനുഗ്രഹം. അതാണ് പരമപ്രേമരൂപം. ഫലമോ? പ്രഹ്ലാദന് എത്ര വരങ്ങള്‍ വാരിക്കോരിക്കൊടുത്തിട്ടും ഭഗവാന് മതിവരില്ല. അതാണ് ഭഗവാന്റെ പരമപ്രേമം. എന്റെയും നിന്റെയും നാമങ്ങള്‍ ഉച്ചരിക്കുന്നവര്‍ക്കു കൂടി മോക്ഷം കിട്ടുമെന്നും, നീയും നിന്റെ വംശവും എന്റെ അനുഗ്രഹത്തിന് പാത്രമായിരിക്കുമെന്നും, ഇങ്ങനെ പലതും വരമായി നല്‍കി പ്രഹ്ലാദനെ ആദ്യം മടിയിലിരുത്തി പിന്നെ സിംഹാസനത്തിലിരുത്തി അഭിഷേകം ചെയ്തിട്ടാണ് നരസിംഹം അപ്രത്യക്ഷാകുന്നത്.
അതു നിശ്ചയമായും പരമപ്രേമരൂപമാണ്. സാ തു അസ്മിന്‍ പരമപ്രേമരൂപ. ഭക്തി നിശ്ചയമായും പരമപ്രേമരൂപത്തില്‍ ലയിക്കാനുള്ളതാണ്. ഇവിടെ സാ എന്ന പദപ്രയോഗത്തില്‍ അത്, അവന്‍, ഭഗവാന്‍ ഇത്യാദി എല്ലാ അര്‍ത്ഥങ്ങളും നാരദന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മനസ്സ് ലയിക്കുന്നതാണ് പരമപ്രേമം. ”മയ്യാവേശ്യ മനസ്സ്” എന്ന അവസ്ഥ. അവിടെ ആ പ്രേമത്തില്‍ ലയിക്കുകയാണ്. ഭഗവത് ഭക്തി പരമപ്രേമമായി മാറുന്നു.


ജന്മഭൂമി: 

No comments: