Thursday, April 06, 2017

ജനനം, മരണം എന്നീ വാക്കുകള്‍ക്ക് എന്താണര്‍ത്ഥം?

588 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 588

ചൂര്‍ണ്ണതാം യാന്തു മേങ്ഗാനി സന്തു മേരൂപമാനി ച
കാ ക്ഷതി: കാ ച വാ വൃദ്ധിശ്ചിദ്രൂപവപുഷോ മമ (6.2/101/14)
വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാവരും, എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമാകുന്നു. ബോധത്തില്‍ നിന്നും വിട്ട് മറ്റെന്താണ് സാദ്ധ്യമായി ഉള്ളത്? ബോധം മാത്രമുള്ളപ്പോള്‍ മറ്റെന്താണ് കൊള്ളാനും തള്ളാനും ഉള്ളത്? ‘മറ്റൊന്ന്’ ഇല്ലാത്തപ്പോള്‍, രാഗദ്വേഷങ്ങള്‍ക്ക് (ഇഷ്ടാനിഷ്ടങ്ങള്‍) എന്താണൊരു സാംഗത്യം?
ബോധം തന്നെയാണ് മനുഷ്യനായും ദേവനായും പാതാളവാസികളായ നാഗങ്ങളായും മലകളായും ചരാചരങ്ങളായും ജീവനിര്‍ജീവജാലങ്ങലായും പ്രഭാസിക്കുന്നത്. ഞാന്‍ ശുദ്ധമായ ബോധമാകുന്നു. നീയും അതാകുന്നു. നാം കാലത്തിന്റെ പിടിയില്‍പ്പെട്ടു മരണമടയും, എന്നാല്‍ ബോധത്തിന് മരണമില്ല. ബോധത്തിന് അവബോധിക്കാന്‍ ഒരു വിഷയം ആവശ്യമില്ല. അതിനാല്‍ ഏകത, നാനാത്വം, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ വാചക മേളകള്‍ക്കൊന്നും യാതൊരര്‍ത്ഥവുമില്ല.

ഭൌതീകവാദികള്‍ പോലും ബോധത്തെ നിരാകരിക്കുന്നില്ല. ആത്മാവിനെ തള്ളിപ്പറയുന്നുമില്ല. അവരെയും ചിന്തിക്കാനും പ്രതികരിക്കാനുമുള്ള ചൈതന്യം ബോധം തന്നെയാണല്ലോ.

ഈ ബോധത്തെ ചിലര്‍ ബ്രഹ്മമെന്നും ചിലര്‍ ആത്മജ്ഞാനമെന്നും ചിലര്‍ ശൂന്യമെന്നും, മായാശക്തിയെന്നും, ചിദാകാശമെന്നും, ശിവനെന്നും, ആത്മാവെന്നും, മറ്റും പറയുന്നു. ഈ വാക്കുകളും വിവരണങ്ങളുമെല്ലാം ബോധം തന്നെയാണ്. ബോധം തന്നെയാണ് സ്വയമിങ്ങിനെയുള്ള ധാരണകളെ വിക്ഷേപിക്കുന്നത്. അതായത് വൈവിദ്ധ്യമാര്‍ന്ന വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുടെ ചൈതന്യസ്രോതസ്സും ബോധം തന്നെയാണ്.

എന്റെ അവയവങ്ങള്‍ മഹാമേരു പര്‍വ്വതംപോലെ ശക്തിമത്തായിക്കൊള്ളട്ടെ, അല്ലെങ്കില്‍ അവ പൊടിഞ്ഞു തകര്‍ന്നു തരിപ്പണമായിക്കൊള്ളട്ടെ. ഞാന്‍ ശുദ്ധമായ ബോധമാണെന്നു സാക്ഷാത്ക്കാരിച്ചാല്‍പ്പിന്നെ എന്ത് നേടാനാണ്? എന്ത് നഷ്ടപ്പെടാനാണ്? ബോധം അജനും അമരനുമാണ്. അതാകാശംപോലെയാണ്. ആകാശത്തിനു മരണമുണ്ടോ?

രാത്രിയുടെ ഇരുട്ടില്‍ ലോകം കാണാതാകുന്നു (നശിക്കുന്നു); സൂര്യോദയത്തില്‍ ലോകം വീണ്ടും കാണാകുന്നു (ഉണ്ടാകുന്നു). ജനനമരണങ്ങള്‍ അതുപോലെയാണ്. അതിനാല്‍ മരണത്തെ ഒരാഹ്ളാദസംഭവമായിവേണം കാണാന്‍. ഒരു ദേഹത്തുനിന്നും മറ്റൊന്നിലേയ്ക്ക് പോവുന്ന യാത്രയാണിത്. അതില്‍ ദുഖിക്കുന്നവര്‍ മൂഢന്മാരത്രേ. അല്ല, മരണശേഷം മറ്റൊരു ദേഹമെടുത്ത് ഒരാള്‍ ജനിക്കുന്നില്ല എങ്കിലും നമുക്ക് ദുഖിക്കേണ്ടതില്ല. കാരണം ഈ ജനനമരണ ചക്രത്തിന് ഒരവസാനമായി എന്ന് കരുതാമല്ലോ. അതുകൊണ്ട് ജ്ഞാനികള്‍ ജനനത്തെപ്പറ്റിയോ  മരണത്തെപ്രതിയോ ആഹ്ലാദിക്കുന്നില്ല, ദുഖിക്കുന്നുമില്ല.

അവനവന്റെ ദുഷ്പ്രവൃത്തികളെപ്പറ്റി ബോധവാനായ ഒരുവനില്‍ മരണഭയം ഉണ്ടാവുന്നു. അതിലും കാര്യമൊന്നുമില്ല. അവന് ‘ഇവിടെയും’, ‘അവിടെയും’ ദുരിതം അനുഭവിക്കണമല്ലോ!
എന്തിനാണ് നാം ‘അയ്യോ ഞാന്‍ മരിച്ചുപോകുമേ’ എന്ന് പറഞ്ഞ് വിലപിക്കുന്നത്? ‘ആഹാ, ഞാന്‍ ഉണ്ട്, ഞാന്‍ ഉണ്ട്’ എന്ന് ആഹ്ലാദത്തോടെ പ്രഖ്യാപിക്കുകയല്ലേ വേണ്ടത്? അനന്തമായ ബോധം മാത്രമേ സത്യമായുള്ളു എന്നറിയുമ്പോള്‍ ഇതെല്ലാം നിരര്‍ത്ഥകം. ആകാശം നിലകൊള്ളുന്നത് ആകാശത്താണ്!
ജനനം, മരണം എന്നീ വാക്കുകള്‍ക്ക് എന്താണര്‍ത്ഥം? നീ സ്വയം ബോധമാണെന്നുള്ള അറിവിന്റെ നിറവില്‍ ‘ഞാന്‍, എന്റെ’ എന്നീ ചിന്തകളില്ലാതെ കുടിച്ചും കഴിച്ചും സഹജഭാവത്തില്‍ ജീവിക്കൂ.

നീ ആകാശംപോലെയാണ്. നിന്നില്‍ ആസക്തികള്‍ എങ്ങിനെയുണ്ടാകാനാണ്? ജീവിതനദിയിലൂടെ തനിക്കടുത്തേയ്ക്ക് ഒഴുകിയെത്തുന്ന അനിച്ഛാപൂര്‍വ്വം ലഭിക്കുന്നതെല്ലാം ജ്ഞാനിക്ക് സ്വീകാര്യമാണ്. ആ നദി തനിക്കുമുന്നില്‍ എത്തിക്കുന്നവസ്തു മലീമസമാണെങ്കില്‍പ്പോലും അതയാളെ ആകുലപ്പെടുത്തുന്നില്ല. ദീര്‍ഘനിദ്രയിലെന്നപോലെ അയാളെ അതൊന്നും ബാധിക്കുന്നില്ല. Dr.Sukumar

No comments: