Wednesday, April 12, 2017

ആത്മസാക്ഷാത്കാരത്തിന്റെ പടികള്‍

ഒരു ഉപ്പുപാവ സമുദ്രത്തിന്റെ ആഴമളക്കാന്‍ പോയി. താന്‍ ചെയ്യാന്‍ പോകുന്നതിനെപ്പറ്റി അതിന് വലിയ അഭിമാനമുണ്ടായിരുന്നു. എന്നാല്‍, സമുദ്രജലത്തില്‍ താണ ഉടനെ അത് അലിഞ്ഞുപോയി. ഇനി ആരാണ് സമുദ്രത്തിന്റെ ആഴമളന്ന് പറയാന്‍? അതുപോലെയാണ് ബ്രഹ്മത്തിന്റെ ആഴമളക്കാന്‍ ശ്രമിക്കുന്ന മനുഷ്യമനസ്സിന്റെ കഥ. മനസ്സ് ബ്രഹ്മത്തില്‍ അലിഞ്ഞുപോകുന്നു.
കഞ്ചിത്കാലം സമാധായ
പരേ ബ്രഹ്മണി മാനസം
ഉത്ഥായ പരമാനന്ദാ-
ദിതം വചനമബ്രവീത് (വിവേകചൂഡാമണി)
ശിഷ്യന്‍ കുറച്ചുനേരം മനസ്സിനെ പരബ്രഹ്മത്തില്‍ ആമഗ്നമാക്കി. പിന്നെ, ധ്യാനത്തില്‍ നിന്നുണര്‍ന്ന് പരമാനന്ദത്തോടെ പറഞ്ഞു. അവന്‍ അതീന്ദ്രിയ തലത്തില്‍നിന്ന് ഇന്ദ്രിയതലത്തിലേക്ക് ഇറങ്ങിവന്നു. തീവ്രമായ ആനന്ദത്തോടെ അവന്‍, ഭാഷയ്ക്ക് കഴിയാവുന്ന രീതിയില്‍ തന്റെ അനുഭവത്തെ വിവരിക്കുന്നു.
ബുദ്ധിര്‍വിനഷ്ടാ ഗളിതാ പ്രവൃത്തിഃ
ബ്രഹ്മാത്മനോരേകതയാളധിഗത്യാ
ഇദം ന ജാനേളപ്യനിദം ന ജാനേ
കിം വാ കിയദ്വാ സുഖമസ്ത്യപാരം (285)
ബ്രഹ്മാത്മൈക്യാനുഭവം കൊണ്ട് എന്റെ മനസ്സ് അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ പ്രവര്‍ത്തനമെല്ലാം ഇല്ലാതായിരിക്കുന്നു. ഞാന്‍ ഇതും അറിയുന്നില്ല. ഇതല്ലാത്തതും അറിയുന്നില്ല (സമാധിയുടെ) അതിരറ്റ ആനന്ദം എന്താണെന്നും എത്രയാണെന്നും അറിയുന്നില്ല.
എല്ലാം അദ്ഭുതമയം! ശിഷ്യന് കൃത്യമായി തന്റെ അനുഭവം വിവരിക്കാന്‍ സാധിക്കുന്നില്ല. അദ്ഭുതം നിറഞ്ഞ ചില വാക്കുകള്‍ മാത്രം പറയാന്‍ കഴിയുന്നു. ആദ്യമായി സമുദ്രത്തെ, അഥവാ, ഹിമാലയത്തെ കാണുന്ന ഒരാള്‍ അദ്ഭുതത്താല്‍ മൂകനാവുന്നു. അയാള്‍ക്ക് തന്റെ അനുഭവം വിവരിക്കാന്‍ കഴിയുന്നില്ല, ഹാ! ഹാ! എന്നുമാത്രം അദ്ഭുതസ്തബ്ധനായി അയാള്‍ പറയുന്നു. അതുപോലെ,ഇവിടെയും ശിഷ്യന്റെ വാക്കുകളില്‍ അതിമഹത്തായ അദ്ഭുതം മാത്രം കാണുന്നു. ഇങ്ങനെയൊന്ന് അവന്‍ മുന്‍പനുഭവിച്ചിട്ടില്ല. ശിഷ്യന്‍ പറയുന്നു: എന്റെ ബുദ്ധി മറഞ്ഞിരിക്കുന്നു. അതിന്റെ പ്രവൃത്തിളെല്ലാം നിന്നുപോയി. ബ്രഹ്മാത്മൈക്യം എന്ന ആ മഹത്തായ അനുഭവത്തില്‍ ബുദ്ധിനിവൃത്തികളെല്ലാം നഷ്ടമായി.
ശിഷ്യന്‍ പറയുന്നു: ഞാന്‍ ഈ ഭൗതികപ്രപഞ്ചത്തെ അറിയുന്നില്ല. (ഇദം ന ജാനേ) എന്നുതന്നെയല്ല, ഈ ഭൗതികപ്രപഞ്ചത്തിനപ്പുറത്ത് അതിന് കാരണമായി ഒന്നിനെയും ഞാനറിയുന്നില്ല (അപി അനിദം ന ജാനേ) ‘ഇദം’ എന്നാല്‍ അത്. ഈ കാണപ്പെടുന്ന പ്രപഞ്ചം. ‘അനിദം’ എന്നാല്‍ ഇതല്ലാത്തത്. കാണപ്പെടുന്ന പ്രപഞ്ചത്തിന്റെ കാരണം. ശിഷ്യന് ഈ പ്രപഞ്ചത്തേയും അതിന് കാരണമായ മായയേയും പറ്റി തീരെ ബോധമില്ല. അവന്‍ അനന്തമായ ബ്രഹ്മത്തില്‍ ആനന്ദമഗ്നനായി വര്‍ത്തിക്കുന്നു. എന്നാല്‍, അവന്‍ പറയുന്നു. ”ബ്രഹ്മത്തിന്റെ അതിരറ്റ ആനന്ദം എത്രയാണെന്ന് ഞാനറിയുന്നില്ല” (കിം വാ കിയദ്‌വാ സുഖമസ്ത്യപാരം). സമാധിയിലുണ്ടാവുന്ന ആനന്ദം എത്രയാണെന്ന് ആര്‍ക്കും പറയാനാവില്ല. അതൊരദ്ഭുതം മാത്രം. കൂടുതല്‍ അദ്ഭുതകരമായ ഒരു പ്രസ്താവം അടുത്ത ശ്ലോകത്തില്‍ കാണാം.
ക്വഗതം കേന വാ നീതം
കുത്ര ലീനമിദം ജഗത്
അധുനൈവ മയാ ദൃഷ്ടം
നാസ്തി കിം മഹദദ്ഭുതം (286)
പ്രപഞ്ചം എവിടെപോയി? ആരതിനെകൊണ്ടുപോയി? അതെവിടെ ലയിച്ചിരിക്കുന്നു? ഇപ്പോള്‍ തന്നെ ഞാന്‍ അത് കണ്ടതേയുള്ളൂ. അതില്ലാതായോ? അദ്ഭുതം തന്നെ!
പ്രപഞ്ചം എവിടെപ്പോയി? ആരതിനെ കൊണ്ടുപോയി? അതെവിടെ ലയിച്ചിരിക്കുന്നു? ഇതാണ് ശിഷ്യന്റെ മുഖത്തുനിന്നുവരുന്ന അതിയായ അദ്ഭുതം കലര്‍ന്ന മൂന്നു പ്രസ്താവങ്ങള്‍. നമുക്കിത്രയും സത്യമായ പ്രപഞ്ചം മറഞ്ഞിരിക്കുന്നു. അവിടെ ആരതിനെ മറച്ചു? അതിനെന്തു സംഭവിച്ചു? ഇതെല്ലാം അദ്ഭുതം തന്നെ. അല്‍പ്പം മുന്‍പ് ഞാന്‍ ഈ ലോകത്തെ കണ്ടു. ഇപ്പോള്‍ അതില്ലാതായിരിക്കുന്നു. എന്തൊരു മഹാത്ഭതം! (തുടരും)


ജന്മഭൂമി: 

No comments: